Wednesday, October 24, 2012

ബോഫോഴ്സ്‌ തോക്കിടപാടില്‍ കോഴപ്പണമായി കേവലം 58കോടി കൈമാറിയെന്നായിരുന്നു കേസ്‌. കല്‍ക്കരി കുംഭകോണത്തിലാകട്ടെ 10 ലക്ഷം കോടിയുടെ അഴിമതി

ബിജെപി @ 2014

ഒടുവില്‍ യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രതിപക്ഷം കൃത്യമായ ഒരു മുദ്രാവാക്യം കണ്ടെത്തിയിരിക്കുന്നു. “കോയില്‍ കി ദലാലി ഹെ പൂരി കോണ്‍ഗ്രസ്‌ കാലി ഹെ” (കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ദല്ലാള്‍പ്പണി, കോണ്‍ഗ്രസ്‌ മുഴുവന്‍ കറുത്തിരിക്കുന്നു). പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ രാജിയാവശ്യപ്പെട്ട്‌ ലോക്സഭയിലും രാജ്യസഭയിലും ബിജെപി അംഗങ്ങള്‍ വിളിച്ച ഈ മുദ്രാവാക്യം രണ്ട്‌ പതിറ്റാണ്ട്‌ മുമ്പ്‌ പാര്‍ലമെന്റിനെ ഇളക്കിമറിച്ച മറ്റൊരു മുദ്രാവാക്യത്തെ അനുസ്മരിപ്പിക്കുന്നതാണ്‌. ഗലി ഗലി മേം ശോര്‍ ഹെ, രാജീവ്‌ ഗാന്ധി ചോര്‍ ഹെ (തെരുവുകള്‍ തോറും മുഴങ്ങുന്നു രാജീവ്‌ ഗാന്ധി കള്ളനാണെന്ന്‌) എന്നതായിരുന്നു അത്‌. ബോഫോഴ്സ്‌ തോക്കിടപാടില്‍ ആരോപണ വിധേയനായ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിക്കെതിരെയായിരുന്നു ഈ മുദ്രാവാക്യം. 1984 ല്‍ 415 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന രാജീവ്‌ ഗാന്ധി സര്‍ക്കാരിനെ 1989 ല്‍ ഭരണത്തില്‍നിന്ന്‌ പുറന്തള്ളിയതില്‍ ബോഫോഴ്സ്‌ അഴിമതിയെക്കുറിച്ചുള്ള മുദ്രാവാക്യം വലിയ പങ്ക്‌ വഹിക്കുകയുണ്ടായി. ബോഫോഴ്സ്‌ തോക്കിടപാടില്‍ കോഴപ്പണമായി കേവലം 58കോടി കൈമാറിയെന്നായിരുന്നു കേസ്‌. കല്‍ക്കരി കുംഭകോണത്തിലാകട്ടെ 10 ലക്ഷം കോടിയുടെ അഴിമതി നടന്നിരിക്കാമെന്നാണ്‌ ഭരണഘടനാ സ്ഥാപനമായ സിഎജി കണക്കാക്കുന്നത്‌. ഇതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്‌ പോകുന്ന തുക തട്ടിക്കിഴിച്ചാണ്‌ നഷ്ടം 1.86 കോടിയെന്ന്‌ സിഎജി വിലയിരുത്തിയിട്ടുള്ളത്‌. ഇതുള്‍പ്പെടെ 7.58 ലക്ഷം കോടി രൂപയുടെ അഴിമതികളാണ്‌ ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളുടെതായി ഇതുവരെ പുറത്തുവന്നിട്ടുള്ളത്‌. 2ജി കുംഭകോണം 1.76 ലക്ഷം കോടി, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ കുംഭകോണം 76000 കോടി, ആന്‍ട്രിക്സ്‌-ദേവാസ്‌ കരാര്‍ രണ്ട്‌ ലക്ഷം കോടി. കല്‍ക്കരി കുംഭകോണത്തിലെ 1.86 ലക്ഷം കോടിക്കൊപ്പം ഊര്‍ജ്ജ കുംഭകോണം, വിമാനത്താവള നിര്‍മ്മാണ അഴിമതി എന്നിവകൂടി ചേരുമ്പോള്‍ 3.06 കോടി എന്നിങ്ങനെയാണ്‌ വേര്‍തിരിച്ചുള്ള കണക്ക്‌.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ നടന്ന 2ജി കുംഭകോണം 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ പുറത്തുവന്നിരുന്നെങ്കില്‍ കോണ്‍ഗ്രസ്‌ വീണ്ടും അധികാരത്തിലെത്തുമായിരുന്നില്ല. ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്ന കൊടിയ അഴിമതികളുടെ പശ്ചാത്തലത്തില്‍ മൂന്നാം യുപിഎ സര്‍ക്കാര്‍ എന്നത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ഒരിക്കലും സംഭവിക്കാത്ത സുന്ദരസ്വപ്നം മാത്രമായിരിക്കും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ ആദരിക്കാന്‍ പ്രധാനമന്ത്രി ഒരുക്കിയ അത്താഴവിരുന്നില്‍ സംബന്ധിച്ച രണ്ട്‌ കേന്ദ്രമന്ത്രിമാര്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ അധികാരം ലഭിക്കാന്‍ പോകുന്നില്ലെന്ന്‌ പറഞ്ഞതായി എല്‍.കെ.അദ്വാനി ബ്ലോഗില്‍ വെളിപ്പെടുത്തിയത്‌ ഇതോടൊപ്പം ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌. കോണ്‍ഗ്രസിന്റെ സീറ്റ്‌ നൂറ്‌ തികയ്ക്കില്ലെന്നാണ്‌ അദ്വാനിയുടെ പ്രവചനം.

രണ്ടാം യുപിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷം കൂടിയുണ്ടെങ്കിലും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്‌ ഫലം എന്തായിരിക്കുമെന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ കാര്യമായ അഭിപ്രായ ഭിന്നതയൊന്നും ഉണ്ടെന്ന്‌ തോന്നുന്നില്ല. ഏത്‌ സഖ്യത്തിന്‌ ഭൂരിപക്ഷം കിട്ടുമെന്നതല്ല, ഏത്‌ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നതാണ്‌ തെരഞ്ഞെടുപ്പിന്‌ ശേഷം നിര്‍ണായകമാവുക. ഇത്‌ സംബന്ധിച്ച വ്യക്തമായ ഒരു ചിത്രം നല്‍കുന്നതാണ്‌ ‘ഇന്ത്യ ടുഡെ’യുടെ അഭിപ്രായ സര്‍വെ ഫലം. 2009 ല്‍ 259 സീറ്റ്‌ ലഭിച്ച യുപിഎ 171-181 സീറ്റിലൊതുങ്ങും. 2009 ല്‍ 159 സീറ്റ്‌ മാത്രം നേടാന്‍ കഴിഞ്ഞ എന്‍ഡിഎക്ക്‌ 2014 ല്‍ 195 മുതല്‍ 205 വരെ സീറ്റ്‌ നേടാനാവും എന്നാണ്‌ സര്‍വെ പ്രവചിക്കുന്നത്‌. പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന സംസ്ഥാനങ്ങളിലെ വഷളായ രാഷ്ട്രീയ സ്ഥിതിഗതിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രതിഛായ നഷ്ടവും കോണ്‍ഗ്രസിന്റെ നില പരിതാപകരമാക്കുമെന്ന്‌ സര്‍വെ കണ്ടെത്തുന്നു. 
എണ്‍പത്‌ സീറ്റുള്ള ഉത്തര്‍പ്രദേശില്‍നിന്ന്‌ കോണ്‍ഗ്രസിന്‌ ഒന്നും പ്രതീക്ഷിക്കാനില്ല. മുലായത്തെ ഉപയോഗിച്ച്‌ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലുകള്‍ തെറ്റും. ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആന്ധ്രാപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡി ഉപതെരഞ്ഞെടുപ്പുകളില്‍ നേടിയ ഉജ്ജ്വല വിജയം കോണ്‍ഗ്രസിന്റെ അടിത്തറ തന്നെ തകര്‍ത്തിരിക്കുകയാണ്‌. മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടിന്റെ മോശം പ്രകടനം രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‌ തിരിച്ചടിയാവുമെന്ന്‌ സര്‍വെ വിലയിരുത്തുന്നു.

രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപിക്ക്‌ കഴിയുമെന്ന്‌ 33 ശതമാനംപേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിനെ തെരഞ്ഞെടുത്തത്‌ 24 ശതമാനം പേര്‍ മാത്രം. ബിജെപിക്കാണ്‌ കേന്ദ്രത്തില്‍ സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കാന്‍ കഴിയുകയെന്ന്‌ 34 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിനെ അനുകൂലിച്ചവര്‍ 24 ശതമാനം പേര്‍. 

ഒമ്പത്‌ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപി അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതയാണ്‌ നിലനില്‍ക്കുന്നതെന്ന്‌ സര്‍വെ ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍പ്രദേശ്‌ ബിജെപിക്കും ഒരു കടമ്പയാണ്‌. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ മുലായംസിംഗിനെതിരെ ജനവികാരം ശക്തമാണെന്ന പ്രതികരണമാണ്‌ സര്‍വെയില്‍ ലഭിച്ചത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്ക്‌ ലഭിച്ചതില്‍നിന്ന്‌ 15 ശതമാനം വോട്ടുകള്‍ ബിജെപിയിലേക്ക്‌ മാറിയിരിക്കുന്നുവെന്ന സര്‍വെ ഫലം ശ്രദ്ധേയമാണ്‌. കോണ്‍ഗ്രസില്‍നിന്ന്‌ 11 ശതമാനം വോട്ടും ബിജെപിക്ക്‌ ലഭിക്കും. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേയ്ക്ക്‌ നടന്ന തെരഞ്ഞെടുപ്പ്‌ ഫലം ‘ഇന്ത്യ ടുഡെ’ സര്‍വെയുടെ ഈ നിഗമനങ്ങളെ ശരിവെയ്ക്കുന്നുണ്ട്‌. ഘാസിയാബാദ്‌, ലക്നൗ, കാണ്‍പൂര്‍, മീററ്റ്‌, ആഗ്ര, ഗോരഖ്പൂര്‍, മൊറാദബാദ്‌, അലിഗഢ്‌, ഝാന്‍സി, വാരാണസി എന്നിങ്ങനെ പത്തിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച്‌ മേയര്‍മാരായി. സമാജ്‌വാദി പാര്‍ട്ടി റായ്ബറേലിയും ബിഎസ്പി അലഹബാദും നേടിയത്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ്‌. കോണ്‍ഗ്രസിന്‌ അക്കൗണ്ട്‌ തുറക്കാനേ കഴിഞ്ഞില്ല.

എന്‍ഡിഎ അധികാരത്തില്‍ വരില്ലെന്ന്‌ ഉറപ്പിക്കുന്നവര്‍ പക്ഷെ നരേന്ദ്ര മോഡിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെ എതിര്‍ക്കുകയാണ്‌! എന്‍ഡിഎയ്ക്ക്‌ സാധ്യതയില്ലെങ്കില്‍ മോഡിയെന്നല്ല ആര്‌ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാലെന്ത്‌ എന്ന ചോദ്യത്തിന്‌ മറുപടിയില്ല. മോഡി വന്നാല്‍ മുസ്ലീം വോട്ടുകള്‍ അകന്നുപോകുമത്രെ. അങ്ങനെയെങ്കില്‍ മോഡിയെ സ്വാഗതം ചെയ്യുകയാണല്ലൊ മുസ്ലീം വോട്ട്‌ ബാങ്കിന്റെ കുത്തക അവകാശപ്പെടുന്ന കോണ്‍ഗ്രസും മറ്റും ചെയ്യേണ്ടത്‌. അതിനുപകരം മോഡിയെ വില്ലനാക്കുന്നതിന്റെ ലക്ഷ്യം മറ്റൊന്നാണ്‌. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാവാതെ നോക്കുക എന്നതാണത്‌. സര്‍ക്കാരുണ്ടാക്കുന്നതില്‍ നിര്‍ണായകമാവുക ഏറ്റവും വലിയ സഖ്യമല്ല, ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കും. മോഡി വന്നാല്‍ ബിജെപി വലിയ കക്ഷിയാവുമെന്ന്‌ കോണ്‍ഗ്രസ്‌ ഭയക്കുന്നു. ഈ മാസം 17ന്‌ പുറത്തുവിട്ട ഇന്ത്യാ ടുഡേയുടെ അഭിപ്രായ സര്‍വ്വേയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ 21 ശതമാനം പേര്‍ നരേന്ദ്രമോഡിയെ പിന്തുണച്ചപ്പോള്‍ രാഹുല്‍ഗാന്ധിയെ അനുകൂലിച്ചത്‌ വെറും പത്ത്‌ ശതമാനം പേര്‍ മാത്രമാണ്‌. 

മുസ്ലീം വോട്ട്‌ ബാങ്കിനെ ഭയന്ന്‌ നരേന്ദ്രമോഡിയെ തഴയണമെന്ന്‌ ചിലര്‍ ഉപദേശിക്കുന്നതും നിബന്ധന വെയ്ക്കുന്നതും ബിജെപി നേതൃത്വത്തെ വഴിതെറ്റിക്കാനാണ്‌. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുന്ന സാധ്യത എങ്ങനെയും ഇല്ലാതാക്കുകയെന്ന ദുഷ്ടലാക്ക്‌ ഈ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്ക്‌ പിന്നിലുണ്ട്‌. മുസ്ലീം വോട്ട്‌ ബാങ്കിനെ ഭയപ്പെടേണ്ടാത്ത പാര്‍ട്ടിയാണ്‌ ബിജെപി. മോഡി വിരുദ്ധര്‍ അവകാപ്പെടുന്നതുപോലെ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങള്‍ ഒരുകാലത്തും ബിജെപിക്ക്‌ സംഘടിതമായി വോട്ട്‌ ചെയ്തിട്ടില്ല. ബിജെപി പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയിട്ടുള്ളത്‌ മുസ്ലീം വോട്ട്‌ ബാങ്കിന്റെ ആനുകൂല്യമില്ലാതെയാണ്‌. ഏറ്റവുമധികം ലോക്സഭാ സീറ്റുള്ള ഉത്തര്‍പ്രദേശ്‌ തന്നെ ഉദാഹരണം. അയോധ്യയില്‍ തകര്‍ന്നത്‌ ‘ബാബറി മസ്ജിദ്‌’ ആണെന്ന്‌ പ്രചരിപ്പിച്ച്‌ ചില മുസ്ലീം സംഘടനകള്‍ ബിജെപിക്കെതിരെ ശക്തമായി രംഗത്തുവന്ന 1996 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 85 സീറ്റില്‍ 52 സീറ്റാണ്‌ ബിജെപി നേടിയത്‌. രണ്ട്‌ വര്‍ഷം കഴിഞ്ഞ്‌ 1998 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 57 സീറ്റ്‌ നേടി ബിജെപി വിജയം ആവര്‍ത്തിച്ചു. മുസ്ലീം വോട്ട്‌ ബാങ്കിന്റെ ആനുകൂല്യം ഇല്ലാതെയായിരുന്നു ഈ വിജയവും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിനെപ്പോലെ മറ്റിടങ്ങളിലും ബിജെപി വിശ്വാസമര്‍പ്പിക്കേണ്ടത്‌ ഹിന്ദു വോട്ട്ബാങ്കിലാണ്‌. കോണ്‍ഗ്രസിനെയും മറ്റും അനുകരിച്ച്‌ മുസ്ലീം വോട്ടുബാങ്കിന്‌ പിന്നാലെ പോകുന്നത്‌ ബിജെപിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുകയോ ആക്കാതിരിക്കുകയോ ചെയ്യാം. അത്‌ ബിജെപിയുടെ ആഭ്യന്തര കാര്യം. മുസ്ലീം വോട്ട്‌ ബാങ്കിനെ പ്രീണിപ്പിക്കാന്‍ മോഡിക്ക്‌ പകരക്കാരനെ തേടുന്നത്‌ രാഷ്ട്രീയ ധ്രുവീകരണം ബിജെപിക്ക്‌ എതിരാക്കാനേ വഴിവെക്കൂ. രാജ്യത്തെ 80 ശതമാനം വരുന്ന ഹിന്ദുക്കള്‍ സാധാരണഗതിയില്‍ ഏതെങ്കിലും കക്ഷിക്ക്‌ അനുകൂലമായി സംഘടിതമായി വോട്ട്‌ ചെയ്യാറില്ലെങ്കിലും ചിലപ്പോള്‍ അങ്ങനെ സംഭവിക്കാറുണ്ട്‌. 1984ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുവോട്ട്‌ ബാങ്ക്‌ രൂപപ്പെടുകയും അത്‌ കോണ്‍ഗ്രസിന്‌ അനുകൂലമാവുകയും ചെയ്തു. മറ്റ്‌ പാര്‍ട്ടികള്‍ എല്ലാ പരിധികളും ലംഘിച്ച്‌ മുസ്ലീം വോട്ടുബാങ്കിനെ പ്രീണിപ്പിക്കുമ്പോഴും അതുവരെ ഉദാസീനമായിരിക്കുന്ന ഹിന്ദുവോട്ട്‌ ബാങ്ക്‌ ജാഗരൂകമായി പ്രതികരിക്കും. ഇതിന്റെ ഗുണഭോക്താവാകാന്‍ ബിജെപിക്ക്‌ മാത്രമേ കഴിയൂ. 1996-98 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക്‌ അനുകൂലമായിത്തീര്‍ന്ന ഒരു ഘടകം ഇതായിരുന്നു

No comments: