Tuesday, October 11, 2011

കള്ളനും കഞ്ഞിവയ്പ്പുകാരനും

കള്ളനും കഞ്ഞിവയ്പ്പുകാരനും


പെക്ട്രം മേല്‍ക്കൈ നേടിയപ്പോള്‍ ആദര്‍ശ്‌ ഫ്ലാറ്റും കോമണ്‍വെല്‍ത്ത്‌ കുംഭകോണവും വിസ്മൃതിയിലായി. ഒന്നിനൊന്നു മികച്ചു നില്‍ക്കുന്ന അഴിമതി. ലോകരാജ്യങ്ങളെയെല്ലാം തോല്‍പ്പിച്ച്‌ ഇന്ത്യ അഴിമതിയിലും ഒന്നാം സ്ഥാനത്ത്‌. തൊഴിലില്ലായ്മയിലും പട്ടിണിപ്പാവങ്ങളുടെ കാര്യത്തിലും നിരക്ഷരതയിലും കുഷ്ഠരോഗികളുടെ എണ്ണത്തിലുമെന്നപോലെ അഴിമതിയിലും നമ്മുടെ നാട്‌ ഒന്നാമത്‌. ഇന്ത്യ തിളങ്ങുന്നു എന്നവകാശപ്പെടാന്‍ ഇത്രയൊക്കെ പോരെ.

2ജി സ്പെക്ട്രം കുംഭകോണം 1.76 ലക്ഷം കോടിയുടേതാണ്‌. കണ്ടുപിടിച്ചത്‌ പ്രതിപക്ഷമല്ല കേന്ദ്രസര്‍ക്കാരിന്റെ സിഎജി. ഇടപാടിലെ ക്രമക്കേട്‌ സിഎജി ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത്രയൊക്കെ വരുമെന്നാരും കണ്ടതല്ല. പിടിച്ചതിനെക്കാള്‍ വലുതാണ്‌ മാളത്തിലെന്ന്‌ പിന്നീടല്ലെ ബോധ്യമായത്‌. പിടിച്ച്‌ നില്‍ക്കാനുള്ള അടവൊക്കെ പൊളിഞ്ഞപ്പോഴാണ്‌ ടെലികോം മന്ത്രി എ.(അഴിമതി) രാജയ്ക്ക്‌ രാജിവയ്ക്കേണ്ടി വന്നത്‌. അതുകൊണ്ടായോ? രാജയുടെ രാജിയോടെ പ്രശ്നങ്ങള്‍ തീരേണ്ടതായിരുന്നു എന്നാണ്‌ കേന്ദ്രമന്ത്രി വയലാര്‍ജിയുടെ വാദം. കുഴപ്പക്കാര്‍ പ്രതിപക്ഷമെന്നും ആക്ഷേപം. സിബിഐ അന്വേഷിക്കുന്നുണ്ട്‌. മൂന്നുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന്‌ പറയുന്നു. പൂര്‍ണമായും വിശ്വസിക്കാമോ സിബിഐയെ.എണ്‍പതിനായിരം പേജ്‌ രേഖകളുണ്ട്‌. 6000 ഫയലുകള്‍ നോക്കണം. 5000 ടെലിഫോണ്‍ പരിശോധിക്കണം. പണി ഭാരിച്ചതുതന്നെ. സിബിഐയുടെ പെരുമാറ്റത്തില്‍ സുപ്രീംകോടതിപോലും അപാകത കണ്ടുകഴിഞ്ഞു. രാജയേയും വകുപ്പ്‌ സെക്രട്ടറിയേയും എന്തേ ചോദ്യംചെയ്തില്ല എന്ന ചോദ്യത്തിന്‌ ഇനിയും സിബിഐയ്ക്ക്‌ ഉത്തരമില്ല.

പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെടുന്നത്‌ സ്പെക്ട്രം അഴിമതിയെക്കുറിച്ച്‌ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നാണ്‌. എന്നിട്ടുമതി ബാക്കി കാര്യമെന്നാണ്‌ അവരുടെ നിലപാട്‌. സ്പെക്ട്രം കുംഭകോണത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട്‌ തുടര്‍ച്ചയായി പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിരോധത്തില്‍ പാര്‍ലമെന്റ്‌ സ്തംഭിച്ചു. ലോക്സഭ സമ്മേളിച്ച ഉടന്‍ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയപ്പോള്‍ നടപടികളെല്ലാം മുടങ്ങുന്നു. പാര്‍ലമെന്റ്‌ ചെലവ്‌ ഒരു ദിവസം 7.8 കോടിയാണെത്രെ. 11 ദിവസമായി കൂടി പിരിയുകയാണ്‌. എന്നിട്ടും പ്രധാനമന്ത്രി വാ തുറക്കുന്നില്ല.

നിര്‍ഗുണപരബ്രഹ്മമാണെന്ന്‌ സിംഗ്‌ സ്വയം പ്രഖ്യാപിക്കുകയാണ്‌. കോടിക്കണക്കിന്‌ രൂപയുടെ അഴിമതിക്ക്‌ രാജയുടെ പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസും ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രതിപക്ഷാരോപണം പ്രധാനമന്ത്രി ഗൗനിക്കുന്നില്ല. പ്രധാനമന്ത്രിയുടെ മൗനം സമ്മതമാണെന്ന്‌ പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

താന്‍ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ അനുമതി വാങ്ങിയിട്ടുണ്ടെന്ന രാജയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാണ്‌. അഴിമതി ഇടപാടുകളില്‍ പ്രധാനമന്ത്രിക്കും തുല്യപങ്കാളിത്തമുണ്ടെന്ന്‌ വരുന്നത്‌ ഏറ്റവും വലിയ ജനാധിപത്യ സ്ഥാപനത്തിന്‌ കളങ്കം തന്നെയാണ്‌. സുപ്രീംകോടതിയുടെ ഇടപെടല്‍ ക്ഷണിച്ചുവരുത്തിയ പ്രധാനമന്ത്രിയുടെ മൗനം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ സുപ്രീംകോടതിക്ക്‌ ഇത്തരത്തില്‍ ഇടപെടേണ്ടിവന്നത്‌ അസ്വസ്ഥജനകമാണെ്‌. കോണ്‍ഗ്രസ്‌ പ്രധാന മന്ത്രിമാരില്‍ നെഹ്രുവും ശാസ്ത്രിയും മാത്രമാണ്‌ അഴിമതി ആരോപണ വിധേയരാകാത്തവര്‍. നെഹ്രുവിന്റെ മകള്‍ ഇന്ദിരയാണ്‌ അഴിമതി "ദേശസാല്‍ക്കരിച്ചത്‌". ഗുജറാത്തിലും ബീഹാറിലും പഞ്ചാബിലും ഹരിയാനയിലുമെല്ലാം അവരുടെ കാലത്താണ്‌ അഴിമതി ആടിത്തിമിര്‍ത്തത്‌. അധികാര ദുര്‍വിനിയോഗവും അഴിമതിയും മാത്രമല്ല ജനാധിപത്യ ധ്വംസനവും ഇന്ദിരാഗാന്ധിക്ക്‌ അവകാശപ്പെട്ടതാണ്‌. ഇന്ദിരക്കെതിരെ 60 ലക്ഷം രൂപയുടെ തിരിമറിയാണ്‌ ആരോപിക്കപ്പെട്ടിരിക്കുന്നത്‌. ഈ സംഭവത്തിലെ ഇടനിലക്കാരനായ നാഗര്‍വാലയും കേസന്വേഷിച്ച ഉദ്യോഗസ്ഥരും പണം നല്‍കിയ ബാങ്ക്‌ മാനേജരുമെല്ലാം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ വന്ന പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ബോഫോഴ്സ്‌ കുംഭകോണത്തില്‍ സൂത്രധാരനാണെന്ന ആരോപണം ഇനിയും നീങ്ങിയിട്ടില്ല. കേസന്വേഷണം അട്ടിമറിക്കാന്‍ നിരന്തരം ശ്രമിക്കുന്ന വ്യക്തിയാണ്‌ യുപിഎ അധ്യക്ഷ സോണിയ. പി.വി. നരസിംഹറാവുവാകട്ടെ അഴിമതിയുടെ പെരുമഴിയില്‍ ആറാടിയാണ്‌ അരങ്ങൊഴിഞ്ഞത്‌. മന്‍മോഹന്‍സിംഗ്‌ കള്ളനാണെന്ന്‌ ആരും പറഞ്ഞു തുടങ്ങിയിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ ഓഫീസ്‌ ഒന്നടങ്കം സംശയത്തിന്റെ നിഴലില്‍ കഴിയുമ്പോള്‍ "മന്‍മോഹന്‍ കള്ളന്‌ കഞ്ഞി വയ്ക്കുകയാണെന്ന്‌" പറഞ്ഞാല്‍ കുറ്റപ്പെടുത്താനാവില്ല.

2009 ല്‍ പാര്‍ലമെന്റിന്റെ എല്ലാ സമ്മേളനങ്ങളിലും സ്പെക്ട്രം പ്രശ്നത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും മൗനം പാലിച്ചതിന്‌ രാജ്യം ഉത്തരം പ്രതീക്ഷിക്കുന്നത്‌ സ്വാഭാവികമാണ്‌. 2 ജി സ്പെക്ട്രം അഴിമതി രാജയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന്‌ വ്യക്തമാണ്‌. ചെന്നൈയില്‍ അദ്ദേഹത്തിന്‌ പിന്നില്‍ ഒരു 'മഹാരാജയും' ദല്‍ഹിയില്‍ ഒരു 'മഹാറാണിയും' ഉണ്ടെന്ന സംശയം ബലപ്പെടുന്നു.

സ്പെക്ട്രം അഴിമതി ആരോപണത്തെത്തുടര്‍ന്ന്‌ രാജിവെച്ച മന്ത്രി രാജയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ മന്‍മോഹന്‍സിംഗിന്റെ അനുമതി തേടി ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യംസ്വാമി നല്‍കിയ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസില്‍ 16 മാസം കെട്ടിക്കിടന്നു എന്നു പറഞ്ഞാല്‍ അത്‌ നിസ്സാരകാര്യമാണോ ? രാജ്യത്ത്‌ ഇല അനങ്ങിയാല്‍ അപ്പപ്പോള്‍ അറിയാനുള്ള ആധുനിക സംവിധാനങ്ങളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിനുണ്ട്‌. എന്നിട്ടും രാജയുടെ ഇടിവെട്ടിക്കൊള്ള അറിഞ്ഞില്ലെന്ന്‌ പറയാനാകുമോ ? രാജ മന്ത്രിയായിരുന്നപ്പോള്‍ ടെലികോം സെക്രട്ടറിയായിരുന്ന പി.ജെ. തോമസിനെ മുഖ്യ വിജിലന്‍സ്‌ കമ്മീഷണറാക്കിയത്‌ നിര്‍ദോഷമായ നടപടിയാണോ? തോമസിന്റെ നിയമനത്തെ പ്രതിപക്ഷനേതാവ്‌ സുഷമ സ്വരാജ്‌ എതിര്‍ത്തതാണ്‌. പക്ഷെ ഗൗനിച്ചില്ല.കേരളത്തില്‍ സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പില്‍ സെക്രട്ടറിയായിരിക്കെയാണ്‌ പി.ജെ. തോമസ്‌ പാമോലിന്‍ കുംഭകോണത്തില്‍ പ്രതിയാവുന്നത്‌. ഈ നിയമനവും ചട്ടവിരുദ്ധമായിരുന്നു. ഇയാളെ ടെലികോം സെക്രട്ടറിയാക്കിയതും അഴിമതി പൂഴ്ത്തിവെക്കാനായിരുന്നുവെന്ന്‌ വ്യക്തമാണ്‌. 2 ജി സ്പെക്ട്രം കേസില്‍ സിഎജിയോട്‌ സഹകരിക്കാന്‍ മുഖ്യ ടെലികോം സെക്രട്ടറിയായിരുന്ന തോമസ്‌ തയ്യാറായില്ലെന്ന ആരോപണവും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുകയാണ്‌.

സ്പെക്ട്രം കുംഭകോണത്തിലെ ഇടനിലക്കാരിയുമായി മാധ്യമ മേലാളരുടെ വഴിവിട്ട ബന്ധവും പുറത്തുവന്നിരിക്കുന്നു. എന്‍ഡിടിവിയുടെയും ഹിന്ദുസ്ഥാന്‍ ടൈംസിന്റെയും തലപ്പത്തുള്ള മാധ്യമ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിമാരെ നിശ്ചയിക്കുന്നതിനും നീക്കുന്നതിനും ശുപാര്‍ശക്കാരായിരുന്നു എന്നതാണ്‌ പുറത്തുവന്നിരിക്കുന്നത്‌. പത്രപ്രവര്‍ത്തനം പുണ്യകര്‍മമാണെന്ന്‌ കരുതപ്പെടുന്നതാണ്‌. അവിടെയും കരിങ്കാലികളാണ്‌ കിരീടധാരികളാകുന്നത്‌. ഇത്‌ ജനാധിപത്യത്തെ ക്ഷീണിപ്പിക്കും. മാധ്യമങ്ങളുടെ വിശ്വാസ്യതയെ കളങ്കപ്പെടുത്തും. ഏത്‌ വ്യവസായത്തിനും ഇടനിലക്കാരുണ്ടാകും.ഇതൊക്കെ കണ്ട്‌ രക്തം തിളക്കാത്തവരാണ്‌ രാജ്യത്തിന്റെ ശാപം.

No comments: