Tuesday, October 11, 2011

റസൂല്‍ പൂക്കുട്ടിയെക്കണ്ട്‌ റഹ്മാന്‍ പഠിക്കുമോ?

എ.ആര്‍. റഹ്മാന്‍ ഓരോ ഇന്ത്യക്കാരന്റേയും അഭിമാനമാണ്‌. ഭാരതത്തിന്റെ സംഗീതം റഹ്മാന്റേതാക്കി പാശ്ചാത്യലോകവും "പുരോഗമന മതേതര സംഗീതക്കാരും" മാറ്റിക്കഴിഞ്ഞിരിക്കുന്നു. അള്ളാ രേഖാ റഹ്മാന്‍ എന്ന്‌ സ്വയം പേര്‌ നല്‍കിയ ആര്‍.കെ.ശേഖറിന്റെ ദിലീപ്‌ എന്ന ചെറുപയ്യന്റെ കുട്ടിക്കാലം അദ്ദേഹം പോലും മറന്നു പോയിരിക്കുന്നു എന്ന വാര്‍ത്തയാണ്‌ റഹ്മാനെക്കുറിച്ച്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ടൈറ്റില്‍ ഗാനത്തിലൂടെ നാം ശ്രദ്ധിച്ചു പോകുന്നത്‌.

ഭാരതത്തിന്‌ ഓസ്കര്‍ തേടിത്തന്ന എ.ആര്‍.റഹ്മാന്‍ വാഴ്ത്തപ്പെട്ടവന്‍ തന്നെയായിരുന്നു. റഹ്മാന്റെ ജയ്ഹോ ലോക പ്രശസ്തമായി മാറുമ്പോള്‍ ഓരോ ഭാരതീയനും അഭിമാനം കൊണ്ടു. ഓസ്കര്‍ വേദിയില്‍ വെച്ച്‌ റഹ്മാന്‍ പുരസ്കാരമേറ്റുവാങ്ങുമ്പോള്‍ സംഗീതത്തിലെ തന്റെ ഗുരുവായ പിതാവിനെക്കുറിച്ച്‌ ഒരു വാക്കുരിയാടിയില്ല. ദാരിദ്ര്യംകൊണ്ട്‌ പൊറുതിമുട്ടിയപ്പോള്‍ തന്റെ സംഗീത ട്രൂപ്പിലേക്ക്‌ വയലിന്‍ വായിക്കാന്‍ വിളിച്ച ഭാരതത്തിന്റെ മഹാസംഗീത പ്രതിഭയായ ഇളയരാജയെക്കുറിച്ച്‌ 'കമ' എന്നുരിയാടിയില്ല. തന്റെ സംസ്കാരത്തെയോ ഭാരതീയ സംഗീതമാണ്‌ തന്നെ ഒസ്കാറിലെത്തിച്ചതെന്നോ റഹ്മാന്‍ സന്തോഷംകൊണ്ട്‌ പറയാന്‍ മറന്നതാവുമോ? ഒരിക്കലുമല്ല.

ഇവിടെയാണ്‌ റഹ്മാന്റെ 'ജയ്ഹോ' അദ്ദേഹം ഭാരതീയ സംഗീതത്തില്‍നിന്ന്‌ അടിച്ചുമാറ്റിയതാണെന്ന്‌ നാമറിയേണ്ടത്‌. എം.പി. ശങ്കുണ്ണിനായരുടെ ഛത്രവും ചാമരവുമെന്ന ഗ്രന്ഥത്തിലെ വരികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്‌ ജയ്ഹോ റഹ്മാന്റെ സൃഷ്ടിയല്ല എന്നാണ്‌. അത്‌ ഭാരതീയ സംഗീതത്തിന്റെ അടിത്തറയായ സാമവേദത്തില്‍നിന്നുള്ള പുനഃസൃഷ്ടിമാത്രമാണ്‌. ഭാരതീയരുടെ ഏറ്റവും പഴയ ഗാനസാഹിത്യം സാമവേദമാണ്‌.

"ഒരു ഗാനത്തെ പ്രസ്താവം, അഡ്ജെഥം, പ്രതിഹാരം, ഉപദ്രവം, നിധനം എന്നീ അഞ്ച്‌ ഖണ്ഡങ്ങളാക്കുന്നു. പാടാന്‍ ഒരാള്‍ മാത്രമല്ല, സാമവേദത്തിന്‌ നാല്‌ ഋത്വിക്കുകളുണ്ട്‌. "ഹോ"മുഴക്കുന്ന ഉപഗാതാക്കള്‍ വേറെയും ചില ഭാഗം ഒറ്റയ്ക്ക്‌ പാടുന്നു; ചില ഭാഗം കൂട്ടുചേര്‍ന്നാണ്‌ പാടുക. ആവര്‍ത്തിക്കുന്ന ഭാഗങ്ങളുണ്ട്‌. പദങ്ങളെ അവയുടെ നടുവിലും മുറിക്കാം. അക്ഷരക്രമം മാറ്റാം. ഹും, ഓം എന്നും മറ്റും സ്തോഭാക്ഷരങ്ങള്‍ ഇടയില്‍ ചേര്‍ക്കും. ഇങ്ങനെ സാമഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നു." (ഛത്രവും ചാമരവും പേജ്‌ 101
)

ചുരുക്കത്തില്‍ സാമം എന്നാല്‍ പ്രീതിപ്പെടുത്തുന്നത്‌ എന്നാണര്‍ത്ഥം. റഹ്മാന്‍ 'ജയ്ഹോ' എന്ന ഗാനംകൊണ്ട്‌ ഇന്ത്യക്കാരേയും പാശ്ചാത്യരേയും പ്രീതിപ്പെടുത്തിയിരിക്കുന്നു. റഹ്മാന്‍ തൊട്ടതെല്ലാം പൊന്നാക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്‌.

റഹ്മാന്റെ വളര്‍ച്ചയില്‍ പതറിപ്പോയ ഇളയരാജയുടെ ഗ്രാമ്യസംഗീതം ദക്ഷിണേന്ത്യക്കാരന്റെ സിരകളിലൂടെ നവോന്മേഷം കൈവരിക്കുന്നത്‌ കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌.

എ.ആര്‍.റഹ്മാനെന്ന വിഗ്രഹവും ഉടയുകയാണ്‌. 2010 ലെ ദല്‍ഹി കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഇന്ത്യക്ക്‌ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്‌ സംതൃപ്തമായ അനുഭവങ്ങളല്ല. അഴിമതിയുടെ റാങ്കില്‍ 180 രാജ്യങ്ങളില്‍ ഇന്ത്യ 84-ാ‍ം സ്ഥാനത്താണെന്ന പഠനറിപ്പോര്‍ട്ട്‌ .2010 ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ എ.ആര്‍.റഹ്മാനെന്ന വാഴ്ത്തപ്പെട്ട കലാകാരന്റെ തനിനിറവും നമ്മെ കാണിച്ചിരിക്കുന്നു. "ജിയോ ഉഠോ ബഡോ ജീത്തോ" എന്ന ടൈറ്റില്‍ ഗാനത്തിന്‌ അദ്ദേഹം വാങ്ങിയ പ്രതിഫലം ആറുകോടിയോളം വരുമെന്ന്‌ കേട്ടാല്‍ ദേശസ്നേഹിയായ ഭാരതീയന്‍ ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇതിനുമുമ്പ്‌ ഇന്ത്യയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ടൈറ്റില്‍ഗാനമൊരുക്കിയ വിഖ്യാത സംഗീത പ്രതിഭ പണ്ഡിറ്റ്‌ രവിശങ്കര്‍ ഒരു ചില്ലിക്കാശുപോലും വാങ്ങാതെയാണെന്നതും നാമോര്‍ക്കേണ്ടതാണ്‌.

റഹ്മാന്‍ വന്ന വഴികള്‍ മറന്നുപോകുകയാണ്‌. സംഗീതം സാധനയും ആരാധനയുമാണ്‌. സംഗീതത്തെ വെറും വില്‍പ്പനച്ചരക്കാക്കി മാറ്റുന്ന മനോഭാവം ഒരു ഉന്നത കലാകാരന്‌ ചേര്‍ന്നതല്ല. ഒരു ഓസ്കര്‍ അവാര്‍ഡ്‌ കൊണ്ട്‌ നേടിയ ആദരവിനേക്കാളും ആദരവ്‌ റഹ്മാന്‌ നേടാന്‍ കഴിയുമായിരുന്നു കോമണ്‍വെല്‍ത്തിന്‌ തന്റെ വകയായി സംഗീതസംഭാവനയായി ഒരു ടൈറ്റില്‍ ഗാനം. ഈ രാജ്യത്തിന്‌ നല്‍കുന്ന ഗുരുദക്ഷിണയാവുമായിരുന്നു ആ ഗാനം.

ഇവിടെയാണ്‌ നാം റസൂല്‍പൂക്കുട്ടിയെന്ന വിശ്വകലാകാരനെ ഓര്‍ത്തുപോകുക. ഓസ്കര്‍ അവാര്‍ഡ്‌ വേളയിലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു ഭാരതീയനും മറക്കില്ല.

"എന്റെ രാജ്യത്തിനു ലഭിച്ച ശിവരാത്രി സമ്മാനമാണ്‌" എന്നുപറയാനുള്ള വിനയവും ധൈര്യവും റസൂല്‍ പൂക്കുട്ടിക്കല്ലാതെ മറ്റാര്‍ക്കാണ്‌ കഴിയുക. എ.ആര്‍.റഹ്മാന്‍ തോറ്റനിമിഷം അന്നായിരുന്നു. ഇപ്പോഴിതാ റഹ്മാന്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിലൂടെയും തന്റെ തനിനിറം കാട്ടിയിരിക്കുന്നു. തന്റെ ഗുരുനാഥന്‌ സമാനമായ ഇളയരാജയ്ക്കോ തന്റെ പിതാവായ ആര്‍.കെ.ശേഖറിനുപോലുമോ സമര്‍പ്പിക്കാനുള്ള സന്മനസ്സ്‌ കാണിക്കാത്ത റഹ്മാന്‌ കാലം നല്‍കിയ ശിക്ഷയാണ്‌ "ജിയോ ഉഠോ ബഡോ ജീത്തോ"യുടെ പരാജയം സൂചിപ്പിക്കുന്നത്‌
.

റസൂല്‍പൂക്കുട്ടി വീണ്ടും വിജയിക്കുന്നത്‌ ഇത്തവണത്തെ ദേശീയ സിനിമാ അവാര്‍ഡ്‌ ലഭിച്ചപ്പോഴുള്ള പ്രതികരണം കാണുമ്പോഴാണ്‌. പഴശ്ശിരാജയില്‍ ശബ്ദമിശ്രണത്തിന്‌ തന്നോടൊപ്പം പ്രവര്‍ത്തിച്ച അമൃത്‌ പ്രീതത്തിനും അവാര്‍ഡ്‌ നല്‍കണമെന്ന്‌ പറഞ്ഞുകൊണ്ട്‌ കേന്ദ്രവാര്‍ത്താവിനിമയ മന്ത്രാലയ സെക്രട്ടറിക്ക്‌ കത്തെഴുതിയതിലൂടെ റസൂല്‍ മാതൃകയായിരിക്കുകയാണ്‌ വീണ്ടും. തനിക്ക്‌ കിട്ടിയ അവാര്‍ഡ്‌ പങ്കിടാന്‍ തയ്യാറാണ്‌ എന്ന പൂക്കുട്ടിയുടെ കത്ത്‌ വിനയത്തിന്റെ ഭാഷയാണ്‌.
റസൂല്‍പൂക്കുട്ടി യുവതലമുറയ്ക്ക്‌ പുതിയ ദിശാബോധം നല്‍കുകയാണ്‌. ഒരു കലാകാരന്‍ സമൂഹത്തിന്‌ നല്‍കേണ്ട നന്മകളെക്കുറിച്ചുള്ള സുകൃതവീഥികള്‍ കാണിച്ചുതരികയാണ്‌ റസൂല്‍. മായികവലയത്തില്‍പ്പെട്ട ആര്‍ത്തിപൂണ്ട ഉപഭോഗ തൃഷ്ണയുടെ പ്രതീകമല്ല കലാകാരന്‍. തനിക്ക്‌ കിട്ടുന്നത്‌ പങ്കുവെയ്ക്കുകയും കിട്ടാത്തതിനെച്ചൊല്ലി വിവാദമുണ്ടാക്കാതിരിക്കുകയും ചെയ്യുമ്പോള്‍ കലാകാരന്‍ സമൂഹത്തിന്റെ വെളിച്ചമാകുന്നു.റസൂല്‍ ഭാരതത്തിന്‌ ലഭിച്ച യഥാര്‍ത്ഥ അള്ളാ രേഖാ റസൂലാണ്‌. പുണ്യ റസൂലിന്റെ തിരുമൊഴികളെപ്പോലെ റസൂല്‍പൂക്കുട്ടിയുടെ വാക്കുകള്‍ ഭാരതീയര്‍ക്ക്‌ അമൃതവചനങ്ങള്‍ തന്നെയാണ്‌

No comments: