Wednesday, October 24, 2012

ഹരിയാനയിലെ ക്രൂരതകള്‍

ഹരിയാനയിലെ ക്രൂരതകള്‍

ഇന്ത്യയില്‍ ബലാല്‍സംഗങ്ങള്‍ തടയാന്‍ മുന്‍ ഹരിയാന മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച ശൈശവ വിവാഹം കനത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. യുണൈറ്റഡ്‌ നേഷന്‍സ്‌ ഇന്ത്യയോട്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ ലൈംഗിക അതിക്രമം തടയേണ്ടത്‌ ശൈശവ വിവാഹത്തില്‍ കൂടിയല്ല എന്നാണ്‌. ശൈശവ വിവാഹം ഒരു പെണ്‍കുട്ടിയ്ക്ക്‌ ബാല്യം നിഷേധിക്കുമെന്നും വിദ്യാഭ്യാസം തടസ്സപ്പെടുത്തുമെന്നും ആരോഗ്യത്തിന്‌ ഹാനികരമാണെന്നും ഇതിനെല്ലാമുപരി മാനസിക അശാക്തീകരണത്തിലൂടെ കൂടുതല്‍ ലൈംഗികാക്രമണങ്ങള്‍ക്ക്‌ വിധേയമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതാണ്‌ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്നും ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കുന്നതാണ്‌ ശൈശവ വിവാഹമെന്നും യുഎന്‍ ചൂണ്ടിക്കാണിച്ചു. ലോകത്തെ 40 ശതമാനം ശൈശവവിവാഹങ്ങളും ഇന്ത്യയിലാണ്‌ ഹരിയാനയിലെ ഖാപ്പ്‌ പഞ്ചായത്തുകളുടെ നിര്‍ദ്ദേശമാണ്‌ ഇതിന്‌ പിന്നില്‍. ഇന്ത്യയിലെ എട്ടു സംസ്ഥാനങ്ങളില്‍ 18 വയസ്സാകുന്നതിന്‌ മുന്‍പ്‌ പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നു.

ഏറ്റവും അധികം ശൈശവ വിവാഹങ്ങള്‍ നടക്കുന്ന ഹരിയാനയില്‍ തന്നെയാണ്‌ ഏറ്റവും അധികം ബലാല്‍സംഗങ്ങളും വിവാഹിതരായ സ്ത്രീകളെ ഉള്‍പ്പെടെ നടക്കുന്നത്‌. ഹരിയാനയില്‍ ഒരു 16 വയസ്സുകാരിയെ എട്ട്‌ പേര്‍ ചേര്‍ന്ന്‌ കൂട്ട ബലാല്‍സംഗം ചെയ്തശേഷം അത്‌ ഫോട്ടോ എടുത്ത്‌ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയ വാര്‍ത്ത ലോകത്തെ ഞെട്ടിപ്പിച്ചിരുന്നു. ഇതും ഖാപ്‌ പഞ്ചായത്തിന്‌ ശൈശവ വിവാഹം നിര്‍ബന്ധമാക്കാനുള്ള ആയുധമായി എന്നത്‌ വേറെ കാര്യം. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കുള്ള ശിക്ഷകള്‍ വര്‍ധിപ്പിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഇപ്പോള്‍ സ്ത്രീയെ അപമാനകരമായി ചിത്രീകരിക്കുന്നതുപോലും മൂന്നുകൊല്ലത്തെ ജയില്‍ ശിക്ഷയും 50,000 രൂപ പിഴയും ക്ഷണിച്ചുവരുത്തും. ഇത്‌ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ക്കും ബാധകമാക്കും എന്ന നിയമം സ്വാഗതാര്‍ഹമാണ്‌. ഇത്‌ സ്ത്രീകളുടെ ശരീരവല്‍ക്കരണം ഒരുപരിധിവരെ നിയന്ത്രണ വിധേയമാക്കിയേക്കാം.

No comments: