Wednesday, October 24, 2012

മത്തായിയില്‍നിന്ന്‌ മന്‍മോഹനിലേക്ക്‌

മത്തായിയില്‍നിന്ന്‌ മന്‍മോഹനിലേക്ക്‌


രാഷ്ട്രപതി എസ്‌. രാധാകൃഷ്ണന്റെ മകനും ചരിത്രകാരനുമായിരുന്ന ഡോ.എസ്‌. ഗോപാല്‍, നെഹ്‌റുവിനെക്കുറിച്ചെഴുതിയ പുസ്തകത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തുന്നുണ്ട്‌. പ്രധാനമന്ത്രിയായിരിക്കെ നെഹ്‌റുവിന്റെ പെഴ്സണല്‍ സെക്രട്ടറി സ്ഥാനത്ത്‌ എം.ഒ.മത്തായിയെ എത്തിച്ചത്‌ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ആയിരുന്നു എന്ന വെളിപ്പെടുത്തലാണത്‌. രഹസ്യാന്വേഷണ വിഭാഗത്തിലെ വിഷ്ണു സഹായിയുടെ നേതൃത്വത്തിലുള്ള സംഘം ഇതേക്കുറിച്ച്‌ ശേഖരിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. സിഐഎയില്‍നിന്ന്‌ പണം പറ്റിയിരുന്ന മത്തായി നെഹ്‌റുവിന്റെ എല്ലാ രഹസ്യരേഖകളുടേയും ആദ്യ പ്രതികള്‍ അവര്‍ക്കാണ്‌ എത്തിച്ചിരുന്നത്‌.
ആസൂത്രണ കമ്മീഷന്‍ അംഗവും പശ്ചിമബംഗാള്‍ ധനകാര്യമന്ത്രിയുമായിരുന്ന അശോക്മിത്ര തന്റെ ഓര്‍മക്കുറിപ്പുകളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെക്കുറിച്ച്‌ മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്‌. നരസിംഹറാവുവിന്റെ കോണ്‍ഗ്രസ്‌ മന്ത്രിസഭയില്‍ ഡോ.മന്‍മോഹന്‍സിംഗ്‌ ധനമന്ത്രിയായെത്തിയത്‌ അമേരിക്കയുടെ താല്‍പ്പര്യപ്രകാരമായിരുന്നുവെന്നാണ്‌ അശോക്‌ മിത്രയുടെ വെളിപ്പെടുത്തല്‍. ധനകാര്യമന്ത്രി സ്ഥാനത്തേയ്ക്ക്‌ അമേരിക്ക ആദ്യം നിര്‍ദ്ദേശിച്ചയാള്‍ നരസിംഹറാവുവിന്‌ സ്വീകാര്യനല്ലാതിരുന്നതില്‍ രണ്ടാംപേരുകാരനായ മന്‍മോഹന്‌ നറുക്കുവീഴുകയായിരുന്നു.
തന്റെ വിദേശ വംശ-പൗരത്വ പ്രശ്നങ്ങളെക്കുറിച്ചും ഇറ്റലിയിലേയും ഇംഗ്ലണ്ടിലേയും ഭൂതകാലത്തെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുകളോട്‌ കോണ്‍ഗ്രസ്‌ അധ്യക്ഷയായ സോണിയാഗാന്ധി മൗനം പാലിക്കുന്നത്‌ പോലെയാണ്‌ അശോക്‌ മിത്രയുടെ അതീവഗുരുതരമായ ഈ വെളിപ്പെടുത്തലിനോട്‌ മന്‍മോഹന്‍ സിംഗും മൗനം പാലിക്കുന്നത്‌. ആധികാരികമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ താന്‍ മന്‍മോഹന്‍സിംഗിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്ന്‌ അശോക്മിത്ര ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അശോക്‌ മിത്രയെക്കൊണ്ട്‌ കൂടുതല്‍ പറയിപ്പിക്കേണ്ടന്ന്‌ കരുതിയാവാം മന്‍മോഹന്‍സിംഗ്‌ ഇക്കാര്യത്തില്‍ തന്ത്രപരമായ മൗനം പാലിക്കുന്നത്‌.
ഈ പശ്ചാത്തലത്തില്‍ വേണം ചില്ലറ വ്യാപാര മേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചത്‌ അമേരിക്കയുടെ സമ്മര്‍ദ്ദം കൊണ്ടല്ല എന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പ്രസ്താവനയെ കാണേണ്ടത്‌. “അമേരിക്കയ്ക്ക്‌ ഇതിലെന്ത്‌ കാര്യം. മറ്റുള്ളവരുടെ ആജ്ഞകള്‍ക്ക്‌ വഴങ്ങുന്ന രാജ്യമല്ല നമ്മുടേത്‌” എന്നാണ്‌ മന്‍മോഹന്‍ സിംഗ്‌ പറഞ്ഞത്‌. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്നതിലൂടെ ലഭിക്കുന്ന അളവറ്റ അധികാരം ഉപയോഗിച്ച്‌ രാജ്യസ്നേഹത്തിന്റെ കണികപോലുമില്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌ ഇത്തരമൊരു പ്രസ്താവനയിലൂടെ മന്‍മോഹന്‍സിംഗ്‌ ചെയ്യുന്നതെന്ന്‌ വ്യക്തം.
ചില്ലറ വില്‍പ്പന മേഖലയിലും മറ്റും വിദേശനിക്ഷേപം അനുവദിക്കാത്ത ഇന്ത്യയുടെ നിലപാടില്‍ അമേരിക്കയിലെ വ്യാപാര സമൂഹത്തിനുള്ള ആശങ്കയിലേയ്ക്ക്‌ വിരല്‍ചൂണ്ടി യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “ഇന്ത്യയില്‍ നിക്ഷേപം നടത്തുക ഇപ്പോഴും ശ്രമകരമാണെന്ന്‌ അവര്‍ (അമേരിക്കന്‍ വ്യാപാരി സമൂഹം) എന്നോട്‌ പറയുന്നു. ചില്ലറ വില്‍പ്പന മേഖല ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ഇന്ത്യ വിദേശനിക്ഷേപം നിരോധിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുകയാണ്‌. ഇരുരാജ്യങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വിദേശനിക്ഷേപം ആവശ്യമാണ്‌. ഇന്ത്യയ്ക്ക്‌ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഇത്‌ അത്യാവശ്യമാണ്‌.” 2012 ജൂലായ്‌ 16 ന്‌ ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ പ്രസിദ്ധീകരിച്ച ഒബാമയുടെ ഈ പ്രസ്താവന ആരും കണ്ടിട്ടില്ലെന്ന്‌ നടിച്ചുകൊണ്ടാണ്‌ ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച തീരുമാനത്തിന്‌ പിന്നില്‍ മറ്റൊരു രാജ്യത്തിന്റെയും സമ്മര്‍ദ്ദമില്ലെന്ന്‌ മന്‍മോഹന്‍സിംഗ്‌ വിഫലമായി വാദിക്കുന്നത്‌.
“ഇന്ത്യയുള്‍പ്പെടെയുള്ള മറ്റ്‌ രാജ്യങ്ങള്‍ സ്വന്തം സാമ്പത്തിക ഭാവി എങ്ങനെ കരുപിടിപ്പിക്കണം എന്ന്‌ അമേരിക്ക പറയില്ല. ഇന്ത്യക്കാരാണ്‌ അത്‌ ചെയ്യേണ്ടത്‌” എന്ന്‌ പിടിഐ അഭിമുഖത്തില്‍ ഒബാമ പറയുന്നുണ്ട്‌. “മറ്റുള്ളവരുടെ ആജ്ഞകള്‍ക്ക്‌ വഴങ്ങുന്ന രാജ്യമല്ല നമ്മുടെ”തെന്ന്‌ മന്‍മോഹന്‍ പറയുന്നത്‌ ഒബാമയുടെ ഈ വാക്കുകള്‍ കടമെടുത്താണ്‌. ഇന്ത്യയിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്‌ ഇരുവരുടെയും ലക്ഷ്യം. “അടുത്തകാലത്തെ വെല്ലുവിളികള്‍ നേരിട്ടും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ആകര്‍ഷകമായ വളര്‍ച്ചാ നിരക്ക്‌ കൈവരിക്കുകയാണ്‌” എന്ന്‌ ഒബാമ പറയുന്നതിന്റെ തുടര്‍ച്ചയാണ്‌ ‘ലോക സമ്പദ്‌ വ്യവസ്ഥ വലിയ വിഷമതകള്‍ അനുഭവിക്കുമ്പോഴാണ്‌ നമ്മള്‍ ഇത്‌ (വരുമാനം വര്‍ധിപ്പിക്കല്‍) ചെയ്യേണ്ടത്‌” എന്ന്‌ സപ്തംബര്‍ 21ന്‌ മന്‍മോഹന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത്‌ പറയുന്നത്‌. അമേരിക്കന്‍ ഭരണകൂടത്തിന്റെ നയങ്ങളെ മാത്രമല്ല, അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകളെപ്പോലും അനുകരിക്കുകയാണ്‌ മന്‍മോഹന്‍.
“ഭാരത-യുഎസ്‌ പങ്കാളിത്തത്തിന്റെ പ്രമുഖ വക്താക്കള്‍” എന്ന്‌ താന്‍ കരുതുന്ന അമേരിക്കന്‍ വ്യാപാരി സമൂഹത്തിന്റെ ഒരു ആവശ്യം ഉന്നയിക്കുക മാത്രമല്ല ഒബാമ ചെയ്തത്‌. ലോകത്തെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖല തുറന്നുകിട്ടുക എന്നത്‌ അമേരിക്കയുടെ നെടുനാളത്തെ ആവശ്യമായിരുന്നു. എന്ത്‌ ചെയ്തും അത്‌ സാധിച്ചെടുക്കുക എന്നതായിരുന്നു ഒബാമയുടെ ലക്ഷ്യം. ഈ ആവശ്യമാണ്‌ ഘടകകക്ഷികളുടെയും പിന്തുണക്കുന്നവരുടേയും എതിര്‍പ്പ്‌ മറികടന്ന്‌ മന്‍മോഹന്‍ പ്രത്യേക താല്‍പ്പര്യമെടുത്ത്‌ അംഗീകരിച്ചു കൊടുത്തിരിക്കുന്നത്‌.
പ്രണബ്‌ മുഖര്‍ജി ധനകാര്യമന്ത്രിയായിരിക്കെ ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചുകൊണ്ടുള്ള തീരുമാനം മമതാബാനര്‍ജിയുടെ എതിര്‍പ്പ്‌ മൂലം മരവിപ്പിക്കുകയായിരുന്നു. രാഷ്ട്രീയ സമവായമില്ലാതെ ഇത്തരമൊരു തീരുമാനമെടുക്കില്ലെന്ന്‌ പ്രണബ്‌ മുഖര്‍ജിക്ക്‌ പാര്‍ലമെന്റില്‍ പ്രഖ്യാപിക്കേണ്ടി വന്നു. അമേരിക്കയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു ഇത്‌. ഇതേത്തുടര്‍ന്ന്‌ സമ്മര്‍ദ്ദം ശക്തമാക്കാന്‍ അമേരിക്ക തീരുമാനിച്ചു. ഇതിന്‌ തെളിവായിരുന്നു പിടിഐക്ക്‌ നല്‍കിയ അഭിമുഖത്തിലെ ഒബാമയുടെ മുന്നറിയിപ്പ്‌. ഒബാമയുടെ അഭിപ്രായങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ പ്രമുഖ അമേരിക്കന്‍ പത്രമായ ‘വാള്‍സ്ട്രീറ്റ്‌ ജേര്‍ണല്‍’ എഴുതിയത്‌ ഒബാമ ഇന്ത്യന്‍ ഭരണാധികാരികളെ ‘അപമാനിക്കുകയല്ല’ അവരെ ‘പ്രശംസിക്കുകയാണെ’ന്നായിരുന്നു. “ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക പരിഷ്ക്കരണവിരുദ്ധ നയത്തിനെതിരെ വിദേശനിക്ഷേപകര്‍ സ്വന്തം നേതാക്കളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. ഈ നയങ്ങള്‍ എങ്ങനെയാണ്‌ മോശമായ വാണിജ്യാന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന്‌ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്ങ്‌ കഴിഞ്ഞയാഴ്ചത്തെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പരോക്ഷമായി സൂചിപ്പിക്കുകയുണ്ടായി. ബ്രിട്ടന്റെ ജോര്‍ജ്‌ ഓസ്ബോണും യുഎസ്‌ ട്രഷറി സെക്രട്ടറി ടിം ഗെയ്റ്ററും ഈ ആശങ്കകള്‍ തുറന്ന്‌ പ്രകടിപ്പിക്കുകയുണ്ടായി. ഈ സംഘത്തില്‍ ഇപ്പോള്‍ ഗെയ്റ്റനറുടെ മേധാവിയും ചേരുന്നുണ്ടെങ്കില്‍ അത്‌ നേരത്തെയുള്ള മുന്നറിയിപ്പുകള്‍ വകവെയ്ക്കാത്തതിനാലാണ്‌”-എന്നാണ്‌ വാള്‍സ്ട്രീറ്റ്‌ ജേര്‍ണല്‍ മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയത്‌. “തുറന്ന സമ്പദ്‌വ്യവസ്ഥ ഇല്ലെങ്കില്‍ ലോകത്തെ ഇന്ത്യയുടെ നിലനില്‍പ്പ്‌ മങ്ങിപ്പോകുമെന്ന ഒബാമയുടെ സന്ദേശത്തിലെ സത്യം ഇന്ത്യയ്ക്ക്‌ അവഗണിക്കാനാവില്ല. അങ്ങനെ സംഭവിക്കാന്‍ അമേരിക്ക സമ്മതിക്കുകയില്ല”-എന്നാണ്‌ അമേരിക്കക്കും ഒബാമയ്ക്കും വേണ്ടി ഉപദേശത്തിന്റെ സ്വരത്തില്‍ ‘വാള്‍സ്ട്രീറ്റ്‌ ജേര്‍ണല്‍’ ഭീഷണിമുഴക്കിയത്‌.
ചില്ലറ വില്‍പ്പന മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ എടുത്ത തീരുമാനം 2011 ഡിസംബറില്‍ പിന്‍വലിച്ചതോടെ ഘട്ടംഘട്ടമായി അമേരിക്ക കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ശക്തിപ്പെടുത്തുകയായിരുന്നു. യുഎസ്‌ മാസികയായ ‘ടൈം’, പ്രധാനമന്ത്രി മന്‍മോഹനെ ‘കഴിവ്‌ കെട്ടവന്‍’ എന്ന്‌ വിശേഷിപ്പിച്ചു. ഇതിന്‌ പിന്നാലെ യുഎസ്‌ പത്രമായ ‘വാഷിംഗ്ടണ്‍ പോസ്റ്റ്‌’ മന്‍മോഹനെ ‘ദുരന്തനായക’നായും ചിത്രീകരിച്ചു. ഇതിനുശേഷമാണ്‌ പ്രസിഡന്റ്‌ ഒബാമ മുന്നറിയിപ്പിന്റെ സ്വരത്തില്‍ സംസാരിച്ചതും ‘വാള്‍സ്ട്രീറ്റ്‌ ജേര്‍ണല്‍’ അതിനെ ന്യായീകരിച്ചതും. ഇതൊക്കെ സമര്‍ത്ഥമായ ഒത്തുകളിയായിരുന്നുവെന്ന്‌ ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ ‘ടൈം’ മാസികയിലും ‘വാഷിംഗ്ടണ്‍ പോസ്റ്റ്‌’ പത്രത്തിലും മന്‍മോഹന്‍ സിംഗിന്‌ ‘എതിരായി’ വന്ന റിപ്പോര്‍ട്ടുകള്‍ ‘പെയ്ഡ്‌ ന്യൂസു’കളായിരുന്നു. അപകീര്‍ത്തികരമായ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചതിന്‌ ‘ടൈം’ മാപ്പ്‌ പറയണമെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ആവശ്യപ്പെട്ടതും ഈ ആവശ്യം നിരാകരിച്ച ‘ടൈം’ ഒടുവില്‍ വഴങ്ങിയതുമൊക്കെ ഒത്തുകളിയുടെ ഭാഗമായിരുന്നു.
മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്‌ മന്ത്രിസഭ വിടുമെന്ന്‌ വ്യക്തമായിട്ടും ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുത്തത്‌ അമേരിക്കയുടെ സമ്മര്‍ദ്ദംകൊണ്ടല്ലെന്ന മന്‍മോഹന്‍ സിംഗിന്റെ അവകാശവാദം പരിഹാസ്യമാണ്‌. മന്‍മോഹനൊപ്പം നിന്ന്‌ ഒബാമ ഈ തീരുമാനം എടുപ്പിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ മന്ത്രിസഭ വിട്ട മമതാ ബാനര്‍ജിയെ കൊല്‍ക്കത്തയിലെത്തി ആദ്യം സന്ദര്‍ശിച്ചത്‌ യുഎസ്‌ അംബാസഡര്‍ നാന്‍സി പവലാണ്‌. ചില്ലറ വില്‍പ്പന മേഖലയിലെ വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ എന്താണ്‌ മമതയുടെ എതിര്‍പ്പ്‌ എന്ന്‌ അറിയാനും കഴിയുമെങ്കില്‍ അവരെ അനുനയിപ്പിക്കാനുമായിരുന്നു നാന്‍സിയുടെ ശ്രമം. ഈ വര്‍ഷമാദ്യം ഇന്ത്യയിലെത്തിയ യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനും കൊല്‍ക്കത്തയില്‍ മമതയെ സന്ദര്‍ശിച്ച്‌ വിദേശനിക്ഷേപ പ്രശ്നം ചര്‍ച്ച ചെയ്യുകയുണ്ടായി.
‘റെഡ്‌ ക്രോസ്‌’ എന്ന സംഘടനയുടെ മറപിടിച്ചാണ്‌ എം.ഒ.മത്തായി പ്രധാനമന്ത്രി നെഹ്‌റുവിന്റെ പേഴ്സണല്‍ സെക്രട്ടറിയുടെ പദവിയിലെത്തി അമേരിക്കക്ക്‌ രഹസ്യങ്ങള്‍ ചോര്‍ത്തിയത്‌. മത്തായി ഒരു ചാരന്‍ തന്നെയായിരുന്നു. എന്നാല്‍ മന്‍മോഹന്‍ സിംഗിന്‌ ഈ പരിമിതിയില്ല. ലോകബാങ്കിലൂടെ ഇന്ത്യയുടെ ധനകാര്യമന്ത്രി സ്ഥാനത്തും പ്രധാനമന്ത്രി പദിവിയിലും എത്തിച്ചേര്‍ന്ന മന്‍മോഹന്‍ അമേരിക്കന്‍ താല്‍പ്പര്യമെന്താണോ അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയാണ്‌. 

No comments: