Wednesday, October 24, 2012

കാളപെറ്റു; കയറെടുത്തു

കാളപെറ്റു; കയറെടുത്തു

ഉദരനിമിത്തം ബഹുകൃതവേഷം കെട്ടുന്നവരായി രാഷ്ട്രീയക്കാരെ വീക്ഷിക്കുന്ന കാലമാണിത്‌. കൈക്കൂലിയും കാലുവാരലും കങ്കാണിപ്പണിയുമെല്ലാം രാഷ്ട്രീയക്കാര്‍ക്ക്‌ സ്വന്തമെന്ന തോന്നല്‍. അത്‌ സൃഷ്ടിക്കുന്നതോ രാഷ്ട്രീയക്കാര്‍ തന്നെ. ഒപ്പം നടക്കുന്നവന്റെ കാലില്‍ ചവുട്ടി വീഴ്ത്തുന്ന വിദ്യ നന്നായി പ്രയോഗിക്കുന്നവര്‍ക്ക്‌ ഒട്ടും പഞ്ഞമില്ല. അഴിമതിയാണെങ്കിലോ കലയാക്കിയവരും. ബിജെപി തമ്മില്‍ ഭേദം എന്നാരും സമ്മതിക്കും. വ്യത്യസ്തമായ രാഷ്ട്രീയ കക്ഷിയെന്ന അവകാശവാദത്തോട്‌ നീതി പുലര്‍ത്തുന്ന പ്രസ്ഥാനം. അതുകൊണ്ടുതന്നെ വലിയൊരു വിഭാഗം ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്നത്‌ സ്വാഭാവികം. ചമ്പല്‍കൊള്ളക്കാരെപ്പോലും ലജ്ജിപ്പിക്കുംവിധം പൊതുസ്വത്ത്‌ കൊള്ളയടിക്കുന്നതിന്റെ ചരിത്രവും ചിത്രവും ഓരോദിവസവും ചുരുള്‍നിവരുന്നു. പിടിച്ചതിനെക്കാള്‍ വലുത്‌ മാളത്തിലെന്ന്‌ കണ്ടുകൊണ്ടിരിക്കുന്നു. അഴിമതിക്കും കള്ളപ്പണത്തിനും എതിരായ പോരാട്ടത്തില്‍ ഒരുരാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ബിജെപിയുടെ മുന്നേറ്റം അഭിമാനാര്‍ഹവുമാണ്‌.

“അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക്‌ ചുട്ടമ്മായി അമ്മായി ചുട്ടത്‌ മരുമോനിക്കായ്‌’ എന്ന സിനിമാപാട്ടുപോലെ സോണിയയുടെ മരുമോന്‍ നിന്നനില്‍പ്പില്‍ കോടാനുകോടീശ്വരനായതും കോണ്‍ഗ്രസ്സിനെ നാണം കെടുത്തി. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ഇത്രത്തോളം പ്രതികൂലമായ സാഹചര്യമുണ്ടായിട്ടില്ല. കുംഭകോണങ്ങളുടെ കുംഭമേള തന്നെ നടന്നിരിക്കുന്നു. അതിനുപുറമെ വിലക്കയറ്റം സൃഷ്ടിക്കാനും ജനങ്ങളുടെ പൊറുതിമുട്ടിക്കുന്നതുമായ നടപടികളും. ഇതിനെതിരായ മുന്നേറ്റം സൃഷ്ടിക്കുന്ന ഏകകക്ഷിയാണ്‌ ബിജെപി.

1) 2ജി അഴിമതി പാര്‍ലമെന്റില്‍ ഉന്നയിച്ച്‌ അന്വേഷണം പ്രഖ്യാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്‌ ബിജെപി. നിയമപോരാട്ടം നടത്തിയത്‌ എന്‍.ഡി.എ നേതാവ്‌ സുബ്രഹ്മണ്യം സ്വാമി. ഈ വിഷയം ഉന്നയിച്ച്‌ രാജ്യവ്യാപക പ്രക്ഷോഭം നടത്തിയത്‌ ബിജെപി. കേന്ദ്രമന്ത്രിയായിരുന്ന എ.രാജയും കനിമൊഴിയും ജയിലില്‍ പോയതും ചരിത്രം.

2) കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി സംബന്ധിച്ച്‌ പാര്‍ലമെന്റിനകത്തും പുറത്തും പ്രക്ഷോഭം നടത്തിയത്‌ ബിജെപി. കല്‍മാഡിയടക്കം ജയിലില്‍ പോയതും കോണ്‍ഗ്രസ്‌ സമ്മര്‍ദ്ദത്തിലായതിനും ബിജെപിയുടെ ശ്രമം.

3) കല്‍ക്കരി അഴിമതി പ്രശ്നം പാര്‍ലമെന്റ്‌ ആഴ്ചകള്‍ സ്തംഭിപ്പിച്ചു. അന്വേഷണത്തിനു സമ്മര്‍ദ്ദം ചെലുത്തി. ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം തുടരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനുപോലും കരിപുരണ്ടിരിക്കുന്നു.

4) കള്ളപ്പണം : കഴിഞ്ഞ യു.പി.എ കാലത്തു തന്നെ എല്‍.കെ.അദ്വാനി ഇത്‌ വിഷയമാക്കി. ബിജെപിയുടെ മുഴുവന്‍ പ്രചാരണവും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കള്ളപ്പണം തിരികെ കൊണ്ടുവരുന്നത്‌ സംബന്ധിച്ചായിരുന്നു. നിരന്തര പ്രക്ഷോഭങ്ങള്‍ ബിജെപി നടത്തി.

കോണ്‍ഗ്രസിന്‌ പകരം വരുന്നത്‌ ബിജെപിയാകുന്നത്‌ സഹിക്കാന്‍ കഴിയാത്തവരേറെയുണ്ട്‌. അവരുടെ കയ്യാളായി അരവിന്ദ്‌ കേജ്രിവാള്‍. അദ്ദേഹം കൊട്ടിഘോഷിച്ച്‌ ബിജെപി പ്രസിഡന്റിനുനേരെ ആരോപണവുമായി വാര്‍ത്താസമ്മേളനം നടത്തി. ആളാകാമെന്നാശിച്ചു. പക്ഷേ കല്ലുകടിച്ച്‌ പല്ലുപോയത്‌ മിച്ചം. ഒരു ദിവസത്തെ ആയുസുപോലും ആരോപണത്തിനുണ്ടായില്ല. എല്ലാം ചീറ്റിപ്പോയി. ‘കാളപെറ്റു എന്ന കേട്ടപാടെ കയറെടുത്തു” എന്ന ചൊല്ലുപോലെ കോണ്‍ഗ്രസ്‌ നേതൃത്വം ഗഡ്കരിയുടെ രാജിയാവശ്യപ്പെട്ട്‌ ഇളിഭ്യരാവുകയും ചെയ്തു.

വിദര്‍ഭയിലെ നൂറ്‌ ഏക്കര്‍ വരുന്ന കര്‍ഷക ഭൂമി നിതിന്‍ ഗഡ്കരിക്ക്‌ സര്‍ക്കാര്‍ കൈമാറി എന്നായിരുന്നു ഒരാരോപണം. അവിടെ ഡാം നിര്‍മ്മിക്കുന്നതിനു വേണ്ടി 200 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഡാം നിര്‍മ്മിച്ചു കഴിഞ്ഞ്‌ ബാക്കിയുള്ള നൂറേക്കര്‍ കര്‍ഷകര്‍ക്ക്‌ തിരികെ നല്‍കണമായിരുന്നു എന്നാണ്‌ കേജ്രിവാളിന്റെ ആവശ്യം. കര്‍ഷകര്‍ക്ക്‌ ഇക്കാര്യത്തില്‍ പരാതിയുണ്ടത്രെ. എന്താണു സത്യാവസ്ഥ?

1) ഭൂമി കാര്‍ഷിക ഭൂമി ആയിരുന്നില്ല എന്നത്‌ ഒന്നാമത്തെ കാര്യം. തരിശായ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ നൂറേക്കര്‍ ഭൂമിയായിരുന്നു അത്‌. 20 ലക്ഷംപോലും വിലമതിക്കാത്ത സ്ഥലം.

2) ഭൂമി ലഭിച്ചത്‌ നിതിന്‍ ഗഡ്കരിക്കല്ല എന്നത്‌ രണ്ടാമത്തെ കാര്യം. പതിനയ്യായിരം കരിമ്പു കര്‍ഷകര്‍ അംഗങ്ങളായി നിതിന്‍ ഗഡ്കരിക്ക്‌ ഒരു ലക്ഷം രൂപയുടെ ഓഹരി മാത്രമുള്ള ഒരു ചാരിറ്റബിള്‍ ട്രസ്റ്റിനാണ്‌ ഭൂമി ലഭിച്ചത്‌.

3) ഭൂമി എന്നെന്നേക്കുമായി ലഭിക്കുകയായിരുന്നില്ല എന്നത്‌ മൂന്നാമത്തെ കാര്യം. പതിനൊന്നു വര്‍ഷത്തേക്ക്‌ കരിമ്പു നഴ്സറി നടത്തുന്നതിനു പാട്ടത്തിനു ലഭിക്കുകയായിരുന്നു.

4) ഡാമിലെ വെള്ളം മുഴുവന്‍ നഴ്സറിക്ക്‌ ഉപയോഗിക്കുന്നുവെന്നായിരുന്നു അടുത്ത ആരോപണം. എന്നാല്‍ ഡാമിലെ വെള്ളത്തിന്റെ ഒരു ശതമാനത്തില്‍ താഴെ 0.85 മാത്രമാണ്‌ ഈ നൂറേക്കറിലെ നഴ്സറിക്ക്‌ ലഭിക്കുന്നത്‌.

5) കര്‍ഷകര്‍ക്ക്‌ ഈ ഭൂമി തിരികെ നല്‍കണമായിരുന്നുവെന്ന്‌ അടുത്ത ആവശ്യം. ഇതു സാധ്യമല്ലെന്ന സുപ്രീം കോടതി വിധിയുണ്ട്‌. വികസനാവശ്യത്തിനു ഭൂമി ഏറ്റെടുത്ത്‌ ബാക്കിയുണ്ടെങ്കില്‍ അത്‌ സമൂഹത്തിനു ഗുണപരമായ ആവശ്യങ്ങള്‍ക്കേ നല്‍കാനാവൂ. തിരികെ കര്‍ഷകനു നല്‍കാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയുണ്ട്‌.

വിദര്‍ഭയിലെ പതിനയ്യായിരം കര്‍ഷകരെ സംഘടിപ്പിച്ച മഹത്തായ ഒരു പ്രസ്ഥാനം തുടങ്ങി അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ചതാണോ ഗഡ്കരി ചെയ്ത തെറ്റ്‌?

പുറമേ പതിനൊന്നു രൂപക്ക്‌ ലഭിക്കുന്ന കരിമ്പ്‌ വിത്ത്‌ കേവലം 5 രൂപക്ക്‌ കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കിയതാണോ ആ സ്ഥാപനം ചെയ്ത കുറ്റം?
നിതിന്‍ ഗഡ്കരി ഡാം നിര്‍മ്മാണത്തിന്റെ ഫണ്ടുകള്‍ കരാരുകാര്‍ക്ക്‌ റിലീസ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രമന്ത്രി പവന്‍ കുമാര്‍ ബന്‍സാലിനു കത്തെഴുതിയെന്നതാണ്‌ അടുത്ത ആരോപണം. വിദര്‍ഭ പ്രദേശത്തു നിന്നുള്ള പൊതുപ്രവര്‍ത്തകനാണ്‌ ഗഡ്കരി. ആ പ്രദേശത്തു നിന്നുള്ള മുഴുവന്‍ ജനപ്രതിനിധികളും കോണ്‍ഗ്രസ്സ്‌ മഹാരാഷ്ട്ര പ്രദേശ്‌ പ്രസിഡണ്ട്‌ ഉള്‍പ്പെടെയുള്ളവര്‍ സമാന ആവശ്യം ഉന്നയിച്ച്‌ കേന്ദ്രത്തിനു കത്തെഴുതിയിട്ടുണ്ട്‌. എന്താണ്‌ നിതിന്‍ ഗഡ്കരിയുടെ കത്തിന്റെ കാതല്‍? ?ചില ഡാമുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ അഴിമതി ആരോപണമുണ്ടെങ്കിലും, അതു മൂലം മുഴുവന്‍ ഡാമുകളുടേയും നിര്‍മ്മാണം അനിശ്ചിതത്വത്തിലാവരുത്‌. അത്‌ വരള്‍ച്ച നേരിടുന്ന കര്‍ഷകര്‍ക്ക്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട്‌ ആരോപണമില്ലാത്ത പ്രൊജക്ടുകളിലെ പണം കരാറുകാര്‍ക്ക്‌ നല്‍കണം. എന്ന്‌ ആവശ്യപ്പെടുന്നതില്‍ എവിടെയാണ്‌ പിശക്‌?

മറ്റൊരു ആരോപണം ഡാമുകളിലെ വെള്ളം കാര്‍ഷികാവശ്യത്തേക്കാള്‍ കുടിവെള്ള, വ്യവസായ ആവശ്യങ്ങള്‍ക്കു നല്‍കുന്നുവെന്നാണ്‌. ഇതിനു മറുപടി പറയേണ്ട ബാധ്യത നിതിന്‍ ഗഡ്കരിക്ക്‌ ഇല്ലെങ്കിലും, അതിന്റെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്‌. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്‌, മദ്ധ്യപ്രദേശ്‌, രാജസ്ഥാന്‍ തുടങ്ങി വരള്‍ച്ച കെടുതി അനുഭവിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരു ജലനയം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്‌. അത്‌ ഇപ്രകാരമാണ്‌ . ഡാമുകളിലെ ജലത്തിന്റെ ആദ്യ ഉപയോഗം കുടിവെള്ളം, രണ്ടാം ഉപയോഗം വ്യവസായം മൂന്നാം ഉപയോഗം കൃഷി എന്നിങ്ങനെ. അതായത്‌ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ജലനയം അനുസരിച്ച്‌ ഡാമുകളിലെ ജലം കുടിവെള്ളത്തിനും വ്യവസായത്തിനും ഉപയോഗിച്ച ശേഷമേ കൃഷിക്ക്‌ ഉപയോഗിക്കാനാവൂ. അതു സര്‍ക്കാര്‍ നയമാണ്‌.

ഇല്ലാത്ത ഹവാല ഇടപാട്‌ അദ്വാനിയില്‍ ആരോപിച്ചപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച ചരിത്രമാണ്‌ ബിജെപിക്ക്‌. ആദരപൂര്‍വം കുറ്റവിമുക്തനായശേഷമാണ്‌ വീണ്ടും അദ്ദേഹം പൊതുരംഗത്തിറങ്ങിയത്‌. അദ്വാനിയുടെ പിന്‍ഗാമിക്ക്‌ അഴിമതിക്കാരനാകാനാവില്ല. തിളക്കമാര്‍ന്ന വ്യക്തിത്വവും പ്രവര്‍ത്തന പാരമ്പര്യവുമാണ്‌ ഗഡ്കരിക്ക്‌.

മഹാരാഷ്ട്രയിലെ പൊതുമരാമത്ത്‌ മന്ത്രി ആയിരിക്കുമ്പോള്‍ നിതിന്‍ ഗഡ്കരിയാണ്‌ മുംബൈ പൂനെ എക്സ്പ്രസ്‌ ഹൈവേക്ക്‌ തുടക്കമിട്ടത്‌. മഹാരാഷ്ട്രയിലെമ്പാടും റോഡുകളുടേയും ഹൈവേകളുടേയും നെറ്റ്‌ വര്‍ക്കുകള്‍, മേല്‍പ്പാലങ്ങള്‍, ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട്‌ അഭിമാനാര്‍ഹമായ നേട്ടമാണ്‌ നിതിന്‍ ഗഡ്കരി സംസ്ഥാനത്തിനു വേണ്ടി ഉണ്ടാക്കിയത്‌.

അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ ഭരണത്തില്‍ ദേശീയ ഗ്രാമീണ റോഡ്‌ വികസന സമിതിയുടെ ചെയര്‍മാനായി. അന്ന്‌ നിതിന്‍ ഗഡ്കരി വിഭാവനം ചെയ്ത പദ്ധതിയാണ്‌ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്‌ യോജന. ഇന്ന്‌ ഭാരതത്തിലെ നിരവധി ഗ്രാമങ്ങള്‍ ബന്ധിപ്പിച്ച്‌ നിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടത്‌ ഈ പദ്ധതി മൂലമായിരുന്നു. കേരളത്തില്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത ഒരു പഞ്ചായത്ത്‌ പോലും ഉണ്ടാവില്ല. ആരോപണം കേട്ടപാടെ ഏതന്വേഷണത്തെയും ക്ഷണിക്കുകയാണ്‌ ബിജെപിയും ഗഡ്കരിയും ചെയ്തത്‌. എന്നാല്‍ മരുമോന്റെ കാര്യത്തിലോ? അന്വേഷണമേ വേണ്ടെന്നും.

No comments: