Wednesday, October 24, 2012

മണിപൂരകം

മണിപൂരകം


മണിപൂരകം എന്നത്‌ മനസ്സിന്റെ ജാഗ്രതാവസ്ഥയാകുന്നു. ആയത്‌ മണി എന്നത്‌ മനസ്സ്‌ പൂരകം എന്നത്‌ നിറക്കുന്നത്‌. അപ്പോള്‍ മണിയായിരിക്കുന്ന മനസ്സ്‌ വേറൊന്നും ഇല്ലാതെ ജീവനോടുകൂടി താനായിനിറഞ്ഞു. അപ്പോള്‍ അവിടെ അതിപ്രകാശം ജ്വലിക്കുന്നു. വീടിന്റെ അകത്തേക്ക്‌ ചെല്ലുമ്പോള്‍ ആദ്യം ഇരുട്ടായും അവിടെ കുറച്ചുസമയമിരിക്കുമ്പോള്‍ നല്ല പ്രകാശമായും അവിടെയുള്ള എല്ലാ അവസ്ഥകളും സുഖമായി അറിയുകയും കാണുകയം ചെയ്യുന്നു. ഇത്‌ ലോകത്തില്‍ ജനങ്ങള്‍ക്ക്‌ അനുഭവമായിട്ടുള്ളതാണ്‌. അത്പ്രകാരം മനസ്സ്‌ സ്വസ്ഥാനത്തില്‍ പ്രവേശിക്കുമ്പോള്‍ ആദ്യം ഇരുട്ടായിത്തോന്നുകയും ആ മനസ്സ്‌ പുറത്തിനുള്ളില്‍ പോകാതെ തന്റെ സ്വസ്ഥാനത്തില്‍ അടങ്ങിനിറഞ്ഞപ്പോള്‍ അവിടം നല്ല സുഖമായി വെളിപ്പെട്ടുകാണുകയും അറിയുകയും ചെയ്യും. ഇത്‌ മനസ്സിന്റെ ജാഗ്രതയാകുന്നു. ഇതാണ്‌ മണിപൂരകം എന്ന അവസ്ഥ.
അനാഹത
അനാഹതം- എന്നത്‌ അനാ +ഹതം. അന= അഗ്നി, ഹതം= നാശം. അതായത്‌ അഗ്നിസ്വരുപമായിപ്രകാശിച്ചുകൊണ്ടിരിക്കുന്ന മനസ്സ്‌ തന്റെ ഉത്ഭവസ്ഥാനമായ ജീവനില്‍ ലയിക്കുന്നത്‌. അപ്പോള്‍ അത്‌ ജീവന്‌ സ്വപ്നമാകുന്നു. എങ്ങനെയെന്നാല്‍, പ്രകാശമായിരിക്കുന്ന മനസ്സ്‌ ജീവനില്‍ ലയിച്ചപ്പോള്‍ അതുവരെയുണ്ടായിരുന്ന ശോഭ അതായത്‌ പ്രകാശം ഇന്നതെന്നറിയുവാന്‍ സാദ്ധ്യമില്ലാതെ സ്വപ്നതുല്യമായിരിക്കും. ഇത്‌ ജീവന്റെ സ്വപ്നാവസ്ഥ തുല്യമായിരിക്കും. ഇത്‌ ജീവന്റെ സ്വപ്നാവസ്ഥ. ഇതിന്‌ അനാഹതം എന്ന്‌ പേര്‍.
വിശുദ്ധി
വിശുദ്ധി-എന്ന്‌ പറയുന്നത്‌ വി+ ശുദ്ധി, വി= വിശേഷം അതായത്‌ അറിവ്‌, ശുദ്ധി= നിര്‍മലം അതായത്‌ അറിവ്‌ നിര്‍മലമാകുന്നത്‌. അപ്പോള്‍ ഒന്നും അറിയാത്തവിധത്തില്‍ യാതൊരു അറിവും ഇല്ലാതെ നിശ്ചലമായി ജീവന്‍ മാത്രമിരിക്കുന്ന അവസ്ഥ. ആ അവസ്ഥ ജീവന്റെ സുഷുപ്തി. ആ ജീവനില്‍നിന്നുത്ഭവിച്ച മനസ്സില്‍നിനുണ്ടായ എല്ലാ കന്മഷങ്ങളും നാശമായി ജീവനില്‍ മനസ്സ്‌ ലയിച്ചു. ആ ജീവന്‍ മാത്രമായി ഒന്നും അറിയാതെയിരിക്കുന്ന അവസ്ഥയാണ്‌ സുഷുപ്തി. ഇതാണ്‌ വിശുദ്ധി എന്ന അവസ്ഥ.
ആജ്ഞ
ആജ്ഞ എന്നത്‌ ജീവന്‍ ശിവനായി ഉത്ഭവസ്ഥാനമായിരിക്കുന്ന ആനന്ദത്തില്‍ലയിച്ചു മറ്റൊന്നില്ലാതെ ആനന്ദിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ. അത്‌ ജീവന്റെ ജാഗ്രത്ത്‌. അതിനാണ്‌ ആജ്ഞ എന്ന്‌ പേര്‍. ഈ പ്രകാരത്തിലാണ്‌ ഷഡാധാരങ്ങളുടെ സ്ഥിതി. ഇത്‌ ഇന്നതെന്ന്‌ ബ്രഹ്മാനന്ദം. എന്നാല്‍ ബ്രഹ്മാനന്ദം ഇന്നെതന്ന്‌ പറഞ്ഞറിയാക്കുവാന്‍ ആര്‍ക്കും സാധിക്കയില്ലയെന്നും അതായത്‌ പാല്‍പ്പായസം കഴിച്ചവര്‍ക്ക്‌ അതിന്റെ രുചിയറിയുന്നതല്ലാതെ അത്‌ കഴിക്കാത്തവര്‍ക്ക്‌ അതിന്റെ രുചിയറിയുവാനോ അറിയിക്കുവാനോ സാദ്ധ്യമില്ലെന്നും വേദാന്തികള്‍ പറഞ്ഞുവരുന്നു. എന്നാല്‍, ബ്രഹ്മാനന്ദത്തെ പറഞ്ഞറിയിക്കുവാന്‍ സാധിക്കും.അതെങ്ങനെയെന്നാല്‍, സര്‍വജീവികളും ബ്രഹ്മാനന്ദം എന്നത്‌ അനുഭവിച്ചുവരുന്നു. അതായത്‌ താന്‍ സദാ ഉപജീവനം ചെയ്ത്‌ ജീവിച്ചിരിക്കുവാന്‍ വേണ്ടിയുള്ള തന്റെ സ്വന്തം സ്വത്തിനെ താന്‍തന്നെ കളവുചെയ്ത്‌ നശിപ്പിക്കുന്നു. അതെങ്ങനെയെന്നാല്‍, ആ സ്വത്തിനെ കളവുചെയ്യുവാന്‍ പോയി അതിനെതൊടുന്ന സമയത്തിലുണ്ടാകുന്ന അവസ്ഥയാണ്‌ ബ്രഹ്മാനന്ദം.

മനസിനെ നിരോധിക്കാന്‍ പ്രാണായാമം

മനസിനെ നിരോധിക്കാന്‍ പ്രാണായാമം

പ്രാണായാമാഭ്യാസം കൊണ്ട്‌ മനസ്സിനെ നിരോധിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. അമൃതനാദോപനിഷത്ത്‌ പ്രാണായാമത്തെ ഇങ്ങനെ വിവരിക്കുന്നു: പ്രാണനെ സമദീര്‍ഘമാക്കിക്കൊണ്ട്‌ പ്രണവം, വ്യാഹൃതി, ശിരസ്‌ എന്നിവയുള്‍പ്പെടെയുള്ള ഗായത്രീമന്ത്രം മൂന്നുരു ജപിക്കുക. ഇതുതന്നെയാണ്‌ പ്രാണായാമം.
പ്രാണായാമം രേചകം, പൂരകം, കുംഭകം എന്നിങ്ങനെ മൂന്നു വിധമുണ്ട്‌. ശരീരത്തിലുള്ള വായുവിനെ ഉയര്‍ത്തി മൂക്കുവഴി സാവധാനം അല്‍പം പോലും ബാക്കിയില്ലാതെ പുറത്തേക്ക്‌ സമമായും ക്രമമായും അല്‍പ്പനേരംകൊണ്ട്‌ ഉച്ഛ്വസിക്കണം. അങ്ങനെ ദേഹാന്തര്‍ഭാഗത്തുള്ള ആകാശത്തെ വായുരഹിതമാക്കി – ശൂന്യമാക്കി – തീര്‍ക്കണം. എന്നിട്ട്‌ അല്‍പ്പം പോലും വായു അകത്ത്‌ കടക്കാനനുവദിക്കാതെ ആ ശൂന്യഭാവം കഴിയുന്നത്ര സമയം നിലനിര്‍ത്തണം. ഇതാണ്‌ രേചകം. തുടര്‍ന്ന്‌ ഒരു താമരത്തണ്ടില്‍ക്കൂടി എങ്ങനെ വെള്ളം വായിലേക്കാകര്‍ഷിച്ചെടുക്കാന്‍ കഴിയുന്നുവോ അതുപോലെ സാവധാനമായും ക്രമമായും മൂക്കുവഴി വായുവിനെ ഉള്ളിലേക്ക്‌ ശ്വസിക്കുക. ഇതാണ്‌ പൂരകം. എന്നിട്ട്‌ ഉച്ഛ്വസിക്കുകയോ നിശ്വസിക്കുകയോ ചെയ്യാതെയും ശരീരാവയവങ്ങളെ ചലിപ്പിക്കാതെയും കഴിയുന്നത്ര സമയം നിശ്ചലമായിരിക്കുക. ഇതാണ്‌ കുംഭകം. ഈ കുംഭകം ആന്തരകുംഭകമെന്നും ബാഹ്യകുംഭകമെന്നും രണ്ടുവിധമുണ്ട്‌. വാസിഷ്ഠത്തില്‍ രണ്ടിനെയും നിര്‍വചിച്ചിട്ടുണ്ട്‌.
നിശ്വസിക്കുന്നത്‌ അതായത്‌ അകത്തേക്ക്‌ വലിക്കുന്ന അപാനനും ഉച്ഛ്വസിക്കുന്നത്‌ അതായത്‌ പുറത്തേക്ക്‌ വിടുന്നത്‌ പ്രാണനുമാണ്‌. അപാനന്‍ ശരീരത്തില്‍ എപ്പോഴും താഴോട്ടും പ്രാണന്‍ മുകളിലോട്ടും സഞ്ചരിക്കുന്നു എന്നാണ്‌ നിയമം. അപ്പോള്‍ അപാനനെ പുറത്തുനിന്നും ശ്വസിച്ചുതീരുകയും പ്രാണനെ പുറത്തേക്ക്‌ ഉച്ഛ്വസിക്കാന്‍ ആരംഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്‌ ആന്തരകുംഭകം. ആന്തരകുംഭകത്താല്‍ വായു ഉള്ളില്‍ ഇടതിങ്ങി നിറഞ്ഞ്‌ നിശ്ചലമായി നില്‍ക്കുന്നു.
പ്രാണന്‍ ഉച്ഛ്വസിച്ച്‌ അതായത്‌ പുറത്തേക്കുവിട്ട്‌ അവസാനിച്ചു. എന്നാല്‍ അപാനന്‍ നിശ്വസിക്കാന്‍ അതായത്‌ ഉള്ളിലേക്ക്‌ കടക്കാന്‍ ആരംഭിച്ചിട്ടില്ല. പ്രാണന്റെ സമാവസ്ഥയിലുള്ള ഈ സ്ഥിതിയാണ്‌ ബാഹ്യകുംഭകം. ഈ നിര്‍വചനങ്ങളില്‍ നിന്നും പൂരകത്തിന്‌ ശേഷം ആന്തരകുംഭവവും രേചകത്തിന്‌ ശേഷം ബാഹ്യകുംഭകവും എന്ന്‌ സ്പഷ്ടമാകുന്നുണ്ടല്ലോ. അതിനാല്‍ നിശ്വാസം അതായത്‌ ശ്വാസം പുറത്തേക്കു വിന്നടുത്‌ ആന്തരകുംഭകത്തിന്‌ തടസമാണ്‌. അതുപോലെ നിശ്വാസം ആയത്‌ ശ്വാസം ഉള്ളിലേക്ക്‌ വലിക്കുന്നത്‌ ബാഹ്യകുംഭകത്തിനും തടസമാണ്‌. ശരീരചലനം ഉച്ഛാസനിശ്വാസങ്ങളിലൊന്നിലെ ആവശ്യം ഉണ്ടാക്കാതിരിക്കുകയല്ലേ!