Wednesday, October 24, 2012

വളരെ ശാന്തശീലരായ ആസാമി ജോലിക്കാരെ ബംഗളൂരും പൂനയിലും ചെന്നൈയിലും ഹൈദരാബാദിലും ആക്രമിച്ചവര്‍ ആരാണ്‌?


ആസാം കേഴുന്നു, കേരളം കേള്‍ക്കുമോ?


കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ബംഗളൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാരത വിഭജനത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു. ഹൗറ എക്സ്പ്രസിന്‌ താങ്ങാനാവുന്നതിന്റെ പലമടങ്ങ്‌ യാത്രക്കാരായപ്പോള്‍ ഗോഹട്ടി സ്പെഷ്യല്‍ എക്സ്പ്രസ്‌. ഈ രണ്ട്‌ തീവണ്ടികളും കാത്തിരിക്കുന്ന ആയിരങ്ങള്‍. 30,000 ത്തില്‍പ്പരം ആസാമി ജനത പോയിക്കഴിഞ്ഞുവെന്ന്‌ പറയുന്നു. ഈ കാഴ്ച ഇന്ത്യയില്‍ പല പട്ടണങ്ങളിലും ആവര്‍ത്തിച്ചു. ദൈന്യത നിറഞ്ഞ മുഖഭാവത്തോടെ ചെറിയ ഒരു ഭാഗമായി പോയവരാരും ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
ഈ പോയവരില്‍ ഒരാള്‍പോലും ബംഗളൂരിലെ ഐടി സ്ഥാപനത്തിലോ മറ്റേതെങ്കിലും ഉയര്‍ന്ന സ്ഥാപനത്തിലോ ജോലി ചെയ്യുന്നവരല്ല. ഈ ആസാമികള്‍ എല്ലാവരും ഏതെങ്കിലും റെഡിമെയ്ഡ്‌ കടകളില്‍ സെയില്‍സ്‌ ഗേള്‍ ആയി ജോലി നോക്കുന്നവര്‍ അല്ലെങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡ്‌ ആയി ജോലി നോക്കുന്നവര്‍ ഇതുമല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍. ഏറ്റവും കുറഞ്ഞ വേതനം കിട്ടുന്ന ഇത്തരം ജോലിക്കായി 2000 കി.മീ. താണ്ടി ഇവിടെ എത്തിയതിന്റെ സാമൂഹ്യ പശ്ചാത്തലം കൂടി കണക്കിലെടുക്കുമ്പോള്‍ ഭാരതവിഭജനത്തിന്റെ വിത്തുകള്‍ വീണ്ടും രൂപപ്പെടുന്നുവെന്നോ അല്ലെങ്കില്‍ അതിന്റെ ആവര്‍ത്തനങ്ങള്‍ അതിസങ്കീര്‍ണ്ണമായ തലത്തില്‍ നടക്കുന്നുവെന്നോ കാണാം.
ആസാമിലെ ബോഡോ പ്രദേശത്ത്‌ കഴിഞ്ഞ എട്ടാം തീയതി നടന്ന ദൗര്‍ഭാഗ്യകരമായ സംഘട്ടനം തദ്ദേശീയരായ ബോഡോകളും ബംഗ്ലാദേശില്‍നിന്ന്‌ വന്ന കുടിയേറ്റക്കാരും തമ്മിലുള്ളതായിരുന്നു. കേന്ദ്രഗവണ്‍മെന്റ്‌ പറയുന്നപോലെ ഇവര്‍ വിരുദ്ധ മതസ്ഥരായിരുന്നുവെന്നതായിരുന്നില്ല പ്രധാന പ്രശ്നം. ഈ കലാപത്തില്‍ ഇരു വിഭാഗക്കാര്‍ക്കും നാശനഷ്ടങ്ങളും മരണവും സംഭവിച്ചു. ഈ സംഭവത്തിന്റെ പേരില്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ ഓരോ നഗരത്തിലും ഉള്ള ബംഗാളികള്‍ എന്നറിയപ്പെടുന്ന യഥാര്‍ത്ഥ ബംഗ്ലാദേശികളെ ആരെങ്കിലും ആക്രമിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. പുര്‍ച്ച തലമുറയുടെ മതവിശ്വാസം പിന്‍തുടരുന്ന വളരെ ശാന്തശീലരായ ആസാമി ജോലിക്കാരെ ബംഗളൂരും പൂനയിലും ചെന്നൈയിലും ഹൈദരാബാദിലും ആക്രമിച്ചവര്‍ ആരാണ്‌?
തുംകൂരില്‍ നിന്ന്‌ ദിവസവും ഈ ലേഖകന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ വന്നുപോവുന്ന കന്നടക്കാരനായ ഇലക്ട്രീഷ്യന്‍ പറഞ്ഞു അവന്‌ ചെറിയ ആസാമി മുഖച്ഛായ ഉള്ളതുകൊണ്ടാണോ എന്നറിയില്ല. റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ പുറകില്‍നിന്ന്‌ ആരോ കല്ലെറിഞ്ഞ്‌ പരിക്കേല്‍പ്പിച്ചുവെന്ന്‌. ഒരു ടിബറ്റന്‍ വിദ്യാര്‍ത്ഥിയെ മൈസൂരില്‍ കുത്തി പരിക്കേല്‍പ്പിച്ചു. രണ്ട്‌ മണിപ്പൂരി പെണ്‍കുട്ടികളെ ബംഗളൂരില്‍ വെച്ച്‌ മാരകമായി തല്ലി പരിക്കേല്‍പ്പിച്ചു. ഇതെല്ലാം കാണിക്കുന്നത്‌ പെട്ടെന്ന്‌ പ്രകോപിതരാവുകയും മറ്റു മതസ്ഥരെ ആക്രമിക്കാന്‍ തയ്യാറാവുന്ന വലിയ ഒരു സമൂഹം നമ്മുടെ തെരുവോരങ്ങള്‍ നിറയെ ഉണ്ടെന്നതാണ്‌. ആസാമികളെ ആക്രമിച്ചതിന്റെ പേരില്‍ പൂനെയില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടവരുടെ പ്രായം 18 നും 22 നും ഇടയ്ക്കാണ്‌. ആസാമിലെ കലാപത്തിന്‌ പ്രതിഷേധ സൂചകമായി മുംബൈയില്‍ ആസാദ്‌ മൈതാനത്ത്‌ നടന്ന സമ്മേളനം നേതാക്കന്മാരുടെ വികാരം തുളുമ്പുന്ന വാക്കുകള്‍ കൊണ്ട്‌ അക്രമാസക്തരായ ജനക്കൂട്ടത്തെ സൃഷ്ടിച്ച്‌ കലാപമുണ്ടാക്കി രണ്ട്‌ പോലീസുകാര്‍ മരിച്ചു. അമര്‍ ജവാന്‍ ജ്യോതി ഈ രാജ്യദ്രോഹികള്‍ നശിപ്പിച്ചു. പൊതുജനങ്ങളെ അക്രമാസക്തരാക്കുന്ന നേതാക്കന്മാര്‍ക്ക്‌ നിര്‍ദ്ദേശം ലഭിക്കുന്നത്‌ പാക്കിസ്ഥാനില്‍നിന്ന്‌. മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്ന്‌ പാക്കിസ്ഥാനില്‍നിന്ന്‌ ഇന്റര്‍നെറ്റില്‍ വന്ന പടങ്ങള്‍ ഭൂകമ്പത്തിന്റെ ദൃശ്യങ്ങളായിരുന്നു. ചൈനീസ്‌ പ്രധാനമന്ത്രി ഇന്ത്യയില്‍ വന്നപ്പോള്‍ ടിബറ്റന്‍ യുവാവ്‌ സ്വയം തീകൊളുത്തിയത്‌ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുന്നതായി വ്യാജേന കാണിച്ചു. ഈ വീഡിയോകളുടെ നിജസ്ഥിതി അറിയാവുന്ന ഇന്ത്യയിലെ നേതാക്കള്‍ തന്നെയാണ്‌ പാവപ്പെട്ടവരായ ആളുകളെ പ്രകോപിതരാക്കി ജിഹാദികളാക്കുന്നത്‌. ഒരു എസ്‌എംഎസുകൊണ്ട്‌ വികാരാധീനരാവുന്ന മതാന്ധത ആറ്റംബോംബിനെക്കാള്‍ അപകടകാരിയാണ്‌. സാമൂഹ്യ അവബോധത്തോടെയുള്ള ശക്തമായ അച്ചുതണ്ട്‌ ഇതിനെതിരെ ഉണ്ടാക്കിയെടുക്കണം. പോലീസിനെക്കൊണ്ട്‌ മാത്രം സമാധാനം ഉണ്ടാക്കിയെടുക്കാനാവില്ല. ഉപമുഖ്യമന്ത്രി റെയില്‍വേ സ്റ്റേഷനില്‍ വന്ന്‌ സ്പീക്കറിലൂടെ അഭ്യര്‍ത്ഥിച്ചിട്ടും കൂട്ടാക്കാതെ ജനം ബംഗളൂരില്‍നിന്ന്‌ പലായനം ചെയ്തു. പിന്നീട്‌ പോലീസ്‌ റൂട്ട്‌ മാര്‍ച്ചും മാധ്യമങ്ങളുടെ ശക്തമായ കരുതലും ഒരു കലാപത്തില്‍നിന്നും നഗരത്തെ രക്ഷിച്ചുവെന്ന്‌ പറയണം.
ഇന്ത്യ മുഴുവന്‍ ആളിപ്പടരാന്‍ സാധ്യതയുള്ള വര്‍ഗീയ കലാപത്തിന്റെ വിത്തുകളെയാണ്‌ കഴിഞ്ഞ രണ്ടാഴ്ചക്കാലം ബംഗളൂരിലും മറ്റു പല നഗരങ്ങളിലും കണ്ടത്‌. ഇന്ത്യയില്‍ നടക്കുന്ന വര്‍ഗീയലഹളയുടെ ഘടനകളെല്ലാം ഇത്തരത്തില്‍ തന്നെയാണ്‌. പാക്കിസ്ഥാനിലെ മറ്റേതെങ്കിലും നഗരത്തില്‍നിന്നോ ചിലര്‍ ആസൂത്രണം ചെയ്യുന്നു. മത-രാഷ്ട്രീയ ദല്ലാളന്മാര്‍ ഇത്‌ നടപ്പിലാക്കുന്നു. മതാന്ധതയും അറിവില്ലായ്മയും ഇതിനെ കലാപമാക്കുന്നു. ഈ പ്രശ്നം പരിധി വിടുമ്പോള്‍ തിരിച്ചടിയാവുന്നു. ആസൂത്രണം ചെയ്തവര്‍ക്ക്‌ അപ്പോള്‍ ഇരട്ടിമധുരം. ഇന്ത്യയില്‍ ന്യൂനപക്ഷം ആക്രമിക്കപ്പെടുന്നുവെന്ന്‌ ലോകം മുഴുവന്‍ പറഞ്ഞു നടക്കാം. വാടകയ്ക്ക്‌ എടുക്കാവുന്ന മാധ്യമ പ്രവര്‍ത്തകരേയും മാധ്യമങ്ങളേയും എത്രതവണ വേണമെങ്കിലും സുലഭം.
ആരോടും പരാതി ഇല്ലാതെ ഓരോ ദിവസത്തെ അന്നത്തിനായി ഓടി നടക്കുകയും നാളയെപ്പറ്റി എന്തെന്ന്‌ അറിയുകയും ചെയ്യാത്ത സാധാരണക്കാരനാണ്‌ എന്നും തോറ്റുപോവുന്നത്‌. ഏത്‌ മതക്കാരനായാലും അവന്‌ അച്ഛനും അമ്മയും മക്കളും ഭാര്യയും സുഹൃത്തുക്കളുമെല്ലാമുണ്ട്‌. കലാപം ആസൂത്രണം ചെയ്യുന്നവര്‍ക്കും രാഷ്ട്രീയ ദല്ലാളന്മാര്‍ക്കും ഇതൊന്നുമില്ല. ഇവര്‍ക്ക്‌ വേണ്ടത്‌ അധികാരം അതിന്‌ ഉപാധിയായി വോട്ട്‌. ഇത്തരക്കാരാണ്‌ സുപ്രീം കോര്‍ട്ട്‌ വിലക്കിയിട്ടും ബംഗ്ലാദേശികളെ വോട്ടര്‍ ലിസ്റ്റില്‍ ചേര്‍ക്കുന്നത്‌. ആസാമിലെ 27 ജില്ലകളില്‍ 11 എണ്ണത്തിലും അനധികൃതമായി കുടിയേറ്റം നടത്തിയവര്‍ക്ക്‌ ഭൂരിപക്ഷം. 1979 മുതല്‍ 1985 വരെ ആസാമില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം അനധികൃത കുടിയേറ്റത്തിന്‌ എതിരെയായിരുന്നു. 1985 ല്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി സമരക്കാരുമായി കരാര്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം 1961 വരെ ആസാമില്‍ വന്നവരെ പൂര്‍ണ്ണ ഇന്ത്യക്കാരായി കണക്കാക്കും. 1961 മുതല്‍ 1971 വരെ വന്നവര്‍ക്ക്‌ വോട്ടവകാശം ഒഴിച്ച്‌ മറ്റ്‌ എല്ലാ അവകാശങ്ങളും നല്‍കും. 1971 ന്‌ ശേഷം വന്നവരെ ബംഗ്ലാദേശിലേക്ക്‌ തിരിച്ചയയ്ക്കും. ഈ കരാര്‍ ഒരിക്കലും നടപ്പാക്കിയില്ല. സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രസിഡന്റ്‌ ഇത്‌ സൂചിപ്പിച്ചു. ഇത്‌ നടപ്പാക്കാത്ത പക്ഷം ആസാം മാത്രമല്ല മുഴുവന്‍ വടക്ക്‌ കിഴക്കന്‍ മേഖലയും കാശ്മീരിന്റെ പാതയിലെത്തും. വേലക്കാരും വിരുന്നുകാരുമായി വന്നവര്‍ വീടു ഭരിക്കും. വീട്ടുകാര്‍ ഓടിപ്പോവേണ്ടിയും വരും.
ലോകത്ത്‌ ഏറ്റവും കൂടുതല്‍ ജനസാന്ദ്രത ഏറിയ പ്രദേശമാണ്‌ ബംഗ്ലാദേശ്‌. ദാരിദ്ര്യം, ദുര്‍ഭരണം, മതപരമായ അന്ധതയും അറിവില്ലായ്മയും കൊടുമുടി ഉയരത്തില്‍. ഇന്ത്യയുമായി ഭൂമിശാസ്ത്രപരമായി അതിര്‍വരമ്പ്‌ ഇല്ലാത്തത്‌ കൊണ്ട്‌ അതിര്‍ത്തി വളരെ സുതാര്യം. ബംഗ്ലാദേശില്‍ താമസിച്ച്‌ ഇവിടെ വന്ന്‌ വോട്ട്‌ ചെയ്യാന്‍ പോലും സൗകര്യമുണ്ടെന്നര്‍ത്ഥം. ഇന്ത്യയില്‍ പല നഗരങ്ങളിലായി അഞ്ച്‌ കോടി ബംഗ്ലാദേശികള്‍ ഉണ്ട്‌. അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളായിരുന്നു സിംഗൂരിലെ ടാറ്റാകാര്‍ ഫാക്ടറിയുടെ ഭൂമിയില്‍ പ്രശ്നക്കാരായത്‌. കര്‍ഷകരായ ബംഗാളികള്‍ പണം വാങ്ങി മുന്‍പേ തന്നെ ഒഴിഞ്ഞ്‌ പോയിരുന്നു. ഇപ്പോള്‍ കോടതി വിധി മമതാ ബാനര്‍ജിയ്ക്ക്‌ പ്രതികൂലമായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണ്‌. ബംഗ്ലാദേശികള്‍ എന്നും വോട്ട്‌ ബാങ്ക്‌ ആണ്‌. ഇപ്പോഴത്തെ ആസാം ഗവണ്‍മെന്റും മമതയുടെ ബംഗാള്‍ ഗവണ്‍മെന്റും ഇവരുടെ വോട്ട്‌ കൊണ്ട്‌ ഉണ്ടായതാണ്‌. അതുകൊണ്ട്‌ തന്നെ ആസാം ഗവണ്‍മെന്റും ബംഗാള്‍ ഗവണ്‍മെന്റും അനധികൃത ബംഗ്ലാദേശികളുടെ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്‌ എതിരെ ഒരക്ഷരം മിണ്ടില്ല. കേരളത്തില്‍ തൊഴിലാളികളായി എത്തുന്ന ബംഗ്ലാദേശികള്‍ക്ക്‌ വോട്ടര്‍ ഐഡി ഉണ്ടാക്കാന്‍ തിടുക്കപ്പെടുന്നവരുടെ ഉദ്ദേശ്യം വോട്ട്‌ ബാങ്ക്‌ തന്നെയാണ്‌. കുറച്ച്‌ കഴിഞ്ഞാല്‍ നമുക്ക്‌ ഒരു ബംഗ്ലാദേശി എംഎല്‍എ ഉണ്ടാവും.
സ്വന്തം നാട്ടില്‍നിന്ന്‌ രണ്ടായിരത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ച്‌ ബംഗളൂരില്‍ എത്തിയ ആസാമികള്‍ യഥാര്‍ത്ഥത്തില്‍ കാശ്മീരി പണ്ഡിറ്റുകളെപ്പോലെ അഭയാര്‍ത്ഥികളാണ്‌. 1947 ല്‍ 27ശതമാനം ഹിന്ദുക്കള്‍ ഉണ്ടായിരുന്ന ബംഗ്ലാദേശില്‍ ഇപ്പോള്‍ ഏഴ്‌ ശതമാനം മാത്രമേ അവശേഷിക്കുന്നുള്ളൂ. മറ്റുള്ളവര്‍ മതം മാറി. ഈ ഒരു മനസ്സ്‌ ഇല്ലാത്തതുകൊണ്ടാണ്‌ കുറഞ്ഞ വേതനത്തിനായി പോലും ഇന്ത്യയിലെ ഇതര പ്രദേശത്ത്‌ വന്ന്‌ ആസാമികള്‍ ജോലി നോക്കുന്നത്‌. തിരിച്ച്‌ ആസാമിലേക്ക്‌ പോവുന്നവര്‍ അവിടെ സുരക്ഷിതരല്ല. മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതുകൊണ്ട്‌ ഇവര്‍ തിരിച്ച്‌ പോവുന്നുവെന്ന്‌ മാത്രം. സോണിയാഗാന്ധിയുടെ പ്രസ്താവന ബംഗ്ലാദേശികളെ സംരക്ഷിക്കാന്‍ മാത്രമായുള്ളതാണ്‌. തദ്ദേശീയരെ ഉദ്ദേശിച്ച്‌ അവര്‍ മറ്റ്‌ പ്രദേശങ്ങളില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പോലും ഒരു പ്രസ്താവന ഇറക്കാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി തയ്യാറായില്ല. ആസാമികളെ ആക്രമിച്ച പ്രശ്നം ലഘുവാക്കിക്കാണാനാണ്‌ ഓരോ കേന്ദ്രമന്ത്രിയും ശ്രമിച്ചത്‌. ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിംഗ്‌ മാത്രം ഒരു വലിയ ദൗത്യം ഏറ്റെടുത്തു. ആഗസ്റ്റ്‌ 18 ന്‌ നടന്ന പത്രസമ്മേളനത്തില്‍ ഈ പ്രശ്നത്തിന്റെ ഉത്തരവാദി പാക്കിസ്ഥാനാണെന്ന്‌ സധൈര്യം പ്രഖ്യാപിച്ചു. പാക്കിസ്ഥാന്‍ എത്ര നിഷേധിച്ചാലും തെളിവ്‌ സഹിതം ഇത്‌ സമര്‍ത്ഥിക്കാനാവും എന്നു പറഞ്ഞു. വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ അധികാര കേന്ദ്രത്തിന്റെ തലപ്പത്ത്‌ ഉള്ളപ്പോള്‍ ഇങ്ങനെ സെക്രട്ടറി ഉണ്ടായത്‌ നമ്മുടെ ഭാഗ്യമാണ്‌ എന്ന്‌ പറയാം. ഹൗറ എക്സ്പ്രസ്‌ കാത്ത്‌ നില്‍ക്കുന്ന ആസാമികള്‍ ഇപ്പോഴും യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ട്‌, എന്നിരുന്നാലും പോയവര്‍ തിരിച്ചുവരുമെന്നുറപ്പാണ്‌, കാരണം അവര്‍ ആസാമിലും സുരക്ഷിതരല്ല. ആസാമിലെ മതപരമായ ജനസംഖ്യ അനുപാതമാണ്‌ കേരളത്തിലും ഉള്ളത്‌. നമുക്ക്‌ ഇങ്ങനെ ഒരു വിധി ഉണ്ടാവാതിരിക്കട്ടെ. അതിനായി കരുതിയിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

No comments: