Wednesday, October 24, 2012

പ്രധാനമന്ത്രിയുടെ ബോധോദയം

പ്രധാനമന്ത്രിയുടെ ബോധോദയം


കേരളത്തില്‍ വര്‍ഗീയതയും സാമുദായിക സ്പര്‍ദ്ധയും വര്‍ദ്ധിച്ച്‌ വരുന്നതില്‍ ഇപ്പോള്‍ പ്രധാനമന്ത്രി പ്രകടിപ്പിച്ച ആശങ്ക അദ്ഭുതകരമാണ്‌. ദല്‍ഹിയില്‍ ഡിജിപിമാരുടെ യോഗത്തില്‍ സംസാരിക്കുമ്പോഴാണ്‌ മന്‍മോഹന്‍സിംഗ്‌ വര്‍ഗീയതയെ കുറിച്ച്‌ വാചാലനാകുന്നത്‌. ഇന്ത്യയിലേക്ക്‌ കടല്‍ മാര്‍ഗം ഭീകരര്‍ നുഴഞ്ഞുകയറാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്‌. കാശ്മീര്‍ അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ച്‌ വരികയാണെന്നും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്‌. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കണമെന്നും ചില സംഘടനകള്‍ രാജ്യസുരക്ഷയ്ക്കും ഐക്യത്തിനുമെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്‌. പുതിയ മാധ്യമങ്ങളെ ഉപയോഗിച്ച്‌ സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രവണത വര്‍ദ്ധിച്ച്‌ വരികയാണെന്നും ഇത്‌ തുടക്കത്തിലെ തടയണമെന്നും പ്രധാനമന്ത്രിക്ക്‌ അഭിപ്രായമുണ്ട്‌. സാമുദായിക സഹവര്‍ത്തിത്വവും നാനാത്വത്തിലുള്ള ഏകത്വവുമാണ്‌ നമ്മുടെ സവിശേഷത. അതാണ്‌ തുടരേണ്ടത്‌. ജമ്മു കാശ്മീരിലെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കണം. രാജ്യത്ത്‌ വര്‍ദ്ധിച്ച്‌ വരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെയും സാമുദായിക കലാപങ്ങളെയും കുറിച്ചുള്ള ആശങ്കയും പ്രധാനമന്ത്രി പ്രകടിപ്പിക്കുകയുണ്ടായി. മന്‍മോഹന്‍സിംഗിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്‌ രാജ്യത്ത്‌ സംഭവിക്കുന്നതൊന്നും അദ്ദേഹം അറിയുന്നില്ലെന്നാണ്‌. വര്‍ഷങ്ങളായി വര്‍ഗീയ-ഭീകരസംഘടനകളുടെ വിളനിലമായി കേരളം മാറിയിട്ട്‌. അതിന്‌ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു കൊടുക്കുന്നത്‌ കോണ്‍ഗ്രസാണെന്ന വസ്തുത പോലും മന്‍മോഹന്‍സിംഗിന്‌ നിശ്ചയമില്ലെന്നു തോന്നുന്നു.
ഇന്ത്യയിലെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ പിതൃത്വം മുസ്ലീം ലീഗിനാണ്‌. രാജ്യം മതത്തിന്റെ പേരില്‍ വെട്ടിമുറിക്കപ്പെട്ടത്‌ മുസ്ലീം ലീഗിന്റെ ആവശ്യപ്രകാരമാണ്‌. ഒടുവില്‍ ചത്ത കുതിരയെന്ന്‌ ലീഗിനെ നെഹ്രു പ്രധാനമന്ത്രിയായിരിക്കെ വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. ആ ലീഗിനെ പടക്കുതിരയാക്കിയത്‌ കോണ്‍ഗ്രസല്ലേ ? ഇന്ദിരാഗാന്ധിയുടെ കാലത്ത്‌ കേരളത്തില്‍ സഖ്യം തുടരവെ തന്നെ ഉത്തരേന്ത്യയില്‍ മുസ്ലീം ലീഗിന്‌ പ്രവര്‍ത്തിക്കാന്‍ സൗകര്യം ലഭിച്ചിരുന്നില്ല. ദല്‍ഹിയില്‍ അഖിലേന്ത്യാ സമ്മേളനം നിശ്ചയിച്ച മുസ്ലീം ലീഗിന്‌ സ്ഥലാനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയ സംഭവം പോലും ഉണ്ടായിരുന്നു. എന്നാല്‍ ആ ലീഗിന്റെ പ്രതിനിധിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി മാന്യത നല്‍കിയ മന്‍മോഹന്‍സിംഗ്‌ വര്‍ഗീയതയുടെ പേരില്‍ വ്യാകുലപ്പെടുന്നത്‌ ഇരട്ടത്താപ്പാണ്‌.
മുസ്ലീം ലീഗ്‌ ഭീകരസംഘടനയെന്നു പറയുന്നില്ല. എന്നാല്‍ വര്‍ഗീയ പാര്‍ട്ടി ആണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്നു തോന്നുന്നില്ല. ആ വര്‍ഗീയ പാര്‍ട്ടി ഇപ്പോള്‍ സകലമാന മുസ്ലീം ഭീകരരൂപങ്ങള്‍ക്കും ആശ്രയം ലഭിക്കുന്ന അവസ്ഥയിലായില്ലേ ? ഫലത്തില്‍ കോണ്‍ഗ്രസിന്റെ ചിറകിന്‍ കീഴില്‍ വര്‍ഗീയ പാര്‍ട്ടിയായ മുസ്ലീം ലീഗും ഭീകരസംഘടനകളുമെല്ലാം സുരക്ഷിതമായി കഴിയുകയാണ്‌. അത്‌ ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. അകാലിദളിനെ ഒതുക്കാന്‍ ഇന്ദിരാഗാന്ധി ഭിന്ദ്രന്‍വാലയെ പഞ്ചാബില്‍ സൃഷ്ടിച്ചതു പോലെ കോണ്‍ഗ്രസല്ലേ കേരളത്തില്‍ മദനിയെ പ്രോത്സാഹിപ്പിച്ചത്‌ ? ലീഗിനെ വിരട്ടി വരുതിയില്‍ നിര്‍ത്താനുള്ള അടവിന്റെ ഭാഗമായി മദനിയെ കയറൂരി വിട്ട കോണ്‍ഗ്രസ്‌ രാജ്യത്തിനും സംസ്ഥാനത്തിനുമുണ്ടായ നഷ്ടത്തിനും നാണക്കേടിനും ഉത്തരം പറയേണ്ടതാണ്‌.
ഇന്ത്യയില്‍ എവിടെ സ്ഫോടനമുണ്ടായാലും അതിന്റെ സുപ്രധാന കണ്ണി കേരളത്തിലാണെന്നത്‌ പകല്‍ പോലെ തിരിച്ചറിഞ്ഞിട്ട്‌ വര്‍ഷങ്ങളായി. പക്ഷേ പ്രധാനമന്ത്രി ഇപ്പോഴാണ്‌ കേരളത്തില്‍ വര്‍ഗീയ-ഭീകരസംഘടനകള്‍ ഭീഷണി ഉയര്‍ത്തുന്ന കാര്യം ഓര്‍ത്തത്‌. വൈകിയെത്തിയ ഈ ബോധോദയം കൊണ്ട്‌ എന്തെങ്കിലും സംഭവിക്കുമെന്ന്‌ പ്രതീക്ഷിക്കാമോ ? ഒന്നും നടക്കാന്‍ പോകുന്നില്ല. ലോകം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ അഴിമതിയും പകല്‍ കൊള്ളയുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്‌. കോണ്‍ഗ്രസും കേന്ദ്രമന്ത്രിമാരും മാത്രമല്ല പ്രധാനമന്ത്രി പോലും പ്രതിക്കൂട്ടിലാണ്‌. മന്‍മോഹന്‍സിംഗ്‌ പാര്‍ലമെന്റില്‍ പോലും സുരക്ഷിതനല്ല. നാലു വര്‍ത്തമാനം പറയാന്‍ നാക്കനക്കാന്‍ കഴിയാത്ത അവസ്ഥയില്‍ നാണം കെട്ടു നില്‍ക്കുകയാണ്‌ യുപിഎ ഭരണകൂടം. ലക്ഷക്കണക്കിന്‌ കോടി രൂപകളുടെ അഴിമതിക്കഥകള്‍ പ്രതിപക്ഷ ആരോപണമല്ല. ഭരണഘടനാ സ്ഥാപനമായ സി എ ജിയുടെ പരിശോധനയില്‍ കണ്ടെത്തിയ വസ്തുതകളാണ്‌. പ്രതിപക്ഷം അഴിമതിക്കെതിരെ പോരാടുമ്പോള്‍ പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും സി എ ജിക്കെതിരെ പടയ്ക്കിറങ്ങിയ കാലമാണിത്‌. അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടക്കുന്ന സര്‍ക്കാരിന്‌ ശ്രദ്ധ തിരിക്കാന്‍ ഒരു വിഷയം വേണം. അതിനു കണ്ടെത്തിയതാണ്‌ രാജ്യം അപകടത്തിലാണെന്ന പ്രസ്താവനയും വര്‍ഗീയത വ്യാപിക്കുന്നു എന്ന വിലാപവും.
കാശ്മീരില്‍ നുഴഞ്ഞു കയറുന്ന പാക്‌ ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സൈന്യത്തെ അനുവദിക്കാത്ത ഭരണകൂടത്തിന്റെ തലവനാണ്‌ മന്‍മോഹന്‍സിംഗ്‌. കടല്‍ത്തീരങ്ങളും മലയോരങ്ങളും ഭീകരന്മാരുടെ ലക്ഷ്യസ്ഥാനമാണെന്ന്‌ ബോധ്യമായിട്ടും നടപടികള്‍ ത്വരിതപ്പെടുത്തുന്നില്ല. പാര്‍ലമെന്റ്‌ ആക്രമണത്തിലെ മുഖ്യപ്രതി അഫ്സല്‍ ഗുരുവിനെ വധശിക്ഷയ്ക്കു വിധിച്ചിട്ട്‌ വര്‍ഷങ്ങളായി. ശിക്ഷ നടപ്പാക്കാന്‍ ധൈര്യമില്ലാത്ത കേന്ദ്രസര്‍ക്കാരാണ്‌ യു പി എയുടെത്‌. പാര്‍ലമെന്റ്‌ ആക്രമണത്തിന്റെയും മുംബൈ ഭീകരാക്രമണത്തിന്റെയും ശിക്ഷിക്കപ്പെട്ട പ്രതികളെ വിശിഷ്ടാതിഥികളെ പോലെ പോറ്റുകയാണ്‌. രാജ്യം തരിപ്പണമായാലും കാല്‍പ്പണത്തിന്‌ വര്‍ഗീയ ഭീകരസംഘടനകളുടെ കാല്‍ നക്കുന്ന സമീപനം മാറ്റാത്തിടത്തോളം വര്‍ഗീയതയ്ക്കെതിരെ സംസാരിക്കുന്നതില്‍ അര്‍ഥമില്ല. വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ വാചാലമാകുകയല്ല നടപടി സ്വീകരിക്കുകയാണ്‌ വേണ്ടത്‌. അതിനുള്ള തന്റേടം മന്‍മോഹന്‍സിംഗിന്‌ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാന്‍ ഒരു വകയും കാണുന്നില്ല

No comments: