Tuesday, October 11, 2011

വിഷു - മലയാളത്തിന്റെ കാര്‍ഷികോത്സവം


വിഷു - മലയാളത്തിന്റെ കാര്‍ഷികോത്സവം






കേരളത്തിലെ കാര്‍ഷികോത്സവമാണ്‌ വിഷു. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. 

ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. വിഷുവിന് അരിമാവണിയിച്ച് പൂജിച്ച കലപ്പയും കൈക്കോട്ടുമായി പുരുഷന്മാര്‍ കാരണവരുടെ നേതൃത്വത്തില്‍ വയലിലേക്ക് ഇറങ്ങും. നേദിച്ച അട വയലില്‍ സമര്‍പ്പിച്ച ശേഷം ചെറു ചാലുകള്‍ കീറി ചാണകവും പച്ചിലയും ഇട്ട് മൂടുന്നു. ഇതിനാണ് വിഷുച്ചാല്‍ കീറുക എന്ന് പറയുന്നത്.

മേട വിഷുവും തുലാ വിഷുവും ഉണ്ട്. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നു പറയുന്നു. ഈ വിശേഷ ദിവസങ്ങള്‍ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ പതിറ്റുപത്ത് എന്ന് കൃതിയിലുണ്ട്. എന്നാല്‍ വര്‍ഷാരംഭമായി കേരളത്തില്‍ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവര്‍ഷാരംഭത്തോടെ ആയിരിക്കണം. വിഷുവില്‍ പ്രധാനമായ മഹാവിഷു ഇപ്പോള്‍ 24 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന്‌ കാരണം. 

പണ്ട്‌ മേഷാദി മേടത്തില്‍ ആയിരുന്നു. എന്നാല്‍ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോള്‍ മീനം രാശിയിലാണ്‌. എന്നിട്ടും നമ്മള്‍ വിഷു ആഘോഷിക്കുന്നത്‌ മേടത്തിലാണ്. ഇതേ പോലെ തുലാദി ഇപ്പോള്‍ കന്നി രാശിയിലാണ്‌. വിഷുവിന് ഉച്ചക്ക്‌ വിഭവസമൃദ്ധമായ സദ്യ ഒരുക്കാറുണ്ട്. സദ്യയില്‍ മാമ്പഴപുളിശ്ശേരി നിര്‍ബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയില്‍ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളില്‍ ചക്കയും മാങ്ങയും നിറഞ്ഞു നില്‍ക്കുന്ന കാലമായതുകൊണ്ടാവാമിത്‌.

തലേനാള്‍ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വര്‍ഷത്തെ വരവേല്‍ക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളില്‍ പടക്കം പൊട്ടിച്ചു തുടങ്ങുകയായി. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകിട്ടാര്‍ന്നതുമായ വിഷുപ്പടക്കങ്ങള്‍ കത്തിക്കുന്നത് കേരളത്തില്‍ പതിവാണ്. ഇത് വിഷുനാളിലും കാലത്ത് കണികണ്ടശേഷവും വൈകീട്ടും തുടരുന്നു
കണികാണും നേരം
സമഭാവനയുടെയും ആഹ്ലാദത്തിന്റെയും, സമൃദ്ധിയുടെയും നിറവായി ഒരു വിഷു കൂടി. പൊള്ളുന്ന മീന വേനലിന്റെ ദയാരഹിത പകലുകള്‍ക്ക്‌ അറുതി. ഋതുഭേദങ്ങളില്‍ പ്രകൃതിയുടെ ആര്‍ദ്ര താളം. സമൃദ്ധിയുടെ സ്വര്‍ണ നൂലിഴകള്‍ പാകി പ്രകൃതി അണിഞ്ഞൊരുങ്ങുകയാണ്‌. ഐശ്വര്യത്തിന്റെ സന്ദേശവുമായി വീണ്ടുമൊരു വിഷുപ്പുലരി കൂടി; സമൃദ്ധിയുടെ നാളുകളിലേക്ക്‌ നമ്മെ നയിക്കുവാന്‍. ജീവിതത്തിന്റെ കലപില ശബ്ദങ്ങള്‍ക്കിടയില്‍ നിന്ന്‌ അടര്‍ത്തിമാറ്റി മലയാളികള്‍ക്ക്‌ മാത്രമായി ഒരു ദിവസം നവോന്മേഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിറപറകള്‍ ഒരുക്കി ഈ വിഷുവിനെയും കേരളം വരവേല്‍ക്കുന്നു.

വിഷുവിനെ സംബന്ധിച്ച്‌ നിരവധി ഐതിഹ്യങ്ങള്‍ പുരാണങ്ങളില്‍ കാണുന്നു. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ച ദിനമാണ്‌ വിഷുവെന്നും നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ച ദിവസമാണ്‌ വിഷുവെന്നും പുരാണങ്ങളില്‍ പ്രതിപാദിക്കുന്നു. ഏതായാലും തിന്മയുടെ മേല്‍ വിജയം കുറിച്ച ദിവസമാണിത്‌. വിഷുദിനത്തില്‍ സൂര്യന്‍ ഭൂമദ്ധ്യരേഖയ്ക്ക്‌ നേരെ വരുന്നു. രാത്രിയും പകലും തുല്യമായി വരുന്ന ദിവസം എന്നതാണ്‌ വിഷുവിന്റെ ജ്യോതി ശാസ്ത്ര പ്രസക്തി. തമിഴര്‍ക്ക്‌ ഇത്‌ പുതുവത്സര ദിനം കൂടിയാണ്‌. നമ്മുടെ മനസ്സും കാലവുമെല്ലാം മാറിപ്പോയെങ്കിലും അപൂര്‍വമായി ഒരു നിയോഗം പോലെ നാട്ടിന്‍പുറങ്ങളില്‍ പൂത്തുലയുന്ന കണിക്കൊന്നകള്‍. കണികാണാനും കൈനീട്ടം വാങ്ങാനും കാത്തിരിക്കുന്ന വിഷുപുലരി. ആഹ്ലാദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ തേടുന്ന മേടപ്പകല്‍. പ്രകൃതിയാകെ മഞ്ഞയുടെ ശോഭയില്‍ കുളിച്ചൊരുങ്ങുന്നു. തൊടികളിലെങ്ങും പൊന്നരഞ്ഞാണം തൂക്കി നില്‍ക്കുന്ന കണിക്കൊന്നകള്‍ പ്രകൃതിയുടെ ഗൃഹാതുരത്വം കലര്‍ന്ന ഒരു വികാരമായി മനസ്സിലേക്ക്‌ പെയ്തിറങ്ങുന്നു. ഒപ്പം വിത്തും കൈക്കോട്ടും പാടി വിഷുപക്ഷിയെത്തും. 

കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി
കനകക്കിങ്ങിണി വളകള്‍ മോതിരം 
അണിഞ്ഞുകാണേണം ഭഗവാനെ - എന്ന പ്രാര്‍ത്ഥനയും പ്രശസ്തമാണല്ലോ.

വിഷു കുട്ടികളുടെ ഉത്സവമാണ്‌. പടക്കം പൊട്ടിക്കല്‍, പൂത്തിരികത്തിച്ച്‌ നിര്‍വൃതിനേടാന്‍ കൊതിക്കാത്ത കുട്ടികളില്ല. വേനലവധിയുടെ കളികളത്തില്‍ തമിര്‍ക്കുന്ന കുട്ടികള്‍ക്ക്‌ മുന്നില്‍ വിഷു ആഹ്ലാദത്തിന്റെ ലോകം തുറക്കുന്നു, പുത്തനുടുപ്പുകളും വിഷുസദ്യയും എല്ലാറ്റിനുമുപരി വിഷുപ്പടക്കങ്ങളും കുട്ടികള്‍ക്ക്‌ ഹരമേകുകയും പ്രായഭേദമേന്യേ ഏവരെയും ആകര്‍ഷിക്കുകയും ചെയ്യുന്നു. വിഷുപ്പക്ഷി പാടിയെത്തുമ്പോള്‍ മലയാളി കര്‍ഷകര്‍ ഒരു വര്‍ഷത്തേക്കുള്ള കാര്‍ഷിക വൃത്തിയുടെ തുടക്കം കുറിക്കുന്നു. വിഷുപ്പുലരിയില്‍ ചപ്പുചവറുകള്‍ അടിച്ചുകൂട്ടി തീയിടുന്നതും അതിന്റെ വെളിച്ചം ഫലവൃക്ഷാദികളെയും വളര്‍ത്തുമൃഗാദികളെയും കാണിക്കുന്നതും ഐശ്വര്യ ദായകമാണെന്നാണ്‌ വിശ്വാസം. 

പക്ഷെ ഇന്ന്‌ വിഷുവിന്റെ പ്രാധാന്യത്തിന്‌ മങ്ങലേറ്റു കൊണ്ടിരിക്കുന്നു. വയലുകളില്‍ പുത്തന്‍ കലപ്പകൊണ്ട്‌ ചാല്‍ കീറി വിത്ത്‌ ഇടുന്ന പതിവ്‌ ഇന്നില്ല. കണിക്കൊന്നപോലും കാലം തെറ്റിയാണ്‌ പൂക്കുന്നത്‌. വിഷുവിന്റെ വരവു വിളിച്ചറിക്കുന്ന വിഷുപക്ഷിയുടെ മനോഹരഗാനം കേള്‍ക്കാനെ ഇല്ല. ശിവകാശിയില്‍നിന്നെത്തുന്ന പടക്കങ്ങളും, തമിഴ്‌നാട്ടില്‍നിന്ന്‌ ഇറക്കുമതി ചെയ്യുന്ന പൊന്‍ വെള്ളരിയും, വര്‍ണപൂക്കളുമാണ്‌ നമ്മുടെ ആഘോഷങ്ങള്‍ക്ക്‌ മാറ്റ്‌ കൂട്ടുന്നത്‌. ആധുനികതയുടെ ഉപഭോഗ ഭ്രാന്തില്‍ ആണ്ടുമുങ്ങിയ മനുഷ്യന്‍ ജാതിയുടെയും വര്‍ഗത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ പരസ്പരം കൊലവിളി മുഴക്കുമ്പോള്‍ വിഷുപോലുള്ള ആഘോഷങ്ങള്‍ക്ക്‌ ഗ്രാമീണ ഭാവവും തനിമയും നഷ്ടമാകുന്നു.

‘സമരാത്രിന്ദിവേകാലേ
വിഷുവദ്വിഷുവം ചതത്‌‘ എന്നാണ്‌ അമരകോശവചനം. രാപ്പകലുകള്‍ തുല്യമാകുന്ന പുണ്യദിനം പക്ഷേ അയന ചലനങ്ങളിലെ മാറ്റം മൂലം രാപ്പകലുകള്‍ തുല്യമാകുന്ന പുണ്യദിനം. നമ്മുടെ സമൂഹത്തില്‍ അത്രയേറെ ആഴത്തില്‍ പേരുപടര്‍ത്തിയ ഉത്സവമാണിത്‌. വ്യക്തിഗത ദുഃഖങ്ങള്‍ക്ക്‌ 24 മണിക്കൂര്‍ അവധികൊടുത്ത്‌ തിരക്കുകളെല്ലാം ഒരു ദിവസത്തേക്ക്‌ മാറ്റി വെച്ച്‌ സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും ഈ മഹോത്സവം നമ്മുക്ക്‌ ആഘോഷിക്കാം. ഐശ്വര്യ പൂര്‍ണവും വിഭവ സമൃദ്ധവും സമാധാന പൂര്‍ണവുമായ ഒരു പുതുവര്‍ഷം നേരാം. ഉണ്ണിക്കണ്ണനെ കണികണ്ടുണരാം
കണിക്കൊന്നയുടെ ഐതീഹ്യപ്പെരുമ
പ്രകൃതി താനേ ഒരുക്കുന്ന ഒരു ഉത്സവത്തിന്റെ പരിഛേദമാണ് വിഷു. മീനത്തിലെ കൊടുംവേനലില്‍ ഭൂമി കരിഞ്ഞുണങ്ങി നില്‌ക്കുമ്പോള്‍ നാട്ടിലെ കൊന്നമരങ്ങള്‍ ഇലകൊഴിച്ച്‌ നിറയെ മഞ്ഞപ്പൂക്കളുമായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് നയനാന്ദകരമായ കാഴ്ചയാണ്. ഈ സമയത്ത് നിറച്ചാര്‍ത്തുമായി മറ്റൊരു വൃക്ഷവും പൂത്തുവിലസാറില്ല. സൗവര്‍ണ്ണമായ സങ്കല്പങ്ങള്‍ക്ക് ചാരുത പകരുന്ന ഈ കൊന്നപ്പൂക്കള്‍ പ്രകൃതിയുടെ വിഷുക്കൈനീട്ടമാണ്. 

കണിക്കൊന്നകള്‍ക്ക്‌ ഐതിഹ്യപ്പെരുമകള്‍ ഏറെയുണ്ട്. അമ്പലത്തില്‍ കിടന്നുറങ്ങിപ്പോയ പാവപ്പെട്ട ഉണ്ണിയെക്കാണാതെ പൂജാരി അമ്പലം പൂട്ടിപോയി. കുട്ടി ഉറക്കമുണര്‍ന്നപ്പോള്‍ അവിടെ ആരുമില്ല. ഒറ്റക്കിരുന്നു കളിക്കുമ്പോള്‍ കൂട്ടിനായി ഉണ്ണികണ്ണനുമെത്തിയത്രേ. അപ്പോള്‍ തന്റെ അരമണി കളിക്കാനായി ഉണ്ണികണ്ണന്‍ കുട്ടിയ്ക്ക്‌ നല്‍കി. പിറ്റേന്ന്‌ വിഗ്രഹത്തിനുമേലുള്ള അരമണി കുട്ടിയുടെ അരയില്‍ കണ്ടപ്പോള്‍ പൂജാരി കുട്ടിയെ തല്ലി. അപ്പോള്‍ അശരീരിയായി ‘അരുതേ’ എന്ന ശബ്ദം കേട്ടു. അതിനുമുമ്പുതന്നെ കുട്ടി ഈ അരമണി എനിക്ക്‌ വേണ്ട എന്നു പറഞ്ഞ്‌ വലിച്ചെറിഞ്ഞു. അത്‌ തൊട്ടടുത്ത മരച്ചില്ലയില്‍ ചെന്ന്‌ പതിച്ച്‌ കൊന്നപ്പൂവായി മാറിയെന്നാണ്‌ ഐതിഹ്യം. 

കഠിന തപസ്സിലൂടെ ഗര്‍ഗമുനി നേടിയ സിദ്ധികള്‍ ഇല്ലാതാക്കാന്‍ ഇന്ദ്രന്‍ ഒരു ദേവാംഗനയെ അയച്ചു. തന്നെ ഭ്രമിപ്പിക്കുന്നത്‌ ആ ദേവാംഗനയുടെ സൗന്ദര്യത്തേക്കാളും അവള്‍ചൂടിയ കൊന്ന പൂക്കളുടെ അഴകാണെന്ന്‌ ഗര്‍ഗമുനി മനസ്സിലാക്കി. അതോടെ പൂവിനെ മുനി ശപിച്ചു. ആരും തലയില്‍ ചൂടാതെ പൂജക്കെടുക്കാത്ത പൂവായിപ്പോകട്ടെ എന്ന്. കൊന്ന മരത്തിന്റെ മഞ്ഞ വിതാനത്തിനു താഴെവച്ചാണത്രെ ദുഷ്യന്തനും ശകുന്തളയും പ്രഥമ ദര്‍ശനത്താല്‍ അനുരക്തരായത്‌. 

വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളില്‍ പറയുന്നത്‌. വിഷുവിന് കണികണ്ടുണരാന്‍ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളില്‍ പ്രധാനമാണ് കണിക്കൊന്നപ്പൂക്കള്‍. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തില്‍ നിന്നാണ്. സംസ്കൃതത്തില്‍ കര്‍ണ്ണികാരമെന്നാണ് കൊന്ന അറിയപ്പെടുന്നത്. ശാസ്ത്രീയ നാമം കാഷ്യഫിസ്റ്റുല. ആരഗ്വധ, രാജവൃക്ഷ എന്നും സംസ്കൃതത്തില്‍ കൊന്നയെ പറയുന്നു. 

കൊന്നയ്ക്ക് ഔഷധ ഗുണമുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം ഇല്ലായ്മ ചെയ്യാനും, വാതം, പിത്തം, കഫം എന്നീ ത്രീദോഷങ്ങള്‍ ശമിപ്പിക്കാനും കൊന്നപ്പൂ നല്ലതാണ്. കൊന്നയുടെ തോല്‍ കഷായം വച്ച് രാവിലെയും വൈകുന്നേരവും സേവിച്ചാല്‍ ത്വക് രോഗങ്ങള്‍ മാറിക്കിട്ടും. ഇന്ത്യ, ശ്രീലങ്ക, മ്യാന്മാര്‍ എന്നിവിടങ്ങളില്‍ കണിക്കൊന്ന സമൃദ്ധമായി വളരുന്നു
വിഷുക്കൈനീട്ടവും വിഷുഫലവും
ധനലക്ഷ്മിയെ ആദരിക്കലാണ് വിഷുക്കൈനീട്ടം. ഇത് ഒരു വര്‍ഷത്തെ സമൃദ്ധിയുടെ സൂചകമായാണ് കാണുന്നത്. കുടുംബസ്വത്തിന്റെ ചെറിയൊരു പങ്ക് എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കുന്നു എന്നതിന്റെ പ്രതീകമാണ് വിഷുക്കൈനീട്ടം. അച്ഛനോ മുത്തശ്ശനോ അമ്മാവനോ വീട്ടിലെ മുതിര്‍ന്നവരോ ആണ് കൈനീട്ടം നല്‍കുക. കണി ഉരുളിയിലെ നെല്ലും അരിയും കൊന്നപ്പൂവും സ്വര്‍ണ്ണവും ചേര്‍ത്തുവേണം വിഷുക്കൈനീട്ടം നല്‍കാന്‍. 

നാണയമാണ് കൈനീട്ടമായി നല്‍കുക. (ഇപ്പോള്‍ സൗകര്യത്തിന് നോട്ടുകള്‍ നല്‍കാറുണ്ട്.). കൈയില്‍ കിട്ടിയ നാണയമെടുത്ത് സ്വര്‍ണ്ണവും ധാന്യവും തിരിച്ചു വയ്ക്കും. കൊന്നപ്പൂ കണ്ണോടു ചേര്‍ത്ത് തലയില്‍ ചൂടും. വിഷു ദിനം കണിയാന്മാരും രാശിക്കാരുമൊക്കെ വിഷുഫലം വായിക്കുന്ന ഏര്‍പ്പാട്‌ പണ്ട്‌ ഉണ്ടായിരുന്നു. ഓരോരുത്തരുടെയും നക്ഷത്രം നോക്കിയുള്ള ഫലവും. മൊത്തത്തിലുള്ള ഒരാണ്ടത്തെ ഫലവുമൊക്കെ രാശിക്കാര്‍ എഴുതി തയ്യാറാക്കുമായിരുന്നു. പുതുവര്‍ഷത്തില്‍ ഉണ്ടാകാവുന്ന ഋതുഭേദങ്ങളും കാലപ്പിഴകളുമൊക്കെ ഇക്കൂട്ടര്‍ പ്രവചിക്കുമായിരുന്നു. 

ഗ്രഹങ്ങളുടെ നിലക്കനുസൃതമായാണ്‌ മനുഷ്യന്റെ ഭാവി എന്ന ധാരണയോടെയാണ്‌ നാള്‍ നോക്കിയുള്ള പ്രവചനം നടത്തുക. നാടിനെ പൊതുവേ ബാധിക്കാവുന്ന കാലാവസ്ഥാ പ്രവചനങ്ങളും ഈ കൂട്ടത്തിലുണ്ടാകും. മഴക്കാലം എപ്പോഴെത്തും, വേനല്‍ കടുക്കുമോ, എന്നതൊക്കെ കവടി നിരത്തി കണ്ടെത്തുന്ന രീതിയുമുണ്ടായിരുന്നു. ഇത്തരത്തിലുള്ള പ്രവചനങ്ങളാണ്‌ വിഷുഫലമായി കണക്കാക്കുന്നത്‌
ശ്രീകൃഷ്ണന്റെ വ്യക്തിത്വം

Vishu songs.. ente kayil poothiri..youtube videos.. click sajeeshsiva..

sajeeshsiva

Njaanappana.. malayalam Full..youtube video.. click sajeeshsiva..

sajeeshsiva

Kani kaanum neram ..youtube video ..click sajeeshsiva

sajeeshsiva

pen.gif
    Sajeeshsiva...

No comments: