Wednesday, October 24, 2012

ഏകത്വബോധത്തിന്‌ കരുത്തേകട്ടെ

ഏകത്വബോധത്തിന്‌ കരുത്തേകട്ടെ !

നാംദൈവത്തിന്റെ പ്രതിപുരുഷനാകുന്നു…. നമ്മുടെ ദൈവം ജ്യോതിര്‍മയമായിരിക്കുന്ന ഒരു ദിവ്യസമുദ്രമാകുന്നു. ഇതൊക്കെയും ആ നിസ്തരംഗസമുദ്രത്തിന്റെ തരംഗമാകുന്നു. ഓ! നാം ഇതുവരെയും ബഹിര്‍മുഖനായിരുന്നു. ഇനി അന്തര്‍മുഖത്തോടുകൂടിയവനായിത്തീരുന്നു. ആ! ഇവിടെ എത്രയോ ദിവ്യമായിരിക്കുന്നു. നാം ഇതുവരെയും നിന്നിരുന്നത്‌ ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയിലാകുന്നു. ഇതുതന്നെയാണ്‌ നമ്മുടെ ദൈവം. ഇതിനെ നാം അതിന്‌ മുമ്പ്‌ കണ്ടിരുന്നില്ല. നാമും ദൈവവും ഒന്നായിരിക്കുന്നു…. ഓ! നാം ഇതാ ദൈവത്തോട്‌ ഒന്നായിപ്പോകുന്നു.”

ശ്രീനാരായണഗുരുദേവന്‍ എഴുതിയ ആത്മവിലാസം എന്നഗദ്യകൃതിയിലെ ഒരു ഭാഗമാണിത്‌. ആത്മവിലാസം ഗുരുദേവന്റെ ആത്മാനുഭൂതിയുടെ വാങ്മയചിത്രമാണ്‌! ഗുരുദേവന്‍ പരബ്രഹ്മ സത്യവുമായി താദാത്മ്യം പ്രാപിച്ച്‌ പരബ്രഹ്മഭാവത്തിലമര്‍ന്നതിന്റെ നിജസ്വരൂപം ഈ കൃതിയില്‍ എത്രയും സുവ്യക്തമായിരിക്കുന്നു. അവിടുത്തെ ആത്മോപദേശശതകം അദ്വൈതദീപിക, അറിവ്‌, ചിജ്ജചിന്തനം തുടങ്ങി നിരവധി കൃതികളിലും ഗുരുവിന്റെ ഈശ്വരീയഭാവം ഇപ്രകാരം സംദൃഷ്ടമാണ്‌. ഇപ്രകാരം ബ്രഹ്മഭാവത്തിലമര്‍ന്ന ശ്രീനാരായണഗുരുവിന്റെ സമാധിയും മഹാസമാധിയും യഥാതഥമായി അറിയേണ്ടതുണ്ട്‌. ഭാരതീയരായ ഗുരുവര്യന്മാര്‍ ആയിരത്താണ്ടുകള്‍ക്ക്മുന്‍പ്‌ സ്വന്തംഅനുഭൂതിയില്‍ നിന്നും ആവിഷ്ക്കരിച്ച അദൈതബോധാനുഭവം എല്ലാഗുരുക്കന്മാരിലും ഒരുപോലെ പ്രകാശിക്കുന്നതാണ്‌. വ്യാസനും, വസിഷ്ഠനും, ശങ്കരാചാര്യരും, ശ്രീരാമകൃഷ്ണപരമഹംസനും, ശ്രീനാരായണഗുരുദേവനും അനുഭവിച്ച അദ്വൈത സത്യാനുഭവം ആനുഭൂതികമായി ഏകമാണ്‌. എല്ലാറ്റിനെയും ഒന്നായി ദര്‍ശിച്ച്‌ സമാധിയനുഭവം സഹജഭാവമാകുമ്പോള്‍ പൂര്‍ണ്ണമായും സത്യസാക്ഷാല്‍ക്കരമായി. 

ഈ സമാധിഭാവം സഹജഭാവമാക്കികൊണ്ടാണ്‌ ശ്രീനാരായണഗുരു കര്‍മ്മനിരതനായത്‌. സമാധിയെന്നത്‌ ജീവാത്മ പരമാത്മൈക്യ ജ്ഞാനാനുഭവമാണ്‌. സാധാരണ ജീവന്മാര്‍ ജാഗ്രത്‌ സ്വപ്നം സുഷുപ്തി എന്നീ മൂന്നവസ്ഥകളില്‍ വിഹരിക്കുമ്പോള്‍ ജ്ഞാനി നാലാമത്തെ അവസ്ഥയെപ്രാപിച്ച്‌ അതില്‍ വിഹരിക്കുന്നു. ഈ നാലാമത്തെ അവസ്ഥയെക്കുറിച്ചാണ്‌ തുരീയം എന്നു പറയുന്നത്‌. മേല്‍പറഞ്ഞ ഗുരുക്കന്മാരെല്ലാം അനുഭവിച്ചറിഞ്ഞ ആ തുരീയാനുഭവത്തെ ഗുരുദേവന്‍ ആത്മോപദേശ ശതകത്തില്‍ ഇങ്ങനെ ഉപദേശിക്കുന്നു.

അടിമുടിയറ്റടിതൊട്ടുമൗലിയന്തം
സ്പുടമറിയുന്നതു തുര്യബോധമാകും
ജഡമറിവീലതു ചിന്തചെയ്തു ചൊല്ലു-
ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം.

അടിയെന്നോ മുടിയെന്നോ വ്യത്യാസമില്ലാതെ, എല്ലാറ്റിനേയും ഒരേയൊരു അദ്വൈത ബോധത്തിലറിയുന്നത്‌ തുര്യാനുഭവമാണ്‌.ഗുരുദേവന്‍ ഈ തുരിയാവസ്ഥയെ പ്രാപിച്ച്‌ അതില്‍ അമര്‍ന്ന്‌ അതുമാത്രമായി. സഹജാവസ്തയെ പ്രാപിച്ചുവെന്ന്‌ താത്പര്യം. ഈശ്വരനുമായി താദാത്മ്യം പ്രാപിച്ച്‌ ഈശ്വരനില്‍ ലയിക്കുന്ന അവസ്ഥയാണിത്‌. സമാധിയെന്നത്‌ ബുദ്ധിയുടെ സംയാവസ്ഥയാണ്‌. ഗുരുദേവന്‍ ഏതാണ്ട്‌ 30-ാ‍ം വയസ്സില്‍ സമാധിയായി. 73-ാ‍ം വയസ്സില്‍ മഹാസമാധിയും. അതായത്‌ 30-ാ‍ം വയസ്സില്‍ ഈശ്വര സ്വരൂപിയായിത്തീര്‍ന്ന ഗുരുദേവന്‍ 73 വയസ്സുവരെ ശരീരധാരണം ചെയ്ത്‌ ലോകസംഗ്രഹത്തില്‍ മുഴുകി. ദൈവം ദൈവസ്വരൂപമായി പ്രകാശിച്ചുകൊണ്ട്‌ എല്ലാവരേയും ആ ദൈവമഹിമാവിലേക്ക്‌ ഉയര്‍ത്തി ദൈവസ്വരൂപമാക്കി പ്രകാശിപ്പിക്കുവാന്‍ ശ്രമം ചെയ്തുവെന്ന്‌ താത്പര്യം. അപ്പോള്‍ ദൈവമാണ്‌ ഗുരുസ്വരൂപമായി ശ്രീനാരായണഗുരുവായി 73 വയസ്സുവരെ ശരീരധാരണം ചെയ്തതെന്ന്‌ നാമറിയണം. 73-ാ‍മത്തെ വയസ്സില്‍ ശരീരമുപേക്ഷിച്ചു ഈ ശരീരവേര്‍പാടിനെ സാങ്കേതികമായി മാഹാസമാധിയെന്നും പറയുന്നു. ഭാരതീയവേദന്തശാസ്ത്രം ലോകത്തെപഠിപ്പിക്കുന്നത്‌ ദൈവമെന്ന ഈ പരംപൊരുള്‍ അന്യമാകാതെ എല്ലാവരുടെയും ആത്മസത്തയായി പ്രകാശിക്കുന്നു എന്ന പരമതത്വമാണ്‌. 

ഈ തത്വമറിയാത്തവര്‍ ഗുരുദേവന്‍ സമാധിയായി, മരിച്ചു എന്നൊക്കെ വ്യഹരിക്കാറുണ്ട്‌. മറ്റു രാഷ്ട്രീയക്കാരാകട്ടെ ഇപ്പോള്‍ ശവകുടീരങ്ങളെ സമാധികളാക്കിക്കൊണ്ടിരിക്കുകയാണ്‌. നേതാക്കന്മാരുടെ ശവശരീരം അടക്കം ചെയ്ത സ്ഥലമാണ്‌ അവര്‍ക്ക്‌ സമാധി! ശാന്തം പാവം! മഹാഗുരുക്കന്മാര്‍ ജീവിച്ചിരിക്കുമ്പോള്‍ അനുഭവിക്കുന്ന സമാധ്യാവസ്തയെ-ഈശ്വരാനുഭൂതിയെ-ഇപ്പോള്‍ സാദാ രാഷ്ട്രീയക്കാര്‍ക്ക്‌ ബഹുമതി നല്‍കുവാന്‍ തുല്യം ചാര്‍ത്തി കൊടുത്തിരിക്കുന്നു. ഗാന്ധിസമാധി, നെഹ്‌റു സമാധി, മന്നം സമാധി, ശങ്കര്‍ സമാധി ഈ പ്രയോഗങ്ങള്‍ വിവേകികളെങ്കിലും ഒഴിവാക്കുമെന്ന്‌ ഇവിടെ പ്രത്യാശിക്കുകയാണ്‌.

ശ്രീബുദ്ധന്‍, യേശുക്രിസ്തു, മുഹമ്മദ്നബി, ശങ്കരാചാര്യര്‍, ശ്രീരാമകൃഷ്ണപരമഹംസന്‍ തുടങ്ങിയ മഹത്തുക്കളെപ്പോലെ ധര്‍മ്മസംസ്ഥാപനാര്‍ത്ഥം ആവിര്‍ഭവിച്ച ഒരു ലോകഗുരുവാണ്‌ ശ്രീനാരായണഗുരുദേവന്‍. ബുദ്ധന്‍ അഹിംസക്കും, ക്രിസ്തു സ്നേഹത്തിനും, മുഹമ്മദ്നബി സാഹോദര്യത്തിനും പ്രാധാന്യം നല്‍കിയപ്പോള്‍ ഗുരുദേവന്‍ യാതൊരുവിധ ഭേദവുമില്ലാതെ എല്ലാവരും ഒന്നായിക്കഴിയുന്ന സമത്വത്തിനാണ്‌ അനുകമ്പാപൂര്‍വ്വം പ്രാധാന്യം നല്‍കിയത്‌. മഹാത്മാക്കള്‍ സ്വകൃത്യം നിര്‍വ്വഹിച്ചതിനുശേഷം സ്വധാമം പൂകുന്നു. ഓരോരുത്തരുടേയും തിരോധാനം ഓരോ തരത്തിലായിരിക്കും. കൃഷ്ണന്‍ ഒരു വേടന്റെ അമ്പേറ്റ്‌ സ്വര്‍ഗ്ഗാരോഹണം ചെയ്തു. ബുദ്ധന്‍ വിലക്കപ്പെട്ട ആഹാരം കഴിച്ച്‌ അജീര്‍ണ്ണം ബാധിച്ച്‌ മഹാനിര്‍വാണം പ്രാപിച്ചു. ക്രിസ്തു ക്രൂശിലേറി, തുടര്‍ന്ന്‌ സ്വര്‍ഗ്ഗസ്ഥനായി. ശ്രീശങ്കരന്‌ ഭഗന്ധരം എന്ന രോഗമുണ്ടായി. മുഹമ്മദ്നബി സ്വമതസ്ഥാപനത്തിനുവേണ്ടി യുദ്ധം ചെയ്ത്‌ അവസാനം സാധാരണയെന്നവണ്ണം പരലോകം പ്രാപിച്ചു.ശ്രീരാമകൃഷ്ണദേവന്റെ തിരോധാനത്തിന്‌ ഹേതു കണ്ഠത്തില്‍ ബാധിച്ച ക്യാന്‍സര്‍ ആയിരുന്നുരമണമഹര്‍ഷിക്കും ക്യാന്‍സര്‍ തന്നെ ബാധിച്ചു. 
ദയാനന്ദസരസ്വതി വിഷം കുടിച്ചു മരിച്ചു. സ്വാമി രാമതീര്‍ത്ഥന്‍ ഗംഗയില്‍ ജീവിതമര്‍പ്പിച്ചു. ഇതേപോലെ ശ്രീനാരായണഗുരുദേവന്‍ മൂത്രതടസ്സവും ഹെര്‍ണ്ണിയ എന്ന രോഗവും ബാധിച്ചാണ്‌ ശരീരത്യാഗം വരിച്ചത്‌. അഥവാ മഹാസമാധി പ്രാപിച്ചത്‌.
ഭൗതികദേഹം ഉപേക്ഷിച്ച്‌ പരബ്രഹ്മ സ്വരൂപത്തില്‍ സമ്പൂര്‍ണ്ണം വിലയംപ്രാപിക്കുന്നതിനെ മഹാസമാധി എന്നു പറയുന്നു. ജീവന്മുക്തന്റെ ശരീരവേര്‍പാടാണത്‌. വിദേഹമുക്തിയെന്നും ഇതിനെ പറഞ്ഞുപോരുന്നു. ജീവന്മുക്തന്റെ പരമാത്മലയത്തിന്‌ ശുകമാര്‍ഗ്ഗം, പിപീലികമാര്‍ഗ്ഗം എന്ന്‌ രണ്ട്‌ സമ്പ്രദായങ്ങള്‍ ഉണ്ട്‌. രണ്ടും ബ്രഹ്മസത്യവുമായുള്ള അഭേദാവസ്ഥയാണ്‌. ഈ പരമാത്മാലയത്തില്‍.

നീരോഗ ഉപവിഷ്ഠോ വാ രുഗ്ണോവാ വിലുഠന്‍ഭുവി!!
മൂര്‍ച്ചിതോ വാ ഭവത്യേഷ പ്രാണആന്‍ ഭാന്തിര്‍ ന സംശയഃ
ജീവന്മുക്തനായ ജ്ഞാനി രോഗമൊന്നുമില്ലാതെ ഇരുന്നുകൊണ്ടോ മഹാരോഗം പിടിപെട്ട്‌ ഭൂമിയില്‍ വീണുരുളുന്നതിനിടയിലോ, മോഹാലസ്യത്തിനിടയ്ക്കോ ഏതു രൂപത്തില്‍ ദേഹം ത്യജിച്ചാലും ആ മഹാത്മാവിന്റെ വ്യക്തിത്വത്തിനോ, ജ്ഞാനാവസ്ഥയ്ക്കോ യാതൊരുവിധ കുറവും സംഭവിക്കുന്നില്ല. രോഗം മോഹാലസ്യം എന്നിവ ശരീരധര്‍മ്മങ്ങളാണ്‌. ഇഹലോകത്തുവെച്ചുതന്നെ ജ്ഞാനി നിത്യമുക്തസ്വരൂപമായ ബ്രഹമത്തെ പ്രാപിച്ചതിനാല്‍ ശരീരധര്‍മ്മങ്ങള്‍ ആത്മാവിനെ ബാധിക്കുന്നതേയില്ല. രോഗാദികള്‍ ജ്ഞാനത്തിനോ സമാധിക്കോ ഒരു കുറവും വരുത്തുന്നുമില്ല. രോഗാവസ്തയിലും പലരുടേയും രോഗങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്ന ഗുരുദേവനോട്‌ “അങ്ങയുടെ രോഗവും മാറ്റിക്കൂടേ ?” എന്ന്‌ മഹാകവി ഉള്ളൂര്‍ ചോദിച്ചപ്പോള്‍ ‘ശരീരമല്ലയോ’ എന്നായിരുന്നു ഗുരുദേവന്‍ മറുപടി പറഞ്ഞത്‌.

‘അവിടുന്ന്‌ ഏറെ പ്രവര്‍ത്തിച്ചുവല്ലോ’ എന്ന്‌ രവീന്ദ്രനാഥടാഗോറിന്റെ അഭിപ്രായത്തിന്‌ ‘നാം ഒന്നും ചെയ്യുന്നില്ലല്ലോ’ എന്നായിരുന്നു ഗുരുദേവന്റെ പ്രത്യുത്തരം. അതുപോലെ ‘എന്താ പ്രവര്‍ത്തിയാരുടെ ജോലിയാണെന്ന്‌ തോന്നുന്നു’ വെന്ന്‌ ഗുരുദേവന്റെ കര്‍മ്മത്തെ വിലയിരുത്തിയ ചട്ടമ്പിസ്വാമിയോട്‌ ‘പ്രവൃത്തി ഉണ്ട്‌ ആരില്ല’ എന്നായിരുന്നു ഗുരുവിന്റെ മറുപടി.

മരണവുമില്ല പുറപ്പുമില്ല വാഴും-
നരസുരരാദിയുമില്ല നാമരൂപം
മരുവിലമര്‍ന്ന മരീചിനീരുപോല്‍ നീ-
ല്‍പൊരു പൊരുളാം പൊരുളല്ലിതോര്‍ത്തിടേണം.

എന്നും “നാം ശരീരമല്ല, അറിവാകുന്നു, ശരീരമുണ്ടാകുന്നതിന്‌ മുമ്പിലും അറിവായ നാം ഉണ്ടായിരുന്നു ഇതൊക്കെ ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും. ‘ജനനം, മരണം, ദാരിദ്ര്യം, രോഗം ഇതൊന്നും നമ്മെ തീണ്ടുകയില്ല’ എന്നും പ്രഖ്യാപിച്ച ഗുരുദേവന്‍ ‘പോക്കുവരറ്റ പൊരുളാണ്‌’ ആത്മജ്ഞാനിയുടെ മഹാസമാധി ഭൗതികതലത്തില്‍ മാത്രമുള്ളതാണ്‌. മഹാസമാധിയോടെ ആ മഹാത്മാവ്‌ മഹാചൈതന്യമായി, സാക്ഷാല്‍ ഈശ്വരസത്തായി പരിപൂര്‍ണ്ണമായും പ്രകാശിക്കുകയായി.

കന്നി അഞ്ച്‌ : ഗുരുഭക്തന്മാരുടെ പുണ്യദിനം. പരമഗുരുവിന്റെ മഹാപരിനിര്‍വ്വാണദിനം. ഭഗവാന്‍ ശ്രീനാരായണഗുരുദേവന്‍ മഹാസമാധി പ്രാപിച്ച ദിവ്യദിനം.
ഈ പുണ്യദിനമിപ്പോള്‍ ലോകമെമ്പാടുമുള്ള ശ്രീനാരായണഗുരുദേവ ഭക്തര്‍ അവരുടെ ജീവിതത്തിലെ ഏറ്റവും വിശുദ്ധമായ പുണ്യദിനമായി കണക്കാക്കി ഗുരുകാരുണ്യം നേടുവാനുള്ള ദിവ്യാവസരമായി കണക്കാക്കുന്നു. സമാധിയെന്നത്‌ ദുഃഖിക്കാനുള്ള അവസരമല്ല ഒരു ഗുരു പരിപൂര്‍ണ്ണമയും അഖണ്ഡ സച്ചിദാനന്ദസ്വരൂപനായി പ്രകാശിക്കുന്നതാണ്‌ മഹാസമാധി. ആ മഹാസമാധിയിലൂടെ നമ്മില്‍ പരിപൂര്‍ണ്ണമായ സന്തോഷവും ആനന്ദാനുഭൂതിയുമാണ്‌ സൃഷ്ടമാക്കേണ്ടത്‌. മഹാസമാധി സ്മൃതി ഗുരുവിന്റെ ദീപ്തമായ ജീവിതവും ദര്‍ശനവും സാക്ഷാല്‍ക്കരിക്കാനുള്ള പുണ്യദിനമാണ്‌. ജാതി ചോദിക്കരുത്‌ പറയരുത്‌, വിചാരിക്കരുത്‌ എന്ന ഗുരുവിന്റെ ഉപദേശം ഭാരതിയര്‍ക്ക്‌ മേറ്റ്ന്തിനേക്കാളും ഇന്ന്‌ ആവശ്യമാണ്‌. അതുപോലെ സംഘടിച്ച്‌ ശക്തരാകുവാന്‍ ഗുരു ഉപദേശിച്ചു. 
ഭാരതിയ ജനത പലജാതിവിഭാഗങ്ങളായി ഇന്നും ചിന്നിചിതറി ഒരുപൊട്ടിതെറിച്ച മാലപ്പടക്കംപോലെ വിഭിന്നമായി കിടക്കുന്നു. അവരെല്ലാം ഒരുമഹത്തായ സംസ്കൃതിയുടെ ഭാഗമായി ഐക്യബോധത്തോടെ ഭേദചിന്തകള്‍ക്കപ്പുറത്ത്‌ ജീവിക്കുവാന്‍ ഗുരുദേവസന്ദേശം നമുക്ക്‌ കരുത്ത്‌ നല്‍കുന്നു. ഗുരു ഉപദേശിച്ചു മതം എതായാലും മനുഷ്യന്‍ നന്നായാല്‍ മതി. എത്‌ മതത്തില്‍കൂടിയും മനുഷ്യന്‌ നന്നാകാന്‍സാധിക്കും അതിനാല്‍ അവരവര്‍ വിശ്വസിക്കുന്ന മതസിദ്ധാന്തങ്ങളില്‍ ഊന്നിനിന്ന്‌ പ്രവര്‍ത്തിക്കുക. എല്ലാവരും നില്‍ക്കുന്നിടത്ത്‌ നിന്നാല്‍ മതി. ആരെയും മാറ്റാനും മറിക്കാനും നില്‍ക്കേണ്ടതില്ല. മതപരിവര്‍ത്തനം ആവശ്യമില്ല. വിശ്വസിക്കുന്ന മതത്തില്‍ ദൃഢമായി നിന്ന്‌ പ്രവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌ തുടങ്ങിയ ഗുരുദേവസന്ദേശങ്ങള്‍ സാംശീകരിക്കുവാന്‍ ഭാരതിയര്‍ക്ക്‌ സാധിക്കട്ടെ.

ജാതി ഭേദരഹിതമായ ശുദ്ധഹിന്ദുമത സിദ്ധാന്തങ്ങള്‍ ഗുരുദേവന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. മറ്റൊരിടത്ത്‌ എല്ലാ മതതത്ത്വങ്ങളും ഹിന്ദുമതത്തില്‍തന്നെ അടങ്ങിയിട്ടുണ്ടെന്നും ഗുരുദേവന്‍ ഉപദേശിച്ചിട്ടുണ്ട്‌. ഗുരുവിന്റെ ഈ തിരുവാണി പൂര്‍ണ്ണഅര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുവാന്‌ ഓരോരുത്തര്‍ക്കും സാധിക്കണം. 85-ാ‍മത്‌ മഹാസാമധിദിനം ഹിന്ദുസമുദായത്തിന്റെ ഐക്യതയ്ക്ക്‌ ഏകത്വബോധത്തിനും സംഘടനാശക്തിക്കും കരുത്ത്‌ പകരട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

No comments: