Wednesday, October 24, 2012

ജീവിതം ദുസ്സഹമാകുന്ന കേരളം

ജീവിതം ദുസ്സഹമാകുന്ന കേരളം


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിലവിലുള്ള പൊതുടാപ്പുകള്‍ നിര്‍ത്തലാക്കണം. പുതിയ ജലവിതരണ പദ്ധതികള്‍ ഏറ്റെടുക്കരുത്‌. കേരള സര്‍ക്കാരിന്റെ ഏറ്റവും പുതിയ നിലപാടാണിത്‌. കുടിവെള്ളം കൂടുതല്‍ വില്‍പ്പന ചരക്കാക്കാനുദ്ദേശിക്കുന്ന വന്‍ ചതിയാണ്‌ ഇതിന്‌ പുറകിലുള്ളത്‌. കുളങ്ങളില്‍നിന്നും നദികളില്‍നിന്നും കിണറുകളില്‍ നിന്നും ലോറികളില്‍ വെള്ളം വിതരണം ചെയ്യുന്നതിന്‌ വിലക്കൊന്നുമില്ലതാനും. ഏകദേശം 40 ശതമാനത്തോളം മഴ കുറവാണ്‌ ഈ വര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ പൊതു ടാപ്പുകള്‍ നിര്‍ത്തുകയും ഭൂഗര്‍ഭജലം യഥേഷ്ടം എടുത്ത്‌ വില്‍ക്കുവാന്‍ അനുവദിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം ജനദ്രോഹപരമാണ്‌. അടുത്തകാലവര്‍ഷംവരെയുള്ള കാലം സാധാരണജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടും. ഇതിനിടയിലാണ്‌ സംസ്ഥാനത്തുനിന്ന്‌ ഉന്മൂലനം ചെയ്തതായി പ്രഖ്യാപിച്ചിരുന്ന കോളറ തലസ്ഥാന നഗരിയില്‍ തന്നെ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്‌. കൂടെ ഡെങ്കിപ്പനിയും. ജലം ഏറ്റവും മലിനീകരിക്കപ്പെടുവാന്‍ പോകുന്നത്‌ വരള്‍ച്ച കാലഘട്ടത്തിലാണ്‌. തുടര്‍ച്ചയായി കഴിഞ്ഞ ഏഴ്‌ വര്‍ഷക്കാലമായി പശ്ചിമ കൊച്ചിയില്‍ ടൈഫോയ്ഡ്‌ റിപ്പോര്‍ട്ട്‌ ചെയ്തുവരികയാണ്‌. ഇന്ത്യയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിരന്തരം എലിപ്പനി റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ കേരളത്തില്‍ മാത്രമാണെന്നതും മലയാളി അറിയേണ്ട വസ്തുതകളാണ്‌. ആരോഗ്യമേഖലയും ശുചീകരണപ്രവര്‍ത്തനങ്ങളും താറുമാറായിരിക്കുന്നു എന്നതിന്റെ സൂചകങ്ങളാണ്‌ ആരോഗ്യത്തെ തകര്‍ക്കുന്ന വിവിധയിനം പനികളുടെ പടപ്പുറപ്പാട്‌. നമ്മുടെ കുടിവെള്ള സ്രോതസ്സുകളും ഖര-ദ്രവ മാലിന്യങ്ങളും കൂടികലരുകയാണ്‌.
കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടായി ഈ അവസ്ഥ തുടരുന്നുണ്ടെങ്കിലും മഴയുടെ ക്രമതീതമായ കുറവ്‌ ശുദ്ധജല സ്രോതസ്സുകളിലെ മലിനീകരണം ഈ വര്‍ഷം രൂക്ഷമാകുമെന്നതിനാല്‍ കേരളം രോഗാതുരമാകുമെന്നതില്‍ തര്‍ക്കമില്ല. ആരോഗ്യരംഗത്തെ ഒരു കാലത്തെ കേരള മോഡല്‍ ഇന്ന്‌ വെറും ഓര്‍മ്മ മാത്രമായി മാറിയിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിലവില്‍ വരുന്ന കാലത്ത്‌ അവയുടെ ഏറ്റവും പ്രധാനപ്പെട്ട ജോലി തന്നെ മനുഷ്യവിസര്‍ജ്യം നീക്കം ചെയ്യുകയെന്നതായിരുന്നു. എന്നാല്‍ ഇന്ന്‌ മാലിന്യനീക്കം നടത്താതിരിക്കലാണ്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഖമുദ്രയായി ഭരണ നേതൃത്വം കാണുന്നത്‌. ജനങ്ങളുടെ പൊതുവായ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാനാണല്ലോ പൊതുഭരണ സ്ഥാപനങ്ങള്‍ സ്ഥാപിതമായത്‌. എന്നാല്‍ ഇവരെല്ലാം കൂടി ഭരിച്ച്‌ ഭരിച്ച്‌ ജനങ്ങള്‍ക്ക്‌ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്‌. ഡിസല്‍, പെട്രോള്‍, പാചകവാതക ചാര്‍ജ്ജ്‌ അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുന്നത്‌ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കയാണ്‌. അരി, പച്ചക്കറി, പാല്‍, മത്സ്യം, ഇറച്ചി, മുട്ട എന്നിവയുടെ വില നാള്‍ക്കുനാള്‍ ഏറിവരികയാണ്‌. ബസ്സ്‌ ചാര്‍ജ്ജ്‌ വര്‍ധന ഉടനടി ഉണ്ടാകുമെന്നത്‌ ഉറപ്പായി. വൈദ്യുതി ചാര്‍ജ്ജ്‌ വര്‍ധനയും പവര്‍കട്ടും ജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുന്നു. നിര്‍മാണരംഗത്ത്‌ അവശ്യസാധനങ്ങളുടെ വില അമിതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ചികിത്സാ ചെലവും അവശ്യമരുന്നുകളുടെ വിലയും ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ജീവന്‍ രക്ഷാമരുന്നുകളുടെ വിലയില്‍ പകല്‍ കൊള്ള തന്നെയാണ്‌ സംഭവിക്കുന്നത്‌. വെള്ളം, വെളിച്ചം, പാര്‍പ്പിടം എന്നിവ സാധാരണക്കാര്‍ക്ക്‌ അപ്രാപ്യമാകുന്ന കാഴ്ചയാണെവിടെയും.
വികസനത്തിന്റെ പേരില്‍ പൊതുമുതല്‍ കൊള്ളയടിക്കപ്പെടുന്നു. ടോള്‍ പിരിവുകൊണ്ട്‌ നാട്ടിലെ റോഡുകളിലെ യാത്രകള്‍ ധനാഢ്യന്മാര്‍ക്ക്‌ മാത്രമായി തീര്‍ന്നിരിക്കുന്നു. ഉള്ളവന്‌ വീണ്ടും പണമുണ്ടാക്കുവാനുള്ള വികസനം നടത്തി കൊടുക്കുകയെന്ന ദൗത്യം ഏറ്റെടുക്കുകയെന്നതായി ഭരണ നേതൃത്വതങ്ങളുടെ മുഖ്യ അജണ്ട. എമെര്‍ജിംഗ്‌ കേരള അതിനുള്ള വേദിയായിരുന്നില്ലോ. തൃത്താല പഞ്ചായത്ത്‌, വില്ലേജ്‌, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ജില്ലാ ഭരണ കൂടങ്ങള്‍, സംസ്ഥാന ഭരണകൂടം എന്നിവയെല്ലാം അഴിമിതിയില്‍ കൂപ്പുകുത്തിയിരിക്കുന്നു. എല്ലാ രംഗത്തും കൈക്കൂലിയും കണ്‍സള്‍ട്ടന്‍സി ചാര്‍ജ്ജും ധൂര്‍ത്തും അരങ്ങുതകര്‍ക്കുന്നു. സ്ത്രീകളും കുട്ടികളും അപമാനിക്കപ്പെടുന്നു. കൊലയാളി-ക്വട്ടേഷന്‍ സംഘങ്ങള്‍ ഭരണം പിടിച്ചെടുത്തിരിക്കുന്ന ഭീതിപ്പെടുത്തുന്ന അവസ്ഥയിലാണ്‌ സംസ്ഥാനത്തെ ഒട്ടുമിക്ക പട്ടണങ്ങളും. ഗ്രാമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങള്‍, പകപോക്കലുകള്‍, പോലീസിലെ ക്രിമിനല്‍വല്‍ക്കരണം, കൊള്ളകള്‍ തുടങ്ങി സാധാരണ മനുഷ്യര്‍ക്ക്‌ മനസ്സമാധാനം നഷ്ടപ്പെടുത്തുന്ന അതിഭീകരമായ സംഭവങ്ങള്‍ക്ക്‌ അറുതിയില്ലാതെ സംസ്ഥാന ഭരണം മുന്നേറുന്നു. എന്തു സംഭവിച്ചാലും അതിശയോക്തിയില്ല എന്ന്‌ ചിന്തിക്കുന്ന ഒരു മാനസികാവസ്ഥയിലേക്ക്‌ സംസ്ഥാനത്തെ ജനങ്ങള്‍ വീണിരിക്കുന്നു. കലാലയങ്ങളില്‍ അത്‌ ഹൈസ്ക്കൂള്‍ തലം മുതല്‍ കോളേജ്‌-സര്‍വകലാശാലാതലം വരെ മദ്യവും മയക്കുമരുന്നും യഥേഷ്ടം ലഭ്യമായിരിക്കുന്ന അവസ്ഥ. വ്യഭിചാരവും സദാചാരത്തിന്‌ നിരക്കാത്ത പ്രവൃത്തികളും സീമകള്‍ ലംഘിച്ച്‌ സമൂഹത്തില്‍ വ്യാപിച്ചിരിക്കുന്നു. പലതും കാണേണ്ടവര്‍ കണ്ടിട്ടും കണ്ടില്ലെന്ന്‌ നടിക്കുന്ന ദുരവസ്ഥയിലാണ്‌ കേരളം.
സര്‍വകലാശാലകള്‍ അഴിമതിയുടെ കൂത്തരങ്ങും രാഷ്ട്രീയ അതിപ്രസരംകൊണ്ട്‌ കലുഷിതമായ തലത്തിലുമാണ്‌. തെരഞ്ഞെടുപ്പിന്റെ പേരില്‍ മുതിര്‍ന്നവരെ നാണിപ്പിക്കുന്ന പ്രകടനങ്ങളാണ്‌ കോളേജുകളില്‍ അരങ്ങേറുന്നത്‌. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ കൊലവിളി നടത്തി പോരിനിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍. ജനാധിപത്യസംവിധാനങ്ങള്‍ പണാധിപത്യത്തിന്‌ കീഴടങ്ങിയിരിക്കുന്നു. ടുജി സ്പെക്ട്രം, ആദര്‍ശ്‌ ഫ്ലാറ്റ്‌ അഴിമതി, കോമണ്‍വെല്‍ത്ത്‌ അഴിമതി, കല്‍ക്കരി പാടത്തിന്റെ പേരിലുള്ള പണം കൊള്ള തുടങ്ങി രാജ്യത്തെ ഭരണ സംവിധാനങ്ങള്‍ പിടിപ്പുകേടുകൊണ്ട്‌ നാടിന്‌ നഷ്ടമാക്കുന്നത്‌ ലക്ഷക്കണക്കിന്‌ കോടികളാണ്‌. പുതിയ സാമ്പത്തിക പരിഷ്ക്കാരത്തിന്റെ പേരില്‍ നടക്കുന്ന പരിഷ്ക്കാരങ്ങള്‍ വിദേശികള്‍ക്ക്‌ രാജ്യം അടിയറവെയ്ക്കുന്നതിന്‌ തുല്യമായി മാറുകയാണ്‌. എല്ലാ സെക്ടറുകളിലും വിദേശ മൂലധന നിക്ഷേപവും കടന്നുകയറ്റവും അനുവദിക്കുന്ന പുത്തന്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ രാജ്യത്തെ വിദേശികള്‍ക്ക്‌ അടിമപ്പെടുത്തുന്ന നയവൈകല്യമാണ്‌. ഒരുകാലത്ത്‌ പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും മറ്റ്‌ യൂറോപ്യന്‍ വംശജരും ഇന്ത്യയിലെ പല ഭാഗങ്ങളിലും കച്ചവടത്തിന്റെ പേരില്‍ വന്നാല്‍ രാജ്യം കൈവശപ്പെടുത്തിയത്‌. എന്നാല്‍ നമ്മുടെ ഭരണനേതൃത്വം തന്നെ സ്പെഷ്യല്‍ ഇക്കോണമിയും സോണിന്റെ പേരിലും മൂലധന നിക്ഷേപത്തിന്റെ പേരിലും കച്ചവട അനുവാദം നല്‍കുന്നതിന്റെ പേരിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ അനുവദിക്കുന്നതിന്റെ പേരിലും സര്‍ക്കാര്‍ സ്ഥലങ്ങളും വനങ്ങളും പുറമ്പോക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും കടല്‍തീരവും കായല്‍ തീരവും പാട്ടത്തിന്‌ നല്‍കുന്നതിലൂടെയും രാജ്യം കൊള്ളയടിക്കാന്‍ വിട്ടുനില്‍ക്കുകയാണ്‌ ചെയ്യുന്നത്‌.
സംസ്ഥാനത്തെ ഉല്‍പ്പന്നങ്ങള്‍ക്ക്‌ വേണ്ടവിധം ലഭിക്കുവാന്‍ പരിശ്രമിക്കാതിരിക്കുകയും വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിപണന സാധ്യത നാട്ടില്‍ ഉറപ്പാക്കുകയും ചെയ്യുവാന്‍ ഒത്താശ ചെയ്തുകൊടുക്കുന്ന ഭരണകൂടങ്ങളുടെ നെറികെട്ട ഭരണത്തിന്‌ നമ്മുടെ രാജ്യം സാക്ഷിയാകുകയാണ്‌. വികസനമെന്ന പേരില്‍ മണല്‍, മണ്ണ്‌, കൃഷി ഭൂമി, കുന്നുകള്‍, മലകള്‍, വെള്ളം, പാറ, വനമേഖല എന്നിവ വില്‍പ്പന ചരക്കാക്കുകയും സ്വകാര്യവല്‍ക്കരിക്കുകയും രാഷ്ട്രീയ സ്വാധീനത്തിന്‌ വഴങ്ങിയശേഷം ചൂഷണം ചെയ്യാന്‍ അനുമതി നല്‍കുന്ന തലത്തിലാണ്‌ സംസ്ഥാനത്തെ ദുര്‍ഭരണം മുന്നോട്ടുപോകുന്നത്‌. പ്രകൃതിയെ രൂപാന്തരപ്പെടുത്തി മനുഷ്യന്റെ ജീവന്‍ നിലനില്‍ക്കുവാന്‍ ആവശ്യമായ വെള്ളവും കാര്‍ഷിക ഉല്‍പ്പന്നങ്ങളും ലഭ്യമാകാതെയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാതെയും ഭാവി തലമുറയുടെ അവകാശങ്ങളില്‍ കൈകടത്തിയും സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും സ്വജനപക്ഷപാതത്തിലൂടെ സര്‍ക്കാര്‍ വസ്തുവഹകള്‍ അന്യാധീനപ്പെടുത്തുന്ന തലത്തിലേയ്ക്കാണ്‌ സംസ്ഥാന ഭരണം നീങ്ങുന്നത്‌. സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്കും സാധാരണക്കാര്‍ക്കും ദുരിതം മാത്രം സമ്മാനിക്കുന്ന കുടിയിറക്കത്തിലേയ്ക്ക്‌ നയിക്കുന്ന വികസന തന്ത്രങ്ങളാണ്‌ സംസ്ഥാനത്തെ തൃത്താല പഞ്ചായത്ത്‌ തലം മുതല്‍ സംസ്ഥാന സര്‍ക്കാര്‍വരെയുള്ള ഭരണ നേതൃത്വം വിഭാവനം ചെയ്ത്‌ നടപ്പിലാക്കുന്നത്‌.
അഴിമതിയും അക്രമവും തടയുന്നതില്‍ ഭരണം പലപ്പോഴും പരാജയപ്പെടുകയാണ്‌. സമൂഹത്തിലെ അനാചാരങ്ങളെയും ദുഷ്പ്രവൃത്തികളെയും ഇല്ലായ്മ ചെയ്യാന്‍ ഭരണനേതൃത്വം ഒന്നും ചെയ്യുന്നില്ല. സാധാരണക്കാരന്റെ ആരോഗ്യസംരക്ഷണത്തിനും ജീവിതസാഹചര്യങ്ങളിലെ സ്ഥായിയായ മാറ്റത്തിനും തൊഴില്‍ ലഭ്യതയ്ക്കും പട്ടിണിമാറ്റാനും കുടിവെള്ള ലഭ്യതയ്ക്കും വിദ്യാഭ്യാസപരമായ ഉയര്‍ച്ചയ്ക്കും വിലക്കയറ്റം തടയുന്നതിനും കാര്യമാത്രപ്രസക്തമായ ഇടപെടലുകള്‍ നടത്താതെ വാചക കസര്‍ത്തുകൊണ്ട്‌ മാത്രം എത്രനാള്‍ ഭരണം നടത്താനാകും. മുന്നോട്ടുവയ്ക്കുന്ന വികസനപദ്ധതികള്‍ക്ക്‌ പിന്നില്‍ ഗൂഢതന്ത്രങ്ങളും പണമിടപാടുകളും സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തുന്ന നടപടികളുമായി ഈ ഭരണം എത്ര കാലം! കയ്യേറ്റങ്ങള്‍ക്ക്‌ പുതിയ മാനങ്ങള്‍ നല്‍കുകയും പട്ടയവിതരണം വോട്ടുബാങ്ക്‌ രാഷ്ട്രീയമായി അധഃപതിക്കുകയും ചെയ്തുള്ള ഭരണം സാധാരണക്കാരുടെ ദുരിതങ്ങള്‍ അകറ്റുവാന്‍ എന്ത്‌ നടപടിയാണ്‌ സ്വീകരിക്കുന്നത്‌? സബ്സിഡി എടുത്തുകളയുവാനുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ ഏറാന്‍ മൂളികളായി ഭരണകര്‍ത്താക്കള്‍ അധഃപതിക്കുമ്പോള്‍ ഒരു വലിയ ജനതയാണ്‌ ദുരിതത്തിലകപ്പെടുന്നത്‌. മനുഷ്യഹൃദയങ്ങളില്‍ ബോധപൂര്‍വം അടിച്ചേല്‍പ്പിക്കപ്പെടുന്ന ഉപഭോഗ ആസക്തി, സുഖലോലുപത, ആര്‍ഭാട ജീവിതം, മദ്യാസക്തി വര്‍ധിപ്പിക്കല്‍ തുടങ്ങിയ നയവൈകല്യങ്ങള്‍ സാധാരണക്കാരെയാണ്‌ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌. ഭരണകൂടം ഇതിനെല്ലാം ഒത്താശ ചെയ്തുകൊടുക്കുന്ന ദല്ലാളിന്റെ റോളിലേയ്ക്കാണ്‌ അധഃപതിച്ചിരിക്കുന്നത്‌. ദുരിതങ്ങളില്‍ നിന്ന്‌ പരമദാരിദ്ര്യത്തിലേക്ക്‌ കൂപ്പുകുത്തുമ്പോഴും തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതിന്‌ പകരം സര്‍ക്കാര്‍ സുഖലോലുപതയ്ക്കും ആര്‍ഭാട ജീവിതത്തിനും ഇണങ്ങുന്ന തരത്തില്‍ പുരോഗതിയേയും വികസനത്തേയും ദുര്‍വ്യാഖ്യാനം ചെയ്ത്‌ സമൂഹത്തിലെ താഴെതട്ടിലുള്ളവരെ കബളിപ്പിക്കുകയാണ്‌.
വികസനപദ്ധതികളായി അവതരിപ്പിക്കപ്പെടുന്നത്‌ പണക്കാരന്റെ കീശവീര്‍പ്പിക്കുന്ന പുതിയ പുതിയ മേച്ചില്‍ പുറങ്ങള്‍ മാത്രം. കാലഘട്ടത്തിന്റെ മാറ്റമനുസരിച്ച്‌ ഖജനാവ്‌ കൊള്ളയടിക്കാന്‍ പുതിയ ലേബലില്‍ അവതരിപ്പിക്കപ്പെടുന്ന തന്ത്രങ്ങള്‍ മാത്രമാണ്‌ ഇന്നത്തെ വികസനപദ്ധതികള്‍. വികസനത്തിന്റെ ഏഴയലത്തുപോലും തനിക്കുകൂടി അവകാശപ്പെട്ട ഖജനാവ്‌ വീതം വെയ്ക്കുമ്പോള്‍ സാധാരണക്കാരന്‍ എത്തുന്നില്ലെന്നത്‌ ഭരണകൂട കപട തന്ത്രം മാത്രമാണ്‌. കമ്പോളത്തിന്റേയും മൂലധനത്തിന്റെയും പ്രത്യയശാസ്ത്രങ്ങളെ ചോദ്യം ചെയ്യാത്തിടത്തോളം കാലം ഭരണ നേതൃത്വങ്ങള്‍ക്ക്‌ കൊള്ള നിര്‍ബാധം തുടരാനാകും. സര്‍ക്കാര്‍ ആപ്പീസുകള്‍ പരാജയപ്പെട്ടെന്ന സന്ദേശമാണ്‌ മുഖ്യമന്ത്രി തന്നെ പരാതികള്‍ ഏറ്റുവാങ്ങുന്നതിനായി ജില്ലകള്‍തോറും കയറിയിറങ്ങിയ ജനസമ്പര്‍ക്ക പരിപാടി നല്‍കിയത്‌. ഭരണനേതൃത്വം പരാജയപ്പെടുന്നതിന്റെ ലക്ഷണമാണ്‌ സര്‍ക്കാര്‍ ആപ്പീസുകളുടെ പ്രവര്‍ത്തനം അഴിമതി പൂര്‍ണമാകുന്നതും നിശ്ചലമാകുന്നതും. ജനസമ്പര്‍ക്ക പരിപാടി വഴി ജനങ്ങള്‍ക്ക്‌ മനസ്സിലായത്‌ മുഖ്യമന്ത്രിയെന്ന ഒരു വലിയ പണക്കാരനില്‍ന്നും അപേക്ഷ വഴി ഖജനാവിലെ പണം ലഭിക്കുവാനുള്ള മാര്‍ഗ്ഗമെന്ന നിലയിലാണ്‌. ഇതാണോ യഥാര്‍ത്ഥ ഭരണം. സാധാരണക്കാരന്‌ സര്‍ക്കാര്‍ ഖജനാവില്‍നിന്നും വികസനത്തിനായി ചെലവഴിക്കുന്ന പണത്തിന്റെ ഗുണം ലഭിക്കുന്നുണ്ടോ എന്ന പരമപ്രധാനമായ കാര്യം വിസ്മരിക്കുന്ന ഭരണമല്ലേ ഇന്നു നടക്കുന്നത്‌.
മനുഷ്യരുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്നും മുഖം തിരിച്ചുപിടിക്കുന്ന ഇന്നത്തെ ഭരണരീതി തന്നെ മാറണം. ജനങ്ങളുടെ ആരോഗ്യം, ജീവിതം, തൊഴില്‍, ഗതാഗതം, പാര്‍പ്പിടം, സുരക്ഷ എന്നീ മേഖലകളില്‍ ഗുണകരമായ മാറ്റങ്ങള്‍ വരുത്തുന്നതിന്‌ ഭരണത്തിന്‌ കഴിഞ്ഞില്ലെങ്കില്‍ ഭരണപരാജയം തന്നെയാണ്‌. ഭരണം എന്തിന്‌ വേണ്ടി? ആര്‍ക്ക്‌ വേണ്ടി? എന്നത്‌ കാതലായ വിഷയമാണ്‌. വികസനമെന്നും പുരോഗതിയെന്നും പേരിട്ട്‌ നടപ്പാക്കുന്ന ഏതൊരു പദ്ധതിയും സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റം വരുത്തുന്നതില്‍ പങ്കുവഹിച്ചില്ലെങ്കില്‍ അത്‌ വികസനമല്ല. ഭരണനേതൃത്വം മാതൃകാപരമായ ജീവിതം അവലംബിക്കണം. അത്‌ പരമപ്രധാനമാണ്‌. രോഗാതുരതയും ദുരിതവും വിലക്കയറ്റവും അസംതൃപ്തിയുമാണ്‌ സാധാരണക്കാരില്‍ സൃഷ്ടിക്കുന്നത്‌ എന്നതുതന്നെ ഭരണപരാജയത്തിന്റെ അളവുകോലാണ്‌. മൂലധനനിക്ഷേപത്തിന്‌ കോര്‍പ്പറേറ്റുകളെയും വന്‍കിടക്കാരെയും ക്ഷണിക്കുമ്പോള്‍ നാട്ടിലെ പട്ടിണി മാറ്റാനും സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും അത്‌ എത്രമാത്രം ഉപകാരപ്പെടുന്നുണ്ടെന്ന്‌ വിശകലനം ചെയ്ത്‌ വിലയിരുത്തപ്പെടണം. അല്ലാത്തപക്ഷം വികസനമെന്നത്‌ കൊണ്ട്‌ ജനങ്ങള്‍ക്ക്‌ ഉപകാരമില്ലാത്ത വെറും പ്രഹസനം മാത്രമായി തീരും. ജനകീയ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുന്ന വികസന തന്ത്രം ആവിഷ്ക്കരിച്ച്‌ നടപ്പാക്കിയാല്‍ മാത്രമേ ഭരണംകൊണ്ട്‌ എന്തെങ്കിലും അര്‍ത്ഥമുണ്ടാകൂ

No comments: