Wednesday, October 24, 2012

എങ്ങുമെത്താത്ത സാമ്പത്തിക പരിഷ്കാരങ്ങള്‍

എങ്ങുമെത്താത്ത സാമ്പത്തിക പരിഷ്കാരങ്ങള്‍…

വിലക്കയറ്റവും ഉയര്‍ന്ന നാണ്യപ്പെരുപ്പവുംമൂലം നട്ടം തിരിയുന്ന നാടാണ്‌ വര്‍ത്തമാന ഇന്ത്യ. വലിയ തോതിലുള്ള ഇന്ധന വില വര്‍ദ്ധിപ്പിക്കലും സബ്ബ്‌ സിഡി എടുത്ത്‌ കളയലും കൊണ്ട്‌ വിലക്കറ്റത്തെ മറികടക്കാനാകുമെന്ന വ്യാമോഹത്തിലാണ്‌ മന്‍മോഹന്‍ സിംഗും കൂട്ടരുമുള്ളത്‌. ഇന്‍ഷൂറന്‍സ്‌ മേഖലയില്‍ വന്‍ വിദേശ നിക്ഷേപത്തിന്‌ അനുമതി നല്‍കുകയും പെന്‍ഷന്‍ ഫണ്ട്‌ ചൂതാട്ടത്തിന്‌ വിട്ടുകൊടുക്കുകയും ചെയ്യുന്നതിനെ സാമ്പത്തിക പരിഷ്കരണമെന്ന ഓമനപ്പേരാണ്‌ ഇന്ദ്രപ്രസ്ഥത്തിലെ ജനവിരുദ്ധ ഭരണകൂടം നല്‍കുന്നത്‌. ഭരണാധികാരികളുടെ അഴിമതിയും ധൂര്‍ത്തും പകല്‍ക്കൊള്ളകളും ഒത്തുകൂടി അതിവേഗം തിന്നു തീര്‍ക്കുന്ന നാടാണിപ്പോള്‍ ഭാരതം. ടുജി സ്പെക്ട്രം തൊട്ട്‌ കല്‍ക്കരിപ്പാടം വരെയുള്ള കുംഭകോണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള കുതന്ത്രം മാത്രമാണ്‌ ‘പരിഷ്കരണ’ത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ വഴി ലക്ഷ്യമാക്കിയിട്ടുള്ളത്‌.

1738 മെയ്‌ 10ന്‌ നാദിര്‍ഷാ ഖൈബര്‍ പാസിലൂടെ ഇന്ത്യയിലേക്ക്‌ കടക്കവേ ആത്മഗതം ചെയ്തതായി പേര്‍ഷ്യന്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്‌ ഇപ്രകാരമാണ്‌.

“ഹിന്ദുസ്ഥാന്‍…. ഹോ കൊള്ളയടിക്കാന്‍ എത്ര സുന്ദരരാജ്യം” നാദിര്‍ഷായെപ്പോലെ കീഴടക്കാന്‍ കടന്നുവന്ന എല്ലാ വിദേശികളുടെയും മോഹം ഹിന്ദുസ്ഥാനത്തെ കൊള്ളയടിച്ച്‌ നേട്ടമുണ്ടാക്കുക എന്നതായിരുന്നു. കേവലം വ്യാപാരത്തിനെത്തിയ ഈസ്റ്റിന്ത്യാ കമ്പനിയുടെ ലക്ഷ്യവും നാദിര്‍ഷായില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല. കച്ചവടക്കരാറില്‍ ഒപ്പിട്ട സായിപ്പന്മാര്‍ പിന്നീട്‌ ഭരണ ശാസനങ്ങളില്‍ ഒപ്പുകാരായി മാറി. ഭാരതത്തെ അടക്കി ഭരിച്ചതിന്റെ പിന്നിലെ മര്‍മ്മം സോണിയ- മന്‍മോഹന്‍ പ്രഭുതികള്‍ക്കിന്നും പ്രശ്നമല്ലെന്ന സത്യം വിസ്മരിച്ചുകൂടാ.

ഇന്ത്യയിലെ ചില്ലറ വ്യാപാരത്തിനുമേല്‍ കഴുകന്‍ കണ്ണുകളുമായി വിദേശികള്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. വിദേശനിക്ഷേപം രാജ്യത്തിന്റെ പുരോഗതിക്ക്‌ അനിവാര്യമാണെന്ന സത്യം ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍ ഇന്ത്യയില്‍ ചില്ലറ വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച്‌ കോടിയോളം വരുന്ന തദ്ദേശീയരെ തകര്‍ത്ത്‌ വിദേശ ആധിപത്യമുണ്ടാകുന്നത്‌ ആപത്കരമാണ്‌. നമ്മുടെ മൊത്തം ജിഡിപിയുടെ ഏതാണ്ട്‌ 10 ശതമാനം ലഭിക്കുന്നത്‌ ചില്ലറ വ്യാപാര മേഖലയില്‍ നിന്നാണ്‌. ജനസംഖ്യയുടെ 20 ശതമാനം പ്രത്യക്ഷമായോ പരോക്ഷമായോ ഈ രംഗവുമായി ബന്ധപ്പെട്ട്‌ ജീവസന്ധാരണം നടത്തുന്നവരാണ്‌. പ്രതിദിന ചില്ലറ വ്യാപാര തുക ഏതാണ്ട്‌ 4000 കോടി രൂപ യാണ്‌. ഇത്തരമൊരു അടിസ്ഥാനമേഖലയാണ്‌ കുത്തിപ്പൊളിച്ച്‌ വിദേശികള്‍ക്കെത്തിച്ചുകൊടുക്കാന്‍ യുപിഎ ഭരണകൂടം കങ്കാണിമാരുടെ വേഷത്തില്‍ ആടിത്തിമിര്‍ക്കുന്നത്‌.

അന്താരാഷ്ട്ര കുത്തകകളായ വാള്‍മാര്‍ട്ട്‌, ടെസ്കോ, ക്യാരിഫോള്‍ തുടങ്ങിയവരുടെ രംഗപ്രവേശത്തോടെ ചെറുകിട വ്യാപാരരംഗം താറുമാറാകുമെന്നുറപ്പാണ്‌. നമ്മുടെ ജനസംഖ്യയുടെ മൂന്നില്‍ ഒരു ഭാഗം ജനങ്ങള്‍ ഇടത്തരക്കാരാണ്‌. ഇക്കൂട്ടര്‍ക്ക്‌ വൈദേശിക ഉല്‍പ്പന്നങ്ങളോടും സംരംഭങ്ങളോടുമുള്ള ആഭിമുഖ്യം ചെറുതല്ല. ആസൂത്രിത പ്രചാരണ സന്നാഹങ്ങളുടെ സ്വാധീനം ഇവരെ എളുപ്പത്തില്‍ വീഴ്ത്തും. തദ്ദേശീയ ചെറുകിടക്കാര്‍ക്ക്‌ ഒരിക്കലും അന്താരാഷ്ട്ര വമ്പന്മാരോട്‌ മത്സരിച്ച്‌ പിടിച്ചു നില്‍ക്കാനാവില്ല. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലെ വിദേശ കടന്നുകയറ്റം അനുവദിക്കുകയുള്ളൂവെന്ന ഇപ്പോഴത്തെ നിബന്ധന കാലക്രമത്തില്‍ മാറുമെന്നുറപ്പാണ്‌. ചുരുക്കത്തില്‍ ചെറുകിട മേഖലയുടെ ശവപ്പറമ്പായി നമ്മുടെ നാട്‌ മാറാന്‍ പോകുകയാണ്‌.

ഇപ്പോഴും അമേരിക്കന്‍ സാമ്പത്തിക തലസ്ഥാനമായ ന്യൂയോര്‍ക്കില്‍ പ്രവേശിക്കാനനുവദിക്കാത്ത വാള്‍ മാര്‍ട്ടിനെയാണ്‌ നാം ക്ഷണിച്ചുകൊണ്ടുവന്ന്‌ പ്രതിഷ്ഠിക്കാന്‍ വെമ്പല്‍കൊള്ളുന്നത്‌. ആഫ്രിക്കന്‍ പായല്‍ പോലെ അതിവേഗം പടര്‍ന്നു വ്യാപിച്ച്‌ ജലാശയത്തെ തന്നെ ഇല്ലാതാക്കുന്ന ഒന്നാണ്‌ വാള്‍മാര്‍ട്ട്‌ ശൃംഖല. അമേരിക്കന്‍ ഇറക്കുമതിയുടെ 10 ശതമാനം നിയന്ത്രിക്കുന്ന ഇക്കൂട്ടരെ തടയാന്‍ അമേരിക്കന്‍ സമൂഹം തന്നെ മുന്നിട്ടിറങ്ങിയിരിക്കയാണ്‌. എന്നാല്‍ ഇന്ത്യയില്‍ നാം ഇവര്‍ക്കായി പരവതാനി വിരിക്കുക വഴി സ്വയം നാശത്തിന്റെ പാത വെട്ടിയൊരുക്കുകയാണ് ചെയ്യുന്നത്‌.

ഇന്‍ഷൂറന്‍സിലെ 49 ശതമാനം വിദേശനിക്ഷേപവും പെന്‍ഷന്‍ തുക ചൂതാട്ടക്കാര്‍ക്ക്‌ തീറെഴുതാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്‌. കോര്‍പ്പറേറ്റ്‌ അനുകൂല പരിഷ്കാരങ്ങള്‍ വഴി വിദേശ ധനസ്ഥാപനങ്ങള്‍ക്കായിരിക്കും വന്‍നേട്ടമുണ്ടാവുക. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി മുമ്പാകെ സുരക്ഷയ്ക്കുവേണ്ടി ബിജെപി ഉന്നയിച്ച ഭേദഗതികളും തള്ളിക്കളഞ്ഞുകൊണ്ടാണ്‌ കേന്ദ്രഭരണകൂടം ഇപ്പോള്‍ തീരുമാനമെടുത്തിട്ടുള്ളത്‌. നിക്ഷേപ പരിധി ഉയര്‍ത്തുന്നതിനെ പാര്‍ലമെന്ററി കമ്മറ്റി മുമ്പാകെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തിട്ടുള്ളതാണ്‌. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം നിരാകരിച്ചു കൊണ്ടാണ്‌ കേന്ദ്രഭരണകൂടം വിദേശനിക്ഷേപ പരിധി 49 ശതമാനം ആയി ഉയര്‍ത്തിയിട്ടുള്ളത്‌.

ഭാരതീയ കൃഷിയുടെ ചരിത്രവും പാരമ്പര്യവും ആസൂത്രണ കമ്മീഷന്റെ ആസ്ഥാനമായ ‘യോജന’യ്ക്കിന്നും അജ്ഞാതമാണ്‌. ചെറുതാണ്‌ വലുതെന്ന ഗാന്ധിയന്‍ കാഴ്ചപ്പാടിന്റെ നേരെ എതിര്‍ദിശയിലാണ്‌ നമ്മുടെ ആസൂത്രണക്കാരുള്ളത്‌. പ്രാചീന ഇന്ത്യന്‍ കൃതിയായ ‘കൃഷി സൂക്തി’, വരാഹമിഹിരന്റെ ‘ബൃഹത്‌ സംഹിത’യിലെ എഴുത്തുകളും ആധുനിക ഇന്ത്യന്‍ കാര്‍ഷിക പഠന മേഖലയ്ക്കന്യമാണ്‌. ഗ്രാമസ്വരാജും, കാര്‍ഷിക ഉയിര്‍ത്തെഴുന്നേല്‍പ്പും സ്വപ്നം കണ്ട ദേശീയ സാമ്പത്തിക സമീപനം കോണ്‍ഗ്രസ്‌ ഒരവസരത്തിലും കണക്കിലെടുത്തിട്ടില്ല. ഇന്ത്യയ്ക്ക്‌ ഒരു കാര്‍ഷിക നയം ആദ്യമായി പാര്‍ലമെന്റിലവതരിപ്പിക്കാന്‍ വാജ്പേയി ഭരണകൂടമാണ്‌ മുന്നോട്ടുവന്നത്‌. കര്‍ഷകന്‌ കൊടുക്കേണ്ടി വരുമ്പോള്‍ കൈവിറയ്ക്കുന്നവരാണിപ്പോള്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്‌.

പുത്തന്‍ പരിഷ്കരണ നടപടികള്‍ വഴി സമ്പദ്‌വ്യവസ്ഥയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ ഘോഷിക്കുന്നവര്‍ ഇന്ത്യന്‍ ജനസഞ്ചയത്തെ കബളിപ്പിക്കുകയാണ്‌. ഗാന്ധിയന്‍ സമ്പദ്‌വ്യവസ്ഥയ്ക്കുപകരം സോവിയറ്റ്‌ മോഡല്‍ ആസൂത്രണം കടമെടുത്ത നെഹ്‌റുവിയന്‍ കോണ്‍ഗ്രസ്സും പിന്‍ഗാമികളുമാണ്‌ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കുത്തരവാദികള്‍. ആരാണ്‌ സ്വതന്ത്ര ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥ തകര്‍ത്തതിനുത്തരവാദികള്‍ എന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താന്‍ ഇനി അമാന്തിച്ചുകൂടാ

No comments: