Wednesday, October 24, 2012

ശബരിമലയുടെ കാര്യത്തില്‍ വേണ്ടത്‌

ശബരിമലയുടെ കാര്യത്തില്‍ വേണ്ടത്‌

നമ്മളുടെ ഭരണാധികാരികളുടെ പല സത്യവാങ്മൂലങ്ങളും അത്ര സത്യസന്ധമായുള്ളവയോ എന്നു തോന്നിപ്പോകുന്നു. പലതും നാടിനും നാട്ടാര്‍ക്കും കീര്‍ത്തി പരത്തുന്നതല്ല. സേതുബന്ധനവും വന്യജീവി സൗഹൃദവുമുള്ള ശബരിമല തീര്‍ത്ഥാടനവും എല്ലാ പുണ്യപരിപാവനമെന്ന്‌ പലപ്പോഴും അറിഞ്ഞോ അറിയാതെയോ മറക്കുന്നതും മറയ്ക്കുവാന്‍ ശ്രമിക്കുന്നതുമായി കാണുന്നു. കടുവാ സങ്കേതത്തില്‍ നുഴഞ്ഞുകയറിയ ഒരു ആരാധനാ കേന്ദ്രമെന്ന്‌ വരുത്തിത്തീര്‍ക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. അത്‌ കടുവയെ കിടുവയാക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്‌. ശബരിമല ഭക്തര്‍ക്ക്‌ വന്യമൃഗങ്ങളും പൂജനീയരാണ്‌. തത്വമസി മുദ്രാവാക്യമാക്കിയ മറ്റേതെങ്കിലും ആരാധനാ കേന്ദ്രം ഈ ലോകത്ത്‌ ചൂണ്ടിക്കാണിക്കുവാന്‍ ഉണ്ടാകുമോ? ശരണം വിളിക്ക്‌ വഴിമാറുന്ന വന്യമൃഗങ്ങളാണവിടെ ഉള്ളത്‌. ഇങ്ങനെയുള്ള ശബരിമലയേ തളക്കുവാന്‍ ശ്രമിക്കുന്നത്‌ ദുരൂഹത പരത്തുന്നതായി തോന്നുന്നതിന്‌ കാരണം പല മുന്‍ അനുഭവങ്ങളുടേയും പരിചയത്തിലാണ്‌.

ഭാരതീയ സംസ്ക്കാരത്തിന്റെ ആത്മാവാണ്‌ നമ്മുടെ പുണ്യതീര്‍ത്ഥാടന കേന്ദ്രങ്ങള്‍. അതിനെ ബോധപൂര്‍വം അവഗണിക്കുക. സാങ്കേതികത പറഞ്ഞു ചെറുതാക്കാന്‍ ശ്രമിക്കുക. ‘പില്‍ഗ്രീം ടൂറിസം’ എന്നുപറഞ്ഞ്‌ വകമാറ്റി അവതരിപ്പിക്കുക. ആത്മീയ പാരമ്പര്യത്തിനെ നിസ്സാരവല്‍ക്കരിച്ച്‌ വ്യാപാര ത്രാസ്സില്‍ ചില്ലറ വില്‍പ്പനയ്ക്ക്‌ ശ്രമിക്കുക. മതേതര രാജ്യമെന്ന്‌ പറഞ്ഞ്‌ പുണ്യസ്ഥലങ്ങളെ ലോകസമക്ഷം വേണ്ടവിധത്തില്‍ പ്രശോഭിപ്പിക്കാതിരിക്കുക. ഇവയെല്ലാം ബഹുഭൂരിപക്ഷം ജനങ്ങളും ആശങ്കയോടെയാണ്‌ കാണുന്നത്‌.

വാസ്തവത്തില്‍ ലോകത്ത്‌ മറ്റൊരിടത്തും കണികാണാന്‍ സാധിക്കാത്ത തനിമയുള്ള നമ്മളുടെ പുണ്യ സങ്കേതങ്ങളെ ലോകസമക്ഷം ഉയര്‍ത്തിക്കാണിക്കുകയാണ്‌ ചെയ്യേണ്ടത്‌. ഇതിന്‌ നമ്മള്‍ ചൈനയേയും അറബിരാജ്യങ്ങളേയുമാണ്‌ കണ്ടുപഠിക്കേണ്ടത്‌. ചൈനയുടെ വന്‍ മതിലിനോടും അറബി രാജ്യങ്ങളിലെ ‘മെക്ക’യോടും അവര്‍ കാണിക്കുന്ന മനോഭാവമാണോ നമുക്കുള്ളത്‌. അവര്‍ വിദേശികളെപ്പോലും ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നു. നമ്മുടെ ഭരണാധികാരികളും ഇതുപോലെ നമ്മളുടെ പുണ്യസ്ഥലങ്ങളെ പ്രശോഭിപ്പിക്കുവാന്‍ ശ്രമിച്ചെങ്കില്‍ എത്രനന്നായേനെ.

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക്‌ പല സൗകര്യങ്ങളും ചെയ്യാമെന്ന്‌ പറയാറുണ്ടെങ്കിലും ഒന്നും വേണ്ടവിധത്തില്‍ ചെയ്യുന്നില്ല. താമസസൗകര്യം കാനനഭംഗി നിലനിര്‍ത്തി വികസിപ്പിക്കേണ്ടതാണ്‌. അവിടെ വരുന്നവരെ പിഴിഞ്ഞെടുത്തു പണം സമ്പാദിക്കുന്നത്‌ ഉചിതമല്ല. വനഭൂമിയെന്ന്‌ പറഞ്ഞു വണ്ടിക്കൂലി മറ്റു സ്ഥലങ്ങളേക്കാള്‍ കൂടുതല്‍ വാങ്ങുന്നത്‌ പാപമാണ്‌. നല്ല തിരക്കുള്ളതിനാല്‍ ചാര്‍ജ്‌ കുറച്ചുവാങ്ങാനാണ്‌ ശ്രമിക്കേണ്ടത്‌. വരുന്നവര്‍ക്കെല്ലാം ഭക്ഷണം നല്‍കി ഇതിന്റെ പേരിലുള്ള ചൂഷണ സാധ്യതകള്‍ ഇല്ലാതാക്കേണ്ടതാണ്‌. ഓണക്കാലത്ത്‌ അന്യ സംസ്ഥാനക്കാര്‍ക്കുപോലും ഓണക്കിറ്റു കൊടുത്ത നമുക്ക്‌ ഈ പുണ്യസങ്കേതത്തില്‍ വരുന്നവരെ വേണ്ടവണ്ണം ഉപചരിക്കാത്തത്‌ അന്യായമല്ലേ. വനഭൂമിയില്‍ എല്ലാ വ്യാപാരങ്ങളും നിയന്ത്രിച്ച്‌ സ്ഥാപിത താല്‍പ്പര്യക്കാരെ അകറ്റിനിര്‍ത്തണം. ഇവിടെ നിലനില്‍ക്കുന്ന മതേതരത്വവും ഭൂതഗണ സൗഹൃദവും എല്ലാം ലോകശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്‌. നമ്മളുടെ വിദേശ മന്ത്രാലയങ്ങള്‍ വഴി അതിനുവേണ്ടി ഭരണാധികാരികള്‍ ശ്രമിക്കണം. ഇവിടെനിന്നും മെക്കാ പില്‍ഗ്രീമിന്‌ സൗകര്യം നമ്മള്‍ ചെയ്യുന്നതുപോലെ മറ്റു രാജ്യങ്ങളില്‍നിന്നും ശബരിമലയ്ക്ക്‌ വരുന്നവര്‍ക്കും സഹായ സഹകരണങ്ങള്‍ നല്‍കണം. മറ്റു രാജ്യങ്ങളേയും അതിനായി പ്രേരിപ്പിക്കണം. അല്ലാതെ വന്യമൃഗ സൗഹൃദം ആരാധനാ കേന്ദ്രങ്ങളെ കൂച്ചുവിലങ്ങിട്ടു തളയ്ക്കുവാനല്ല ശ്രമിക്കേണ്ടത്‌. മനസ്സാ, വാചാ, കര്‍മ്മണാ അങ്ങനെ ശ്രമിക്കാത്തതിനാലാണ്‌ നമുക്ക്‌ ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ അധഃപതനം ഉണ്ടാകുന്നത്‌. പുണ്യസങ്കേതങ്ങള്‍ക്ക്‌ അവ അര്‍ഹിക്കുന്ന സ്ഥാനം ഭരണാധികാരികള്‍ നല്‍കേണ്ടതാണ്‌. അതിനായി വോട്ട്‌ ബാങ്കില്‍ മാത്രം ലക്ഷ്യം വെച്ച്‌ പ്രവര്‍ത്തിക്കുന്നവരെ മറികടക്കുവാന്‍ ശക്തമായ ശരണം വിളി വേണ്ടിവരും. വന്യമൃഗങ്ങള്‍ വരെ വഴിമാറുന്ന ശരണം വിളികള്‍ ഏതുഭരണവര്‍ഗ്ഗത്തേയും അധീനമാക്കാം. അതാണ്‌ ശബരിമലയെ ശബരിമലയാക്കാന്‍ ചെയ്യേണ്ടത്‌. അത്‌ സര്‍വജനങ്ങളുടേയും അഭിവൃദ്ധിയ്ക്ക്‌ തിരികൊളുത്തും. അതിനായി കാത്തിരിക്കാം. ശരണം വിളിക്കാം.

No comments: