Wednesday, October 24, 2012

കുത്തുപാളയെടുപ്പിക്കുന്ന പരിഷ്ക്കാരങ്ങള്‍

കുത്തുപാളയെടുപ്പിക്കുന്ന പരിഷ്ക്കാരങ്ങള്‍

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ വര്‍ധിത ഊര്‍ജ്ജത്തോടെ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടാംഘട്ട സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്കെതിരെ ഇന്ത്യയിലൊട്ടാകെ പ്രതിഷേധം കനക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ്‌ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ബിജെപി പിന്തുണയ്ക്കും എന്ന്‌ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പ്രസ്താവിച്ചിരിക്കുന്നു. ഇത്‌ യുപിഎയെ പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്‌. ചെറുകിട വ്യാപാര രംഗത്ത്‌ വിദേശനിക്ഷേപം കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ചാണ്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ യുപിഎ സഖ്യം വിട്ടത്‌. യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ ഈ അവിശ്വാസ പ്രമേയ പിന്തുണ തൃണമൂല്‍ സഖ്യം വിട്ടതോടെ ന്യൂനപക്ഷമായിരിക്കുന്ന യുപിഎയ്ക്ക്‌ വരുന്ന ശീതകാല സമ്മേളനം നിര്‍ണായകമാകും എന്നുറപ്പാണ്‌. ഇതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ ഒന്നുകൂടി മാറിമറിയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്‍ഷുറന്‍സിലും പെന്‍ഷന്‍ ഫണ്ടിലും 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള പുതിയ നീക്കം ഇന്ത്യന്‍ കമ്പോളത്തെ വിദേശകുത്തകകള്‍ക്ക്‌ മലര്‍ക്കെ തുറന്നുകൊടുത്ത്‌ ചെറുകിട മേഖലയെ ഉന്മൂലനം ചെയ്യാനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെടുന്നു. മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാരിന്റെ പെട്ടെന്ന്‌ രൂപപ്പെട്ട നിശ്ചയദാര്‍ഢ്യം യഥാര്‍ത്ഥത്തില്‍ അഴിമതിയില്‍ കുളിച്ച്‌, ഇപ്പോള്‍ കോണ്‍ഗ്രസ്‌ അധ്യക്ഷയുടെ കുടുംബ അഴിമതിയും വെളിച്ചത്തുവന്നതോടെ ഇതില്‍നിന്ന്‌ ജനശ്രദ്ധ പിന്തിരിപ്പിക്കാനുള്ള ഗൂഢതന്ത്രമായും കരുതപ്പെടുന്നുണ്ട്‌. പക്ഷെ വരാന്‍ പോകുന്ന ഗുജറാത്ത്‌ തെരഞ്ഞെടുപ്പിലും പിന്നാലെ വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പിലും ഇത്‌ യുപിഎയുടെ വിജയസാധ്യതയെ ബാധിക്കുമെന്നുറപ്പാണ്‌. എന്തിന്‌ ഈ രാഷ്ട്രീയ ഹരാകിരി എന്നാണ്‌ പൊതുസമൂഹം ഇപ്പോള്‍ ഉയര്‍ത്തുന്ന ചോദ്യം.

സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യത്ത്‌ ഇത്‌ വിപണിയ്ക്ക്‌ ഉണര്‍വ്‌ നല്‍കി എന്നും സെന്‍സെക്സ്‌ ഉയര്‍ന്നു എന്നും അന്താരാഷ്ട്രാ വിപണിയില്‍ രൂപയുടെ മൂല്യം ഉയര്‍ന്നു എന്നും ഉള്ള ന്യായീകരണം വരുമ്പോഴും ഇതെല്ലാം സാധാരണക്കാര്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ദുരിതത്തില്‍നിന്നും കരകയറാനുള്ള എന്തു മാര്‍ഗ്ഗമാണ്‌ നിര്‍ദ്ദേശിക്കാനുള്ളത്‌? വിദേശനിക്ഷേപകരെ ആകര്‍ഷിച്ച്‌ വിദേശനിക്ഷേപം രാജ്യത്ത്‌ കൊണ്ടുവരികയാണ്‌ യുപിഎ ലക്ഷ്യം എന്ന്‌ വ്യക്തമാകുമ്പോഴും ഇന്ത്യന്‍ കമ്പോളം വിദേശ കുത്തകകള്‍ക്ക്‌ പണയം വെച്ച്‌ വീണ്ടും സാമ്പത്തിക അടിമത്തം ക്ഷണിച്ചു വരുത്തുകയാണെന്ന ആരോപണവും ശക്തമാണ്‌. ഇന്‍ഷുറന്‍സ്‌ മേഖലയില്‍ വിദേശനിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്തുമ്പോള്‍ 30,000 കോടി രൂപയുടെ നിക്ഷേപമാണ്‌ പ്രതീക്ഷിക്കുന്നത്‌. രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.9 ശതമാനമായിരുന്ന ഇന്‍ഷുറന്‍സ്‌ മേഖലാ വളര്‍ച്ച ഇപ്പോള്‍ 4.5 ശതമാനമാണ്‌. ജനറല്‍ ഇന്‍ഷുറന്‍സ്‌ രംഗത്ത്‌ 21 സ്വകാര്യ കമ്പനികളും നാല്‌ പൊതുമേഖല സ്ഥാപനങ്ങളും ഉണ്ടെങ്കിലും ജനസംഖ്യയുടെ ഭൂരിഭാഗത്തിനും ഇന്‍ഷുറന്‍സ്‌ സംരക്ഷണമില്ലെന്നാണ്‌ ഇന്‍ഷ്വറന്‍സ്‌ മേഖലയിലേയ്ക്ക്‌ വിദേശനിക്ഷേപ ക്ഷണത്തിന്‌ ന്യായീകരണം. വിദേശനിക്ഷേപം ഈ മേഖലയെ എങ്ങനെ ബാധിക്കും എന്ന ആശങ്ക ഉയരുന്നു. പൊതുമേഖലാ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ പ്രദര്‍ശിപ്പിക്കുന്ന സാമൂഹിക ഉത്തരവാദിത്തം വിദേശകമ്പനികള്‍ കാണിക്കാന്‍ സാധ്യത ഇല്ലല്ലോ.

മറ്റൊരു മേഖല പെന്‍ഷന്‍ ഫണ്ടാണ്‌. രാജ്യത്തെ തൊഴിലാളികളുടെ പെന്‍ഷനും പ്രൊവിഡന്റ്‌ ഫണ്ടും വിദേശ സ്വകാര്യ കമ്പനികള്‍ക്ക്‌ അനിയന്ത്രിതമായി വിട്ടുകൊടുക്കുന്നതില്‍ തൊഴില്‍ മേഖല കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഒന്നാംഘട്ട സാമ്പത്തിക പരിഷ്ക്കരണം ഭക്ഷണവും ജോലിയും മരുന്നും സാധാരണക്കാര്‍ക്ക്‌ അപ്രാപ്യമാക്കിത്തീര്‍ത്തിരിക്കുന്നു എന്ന്‌ തൊഴിലാളി സംഘടനകള്‍ ആരോപണമുയര്‍ത്തിയിരുന്നു. ഈ പരിഷ്ക്കാരങ്ങള്‍ ഇന്ത്യയെ വിദേശ ഫണ്ടിംഗ്‌ ഏജന്‍സികളുടെ അടിമയാക്കുമ്പോള്‍ സാധാരണക്കാരന്റെ ജീവിതം ദുര്‍ഘടമാകും. ഇന്ധന വില വര്‍ധന, സബ്സിഡി കുറയ്ക്കല്‍, പൊതുമേഖലയിലെ ഒാ‍ഹരി വിറ്റഴിക്കല്‍, പൊതുവിതരണ സമ്പ്രദായം അട്ടിമറിക്കാനുള്ള നീക്കം എല്ലാം ബാധിക്കുന്നത്‌ സാധാരണക്കാരന്റെ ജീവിതത്തെ ആണല്ലൊ. ഇത്‌ മുതലാളിമാര്‍ക്ക്‌ നിക്ഷേപം നടത്തി ലാഭം കൊയ്യാനുള്ള വഴിവെട്ടിത്തുറക്കലായിട്ടാണ്‌ സാധാരണജനങ്ങള്‍ കാണുന്നത്‌. സാമ്പത്തിക വളര്‍ച്ച സാമ്പത്തിക പരമാധികാരം പണയം വെച്ചിട്ട്‌ വേണോ എന്നാണ്‌ ഉയരുന്ന പ്രസക്തമായ ചോദ്യം. ആഗോള സാമ്പത്തികമാന്ദ്യത്തിലും ഇന്ത്യ പിടിച്ചുനിന്നത്‌ പൊതുമേഖലയുടെ ബലത്തിലായിരുന്നു. ക്ഷേമപദ്ധതികളില്‍ വിദേശനിക്ഷേപം ദോഷകരമാകും. ധനമന്ത്രി ചിദംബരം സബ്സിഡി കുറയ്ക്കലടക്കം കൂടുതല്‍ പരിഷ്ക്കരണം കൊണ്ടുവരും എന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപത്തോട്‌ മമത ബാനര്‍ജി മാത്രമല്ല കേരളവും എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു. സാമ്പത്തിക പരിഷ്കാരങ്ങള്‍ കേരളത്തിന്‌ തിരിച്ചടിയാകുമെന്ന്‌ ധനമന്ത്രി കെ.എം. മാണിയും ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു.
ജപ്പാനില്‍ ചില്ലറ വിപണിയില്‍ വിദേശ കുത്തകകള്‍ വന്നപ്പോള്‍ ചില്ലറ വില്‍പ്പന മേഖലയില്‍ ഗണ്യമായ ഇടിവാണ്‌ ഉണ്ടായത്‌. ഇന്തോനേഷ്യയിലും സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കിയത്‌ എഫ്ഡിഐ വരുത്തിയ മാറ്റങ്ങളാണ്‌. പക്ഷെ ചൈനയിലും ചെറുകിട മേഖലയില്‍ 26 ശതമാനത്തിന്റെ ഇടിവുണ്ടായതായി കണ്ടെത്തിയിരുന്നു. അഴിമതി ആരോപണങ്ങളില്‍നിന്നും രക്ഷനേടാനുള്ള യുപിഎ സര്‍ക്കാരിന്റെ തന്ത്രം ജനങ്ങളെ ദുരിതക്കയത്തിലാഴ്ത്തുകയാണ്‌. 
കേരളത്തിലെ പാചകവാതക ക്ഷാമവും വിതരണത്തിലെ പ്രതിസന്ധികളും സാര്‍വത്രികമായ വിലക്കയറ്റവും മരുന്നുവില കുതിയ്ക്കുമ്പോഴും സംസ്ഥാനം രോഗഗ്രസ്തമാകുമ്പോഴും എവിടെയെല്ലാം വില വര്‍ധിപ്പിക്കാം എന്നാണ്‌ സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്‌. ഇവിടെ ഇപ്പോള്‍ ലോഡ്‌ ഷെഡിംഗ്‌ സമയം ഇനിയും കൂട്ടാനും ഗ്യാസ്‌ സിലിണ്ടറിന്റെ അഭാവത്തില്‍ ഇന്‍ഡക്ഷന്‍ കുക്കറിനെ അഭയം പ്രാപിക്കുന്ന വീട്ടമ്മമാരെ നിയന്ത്രിക്കാനും 200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗത്തിന്‌ കൂടുതല്‍ ചാര്‍ജ്ജ്‌ ചെയ്യാനും വിദ്യുച്ഛക്തി ബോര്‍ഡ്‌ ശ്രമിക്കുകയാണ്‌. നിരക്ക്‌ കൂട്ടിയ പശ്ചാത്തലത്തില്‍ എന്തിന്‌ കൂടുതല്‍ നിയന്ത്രണം എന്ന്‌ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പോലും ചോദിക്കുന്നു. ജനങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നത്‌ ജനങ്ങള്‍ തെരഞ്ഞെടുത്ത്‌ അധികാരത്തിലേറ്റുന്ന സര്‍ക്കാര്‍ പരിഗണിക്കുന്നില്ല എന്ന പച്ച പരമാര്‍ത്ഥമാണ്‌ ഈ ജനനിഷേധ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍. യുപിഎ ഭരണത്തില്‍ ജനം പൊറുതിമുട്ടി എന്ന മമതാ ബാനര്‍ജിയുടെ ഫേസ്ബുക്ക്‌ പ്രഖ്യാപനത്തോട്‌ ഇന്ത്യ ഒറ്റക്കെട്ടായി യോജിപ്പ്‌ പ്രകടിപ്പിക്കും എന്നുറപ്പാണ്‌.

No comments: