Wednesday, October 24, 2012

യുഗസന്ധ്യയിലെ പ്രകാശനാളം

യുഗസന്ധ്യയിലെ പ്രകാശനാളം

ലോകത്തില്‍ അവതാരപുരുഷന്മാര്‍ ധാരാളമുണ്ട്‌. അവരില്‍ പലരുടേയും മഹാചരിതങ്ങളും നമുക്കറിയാം. അവരുടെയെല്ലാം ജീവിതത്തിലെ നമ്മള്‍ കേള്‍ക്കുന്ന കഥകളെല്ലാം അവര്‍ വളര്‍ന്ന്‌ പ്രൗഢന്മാരായതിനു ശേഷമുള്ളവയാണ്‌. അതിനു മുന്‍പുള്ള കഥകള്‍ അത്ര ഗര്‍ഹണീയമായിരിക്കുകയുമില്ല. എന്നാല്‍ ശ്രീകൃഷ്ണന്റെ ജീവിതത്തിലെ നമ്മള്‍ കേള്‍ക്കുന്ന കഥകളിലേറിയ കൂറും ശൈശവത്തിലും ബാല്യത്തിലുമുള്ളവയാണ്‌. കംസവധം വരെയുള്ള കഥകളെല്ലാം ബാലകേളികളാണ്‌. അതിനാല്‍ ബാലന്മാരുടെ ഒരു പ്രസ്ഥാനത്തിന്റെ ആദര്‍ശപുരുഷനാകാന്‍ ഭഗവാന്‍ ശ്രീകൃഷ്ണനോളം അര്‍ഹതയുള്ള അവതാര പുരുഷന്മാരാരുമില്ല.

ഇത്രയധികം പ്രതികൂലമായ സാഹചര്യങ്ങളില്‍ അവതരിച്ച ഒരവതാരവുമില്ല. ജനനം തന്നെ കല്‍ത്തുറുങ്കില്‍! മാതാപിതാക്കള്‍ ബന്ധികള്‍! ഒന്നു കരയാനും കൂടി സ്വാതന്ത്ര്യമില്ല! പക്ഷേ അവതാര സമയത്ത്‌ തന്നെ മാതാപിതാക്കളെ സാന്ത്വനിപ്പിച്ചു. കാരിരുമ്പിന്‍ പ്രതിബന്ധത്തേയും കുലംകുത്തി വന്ന പ്രതിരോധ പ്രവാഹത്തേയും മറികടന്ന്‌ ലക്ഷ്യത്തിലേക്ക്‌ പ്രയാണം ചെയ്തു. ശൈശവ ലീലകളില്‍ത്തന്നെ അനന്യമായ മാതൃകകള്‍ ദര്‍ശിക്കാം. ലളിതവേഷം പൂണ്ട പൂതന ശിശുഹത്യ നടത്തി സഞ്ചരിക്കുന്നതിനിടയില്‍ ഉണ്ണികൃഷ്ണനെ സമീപിച്ചു. ഉണ്ണികൃഷ്ണനെ കണ്ടപ്പോള്‍ പൂതന ചിരിച്ചു. ഉണ്ണിക്കണ്ണനും പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു.

ഈ ചിരി ചിരിക്കാന്‍ ഇന്നത്തെ സാമൂഹ്യപ്രവര്‍ത്തകനു കഴിയേണ്ടതാണ്‌. സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സ്വഹൃദയജ്ഞാനമുണ്ടായാല്‍ മാത്രം പോരാ; പരഹൃദയജ്ഞാനവും ഉണ്ടായിരിക്കണം. നമ്മുടെ ഉണ്ണിക്കണ്ണന്മാരുടെ ഉള്ളില്‍ വിഷം നിറയ്ക്കാന്‍ നടക്കുന്ന ഒന്നല്ല ഒരായിരം പൂതനമാരുണ്ട്‌ നമുക്കു ചുറ്റും. അതുകൊണ്ട്‌, അവരുടെ ലളിത വേഷത്തില്‍ അവരുടെ രാക്ഷസീയത നാം തിരിച്ചറിയാതിരുന്നു കൂടാ. നമ്മുടെ കുട്ടികളെ പാലൂട്ടി പാലിക്കാനല്ല അവരുടെ വരവ്‌; നഞ്ഞൂട്ടി നശിപ്പിക്കാനാണ്‌. ഈ അറിവ്‌ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ബാലഗോകുലത്തിലൂടെ ലഭിക്കണം.

അയല്‍വാസികളുടെ മനം കവര്‍ന്നു കൊണ്ടാണ്‌ ഉണ്ണിക്കണ്ണന്‍ വളര്‍ന്നത്‌. ഒരു ദിവസം കണ്ണനെ കണ്ടില്ലെങ്കില്‍ വെണ്ണ കവര്‍ന്നുണ്ണാന്‍ കണ്ണനെത്തിയില്ലെങ്കില്‍ കാതരമാകുന്ന മനസ്സുകളാണ്‌ അമ്പാടിയിലുണ്ടായിരുന്നത്‌. ഈ വിധത്തില്‍ സുമനസ്സുകളെ ആകര്‍ഷിച്ച്‌ ലീലകളാടിയ കണ്ണന്‍ സമൂഹത്തെ സംഘടിപ്പിക്കുന്നതിലും ശ്രദ്ധചെലുത്തിയിരുന്നു. സഹജമായ നേതൃത്വഗുണങ്ങളാല്‍ കൂട്ടുകാരെയൊക്കെ സംഘടിപ്പിച്ചു. പാല്‍ ചോറും ഓടക്കുഴലുമായി കാലികളും കൂട്ടാളികളുമൊത്ത്‌ വനഭോജനത്തിനുള്ള പുറപ്പാട്‌ സമാജസമാഹരണത്തിന്റെ നാന്ദിയായിരുന്നു.

യമുനാപുളിനങ്ങളില്‍ ഗുസ്തി പിടിച്ചും സാലവൃക്ഷങ്ങളില്‍ ബലപരീക്ഷണം നടത്തിയും മേളിക്കുമ്പോള്‍ തന്റെ അവതാരോദ്ദേശ്യം ഒരിക്കലും കൃഷ്ണന്‍ മറന്നിരുന്നില്ല എന്നുമാത്രമല്ല അതിനുള്ള പരിശീലനമുറകളായിരുന്നു ബാലലീലകളെല്ലാം തന്നെ. തന്റെ മാതാവും പിതാവും ബന്ധനത്തിലാണെന്നും തന്നാല്‍ മോചിതരാകേണ്ടവരനവധിയുണ്ടെന്നും സമൂഹത്തെയും രാഷ്ട്രത്തേയും ദുഷ്ടശക്തികളില്‍ നിന്നും മോചിപ്പിക്കേണ്ടതുണ്ടെന്നും കൃഷ്ണന്‍ സദാ ഓര്‍ത്തുകൊണ്ടിരുന്നു.
സമാജപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കുണ്ടാകേണ്ടതാണ്‌ ഈ ധ്യേയനിഷ്ഠ. പലപ്പോഴും പ്രവര്‍ത്തനത്തില്‍ മുഴുകികഴിയുന്നവര്‍ തങ്ങളുടെ ആത്യന്തികലക്ഷ്യം മറക്കാറുണ്ട്‌. താത്കാലിക വിജയത്തിലും ലാഭത്തിലും മോഹിതരായി ആത്യന്തികലക്ഷ്യം മറന്നുകൂടാ. മാര്‍ഗ്ഗത്തെ ലക്ഷ്യമായും തെറ്റിദ്ധരിച്ചു പോകാന്‍ പറ്റില്ല.

സമാജപ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോള്‍ തനിച്ചല്ല ചെയ്യുക എന്ന മാതൃകയല്ല കൃഷ്ണന്‍ നമ്മുടെ മുമ്പില്‍ വെച്ചത്‌. ദേവേന്ദ്രന്‍ എന്ന അധികാരസ്ഥാനത്തെ പൂജിച്ചു വന്നിരുന്ന നാട്ടുകാരില്‍ അധികാരപൂജയ്ക്കു പകരം രാഷ്ട്രഭാവനയുണ്ടാക്കാന്‍ ഗോവര്‍ദ്ധന പൂജയേര്‍പ്പെടുത്തി. ആ സന്ദര്‍ഭത്തില്‍ കോപിഷ്ടനായ ഭരണാധികാരിയുടെ ദര്‍പ്പമടക്കാന്‍ സകലരേയും സംഘടിപ്പിച്ച്‌ ഗോവര്‍ദ്ധനോദ്ധാരണം നടത്തി. നമ്മള്‍ രണ്ടുകൈകളും ഉപയോഗിച്ച്‌ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈശ്വരന്‍ തങ്ങളെ സഹായിക്കൂ എന്ന്‌ ഗോവര്‍ദ്ധനോദ്ധാരണത്തിലൂടെ ലോകത്തെ പഠിപ്പിച്ചു.

എന്നാല്‍ ഘോരമായ വിപത്ത്‌ സമാജത്തെ ഗ്രസിക്കുമ്പോള്‍ മുമ്പില്‍ നിന്നുകൊണ്ടുതന്നെ അതിനെ നേരിട്ട സംഭവങ്ങളുമുണ്ട്‌. കാട്ടുതീയില്‍ പെട്ട കൂട്ടുകാരെയും കാലികളേയും രക്ഷിച്ചതും കാളിന്ദിയെ വിഷമയമാക്കിയ കാളിയനെ നേരിട്ടതും തനിച്ചുതന്നെയായിരുന്നു. കാളിയന്റെ ദര്‍പ്പണമടങ്ങിയപ്പോള്‍ കാളിയനെ “ഉന്മൂലനാശനം” ചെയ്യണമെന്നു ചിന്തിച്ചതേയില്ല. സമാജത്തെ ദ്രോഹിക്കാതെ അടങ്ങിയൊതുങ്ങി കഴിയാമെന്നു കാളിയന്‍ സമ്മതിച്ചപ്പോള്‍ തന്റെ പാദമുദ്ര ചാര്‍ത്തി കാളിയനെ അനുഗ്രഹിക്കുകയാണുണ്ടായത്‌.

കംസവധത്തിനു ശേഷം ശ്രീകൃഷ്ണന്‍ ചെയ്ത ഒരു പ്രവൃത്തി ലോകത്തിനൊരൊന്നാന്തരം സാധനാപാഠമാണ്‌. കംസനെ വധിച്ചശേഷം നേരെ സിംഹാസനത്തിലേയ്ക്കോടിക്കയറുകയല്ല കൃഷ്ണന്‍ ചെയ്തത്‌. ബന്ധിതനായിരുന്ന ഉഗ്രസേനനെ മോചിപ്പിച്ച്‌ അദ്ദേഹത്തെ രാജാവായി വാഴിച്ചശേഷം തന്റെ മാതാപിതാക്കളെ മോചിപ്പിക്കണമെന്ന്‌ അദ്ദേഹത്തോടാവശ്യപ്പെടുകയാണ്‌ ചെയ്തത്‌. മാതാപിതാക്കളെ മോചിപ്പിക്കാന്‍ തിടുക്കമുണ്ടെങ്കിലും തന്റെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി വ്യവസ്ഥയെ മറി കടക്കുവാന്‍ കൃഷ്ണനൊരുമ്പെട്ടില്ല.

കംസവധത്തിനുശേഷം വിദ്യാഭ്യാസത്തിനു വേണ്ടി ആചാര്യസന്നിധിയിലെത്തിയ കൃഷ്ണന്‍ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു ശിഷ്യനായി പെരുമാറി. ഗുരുവിനോടും ഗുരുപത്നിയോടും സഹപാഠികളോടും മറ്റേതൊരു അന്തേവാസിയേയും പോലെതന്നെയായിരുന്നു കൃഷ്ണന്റെ പെരുമാറ്റം. കൃഷ്ണന്റെ ഗരിമ പ്രകടമാക്കുന്ന സംഭവങ്ങള്‍ പ്രൗഢമായ ജീവിതത്തിലുണ്ടാകുന്നത്‌ മഹാഭാരതയുദ്ധത്തോടെയാണ്‌. ധര്‍മ്മത്തിന്റെ ഭാഗത്തുമാത്രമേ താന്‍ നിലയുറപ്പിക്കൂ എന്നുള്ളതുകൊണ്ട്‌ ഭൗതികമോഹികളായ കൗരവര്‍ക്ക്‌ തന്റെ സേനയെ വിട്ടുകൊടുത്തു കൃഷ്ണന്‍ പാണ്ഡവ പക്ഷത്തുതന്നെ നിലയുറപ്പിച്ചു.

താത്വിക പ്രതിസന്ധിയില്‍പ്പെട്ട്‌ നട്ടം തിരിയുന്ന ലോകത്തിന്‌ ഈ യുഗസന്ധ്യയില്‍ പ്രകാശനാളമായി അനുഭവപ്പെടുന്നത്‌ കൃഷ്ണവാക്യങ്ങളായ ഗീതാസൂക്തങ്ങളാണ്‌. മനഃശാസ്ത്രവും സാമൂഹ്യശാസ്ത്രവും സാമ്പത്തികശാസ്ത്രവും മാനേജ്മെന്റുമെല്ലാം പുതിയ രത്നങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്‌ ഇന്ന്‌ ഗീതാഖനിയില്‍ നിന്നാണ്‌.

യുദ്ധസന്ദര്‍ഭത്തില്‍ ശ്രീകൃഷ്ണന്‍ കാണിച്ച നയതന്ത്രജ്ഞത ഇന്നുമെന്നുമെല്ലാം ലോകത്തിനു പാഠമാണ്‌. സന്ധിസംഭാഷണത്തിനായി കൗരവസഭയിലെത്തിയ കൃഷ്ണന്‍ തന്റെ വ്യക്തിപ്രഭാവത്തിനാല്‍ തന്നെ അപമാനിക്കാന്‍ കരുതിക്കൂട്ടിയിരുന്ന ദുര്യോധനാദികളില്‍ ആദരഭാവമുണര്‍ത്തുന്നു. യുധിഷ്ഠിരരാജാവിന്റെ ദൂതനായി വന്ന കൃഷ്ണന്‍ ദുര്യോധനന്‍ ഒരുക്കിയ ആതിഥ്യം സ്വീകരിക്കാതെ വിദൂരരുടെ വീട്ടിലാണ്‌ അന്തിയുറങ്ങിയത്‌. ഈ കൃഷ്ണകഥ തത്വമറിഞ്ഞു പഠിച്ചിരുന്നുവെങ്കില്‍ നമ്മുടെ ഒരു പ്രധാനമന്ത്രിയുടെ ജീവന്‍ സന്ധിസംഭാഷണത്തിനിടയില്‍ നഷ്ടപ്പെടുകയില്ലായിരുന്നു.

യുദ്ധാന്ത്യത്തില്‍ മണ്ണില്‍ തേര്‍ചക്രം താഴ്‌ന്നുപോയ കര്‍ണന്‍ ആത്മരക്ഷയ്ക്കു വേണ്ടി യുദ്ധധര്‍മ്മത്തെ ഉദ്ധരിച്ചപ്പോള്‍ കൃഷ്ണന്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ പറഞ്ഞു: “കര്‍ണാ നിനക്കെന്നാണ്‌ ധര്‍മ്മബോധമുണ്ടായത്‌? പാണ്ഡവന്മാര്‍ കുട്ടികളായിരുന്നപ്പോള്‍ ഭീമനെ ജലത്തില്‍ കെട്ടിത്താഴ്ത്തിയപ്പോള്‍ നിന്റെ ധര്‍മ്മബോധമെവിടെയായിരുന്നു? കള്ളച്ചൂതു കളിച്ചപ്പോള്‍, അരക്കില്ലത്തിലിട്ടു പാണ്ഡവരെ തീയിട്ടപ്പോള്‍, പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ ഒന്നും തോന്നാത്ത ധര്‍മ്മബോധം ഇപ്പോഴെവിടെന്നുണ്ടായി? ധര്‍മ്മത്തെ രക്ഷിച്ചവനു മാത്രമേ ധര്‍മ്മത്തില്‍ നിന്നുള്ള രക്ഷയ്ക്കര്‍ഹതയുള്ളൂ.” ഇത്രയും പറഞ്ഞ്‌ അര്‍ജുനനെ അമ്പയയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ്‌ കൃഷ്ണന്‍ ചെയ്തത്‌. 

നമ്മുടെ വായില്‍ നിന്ന്‌ അപ്പകഷ്ണം തട്ടിയെടുക്കാന്‍ വരുന്ന സ്വാര്‍ത്ഥമതികളായ സൃഗാലന്മാര്‍ ചെകുത്താന്‍ വേദമോതുന്നതുപോലെ സ്വന്തം രക്ഷയ്ക്കായി ധര്‍മ്മശാസ്ത്രങ്ങളുദ്ധരിക്കുമ്പോള്‍ ശുദ്ധമതികളായ നമ്മള്‍ക്ക്‌ ഇത്തരം ശ്രീകൃഷ്ണവാക്യങ്ങളും ചെയ്തികളും മാര്‍ഗദര്‍ശകങ്ങളാകേണ്ടതാണ്‌.
ചുരുക്കത്തില്‍ ബാല്യത്തില്‍ ഉണ്ണികൃഷ്ണനായി കൂട്ടുകാരനായിത്തീരുന്ന ശ്രീകൃഷ്ണന്‍ബാലഗോകുലത്തിലെ കുട്ടികള്‍ വളര്‍ന്നുവരുന്നതോടുകൂടി അവര്‍ക്കു മാര്‍ഗദര്‍ശകനും ധര്‍മ്മമരുളുന്നവനുമായ ലോകാചാര്യനായിത്തീരുന്നത്‌ ശ്രീകൃഷ്ണചരിതത്തിലൂടെ നമുക്ക്‌ കാണാം

No comments: