Wednesday, October 24, 2012

രാഷ്ട്രപതിയുടെ സാന്നിധ്യം എന്തോ ജമ്മുകാശ്മീരിലെ കുറേ പേര്‍ക്ക്‌ അതത്ര പിടിക്കുന്നില്ല

രാഷ്ട്രീയത്തില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക്‌ പ്രണബ്കുമാര്‍ മുഖര്‍ജി കടന്നു ചെന്നിട്ട്‌ മാസങ്ങളധികമായില്ല. അവിടത്തെ ചിട്ടവട്ടങ്ങളൊക്കെ പഠിച്ചു വരുന്നതേയുള്ളൂ. മുറികളും മുറകളും പൂന്തോട്ടവുമൊക്കെ ചുറ്റി നടന്നു കാണാനും അവയുമായൊക്കെ പരിചയമാകാനും ചില്ലറ സമയമൊന്നും പോര. അതിനിടയില്‍ ഫയല്‍ പഠിക്കണം. പ്രമാണങ്ങളും പാരമ്പര്യങ്ങളും മനസ്സിലാക്കണം. രാഷ്ട്രപതി എന്നാല്‍ ധനവകുപ്പും വിദേശവകുപ്പുമൊക്കെ പോലെ അല്ലറ ചില്ലറ സ്ഥാനമൊന്നുമല്ലല്ലോ. സര്‍വസൈന്യാധിപന്‍, ഭരണഘടനയുടെ കസ്റ്റോഡിയന്‍, രാഷ്ട്രത്തിന്റെ പ്രഥമപൗരന്‍. സര്‍വാദരണീയനായ, സാര്‍വഭൗമനായ രാഷ്ട്രപതിയുടെ സാന്നിധ്യം അഭിമാനത്തോടെയാണ്‌ കാണേണ്ടത്‌. എന്തോ ജമ്മുകാശ്മീരിലെ കുറേ പേര്‍ക്ക്‌ അതത്ര പിടിക്കുന്നില്ല. രാഷ്ട്രപതിയായ ശേഷമുള്ള പ്രണബിന്റെ ആദ്യ സന്ദര്‍ശനം ഭൂമിയിലെ സ്വര്‍ഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന കാശ്മീരിലേക്കായത്‌ യാദൃശ്ചികമായിരിക്കില്ല. ആസൂത്രിതം തന്നെയായിരുന്നു. എന്നിട്ടും മുന്നേ പറഞ്ഞ കുറേ പേര്‍ ആ സംസ്ഥാനത്തെ ശ്മശാനമൂകതയിലാക്കി. കടകമ്പോളങ്ങള്‍ തുറന്നില്ല. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. ആളും അരങ്ങും ഒഴിഞ്ഞ വേദിയിലായി രാഷ്ട്രപതിയുടെ കന്നിയാത്രയും പൊതുചടങ്ങും.

അന്ന്‌ അങ്ങിങ്ങ്‌ പ്രതിഷേധ ധര്‍ണകള്‍ നടന്നു. രാഷ്ട്രപതി ഗോ ബാക്ക്‌ എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ച്‌ താടിയും തലേക്കെട്ടുമുള്ള കുറേ പേര്‍ കുത്തിയിരുന്നു. അവര്‍ക്ക്‌ വേണ്ടത്‌ അഫ്സല്‍ ഗുരുവിനെ വെറുതെ വിടണം. തൂക്കിലേറ്റാന്‍ പാടില്ല. അഫ്സല്‍ ഗുരു നിരപരാധിയാണത്രെ. അഫ്സലിന്റെ ദയാഹര്‍ജിക്ക്‌ തീര്‍പ്പു കല്‍പിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണല്ലോ. അതുകൊണ്ട്‌ മര്‍മത്തില്‍ കയറി പിടിച്ച്‌ കാര്യം നേടുകയാണവരുടെ ലക്ഷ്യം. ആരാണീ അഫ്സല്‍ ഗുരു എന്നറിയേണ്ടേ ?

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ്‌ മന്ദിരത്തിലേക്ക്‌ 2001 ഡിസംബര്‍ 13ന്‌ ഭീകരര്‍ക്ക്‌ ഇരച്ചു കയറുന്നതിന്‌ ഒത്താശകള്‍ ചെയ്തു കൊടുത്ത ജയ്ഷെ മുഹമ്മദിന്റെ കിങ്കരന്‍. പാര്‍ലമെന്റിനുള്ളില്‍ കടന്ന്‌ പല വിദേശരാജ്യങ്ങളിലും ചെയ്തതു പോലെ ഭരണാധികാരികളെ വകവരുത്തുകയും രാജ്യത്ത്‌ സംഭ്രമജനകമായ സ്ഥിതി വിശേഷം സൃഷ്ടിക്കുകയുമായിരുന്നു ഭീകരരുടെ ലക്ഷ്യം. പാര്‍ലമെന്റിനുള്ളില്‍ കടക്കാതിരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജീവന്‍ കൊടുത്തും ശ്രദ്ധിച്ചു. ഏഴ്‌ സുരക്ഷാ ഉദ്യോഗസ്ഥരാണ്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്‌. ആക്രമണത്തിന്‌ നേതൃത്വം നല്‍കിയ നാലു ഭീകരരെ സുരക്ഷാ സേനയ്ക്കു വധിക്കാന്‍ കഴിഞ്ഞു. സംഘത്തലവനെന്നു കരുതുന്നയാള്‍ ശരീരത്തില്‍ ഘടിപ്പിച്ച ബോംബു പൊട്ടിച്ച്‌ മരണം വരിച്ചു. 20 മിനിട്ടു നീണ്ടു നിന്നതായിരുന്നു ഏറ്റുമുട്ടല്‍. ഇതിന്‌ രണ്ടു ദിവസം മുമ്പു വാങ്ങിയ പഴയ അംബാസഡര്‍ കാറില്‍ ചുവന്ന ലൈറ്റു ഘടിപ്പിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കറും ഒട്ടിച്ച്‌ തന്ത്രപൂര്‍വമാണ്‌ പാര്‍ലമെന്റ്‌ മന്ദിര വളപ്പിലേക്ക്‌ കടന്നത്‌. എ കെ 47 തോക്കുകള്‍ ഉപയോഗിച്ച്‌ നിറയൊഴിച്ചും ഗ്രനേഡുകള്‍ പൊട്ടിച്ചും ഭീകരാന്തരീക്ഷം തന്നെ അവിടെ സൃഷ്ടിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ പാര്‍ലമെന്റിനു നേരെ ഇത്തരം ആക്രമണം ഉണ്ടായിട്ടില്ല.

ലോകമെമ്പാടും പടര്‍ന്നു കൊണ്ടിരുന്ന ഇസ്ലാമിക ഭീകരതയെ തടുക്കാനും തളര്‍ത്താനും അന്ന്‌ ശക്തമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിതപദ്ധതിയായിരുന്നു അത്‌. അക്ഷരാര്‍ഥത്തില്‍ ഇന്ത്യക്കെതിരായ അപ്രഖ്യാപിത യുദ്ധം തന്നെ. അമേരിക്കയ്ക്കു പിന്നാലെ ഇന്ത്യയെയും തങ്ങള്‍ ലക്ഷ്യമിട്ടിരിക്കുകയാണെന്ന്‌ ഭീകരര്‍ നേരത്തെ തന്നെ പരസ്യമായി പ്രഖ്യാപിച്ചതാണ്‌. ലോകമെമ്പാടും പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുടെ ശാഖകളും സാന്നിധ്യവും ഇന്ത്യയിലും യഥാസമയം പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്നുള്ളത്‌ പുതിയ അറിവൊന്നുമല്ല. ഭീകരപ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം നേടുന്നതിന്‌ ഏതു സാഹസവും ചെയ്യാന്‍ പദ്ധതിയും സന്നദ്ധതയുമുള്ള ഭീകരസംഘടനകളെ വേരോടെ പിഴുതെറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടാണ്‌ പാര്‍ലമെന്റ്‌ ആക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ എന്നു തെളിഞ്ഞ അഫ്സല്‍ ഗുരുവിനെ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്‌. വിചാരണക്കോടതിയുടെ നിഗമനങ്ങളും നിരീക്ഷണങ്ങളും തീരുമാനങ്ങളും അപ്പടി സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു. അഫ്സല്‍ ഗുരു മരണ ശിക്ഷയില്‍ കുറഞ്ഞ ഒന്നിനും അര്‍ഹനല്ലെന്ന്‌ അസന്ദിഗ്ധമായി പ്രഖ്യാപിച്ചതുമാണ്‌.

പരമോന്നത നീതിപീഠത്തിന്റെ വിധി വന്നിട്ട്‌ അര വ്യാഴവട്ടം തികഞ്ഞിരിക്കുന്നു. വധശിക്ഷ വിധിക്കാനേ സുപ്രീംകോടതിക്ക്‌ സാധിക്കൂ. വിധി നടപ്പാക്കേണ്ടത്‌ സര്‍ക്കാരാണ്‌. നടപ്പാക്കാന്‍ വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ല. വിധി പ്രസ്താവിച്ചതിനു ശേഷം മൂന്നു മാസം മുമ്പു വരെയും വിധി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശക്തനായ വക്താവായിരുന്നു ഇന്നത്തെ രാഷ്ട്രപതി. ആ സര്‍ക്കാരിന്റെ നപുംസക നയങ്ങളും നട്ടെല്ലില്ലാത്ത നിലപാടുകളുമാണ്‌ രാഷ്ട്രപതിയുടെ കന്നിയാത്രയില്‍ തന്നെ ജമ്മുകാശ്മീരില്‍ നിന്നും കല്ലുകടി കിട്ടിയത്‌.

ഭരണാധികാരികളെ വധിക്കുകയും ജനപ്രതിനിധി സഭകള്‍ക്കു നേരെ അക്രമങ്ങള്‍ അരങ്ങേറുകയും ചെയ്തത്‌ ഇന്ത്യന്‍ പാര്‍ലമെന്റിന്‌ അന്ന്‌ പുതുമയായിരുന്നെങ്കിലും ലോകത്തിന്റെ പലഭാഗത്തും ഇത്തരം തെമ്മാടിത്തങ്ങള്‍ അരങ്ങേറിയിട്ടുണ്ട്‌. 1999 ഒക്ടോബര്‍ 27നാണ്‌ അര്‍മേനിയയില്‍ പാര്‍ലമെന്റിലേക്ക്‌ അക്രമികള്‍ ഇരച്ചു കയറി ചോരപ്പുഴ സൃഷ്ടിച്ചത്‌. പ്രധാനമന്ത്രിയടക്കം നിരവധി പേര്‍ക്ക്‌ ജീവഹാനി സംഭവിച്ചു. പാര്‍ലമെന്റിനകത്തെ ഉന്നതരായ പലരും വധിക്കപ്പെട്ടവരില്‍ പെടുന്നു. അക്രമി സംഘങ്ങളില്‍ പിടിയില്‍ പെട്ടവരാരും പിന്നെ ജീവിച്ചിരുന്നിട്ടില്ല. അസര്‍ബെയ്ജാനില്‍ ഇതേ സംഭവം ആവര്‍ത്തിച്ചിരുന്നു. അതിനു ശേഷമാണ്‌ ഫിജിയില്‍ അക്രമങ്ങളും അട്ടിമറിയും നടന്നത്‌. അവിടെയും അക്രമികള്‍ക്ക്‌ വിരോചിതമായ സ്വീകരണവും തടവറകളില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളും ലഭ്യമാക്കിയിരുന്നില്ല. അതിനു ശേഷം ശ്രീലങ്കന്‍ പാര്‍ലമെന്റിലും ഇതേ രീതിയിലുള്ള അക്രമസംഭവങ്ങള്‍ക്ക്‌ കോപ്പു കൂട്ടിയതാണ്‌. അതിലെ പ്രതികള്‍ക്കും അര്‍ഹിക്കുന്ന ശിക്ഷ ലഭ്യമാക്കിയിട്ടുണ്ട്‌. സ്വിറ്റ്സര്‍ലാന്റിലെ ഒരു പ്രവിശ്യയിലും പതിന്നാലു പേരെ വകവരുത്തിക്കൊണ്ട്‌ അഴിഞ്ഞാടിയ അക്രമിയെയും കോടതി വിധിച്ച ശിക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ ചരിത്രമാണുള്ളത്‌. സോമാലിയയിലും പാര്‍ലമെന്റംഗങ്ങള്‍ക്കെതിരെ അക്രമം നടത്തിയവര്‍ക്കും അര്‍ഹിക്കുന്ന ശിക്ഷ നല്‍കാന്‍ കൈ വിറച്ചിട്ടില്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആക്രമണം നടക്കുന്നതിനും അഞ്ചാറു മാസം മുമ്പാണ്‌ മാസിഡോണിയയിലെ പാര്‍ലമെന്റിലും ഭീകരര്‍ ഇരച്ചു കയറിയത്‌. തുടര്‍ന്ന്‌ രാജ്യമാകെ ഏറ്റുമുട്ടലുകളുടെ പരമ്പര തന്നെ അരങ്ങേറുകയുണ്ടായി. ഒരു ദാക്ഷിണ്യവും അവിടങ്ങളിലൊന്നും അക്രമകാരികള്‍ക്ക്‌ ലഭിച്ചിട്ടില്ല. അതേ പാത ഇന്ത്യയും പിന്തുടര്‍ന്നു എങ്കില്‍ പ്രണബ്കുമാര്‍ മുഖര്‍ജിക്ക്‌ സന്തോഷകരമാകേണ്ടിയിരുന്ന കന്നിയാത്ര സന്താപകരമായിത്തീരുമായിരുന്നില്ല. ചെയ്യേണ്ടത്‌ ചെയ്യേണ്ട സമയത്ത്‌ ചെയ്യാത്തതിന്റെ അനിവാര്യമായ പ്രതിഫലമാണ്‌ രാഷ്ട്രപതിക്ക്‌ ഏറ്റു വാങ്ങേണ്ടി വന്നത്‌ എന്ന്‌ പറയേണ്ടിയിരിക്കുന്നു.

എന്നും അക്രമം നടത്തുന്നവരുടെ ജാതിയും മതവും നിറവും മണവും ഗുണവും നോക്കി ശിക്ഷ നടപ്പാക്കുന്ന രീതി അവലംബിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. അതിന്റെ മറ്റൊരുദാഹരണമാണ്‌ മുംബൈ ഭീകരാക്രമണ കേസിലെ പിടിക്കപ്പെട്ട മുഖ്യപ്രതി അജ്മല്‍ കസബിന്‌ ലഭിക്കുന്ന സൗജന്യങ്ങളും സൗകര്യങ്ങളും. കുറ്റവാളി ആവശ്യപ്പെടുന്ന ഭക്ഷണം നല്‍കി ചോദിക്കുന്ന സൗകര്യങ്ങളെല്ലാം അനുവദിച്ച്‌ താലോലിച്ച്‌ താരാട്ടി വളര്‍ത്താന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. ഈ കുറ്റവാളിയോടും ദയാഹര്‍ജി ചോദിച്ചു വാങ്ങുന്ന ഗതികേടിലേക്ക്‌ ഇന്ത്യന്‍ ഭരണകൂടം അധഃപ്പതിച്ചിരിക്കുകയാണ്‌. ഇതു തന്നെയാണ്‌ ഭീകരവാദികള്‍ക്ക്‌ സ്വച്ഛന്ദം വിഹരിക്കാനും അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാനും രാജ്യത്ത്‌ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും സാഹചര്യമൊരുക്കുന്നത്‌. നൂറു കോടിയിലധികം വരുന്ന ജനങ്ങളുടെ ആത്മാഭിമാനവും സുരക്ഷയും കണക്കിലെടുത്ത്‌ ശക്തമായ നടപടി സ്വീകരിക്കുന്നതിനു പകരം അഴകൊഴമ്പന്‍ സമീപനം മുറുകെ പിടിക്കുന്നിടത്തോളം കാലം സര്‍വസൈന്യാധിപനു പോലും അര്‍ഹിക്കുന്ന ഗൗരവവും പരിഗണനയും ലഭിക്കാതാകും. അതു തന്നെയാണ്‌ പ്രണബ്കുമാര്‍ മുഖര്‍ജിയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്‌.

നീതിന്യായ സംവിധാനങ്ങള്‍ നിര്‍ഭയം നടത്തിക്കൊണ്ടു പോകുന്നതാണ്‌ അന്തസ്സുള്ള ഭരണകൂടം ചെയ്യേണ്ടത്‌. എന്നാലിന്ന്‌ സങ്കുചിത രാഷ്ട്രീയവും വോട്ടു ബാങ്കില്‍ കണ്ണു വച്ചുള്ള നിലപാടുകളും സ്വീകരിക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന സ്ഥിതിഗതികളാണ്‌ കാശ്മീരിലും കാണാനായത്‌. കാശ്മീരെന്നാല്‍ ഇന്ത്യയുടെ ശിരസ്സാണ്‌. തലപുകഞ്ഞാല്‍ ശരീരമാസകലം അതിന്റെ പ്രതിഫലനവും കാണാതിരിക്കില്ല. അത്‌ മനസ്സിലാക്കി ശക്തമായി പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയം ഉപേക്ഷിച്ച്‌ രാഷ്ട്രപതിക്കസേരയില്‍ ഇരിപ്പുറപ്പിച്ച പ്രണബ്‌ കുമാര്‍ മുഖര്‍ജിക്ക്‌ കഴിഞ്ഞില്ലെങ്കില്‍ കാലം കുറിച്ചിടുന്നത്‌ ദ്രോഹി എന്ന വിശേഷണമാകും ചാര്‍ത്തിക്കിട്ടുക. അതുണ്ടാകാതിരിക്കാനുള്ള ശ്രദ്ധയും ശ്രമവും നടക്കുമെന്നാശിക്കാം

No comments: