Tuesday, October 11, 2011

അതിര് വിടുന്ന ഹിന്ദു നിന്ദ ...

അതിര് വിടുന്ന ഹിന്ദു നിന്ദ ...

ശബരിമല തീര്‍ത്ഥാടനം കേരളാ സര്‍ക്കാരിലേക്ക്‌ വന്‍ മുതല്‍ക്കൂട്ടാണ്‌.
കോടികള്‍ പ്രതിവര്‍ഷം വരുമാനം ലഭിക്കുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌
പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനോ വിരിവയ്ക്കാന്‍ ആവശ്യമായ ഇടം
നല്‍കുന്നതിനോ പോലും സര്‍ക്കാരും ദേവസ്വം അധികൃതരും പൂര്‍ണ പരാജയമാണെന്ന്‌
എല്ലാ തീര്‍ത്ഥാടനകാലവും തെളിയിക്കുന്നുണ്ട്‌. മുമ്പ്‌ ശബരിമല തീത്ഥാടന
സീസണ്‍ തുടങ്ങുന്നതിന്‌ മുമ്പുതന്നെ തീര്‍ത്ഥാടകര്‍ക്കുള്ള
സൗകര്യങ്ങളൊരുക്കുന്നതിനും റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിനും മറ്റും
ഏര്‍പ്പാടുകള്‍ ചെയ്യാന്‍ വിദഗ്ധസമിതി യോഗം ചേര്‍ന്നിരുന്നു.

ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍മുതല്‍ തീര്‍ത്ഥാടനകാലം എങ്ങനെ
ദുരിതപര്‍വമാക്കാമെന്ന്‌ മാത്രമാണ്‌ ചിന്തിക്കുന്നത്‌. ശബരിമല
പരിസരശുചീകരണമോ പുണ്യനദിയായ പമ്പ മലിനീകൃതമായതിനെ ശുദ്ധീകരിക്കാനോ ശബരിമല
ദേവസ്വത്തില്‍ എത്തിച്ചേരുന്ന കോടികള്‍ ഒരിയ്ക്കലും വിനിയോഗിക്കാറില്ല.
മറിച്ച്‌ കരാര്‍ രാജ്‌ പ്രബലമാക്കിയ ദേവസ്വം കോഴ വീതം വയ്ക്കുന്നതില്‍
മാത്രമാണ്‌ ജാഗ്രത പുലര്‍ത്തിയിരുന്നത്‌.

ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം പ്രതിവര്‍ഷം പലമടങ്ങ്‌
വര്‍ധിക്കുന്നുണ്ട്‌. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന്‌ മാത്രമല്ല വടക്കേ
ഇന്ത്യയില്‍നിന്നും ഗള്‍ഫ്‌ നാടുകളില്‍നിന്നും തീര്‍ത്ഥാടകര്‍ എത്തുന്നു.
വാഹന പാര്‍ക്കിംഗ്‌ ശബരിമല സീസണില്‍ എന്നും പ്രശ്നമാണ്‌. നിലയ്ക്കലില്‍
വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്ത്‌ കെഎസ്‌ആര്‍ടിസിയെ അഭയം പ്രാപിച്ചാണ്‌
തീര്‍ത്ഥാടകര്‍ അയ്യപ്പദര്‍ശനം നടത്തുന്നത്‌.

തീര്‍ത്ഥാടകര്‍ക്കായി ഓടുന്ന കെഎസ്‌ആര്‍ടിസി ബസ്സുകളില്‍ അയ്യപ്പന്റെ
സ്റ്റിക്കറോ അമ്മേ നാരായണ സ്റ്റിക്കറോ ഒട്ടിക്കരുതെന്നാണ്‌ അവിശ്വാസികളുടെ
സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്‌. അന്യസംസ്ഥാനങ്ങളിലെ മലയാളം
അറിയാത്ത ഭക്തര്‍ക്ക്‌ സ്വാമിശരണം പതിച്ച അയ്യപ്പന്റെ ചിത്രമാണ്‌ ശബരിമല
സര്‍വീസ്‌ തിരിച്ചറിയാനുള്ള ഏക മാര്‍ഗം. റെയില്‍വേ സ്റ്റേഷന്‌ പുറത്തുപോലും
അവര്‍ക്കുവേണ്ടി നിര്‍ദേശങ്ങള്‍ എഴുതിയ ബോര്‍ഡുകള്‍ സീസണില്‍
പ്രദര്‍ശിപ്പിക്കാറുണ്ട്‌. ഇപ്പോള്‍ കെഎസ്‌ആര്‍ടിസി മാനേജ്മെന്റാണ്‌ ഈ
സ്റ്റിക്കറുകള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.
 ഇത്‌
അയ്യപ്പനിന്ദയും നന്ദികേടും മതസ്വാതന്ത്ര്യ ധ്വംസനവുമാണെന്ന്‌ ഹിന്ദു
ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചിരിയ്ക്കുന്നു.
ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള കരുനീക്കമായിട്ടാണ്‌ ഈ ഉത്തരവിനെ
വിശ്വഹിന്ദുപരിഷത്ത്‌ കാണുന്നത്‌.

സാമ്പത്തിക തകര്‍ച്ച നേരിടുന്ന കെഎസ്‌ആര്‍ടിസിയുടെ നഷ്ടം കുറച്ചെങ്കിലും
നികത്തുന്നത്‌ ശബരിമല സ്പെഷ്യല്‍ സര്‍വീസില്‍നിന്ന്‌ ലഭിക്കുന്ന
വരുമാനമാണ്‌. സ്പെഷ്യല്‍ ബസ്സുകളില്‍ യാത്ര ചെയ്യുന്നത്‌ ശബരിമല
തീര്‍ത്ഥാടകര്‍ മാത്രമായിരിക്കെ ഈ ഉത്തരവ്‌ ഒരിക്കലും
സദുദ്ദേശ്യപരമാണെന്ന്‌ കരുതാന്‍ സാധ്യമല്ല.കോടിക്കണക്കിന്‌ രൂപയുടെ
വരുമാനമുണ്ടാക്കിക്കൊടുക്കുന്ന അയ്യപ്പഭക്തന്മാരോട്‌ സ്വാമിശരണം മാത്രം
ഉപയോഗിക്കാന്‍ പാടില്ലെന്ന്‌ അനുശാസിക്കുന്നത്‌ വിശ്വാസ സ്വാതന്ത്ര്യ
ധ്വംസനം തന്നെയാണ്‌. സ്വാമിശരണം എന്നത്‌ സമദര്‍ശനത്തിന്റെയും മാനവ
മൈത്രിയുടെയും മഹാമന്ത്രമായിരിക്കെ അതിനെ വര്‍ഗീയമായി ചിത്രീകരിച്ച്‌
വര്‍ഗീയമാണെന്ന്‌ മുദ്രയടിക്കാനുള്ള ഹീന ശ്രമത്തിന്റെ ഉദാഹരണമായ ഈ ഉത്തരവ്‌
പിന്‍വലിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന്‌ ഉയര്‍ന്നുകഴിഞ്ഞു.
തീര്‍ത്ഥാടനകാലം കലുഷിതമാക്കാനുള്ള ഈ നീക്കം ഉപേക്ഷിക്കുന്നതാണ്‌ ഉചിതം.

No comments: