Wednesday, October 24, 2012

കള്ള്‌ വിവാദത്തിന്റെ കാണാപ്പുറം

കള്ള്‌ വിവാദത്തിന്റെ കാണാപ്പുറം


മദ്യപാനം നിയന്ത്രിക്കാന്‍ കള്ളുഷാപ്പുകള്‍ അടയ്ക്കുന്നത്‌ സഹായകരമാകും എന്ന ഹൈക്കോടതി പരാമര്‍ശം ഏറ്റുപിടിച്ച്‌ കള്ള്‌ വില്‍പ്പന നിരോധിക്കണം എന്ന ആവശ്യവുമായി മുസ്ലീംലീഗ്‌ രംഗത്തെത്തിയത്‌ കടുത്ത പ്രതിഷേധം-പ്രത്യേകിച്ച്‌ കള്ളു ചെത്ത്‌ തൊഴിലായ ഈഴവ സമുദായത്തില്‍നിന്നും ഉയര്‍ന്നുവന്നിരിക്കുകയാണ്‌. കള്ള്‌ വ്യവസായം നിരോധിച്ചാല്‍ ആയിരക്കണക്കിന്‌ ഈഴവ കുടുംബങ്ങള്‍ വഴിയാധാരമാകുമെന്നും കള്ള്‌ നിരോധനമല്ല, ശുദ്ധമായ കള്ളാണ്‌ വിതരണം ചെയ്യപ്പെടുന്നതെന്ന്‌ ഉറപ്പ്‌ വരുത്തുകയാണ്‌ വേണ്ടതെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നേതാവ്‌ തുഷാര്‍ വെള്ളാപ്പള്ളിയും പ്രസ്താവിച്ച്‌ കഴിഞ്ഞു. കള്ള്‌ നിരോധനം എന്ന ആവശ്യം ഉയര്‍ത്തിയ ലീഗ്‌ ഇപ്പോള്‍ യുഡിഎഫില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്‌. കള്ള്‌ വ്യവസായ നിരോധനം യുഡിഎഫ്‌ നയമല്ലെന്നും ഈ വ്യവസായം സംരക്ഷിക്കണമെന്നാണ്‌ യുഡിഎഫിന്റെ പ്രഖ്യാപിത നയം എന്നും പറഞ്ഞ എക്സൈസ്‌ മന്ത്രി കെ.ബാബു ഒരാള്‍ എന്ത്‌ കുടിക്കണം എന്ന തീരുമാനം വ്യക്തികളുടേതാണെന്നും കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷവും പ്രതിപക്ഷനേതാവും കള്ളുവ്യവസായ സംരക്ഷണത്തിനായി രംഗത്തിറങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത്‌ സമ്പൂര്‍ണ്ണ മദ്യനിരോധനം വേണമെന്നാണ്‌ മുസ്ലീംലീഗ്‌ ആവശ്യപ്പെടുന്നത്‌. സമ്പൂര്‍ണ്ണ മദ്യനിരോധനം മദ്യദുരന്തങ്ങളിലേയ്ക്ക്‌ നയിക്കുമെന്ന്‌ വാദിക്കുന്ന വി.എസ്‌.അച്യുതാനന്ദന്‍ 1967 ലെ ഇഎംഎസ്‌ സര്‍ക്കാരാണ്‌ കേരളത്തില്‍ മദ്യനിരോധനം പിന്‍വലിച്ചതെന്ന്‌ ചൂണ്ടിക്കാണിക്കുന്നു.
ബിവറേജ്‌ കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകളും ബാറുകളും തുറക്കുന്ന സമയം വൈകിട്ട്‌ അഞ്ചുമണി ആക്കണം എന്ന ഹൈക്കോടതിയുടെ അഭിപ്രായത്തിനോട്‌ പ്രതികരിക്കാതെ ശ്രദ്ധ കള്ള്‌ നിരോധനത്തില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ വില്‍ക്കുന്ന കള്ള്‌ കൃത്രിമ കള്ളാണ്‌, ശുദ്ധമായ കള്ളല്ല. ഫിനോ ബാര്‍ബിറ്റോള്‍ മുതലായ മരുന്നുകളും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നൊഴുകുന്ന സ്പിരിറ്റും കുമ്പളങ്ങയും യീസ്റ്റും പഞ്ചസാരയും എല്ലാം ചേര്‍ത്ത്‌ ലഹരി വര്‍ധിച്ച കള്ളാണ്‌ ഇന്ന്‌ കള്ളുഷാപ്പുകളില്‍ വില്‍ക്കുന്നത്‌. കേരളത്തില്‍ 5989 കള്ളുഷാപ്പുകള്‍ ഉണ്ട്‌. തിരുവനന്തപുരത്തുമാത്രം 1115 ഷോപ്പുകള്‍ ഉണ്ട്‌. കേരളത്തിലെ തെങ്ങ്‌ ചെത്തി എടുക്കുന്ന കള്ള്‌ രണ്ട്‌ മണിക്കൂര്‍ ഉപയോഗത്തിന്‌ മാത്രമേ തികയുകയുള്ളൂ. കള്ളില്‍ എട്ടു ശതമാനം ആല്‍ക്കഹോള്‍ ആണ്‌ ഉള്ളതെങ്കില്‍ കേരളത്തിലെ കള്ള്‌ ഷാപ്പുകളില്‍ വില്‍ക്കുന്ന കള്ളില്‍ ലഹരി അധികമുണ്ട്‌. 1996 ല്‍ ചാരായ നിരോധനം വന്നശേഷം ചാരായവും കള്ളുഷാപ്പില്‍ കൂടി വിതരണം ചെയ്യുന്നു. കേരളത്തില്‍ മദ്യദുരന്തങ്ങള്‍ തുടര്‍ക്കഥകളാണ്‌. വൈപ്പിന്‍ മദ്യദുരന്തത്തില്‍ മരിച്ചത്‌ 77 പേരായിരുന്നു. പുനലൂര്‍ ദുരന്തത്തില്‍ 30 പേരാണ്‌ മരിച്ചത്‌. 2001 ല്‍ ഉണ്ടായ കല്ലുവാതുക്കല്‍ ദുരന്തത്തില്‍ എട്ട്‌ ജീവന്‍ പൊലിഞ്ഞു. ബാറുകള്‍ മുട്ടിന്‌ മുട്ടിന്‌ സ്ഥാപിക്കുകയും വിദേശ മദ്യ വില്‍പ്പനശാലകള്‍ യഥേഷ്ടം അനുവദിക്കുകയും ചെയ്യുമ്പോള്‍ മദ്യപരുടെ ക്യൂവില്‍ സ്കൂള്‍ യൂണിഫോം ധരിച്ച കുട്ടികളും എത്തി മദ്യം വാങ്ങുന്നത്‌ ആരെയും പ്രകോപിപ്പിച്ചു കണ്ടില്ല. ശുദ്ധമായ കള്ള്‌ ആരോഗ്യത്തിന്‌ ഹാനികരമല്ല എന്നു പറയുന്ന കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല മനസ്സിലാക്കാത്തത്‌ ശുദ്ധമായ കള്ള്‌ എന്നത്‌ കേരളത്തില്‍ ഇന്ന്‌ സങ്കല്‍പ്പത്തില്‍ മാത്രമേ ഉള്ളൂ എന്ന നഗ്നസത്യമാണ്‌.
കള്ള്‌ വ്യവസായം നിരോധിച്ച്‌ ചെത്തു തൊഴിലാളികളെ തൊഴില്‍ രഹിതരാക്കുന്നതിന്‌ പകരം ശുദ്ധമായ കള്ളുമാത്രമേ വിതരണം ചെയ്യാനാകുകയുള്ളൂ എന്ന ഉറപ്പിക്കലാണ്‌ നിശ്ചയദാര്‍ഢ്യമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്‌. ഈ പ്രശ്നം സമുദായങ്ങളെ തമ്മിലടിപ്പിക്കാനല്ല ഉപകരണമാക്കേണ്ടത്‌. അതോടൊപ്പം കോടതി നിരീക്ഷിച്ച ബാര്‍ സമയം വെട്ടിചുരുക്കല്‍ പരിഗണിക്കപ്പെടേണ്ടതാണ്‌. കേരളത്തില്‍ ഇന്ന്‌ പ്രതിശീര്‍ഷ മദ്യോപയോഗം എട്ട്‌ ലിറ്റര്‍ ആകുന്നത്‌ ഇതിന്റെ ലഭ്യത മൂലമാണ്‌. ഓണദിവസം മദ്യവരുമാനം 200 കോടി രൂപയായിരുന്നു. സര്‍ക്കാരിന്‌ ഏറ്റവും കൂടുതല്‍ വരുമാനം കൊണ്ടുവരുന്ന ബിവറേജസ്‌ കോര്‍പ്പറേഷന്‌ യഥേഷ്ടം ഔട്ട്ലെറ്റുകള്‍ അനുവദിയ്ക്കുന്നത്‌ വിനോദസഞ്ചാരികള്‍ക്കുവേണ്ടിയാണ്‌ എന്ന വ്യാജ ന്യായീകരണത്തിലാണ്‌. ഒരു വിദേശ സഞ്ചാരിയും കേരളത്തില്‍ വരുന്നത്‌ ഇവിടുത്തെ വിദേശമദ്യം കഴിക്കാനല്ല, പ്രകൃതിദൃശ്യങ്ങളും സംസ്ക്കാരവും കലകളും അറിയുന്നതിനാണ്‌. കേരളത്തെ ഭ്രാന്താലയമാണെന്ന്‌ സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത്‌ ഇവിടത്തെ അയിത്താദി അനാചാരം മൂലമാണെങ്കില്‍ നവോത്ഥാന ഗുരുവായ ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞത്‌ മദ്യം ഉല്‍പ്പാദിപ്പിക്കരുത്‌, വില്‍ക്കരുത്‌, കുടിക്കരുത്‌ എന്നായിരുന്നു. ഇന്ന്‌ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനത്തില്‍ പോലും അവധി നല്‍കാതെ മദ്യപാനം പ്രോത്സാഹിപ്പിക്കുകയാണ്‌

No comments: