Wednesday, October 24, 2012

ചാര്‍വാക വിപ്രന്‍ ഹാജര്‍, കുരിശുമായി

ചാര്‍വാക വിപ്രന്‍ ഹാജര്‍, കുരിശുമായി


രണ്ടര ‘എങ്കിലു’കള്‍ കൂട്ടിവച്ച്‌ ഒരു കുരിശുണ്ടാക്കി മാതാ അമൃതാനന്ദമയീദേവിയെയും മഠത്തെയും അതില്‍ തറയ്ക്കാനുള്ള ഉദ്യമത്തിലാണ്‌ സാംസ്കാരിക (അഥവാ സംസ്കാര) നായകന്‍ (?) (സത്നാംസിങ്ങിന്റെ മരണം: സക്കറിയ. മാ.ഭൂ. ആഴ്ചപ്പതിപ്പ്‌ ആഗസ്റ്റ്‌ 12, 2012)
‘എങ്കിലു’കള്‍ ഇതാ, ഇവയൊക്കെയാണ്‌.
1. സത്നാംസിങ്ങിനെ മഠത്തിലെ അന്തേവാസികള്‍ “കൈകാര്യം ചെയ്യുന്നത്‌ വീഡിയോയില്‍ വ്യക്തമാക്കി കാണിക്കുന്നണ്ടത്രെ. അതു ശരിയാണെങ്കില്‍…..”
2. സത്നാംസിങ്ങിനെ “കൊലയ്ക്കു കൊണ്ടുപോകുമ്പോള്‍” അവനോടു ക്ഷമിക്കൂ എന്നൊരു വാക്ക്‌ അവരുടെ നാവില്‍ ഉദിച്ചിരുന്നെങ്കില്‍…”
3. ഇനി അര ‘എങ്കില്‍’. സത്നാംസിങ്ങ്‌ ആശ്രമത്തില്‍ മര്‍ദ്ദിക്കപ്പെടുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ വാസ്തവമെങ്കില്‍…
(ഒന്നാമത്തെ പോയിന്റിന്റെ ഉപോല്‍പന്നമാണ്‌, അതുകൊണ്ട്‌ മൂന്നാമത്തേതിനെ ഒരു ഫുള്‍ പോയിന്റായി പരിഗണിക്കേണ്ടതില്ല)
ഈ രണ്ടരപ്പോയിന്റും മലയാളി എപ്പോഴേ തള്ളിക്കളഞ്ഞു കഴിഞ്ഞതാണ്‌. സത്നാംസിങ്ങിനെ ആശ്രമാധികാരികള്‍ പോലീസിന്നു കൈമാറുമ്പോള്‍ ശരീരത്തില്‍ ഒരു പോറലുമില്ലായിരുന്നു എന്ന്‌ പോലീസിനെ ഉദ്ധരിച്ച്‌ മുഖ്യാധാരാപത്രങ്ങളും മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തിരുന്നു. സത്നാമിന്റെ സഹോദരന്‌ അത്‌ ബോധ്യപ്പെടുകയും ചെയ്തിരുന്നു. സാംസ്കാരിക നായകന്റെ ലേഖനം നീട്ടിപ്പരത്തി പ്രസിദ്ധപ്പെടുത്തിയ പത്രാധിപര്‍ക്ക്‌ സത്നാമിന്റെ പിതാവിന്റെയും സഹോദരന്റെയും ചിത്രം കൊടുക്കുമ്പോള്‍ അവരുടെ വാക്കുകള്‍ കൂടെ ചേര്‍ക്കാനുള്ള ഔചിത്യം പ്രകടിപ്പിക്കാമായിരുന്നു. (അതെങ്ങനാ?….)
സത്നാമിനെ ആശ്രമത്തില്‍ ഭക്തജനങ്ങള്‍ പിടികൂടിയപ്പോള്‍ അതിനിടെ ഒരു പോലീസുകാരന്റെ കൈയ്ക്ക്‌ അയാള്‍ കടിച്ചു മുറിവേല്‍പ്പിക്കുകയുണ്ടായി. മഠത്തിലെ ഉത്തരവാദപ്പെട്ടവരും അമ്മയും പ്രത്യേകം പറഞ്ഞിരുന്നു, അയാളെ ദേഹോപദ്രവമേല്‍പ്പിക്കരുതെന്ന്‌.
ഭക്തജനങ്ങള്‍ക്കാര്‍ക്കും അതിലത്ര പുതുമയും തോന്നിയിരിക്കുകയില്ല. ആശ്രമത്തില്‍ ഇതാദ്യമല്ലല്ലോ മനോവിഭ്രാന്തിയുള്ളവരും അല്ലാത്തവരുമായി ഇത്തരം ചിലര്‍ ഓടിക്കേറുകയും അക്രമാസക്തരാവുകയും ചെയ്യുന്നത്‌. അവരെ സക്കറിയ കരുതുംമാതിരി ഒരാളും ഇതുവരെയും “കൈകാര്യം ചെയ്തിട്ടില്ല.” പിടിച്ചു നിയമക്രമപാലകരെ ഏല്‍പിക്കും, അവരെ അവരവരുടെ ബന്ധുജനങ്ങള്‍ വന്നു കൂട്ടിക്കൊണ്ടുപോകും- ഇതാണ്‌ പതിവ്‌. അതാണ്‌ ഇത്തവണയും ഉണ്ടായതും. സക്കറിയയുടെ ലേഖനത്തില്‍ നിന്നു മനസ്സിലാവുന്നത്‌ താന്‍, മാധ്യമങ്ങളില്‍ കണ്ടതൊന്നും വിശ്വസിക്കാന്‍ തയ്യാറില്ല എന്നാണ്‌. സത്നാമിനെ ആശ്രമത്തില്‍ നിന്ന്‌ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ അയാള്‍ക്ക്‌ ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു എന്ന്‌ ഹിന്ദുപത്രം മാത്രമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത്‌. ‘ഇംഗ്ലീഷ്‌ ദേശാഭിമാനി’ എന്ന്‌ പ്രശസ്തമാധ്യമ നിരൂപകനായ അഡ്വ. ജയശങ്കര്‍ വിശേഷിപ്പിക്കാറുള്ള ആ പത്രം മാത്രമേ സാംസ്കാരിക നായകന്‍ അംഗീകരിക്കുന്നുള്ളൂ. അതാണ്‌ തനിക്ക്‌ സൗകര്യപ്രദം.
സക്കറിയ അതങ്ങനെയാണ്‌. ഹിന്ദു സന്യാസിമാരെയും ഹിന്ദു സംഘടനകളെയും ഭക്തജനങ്ങളെയും പുച്ഛിക്കുക എന്ന തന്റെ പതിവ്‌ അജന്‍ഡയ്ക്കനുസരിച്ചു വസ്തുതകളെ വളച്ചൊടിക്കാന്‍ തയ്യാറില്ലാത്ത മാധ്യമങ്ങളെയും ഭരണാധികാരികളെയും അന്വേഷണോദ്യോഗസ്ഥന്മാരെയും, അവരെ സമൂഹം ഒന്നടങ്കം വിശ്വസിച്ചാലും രൂക്ഷമായി വിമര്‍ശിക്കുക എന്നതാണ്‌ തന്റെ കലാപരിപാടി.
ഇങ്ങനെയുള്ള ജാനസ്സുകള്‍ എല്ലാക്കാലത്തുമുണ്ട്‌. ഇതിഹാസപുരാണകാലം തൊട്ടുതന്നെ. ത്രേതായുഗത്തില്‍ (കൃതയുഗത്തില്‍ ഈ വഹകള്‍ ഇല്ലായിരുന്നു എന്നു തോന്നുന്നു) ശ്രീരാമന്റെ കാലം മുതല്‍ കാണുക.
ചിത്രകൂടത്തില്‍ തന്നെ സന്ദര്‍ശിച്ച ഭരതനോട്‌ വനവാസിയായ ശ്രീരാമന്‍ കുശലപ്രശ്നാനന്തരം ഇങ്ങനെ അന്വേഷിച്ചതായി വാല്മീകി രേഖപ്പെടുത്തുന്നു.
“ഉണ്ണീ മാനിച്ചു പോരുന്നീ-
ലല്ലീ ചാര്‍വാകവിപ്രരേ”
തുടര്‍ന്ന്‌ ഇങ്ങനെയും: അജ്ഞരെങ്കിലും വിജ്ഞാഭിമാനികളായ അവര്‍ അനര്‍ഥമുണ്ടാക്കാന്‍ സമര്‍ഥരാണ്‌. മുഖ്യങ്ങളായ ധര്‍മശാസ്ത്രങ്ങളിരിക്കെ തര്‍ക്കബുദ്ധികൊണ്ട്‌ അര്‍ഥമില്ലാതെ പുലമ്പുന്ന ദുര്‍ബുദ്ധികളാണവര്‍. എത്ര കറക്ടായി പറഞ്ഞിരിക്കുന്നു, ശ്രീരാമചന്ദ്രന്‍.
സക്കറിയാവും മറ്റു ചില സാംസ്കാരിക ജീവികളും കൂടി, സത്നാംസിങ്ങിന്റെ മരണം സംബന്ധിച്ച്‌, ഇതേ തരത്തിലുള്ള ഒരു പ്രസ്താവന നേരത്തെ ഇറക്കിയിരുന്നു. മുഖ്യധാരാമാധ്യമങ്ങളില്‍ ആ പ്രസ്താവന പൂര്‍ണരൂപത്തില്‍ വന്നിരുന്നു. “ആധ്യാത്മിക ഗുരുക്കന്മാരുടെ അനുയായികള്‍ക്ക്‌ രക്തദാഹികളായി പരിണമിക്കാന്‍ എത്ര കുറഞ്ഞ നിമിഷങ്ങളേ വേണ്ടൂ എന്ന്‌ പരക്കെ തിരിച്ചറിയപ്പെടുന്ന ഈ 21-ാ‍ം നൂറ്റാണ്ടിലാണ്‌ കേരള ഭരണകൂടം ഒട്ടകപ്പക്ഷിയെപ്പോലെ അതിന്റെ തല അവസരവാദപരമായ വര്‍ഗീയതാപ്രീണനത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും പൂഴിമണ്ണില്‍ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട്‌ പൂഴ്ത്തിനില്‍ക്കുന്നത്‌. മലയാളമുഖ്യധാരാമാധ്യമങ്ങള്‍ ആവുംവിധം ഈ കൊലയുടെ യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിക്കാന്‍ പണിപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും….” (ഹോ, ഹോ…) ഗീര്‍വാണത്തിലുള്ള ഈ പുലഭ്യം ഭരണാധികാരികളും മുഖ്യധാരാമാധ്യമങ്ങളും കേള്‍ക്കുന്നുണ്ടെങ്കിലും ഭരണാധികാരികള്‍, ശ്രീരാമന്റെ കാലത്തെന്നപോലെ ഇവരെ മാനിക്കുന്നുണ്ട്‌; മുഖ്യധാരാമാധ്യമങ്ങള്‍ തര്‍ക്കബുദ്ധികൊണ്ട്‌ അര്‍ഥമില്ലാതെ, അനര്‍ഥമുണ്ടാക്കാന്‍ ഇവര്‍ നടത്തുന്ന പുലമ്പലുകള്‍ പ്രസിദ്ധപ്പെടുത്തുന്നുമുണ്ട്‌. അതൊന്നും പോരാ ഇവര്‍ക്ക്‌. ഇവര്‍ പറഞ്ഞതേ മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാവൂ, അതിന്റെ മറുഭാഗം പുറത്തറിയരുത്‌. ഇവര്‍ പറഞ്ഞതേ ഭരണാധികാരികള്‍ ചെയ്യാവൂ. ഇവര്‍ പറഞ്ഞപോലെയേ അന്വേഷണോദ്യോഗസ്ഥന്മാര്‍ പ്രവര്‍ത്തിക്കാവൂ.
ഇത്തരക്കാരെ മാനിക്കുന്നതുകൊള്ളാം. എന്നാല്‍ അവരെ നിര്‍ത്തേണ്ടിടത്തു നിര്‍ത്തണമെന്നും വാല്മീകി രാമായണത്തിലൂടെ ഭരണാധികാരികള്‍ക്കു നിര്‍ദ്ദേശം നില്‍കുന്നു.
നേരത്തെപ്പറഞ്ഞ രാമായണകഥാസന്ദര്‍ഭത്തിനു തൊട്ടടുത്തു ജാബാലി എന്ന നാസ്തികയുക്തിവാദപ്രസംഗകനെ വാല്മീകി കൊണ്ടുവരുന്നതു ശ്രദ്ധിക്കുക. രാമനോടു ജാബാലി പറയുന്നത്‌; അച്ഛന്‍, അമ്മ എന്നതൊക്കെ ചില യാദൃച്ഛിക സംഭവങ്ങള്‍ മാത്രം. ശ്രാദ്ധം ഊട്ടുന്നത്‌ ചോറിന്റെ പാഴ്ചെലവ്‌. ചത്തവനുണ്ടോ ഉണ്ണാന്‍ വരുന്നു? ഉള്ള കാലം സുഖമായി കഴിയുക. ഭരതനില്‍ നിന്ന്‌ രാജ്യം സ്വീകരിച്ച്‌ അടിച്ചു പൊളിച്ച്‌ ജീവിക്കൂ, രാമാ.
ഇതിനോടുള്ള രാമന്റെ പ്രതികരണം ഉത്തമനായ ഭരണാധികാരി എങ്ങനെ ചിന്തിക്കണമെന്നതു സംബന്ധിച്ച ആര്‍ഷമായ നിര്‍ദ്ദേശമാണ്‌. മര്യാദകെട്ട മനുഷ്യന്‍ പാപാചാരനാണ്‌. ശുഭം വെടിഞ്ഞ്‌ അവിഹിതവും ലോകസങ്കരകാരകവും ആയ അധര്‍മം ധര്‍മമെന്ന പേരില്‍ ആചരിച്ചാല്‍ ദുര്‍വൃത്തനും ലോകദൂഷകനുമായ എന്നെ ആര്‍ ബഹുമാനിക്കും? നാടിന്റെ പ്രാണന്‍ സത്യമാണ്‌. ലോകം സത്യത്തിലാണ്‌ പ്രതിഷ്ഠിതമായിരിക്കുന്നത്‌. സത്യമാണ്‌ സകലതിനും മൂലം. സത്യത്തിനു മേലേ ഒരു സ്ഥാനവുമില്ല…. (നിര്‍ത്തുക, സുഹൃത്തേ എന്നു രാമന്‍ പറയാതെ പറയുകയായിരുന്നു)
സക്കറിയാച്ചന്‍ പലതും പറയും, പണ്ടും അങ്ങനെയാണ്‌. ആഴ്ചപ്പതിപ്പിന്റെ അതേ ലക്കത്തില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടേതായി ഒരു പ്രസ്താവമുണ്ട്‌. അതു കൂടി കേള്‍ക്കുക: കേന്ദ്രസാഹിത്യ അക്കാദമിയുടെ ഒരു ടാഗോര്‍ അവാര്‍ഡുണ്ട്‌. ജഡ്ജിംഗ്‌ കമ്മിറ്റിയിലുണ്ടായിരുന്ന ഞാനും ബഷീറും കെ.എസ്‌. രവികുമാറും അവാര്‍ഡ്‌ അക്കിത്തത്തിനു കൊടുക്കണമെന്ന അഭിപ്രായക്കാര്‍. അപ്പോള്‍ സക്കറിയയ്ക്ക്‌ ഭയങ്കരരോഷം. നീ എന്തിന്‌ ആര്‍.എസ്‌.എസുകാരന്‌ കൊടുത്തു? ബയാസ്ഡ്‌ ആണ്‌ സക്കറിയ എന്നു പുനത്തില്‍.
ധ്യാനകേന്ദ്രങ്ങളിലും മതം മാറ്റകേന്ദ്രങ്ങളിലും നടക്കുന്ന പീഡനങ്ങളും കൊലപാതകങ്ങളും സംബന്ധിച്ച്‌ ഇവരുടെ നിസ്സംഗത, അമ്മയുടെ പ്രാര്‍ത്ഥനാഹാളില്‍ മനോരോഗിയായ സത്നാമിന്റെ വായില്‍നിന്ന്‌ ബിസ്മില്ലാഹിതന്നെ പുറത്തുചാടിയതിലെ ദുരൂഹമായവൈചിത്ര്യം- ഇതൊക്കെ വളരെ സെലക്ടീവ്‌ ആയ ഈ സംസ്കാരജീവികള്‍ കാണാതെ പോയതിനെക്കുറിച്ച്‌ ആലോചിക്കേണ്ടതാണ്‌.
ഇപ്പോള്‍ പ്രസ്താവനയിറക്കാന്‍ കൂടെ ചിലരെക്കൂടി കറിയാച്ചന്‌ ലഭിച്ചിരിക്കുന്നു. ചാര്‍വാകവിപ്രര്‍ ഇനിയുമുണ്ടാകാം; ഉണ്ടാവണമല്ലോ?

No comments: