Wednesday, October 24, 2012

ഒരു ദേശീയ ദൗത്യത്തിന്റെ സാക്ഷാത്ക്കാരം

ഒരു ദേശീയ ദൗത്യത്തിന്റെ സാക്ഷാത്ക്കാരം

കൊളോണിയല്‍ ശക്തികള്‍ നാടുവിട്ടിട്ട്‌ ആറരപതിറ്റാണ്ട്‌ കഴിഞ്ഞിട്ടും അവര്‍ നാടിന്റെ മര്‍മ്മത്തിനേല്‍പ്പിച്ച സാംസ്ക്കാരിക അന്ധകാരം തൂത്തെറിയാന്‍ നാം ഇന്നും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. അതിന്റെ അവസാനത്തെ ഉദാഹരണമാണ്‌ വയനാട്ടിലെ പനമരത്ത്‌ സപ്തംബര്‍ 22 ന്‌ യാഥാര്‍ത്ഥ്യമാകുന്ന തലക്കര ചന്തു സ്മാരകം. 207 വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ധീരദേശാഭിമാനിയായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ ഗളഛേദം ചെയ്ത്‌ തൂക്കിലേറ്റിയത്‌. തികച്ചും കാര്‍ഷിക സാംസ്ക്കാരിക തനിമയില്‍ ജനിച്ചുവളര്‍ന്ന ഒരു വനവാസി യുവാവിന്‌ തന്റെ മണ്ണിനും നാട്ടാചാരത്തിനും കുലദൈവങ്ങള്‍ക്കും വേണ്ടി വിദേശകോയ്മക്കെതിരെ പൊരുതാന്‍ മറ്റൊന്നിന്റേയും പിന്‍ബലം ആവശ്യമില്ല. തന്നിലുള്ള വിശ്വാസം മാത്രം മതിയെന്നുള്ളതിന്റെ തെളിവാണ്‌ തലക്കര ചന്തു. പക്ഷെ ആ സമുദായ സ്നേഹിയെ ആദരിക്കാന്‍ നാടിന്റെ പിന്‍തലമുറക്കാര്‍ വൈകിയെന്നതാണ്‌ വാസ്തവം.

എല്‍.കെ.അദ്വാനിയും പി.പരമേശ്വരനും നേതൃത്വം നല്‍കിയ ഭാരതീയ ജനസംഘത്തിന്റെ 1972 ല്‍ വയനാട്ടില്‍ നടന്ന സമ്മേളനത്തില്‍ വെച്ചാണ്‌ ധീരദേശാഭിമാനികളായിരുന്ന പഴശ്ശിരാജാവിനും തലക്കര ചന്തുവിനും എടച്ചന കുങ്കനുമെല്ലാം ഉചിതമായ സ്മാരകങ്ങള്‍ ഉയരണമെന്ന ആവശ്യം ഉയര്‍ന്ന്‌ വന്നത്‌. ഈ ആവശ്യത്തിന്റെ 25-ാ‍ം വാര്‍ഷികത്തിലാണ്‌, എന്നുവെച്ചാല്‍ 1997 ലാണ്‌ പനമരം കോട്ടയെന്നറിയപ്പെടുന്ന ഇന്നത്തെ ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്ററി സ്കൂളിന്‌ പിന്‍വശത്തുള്ള പുരാതനവും വിശാലവുമായ കോളിമരചുവട്ടിലെ തലക്കര ചന്തുവിന്റെ സ്മൃതിയില്‍ നെയ്ത്തിരി കത്തിച്ച്‌ പുഷ്പാര്‍ച്ചന ചെയ്യാനാരംഭിച്ചത്‌. ഒരുപിടി ദേശസ്നേഹികള്‍ പനമരം സ്വദേശിയും അടിയന്തരാവസ്ഥയിലെ പീഡിതനുമായ രാജേന്ദ്രപ്രസാദെന്ന ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ 1997 നവംബര്‍ 15 മുതല്‍ തിരസ്ക്കാരങ്ങളേയും തമസ്ക്കരണങ്ങളെയും എതിര്‍പ്രചാരണങ്ങളേയുമെല്ലാം തെല്ലും വകവയ്ക്കാതെ എല്ലാ നവംബര്‍ 15 നും തലക്കര ചന്തു സ്മാരക സമിതിയുടെ നേതൃത്വത്തില്‍ തലക്കര ചന്തു സ്മൃതിയില്‍ വിളക്ക്‌ വച്ച്‌ പുഷ്പാര്‍ച്ചന നടത്തി സ്മാരകം ഉയര്‍ത്തുന്നതിനുള്ള സമരങ്ങളും ജനജാഗരണങ്ങളും നടത്തിവന്നിരുന്നു. അതിന്റെയെല്ലാം ഫലമായിട്ടാണ്‌ ദേശസ്നേഹികളുടെ അഭിമാനം ഉയര്‍ത്തുന്ന പ്രസ്തുത സ്മാരകം. 

ചരിത്രരേഖകള്‍ പരതിയാല്‍ പഴശ്ശിരാജാവിന്റെ വലംകയ്യായി പ്രവര്‍ത്തിക്കുകയും ബ്രിട്ടീഷുകാരേയും അവരുടെ സേനാ നായകരേയും കിടു-കിടാ വിറപ്പിക്കുകയും പലതവണ പരാജയപ്പെടുത്തുകയും ചെയ്ത തലക്കര ചന്തുവിനെ 1805 നവംബര്‍ 15 നാണ്‌ പനമരം കോട്ടയിലെ കോളി മരത്തില്‍ ഗളഛേദം ചെയ്ത്‌ തൂക്കിലേറ്റിയത്‌ എന്ന്‌ മനസ്സിലാക്കാന്‍ കഴിയും. ഈ തെളിവിന്റെ അടിസ്ഥാനത്തിലാണ്‌ പനമരത്ത്‌ പവിത്രമായ സ്മാരകം ഉയരുന്നതിന്‌ സ്ഥാനം കണ്ടെത്തുകയും അവിടെ വര്‍ഷങ്ങളായി നവംബര്‍ 15 ന്‌ തിരികത്തിച്ച്‌ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു വന്നിരുന്നത്‌.

കേരള വനവാസി വികാസ കേന്ദ്രം, ബാലഗോകുലം, കുറിച്ച്യ സമുദായ സംരക്ഷണ സമിതി, കേരള ആദിവാസി സംഘം, നെഹ്‌റു യുവകേന്ദ്രം, ഭാരതീയ ജനതാ പാര്‍ട്ടി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും തദ്ദേശീയരും വിവിധ ഭാഗങ്ങളില്‍ പെടുന്ന ജനങ്ങളും ഈ പവിത്രമായ ചടങ്ങില്‍ എല്ലാ വര്‍ഷവും പങ്ക്‌ ചേരാറുണ്ട്‌. പള്ളിയറ രാമന്‍, രാജേന്ദ്ര പ്രസാദ്‌, ദിവംഗതനായ അഡ്വ.ശ്രീനിവാസന്‍, എ.സി. കുഞ്ഞിരാമന്‍ തുടങ്ങിയവരുടെ നേതൃത്വവും ഈ പ്രവര്‍ത്തനത്തിന്‌ ശക്തി പകര്‍ന്നു. 

രാജാവിന്റെ പരിവേഷം ഉണ്ടായിരുന്ന വീര പഴശ്ശിക്ക്‌ അംഗീകാരത്തിന്റെ നിറവ്‌ ലഭിച്ചപ്പോള്‍ തലക്കര ചന്തുവിനും മറ്റ്‌ പ്രമുഖര്‍ക്കും അര്‍ഹമായ ഇടം നല്‍കാന്‍ പിന്‍തലമുറകള്‍ക്ക്‌ കഴിഞ്ഞില്ല എന്നുള്ളത്‌ ദുഃഖകരമായ സത്യം തന്നെയാണ്‌. ഈ കാരണംകൊണ്ട്‌ തന്നെയാണ്‌ തലക്കര ചന്തുവിന്‌ കോളിമര ചുവട്ടില്‍ ഉചിതമായ സ്മാരകം ഉയരാന്‍ കാലതാമസം വന്നത്‌. സ്മാരകത്തിനായുള്ള പരിശ്രമത്തിന്‌ ആദ്യമായി ഒരു ദേശീയ അംഗീകാരം ഉണ്ടായത്‌, വാജ്പേയി മന്ത്രിസഭയിലെ നിയമസഹമന്ത്രിയായിരുന്ന പി.സി.തോമസ്‌ 28.06.2003 ല്‍ കോളിമരച്ചുവട്ടില്‍ സന്ദര്‍ശനം നടത്തി പുഷ്പാര്‍ച്ചന നടത്തിയതിന്‌ ശേഷമാണ്‌. 2005 ല്‍ പഴശ്ശി സമരങ്ങളുടെ 200-ാ‍ം വാര്‍ഷികാഘോഷവേളയില്‍ നെഹ്‌റു യുവകേന്ദ്രയുടെ ഭാരവാഹികളും കേരള വനവാസി വികാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തകരും കുറിച്ച്യ സമുദായ അംഗങ്ങളും ഒന്നായി ചേര്‍ന്ന്‌ 200 കുറിച്ച്യ പടയുടെ അകമ്പടിയോടെ പള്ളിയറ രാമന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും സ്മാരകത്തിന്‌ സ്ഥലമനുവദിക്കണമെന്ന്‌ പനമരം പഞ്ചായത്ത്‌ അധികൃതരോട്‌ ആവശ്യപ്പെടുകയും ചെയ്തു. 

ഏതായാലും 2003 നുശേഷം അതത്‌ കാലത്തെ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ ജില്ലാ അധികാരികള്‍ നവംബര്‍ 15 ന്‌ പുഷ്പാര്‍ച്ചനയില്‍ പങ്കെടുക്കുക എന്നത്‌ യാഥാര്‍ത്ഥ്യമായി. 2010 ഓടെ പഞ്ചായത്ത്‌ സ്മാരകത്തിനും കോളിമരത്തിന്റെ സംരക്ഷണത്തിനുമായി ഭിത്തി പണിയാന്‍ തീരുമാനിച്ച്‌ 25,000 രൂപ അനുവദിക്കുകയും 2010 സപ്തംബറില്‍ അന്നത്തെ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന ജബ്ബാറിന്റെ നേതൃത്വത്തില്‍ കോളിമരത്തിന്‌ സംരക്ഷണ ഭിത്തി നിര്‍മ്മിച്ച്‌ ബലപ്പെടുത്തുകയുമുണ്ടായി. ഇതോടെ തലക്കര ചന്തു സ്മാരകം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിന്‌ എല്ലാ ജനവിഭാഗങ്ങളില്‍നിന്നും ആവശ്യമുയര്‍ന്നു. കുറിച്ച്യ സമുദായ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം ഇതില്‍ എടുത്ത്‌ പറയേണ്ടതാണ്‌. ഇതിന്റെ അടിസ്ഥാനത്തില്‍ 2010 ലെ നവംബര്‍ 15 പുഷ്പാര്‍ച്ചന ദിവസം ജനങ്ങളോടായി വയനാടിന്റെ എംപി അദ്ദേഹത്തിന്റെ ഫണ്ടില്‍നിന്നും സ്മാരകത്തിന്‌ ആവശ്യമായ തുക അനുവദിക്കുന്നതായി പ്രഖ്യാപിച്ചു. എന്നാലും സ്മാരകത്തിനുള്ള സംഘത്തിന്റെ പ്രശ്നം ബാക്കിയായി. 16 ഏക്കറില്‍ കൂടുതല്‍ ഭൂമി ഉണ്ടായിരുന്ന പനമരം കോട്ടയില്‍ മറ്റ്‌ പല സ്ഥാപനങ്ങള്‍ക്കും സ്ഥലം നല്‍കാന്‍ തയ്യാറായ സര്‍ക്കാര്‍ തലക്കര ചന്തുസ്മാരകത്തിന്‌ ദേശസ്നേഹികളുടെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവിലാണ്‌ ഒരേക്കര്‍ ഇരുപത്തിരണ്ട്‌ സെന്റ്‌ ഭൂമി അനുവദിച്ചിട്ടുള്ളത്‌. ഇതിന്‌ നേതൃത്വം കൊടുത്തത്‌ തലക്കര ചന്തു സ്മാരക സമിതിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമാണ്‌. പള്ളിയറ രാമന്‍ ആയിരുന്നു സമര നായകന്‍.

2011 ല്‍ വയനാട്ടിലെ ജനസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ചുള്ള യാത്രയില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദേശസ്നേഹികള്‍ ആഗ്രഹിച്ചപോലെ കോളിമരചുവട്ടില്‍ സ്മാരകത്തിന്‌ തറക്കല്ലിട്ടതോടെ തലക്കര ചന്തു സ്മാരകം എന്നത്‌ യാഥാര്‍ത്ഥ്യത്തിലേക്ക്‌ എത്തുമെന്നത്‌ ഉറപ്പായി. സ്മാരകം ഉയരുക എന്നതില്‍ മാത്രം അവസാനിക്കാതെ തലക്കര ചന്തുവിനേയും എടച്ചന കുങ്കനേയും വീരപഴശ്ശിയേയും അവരോടൊപ്പം മൃതിയടഞ്ഞ ദേശാഭിമാനികളേയും അനുസ്മരിക്കത്തക്ക രീതിയില്‍ പനമരത്തെ ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്ററി സ്കൂളിനും കരിമ്പുമ്മല്‍ സ്റ്റേഡിയത്തിനും സര്‍ക്കാര്‍ ആശുപത്രിയ്ക്കും പനമരത്തെ പാലത്തിനും ഇവരുടെയൊക്കെ പേരുകള്‍ നല്‍കുക കൂടി വേണം.

No comments: