Wednesday, October 24, 2012

യോഗിത്രയത്തിലെ നവോത്ഥാന നായകന്‍

യോഗിത്രയത്തിലെ നവോത്ഥാന നായകന്‍

ആധുനിക യോഗിത്രയത്തിലെ നവോത്ഥാന നായകനായ ബ്രഹ്മാനന്ദ സ്വാമി ശിവയോഗികളുടെ 160-ാ‍ം ജന്മദിനമാണിന്ന്‌. അനാദിയായിരിക്കുന്ന ഹിന്ദുസംസ്കാരം അഥവാ സനാതനധര്‍മം പിന്തുടര്‍ന്നിരുന്ന ജനത കാലവൈപരീത്യം കൊണ്ട്‌ എട്ടാം നൂറ്റാണ്ടു തുടങ്ങി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലെത്തിയപ്പോള്‍ മ്ലേച്ഛമലീമസമായി കഴിഞ്ഞിരുന്നു. ഒരേയൊരു മോക്ഷമാര്‍ഗമെന്ന്‌ ഋഷിമാരാല്‍ വാഴ്ത്തപ്പെട്ട സംസ്കാരം വാസ്തവത്തില്‍ മനുഷ്യന്റേതു തന്നെയോ എന്ന്‌ മനുഷ്യത്വം അറിഞ്ഞും അനുഭവിച്ചും ജീവിക്കുന്നവര്‍ പോലും സംശയിക്കുമാറായിത്തീര്‍ന്നിരുന്നു. ആ കാലത്താണ്‌ കേരള സാമൂഹ്യബോധത്തെയും മതചിന്തയെയും സമത്വബോധത്തിലേക്കും സാഹോദര്യമഹത്ത്വചിന്തയിലേക്കും അന്ധവിശ്വാസ-അനാചാരവിമുക്തിയിലേക്കും മനോമാലിന്യനിര്‍മുക്തിയിലേക്കും ആനന്ദാനുഭൂതിയിലേക്കും ആത്മീയവിപ്ലവത്തിലൂടെ നയിച്ച ആധുനികയോഗിത്രയങ്ങളില്‍ കനിഷ്ഠനായ ആലത്തൂര്‍സിദ്ധാശ്രമസ്ഥാപകനും ആനന്ദമതാചാര്യനുമായ ശ്രീ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ ജന്മം ഉണ്ടാകുന്നത്‌. പ്രായത്തില്‍ രണ്ടു വയസ്സിന്റെ വീതം കുറവുകൊണ്ട്‌ യഥാക്രമം ശ്രീ ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും തുടര്‍സ്ഥാനങ്ങള്‍ വഹിക്കുന്നു. വേദാധികാരനിരൂപണത്തിലൂടെ ഔപാസനാപരമായ ആധികാരികതയിലും മറ്റു ഗവേഷണാത്മകകൃതികളിലൂടെ വംശീയമായ ദേശാധിപത്യവിഷയത്തിലും ഉണ്ടായിരുന്ന പൂര്‍വ്വസങ്കല്‍പങ്ങളെ തച്ചുടച്ച്‌ ചട്ടമ്പിസ്വാമി ഹിന്ദുക്കള്‍ക്ക്‌ വ്യക്തമായ ദിശാബോധം നല്‍കി. കീഴ്ജാതിക്കാരെന്നു മുദ്രകുത്തി ഒരു വിഭാഗത്തിന്റെ ആത്മീയവും സാമൂഹ്യവുമായ അവകാശങ്ങളെ നിഷേധിച്ചിരുന്നിടത്ത്‌ നൂറോളം ആരാധനാലയങ്ങള്‍ പ്രതിഷ്ഠിച്ച്‌ ഋഷിചിന്തകളുടെ ഉന്നതവും നിറവാര്‍ന്നതുമായ ആത്മീയസമ്പത്ത്‌ രചിച്ചുനല്‍കി ശ്രീനാരായണഗുരുദേവനും സമൂലമായ സാമൂഹ്യ ഉടച്ചുവാര്‍ക്കല്‍ നടത്തി. 

എന്നാല്‍ ബ്രഹ്മാനന്ദശിവയോഗി വേറിട്ടൊരു മാര്‍ഗത്തിലെ പഥികനായി. മറ്റൊരുതലത്തില്‍ നിന്നുള്ള ജീവിതവീക്ഷണത്തിന്റെയും സാധനാസമ്പ്രദായത്തിന്റെയും ആവിഷ്കാരകനായി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ പ്രമുഖമായത്‌ മതമേലാളന്മാരുടെ ചൂഷണമഹാകാളകൂടങ്ങളെ അതിജീവിക്കുന്നത്‌ മറ്റുള്ളവരും അവരും സേവിച്ചിരുന്നത്‌ അപ്പാടെ സേവിച്ചു കൊണ്ടല്ല മറിച്ച്‌ അതിനെ ശ്രുതിയുക്ത്യനുഭവാധിഷ്ഠിതമായ ആലോചനാ ജ്ഞാനപൗരുഷം കൊണ്ടു വിവേചിച്ചറിഞ്ഞ്‌ ആണെന്നതത്രെ. അതിനായി അദ്ദേഹം സ്വീകരിച്ച ഉപധാനങ്ങള്‍ സാംഖ്യ-യോഗ-ബൗദ്ധ-ശൈവസിദ്ധാന്തദര്‍ശനങ്ങളുടെ പൗരാണികഹയില്‍ നിന്നും സൂക്ഷമതയോടെ പെറുക്കിയെടുത്ത രത്നശേഖരങ്ങളാണ്‌. അവയെ ഉപയോഗിച്ച്‌ അദ്ദേഹം ആനന്ദമതമെന്ന മാല കോര്‍ത്തെടുത്തു. മതം മനുഷ്യബോധത്തെ ബന്ധിക്കുന്ന ജയിലാണെന്ന ചിന്ത അദ്ദേഹത്തില്‍ സജീവമായി നിറഞ്ഞു നിന്നിരുന്നതിനാല്‍ വീണ്ടും ഈ നാമധേയത്തില്‍ ഒരു ബന്ധനം ആര്‍ക്കും ഉണ്ടാകരുതെന്ന്‌ കരുതി ആനന്ദദര്‍ശനം അഥവാ ആനന്ദാദര്‍ശം എന്ന പേരിലാണ്‌ അതിനെ അവതരിപ്പിച്ചത്‌. സ്വസ്വരൂപമായി ആനന്ദം ഉള്ളില്‍ പ്രസരിക്കുന്നില്ലാത്തതായ ഒരു ജന്തുജാലവും പ്രപഞ്ചത്തിലില്ലെന്നും രാജയോഗസാധനയാല്‍ അനുഭവിച്ചറിയാവുന്ന ആ ഐക്യഭാവത്തിന്റെ അടിസ്ഥാനത്തില്‍ ഭേദചിന്തയോ സംശയമോ കൂടാതെ ആനന്ദമാണു സകലരുടെയും അടിസ്ഥാനപരമായ ഏകമതമെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരിച്ചറിയലിന്റെ കലര്‍പ്പില്ലാത്ത സ്ഥാപനത്തിനായി വിഘാതമായി നില്‍ക്കുന്ന ഘടകങ്ങളെ അദ്ദേഹം തൊട്ടറിഞ്ഞതു കൊണ്ട്‌ മനസാവാചാകര്‍മ്മണാ നടത്തുന്ന എല്ലാ തരം അനാചാരങ്ങളെയും അദ്ദേഹം എതിര്‍ത്തു. ഹിംസ, വിഗ്രഹാരാധന, യാഗ യജ്ഞതീര്‍ഥാടനാദികള്‍, മതപരവും ജാതീയവും ലിംഗപരവുമായുമുള്ള ഭേദചിന്ത, മനസ്സിനെയും ചിത്തവൃത്തികളെയും ദുഷിപ്പിക്കുന്ന ലഹരി ഉപയോഗങ്ങള്‍, ധര്‍മകര്‍മങ്ങളെ വിസ്മരിച്ചുള്ള ഈശ്വരാശ്രിതത്വ വിശ്വാസം, മതവിശ്വാസങ്ങളോടു ബന്ധപ്പെട്ട്‌ മനുഷ്യമനസ്സില്‍ രൂഢമൂലമായിപ്പോയ അനാചാരങ്ങളുടെ അജ്ഞാനമേരുക്കള്‍, പലവിധ മതഗ്രന്ഥങ്ങളുടെ അപ്രമാദിത്വത്തിലുള്ള അനുഭവപരമല്ലാത്ത വിശ്വാസശാഠ്യം ഇവയ്ക്കെല്ലാം എതിരെ അദ്ദേഹം കൂര്‍ത്തു മൂര്‍ത്ത ജ്ഞാനത്തിന്റെ ഖണ്ഡനഖട്ഗം വീശി. ബ്രഹ്മസങ്കീര്‍ത്തനം (1880), ശിവയോഗരഹസ്യം (1893), സ്ത്രീവിദ്യാപോഷിണി(1899), സിദ്ധാനുഭൂതി (1903), മോക്ഷപ്രദീപം(1905), ആനന്ദകല്‍പദ്രുമം(1906), ആനന്ദസൂത്രം(1910), ജ്ഞാനക്കുമ്മി (1911), പിള്ളത്താലോലിപ്പ്‌ (1912), രാജയോഗപരസ്യം (1914), ആനന്ദവിമാനം (1916), വിഗ്രഹാരാധനഖണ്ഡനം (1916), ആനന്ദമതപരസ്യം (1919), ആനന്ദക്കുമ്മി(1920), ആനന്ദഗാനം (1923), ആനന്ദാദര്‍ശം (1927), ആനന്ദാദര്‍ശാംശം (1928) തുടങ്ങി ഒന്നര ഡസനോളം വരുന്ന അക്ഷര ആവനാഴിയിലെ തന്റെ ഗ്രന്ഥാസ്ത്രങ്ങള്‍ കൊണ്ട്‌ ഒറ്റയാള്‍യുദ്ധം നടത്തി. 
അതിനായി അദ്ദേഹം ശിഷ്യപ്പടയോടൊപ്പം ദേശദേശാന്തരം സഞ്ചരിച്ചില്ല. ഇന്നത്തെ പാലക്കാട്‌ ജില്ലയില്‍ സ്ഥിതിചെയ്യുന്ന വാനൂരില്‍ സ്ഥാപിച്ച്‌ പിന്നീട്‌ ആലത്തൂരേക്ക്‌ മാറ്റിയ സിദ്ധാശ്രമം എന്ന സ്വധാമത്തില്‍ ഇരുന്നു കൊണ്ടാണെന്നതാണ്‌ ഏറ്റവും അദ്ഭുതം. ഖഡ്ഗഗദാദി ആയുധങ്ങളെക്കാള്‍ പ്രഹരശേഷിയുള്ള അദ്ദേഹത്തിന്റെ തൂലിക അപ്രകാരം സൃഷ്ടിച്ച വിസ്ഫോടനത്തില്‍ നിന്നും സ്വതന്ത്രമായിത്തീര്‍ന്ന യുക്തിയുടെ പ്രാണവായു ശ്വസിച്ച്‌ വി ടി, ഇ എം എസ്‌, നിത്യ ചൈതന്യയതി തുടങ്ങിയവര്‍ മുതല്‍ അച്യുതമേനോന്‍, ലളിതാംബികാ അന്തര്‍ജനം വരെയുള്ള സാംസ്കാരികരാജവീഥിയില്‍ നിന്നിരുന്ന പനിനീര്‍മലരുകളൊക്കെ കൂടുതല്‍ പരിമളവും ദൃശ്യഭംഗിയും കൈവരിച്ചു. (ബ്രഹ്മാനന്ദശിവയോഗി-നവോത്ഥാനനായകന്‍, 40 ലേഖകരുടെ സംയുക്തകൃതി, കറന്റ്‌ ബുക്ക്സ്‌) അതിലുപരി തിരുവിതാംകൂര്‍, തിരുക്കൊച്ചി, മലബാര്‍ എന്നീ പൂര്‍വികകേരള പ്രദേശങ്ങളിലൊക്കെ അതിന്റെ അലയൊലികള്‍ വ്യാപിച്ച്‌ ജന്തുബലി, മദ്യം വച്ചാരാധന, ആത്മപീഡാപരമായ ദൈവീകസാധനകള്‍, സ്ത്രീകള്‍ക്ക്‌ വിദ്യാഭ്യാസനിഷേധം ഇവയൊക്കെ കൈവെടിഞ്ഞ്‌ പൂര്‍വ്വാചാരലീനന്മായിരുന്ന ജന്മികളും സാധാരണക്കാര്‍ പോലും ധ്യാനാനന്ദനിമഗ്നതയില്‍ അനുശീലിതരായിത്തീരുകയും ചെയ്തു. അതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമായി ദൈവീകാചാര ഭീരുക്കളായവര്‍ അനാചാരവും ഭീരുത്വവും കൈവിട്ട്‌ ധീരന്മാരായി. കര്‍മകാണ്ഡപ്രബോധനം കൊണ്ടു സാമൂഹ്യചൂഷണം നടത്തിയിരുന്നവര്‍ ഭയചകിതരാവുകയും അവര്‍ക്ക്‌ ജീവസന്ധാരണത്തിനു മറ്റു പണിയെടുത്തു ജീവിക്കേണ്ടതായും വന്നു. “മുമ്പേ നടക്കുന്ന ഗോക്കളുടെ പിമ്പേ നടന്നു ശീലിച്ച പരസഹസ്രം ഗോക്കള്‍” പുതിയ ദിശാബോധം കൈവന്നതിന്റെ സന്തോഷത്തില്‍ സംശയങ്ങള്‍ തീര്‍ന്ന്‌ ജ്ഞാനപ്രബുദ്ധന്മാരായി. അലസമായി ദൈവാനുകൂല്യത്തിനു ക്യൂ നിന്നവര്‍ ക്യൂ വിട്ട്പോയി ‘ആലോചനാജ്ഞാനപൗരുഷം’ കൊണ്ട്‌ ജീവിതത്തില്‍ മുന്നേറിത്തുടങ്ങി. സാധകന്മാരുടെ സാധനാക്രമത്തിലും അധ്വാനിക്കുന്നവരുടെ അധ്വാനപരതയിലും എഴുത്തുകാരുടെ എഴുത്തുശൈലിയിലും പുത്തന്‍ ഊര്‍ജ്ജം നിറഞ്ഞുതുളുമ്പി. ഈ മാറ്റത്തിന്‌ പ്രതിഫലമായി ദക്ഷിണയോ പാദനമസ്കാരമോ ധനമോ ആഗ്രഹിക്കാത്ത ആ മഹാഗുരുവിന്റെ ആശയസുവിശേഷം പ്രചരിപ്പിക്കുന്നതിനും അനുഷ്ഠിക്കുന്നതിനും ആത്മാര്‍ഥതയുള്ള പ്രതിജ്ഞാബദ്ധര്‍ ദേശദേശാന്തരം ഭൂമിയും മന്ദിരവും നല്‍കി. ഇവ സ്ഥാപിക്ക കൊണ്ട്‌ ആലത്തൂര്‍സിദ്ധാശ്രമം അതിനെ പോഷിപ്പിക്കുന്ന അതേ പ്രകാരത്തിലുള്ള അനുഷ്ഠാനപദ്ധതികളോടു കൂടിയ 40 ഓളം ആനന്ദയോഗശാലകളുള്ള ശാഖാസമേത പ്രസ്ഥാനമായി വികസിച്ചു.

കഴിഞ്ഞ ഒരു ദശകം മുമ്പ്‌ വരെ ഈ നില തുടര്‍ന്ന പ്രസ്ഥാനം ഇന്ന്‌ ഏതോ തരത്തിലുള്ള വിഷബാധയാല്‍ നിര്‍ധാരണപ്രക്രിയയ്ക്ക്‌ വിധേയമായിരിക്കുകയാണോ എന്നു തോന്നുമാറ്‌ പീഡിതമായിക്കൊണ്ടിരിക്കുന്നു. “ദൈവമായി വളര്‍ന്നുയരുന്നതും ചെകുത്താനായി തകര്‍ന്നടിയുന്നതും മനസ്സുതന്നെയാണ്‌. മനുഷ്യന്‍ നന്നാകാന്‍ മനസ്സ്‌ നന്നാകുകയാണ്‌ വേണ്ടത്‌. അതിന്‌ മനോമാലിന്യത്യാഗവും ആത്മനിയന്ത്രണവും രാജയോഗനിഷ്ഠയിലൂടെ തിരിച്ചറിയുന്ന പ്രപഞ്ചമൊന്നാകെ നിറഞ്ഞു വ്യാപിച്ചു നില്‍ക്കുന്ന ആനന്ദമെന്ന സ്വസ്വരൂപത്തിന്റെ തിരിച്ചറിയലാണു വേണ്ടത്‌

No comments: