Tuesday, October 11, 2011

ഡോ. കേശവബലിറാം ഹെഡ്ഗേവാര്‍


രാഷ്ട്രീയ സ്വയംസേവക സംഘം. ഈ പേരില്‍ രാജ്യത്തൊരിടത്തും നമുക്കൊരു പരസ്യബോര്‍ഡോ ബാനറോ കാണാന്‍ സാധിക്കില്ല. പക്ഷെ ഭാരതത്തിന്റെ ഓരോ മുക്കിലും മൂലയിലും നഗരത്തിലും ഗ്രാമത്തിലും അതിന്റെ പ്രവര്‍ത്തനം കാണാം. ഈ മഹാ പ്രസ്ഥാനത്തിന്‌ ബീജാവാപം ചെയ്ത ഡോ. കേശവബലിറാം ഹെഡ്ഗേവാറിന്റെ ജന്മദിനമാണിന്ന്‌. 1181 വര്‍ഷ പ്രതിപദ ദിനത്തില്‍ (1889 ഏപ്രില്‍ 1) ആണ്‌ അദ്ദേഹം ജനിച്ചത്‌.

1908 ല്‍ ലോകമാന്യതിലകന്‍ നാഗപ്പൂര്‍ സന്ദര്‍ശിച്ചു. സ്വരാജ്‌ ആഹ്വാനത്തിന്റെ അലകളാല്‍ പട്ടണം മുഴുവന്‍ പ്രകമ്പിതമായിരുന്നു. ആയിടയ്ക്കൊരു ദിവസം സ്കൂള്‍ ഇന്‍സ്പെക്ടര്‍ നീല്‍സിറ്റി സ്കൂള്‍ സന്ദര്‍ശിക്കാനെത്തി. പത്താംക്ലാസു തൊട്ടായിരുന്നു ഇന്‍സ്പെക്ഷന്‍. ഹെഡ്മാസ്റ്ററുമൊത്ത്‌ ഇന്‍സ്പെക്ടര്‍ ക്ലാസിന്റെ വാതില്‍ക്കല്‍ എത്തിയതോടെ ഇടിവെട്ടും മട്ടില്‍ വന്ദേമാതര ഗര്‍ജനംകൊണ്ട്‌ കുട്ടികള്‍ അവരെ എതിരേറ്റു. സര്‍പ്പദംശനം ഏറ്റാലെന്നപോലെ ഇന്‍സ്പെക്ടര്‍ ഞെട്ടിപ്പോയി. ഉടനെ അദ്ദേഹം അടുത്ത ക്ലാസിലേക്ക്‌ പോയി. അവിടെ കുറച്ചുകൂടി ഉച്ചത്തിലായിരുന്നു വന്ദേമാതരമെന്നേ വ്യത്യാസമുണ്ടായുള്ളൂ. ഇന്‍സ്പെക്ഷന്‍ ഉടന്‍നിര്‍ത്തിവച്ചു. ഇത്‌ രാജ്യദ്രോഹമാണെന്നും ഈ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ആരാണ്‌ കുട്ടികള്‍ക്ക്‌ പ്രേരണ കൊടുത്തതെന്ന്‌ കണ്ടുപിടിക്കണമെന്നും ആജ്ഞാപിച്ചിട്ട്‌ ഇന്‍സ്പെക്ടര്‍ സ്ഥലം വിട്ടു. അധ്യാപകര്‍ അന്വേഷിച്ചു. കുട്ടികളെ സ്കൂളില്‍നിന്നും പുറത്താക്കുമെന്നും മറ്റും ഭീഷണി പ്രയോഗിച്ചു. എന്നാല്‍ ഒരു കുട്ടിപോലും തങ്ങളുടെ നേതാവിനെ ഒറ്റിക്കൊടുക്കാന്‍ തയ്യാറായില്ല. അതിനാല്‍ അധികൃതര്‍ രണ്ടു ക്ലാസിലേയും എല്ലാ കുട്ടികളേയും പുറത്താക്കി. അപ്പോഴും വന്ദേമാതരം ഉച്ചത്തില്‍ ആലപിച്ചുകൊണ്ടാണ്‌ കുട്ടികള്‍ ക്ലാസ്‌ വിട്ടത്‌. ഇതോടനുബന്ധിച്ച്‌ സ്കൂളിലെ എല്ലാ കുട്ടികളും ക്ലാസ്‌ ബഹിഷ്ക്കരിച്ചു. രണ്ടുമാസത്തെ ക്ലാസ്‌ ബഹിഷ്ക്കരണത്തിനുശേഷം നാട്ടിലെ പ്രമാണിമാരുടെ മധ്യസ്ഥതയില്‍ ഒരു ഒത്തുതീര്‍പ്പുണ്ടായി. ഓരോ വിദ്യാര്‍ത്ഥിയെക്കൊണ്ടും മാപ്പു പറയിച്ചുകൊണ്ട്‌ സ്കൂള്‍ തുറന്നു. പക്ഷെ രണ്ടുകുട്ടികള്‍ മാത്രം അതിന്‌ തയ്യാറായില്ല. സ്കൂളില്‍ കാലുകുത്താന്‍പോലും അവര്‍ വിസമ്മതിച്ചു. അതിലൊരാള്‍ നമ്മുടെ കേശവനായിരുന്നു. നാഗപ്പൂരിലെ വിദ്യാര്‍ത്ഥി സമൂഹത്തില്‍ വന്ദേമാതരത്തിന്‌ പുതിയ മാനം കുറിച്ചത്‌ അദ്ദേഹമായിരുന്നു.

ദേശസ്നേഹം തുളുമ്പിനിന്ന മനസ്സുമായിട്ടായിരുന്നു നാഗപ്പൂരില്‍നിന്ന്‌ അന്നത്തെ ഡോക്ടര്‍ ബിരുദമായ എല്‍എംഎസ്‌ പഠിക്കുവാന്‍ അദ്ദേഹം കല്‍ക്കത്തിയിലേക്കുപോയത്‌. 1910 ല്‍ തികച്ചും അപരിചിതനഗരമായ കൊല്‍ക്കത്തയില്‍ അദ്ദേഹം വണ്ടിയിറങ്ങി. മഹാരാഷ്ട്രയില്‍ത്തന്നെയോ അല്ലെങ്കില്‍ ഭാരതത്തില്‍ മറ്റേതെങ്കിലും സ്ഥലത്തോ പ്രവേശനം ലഭിക്കാത്തതിനാലല്ല കേശവന്‍ കല്‍ക്കത്തയില്‍ പഠിക്കുവാന്‍ തീരുമാനിച്ചത്‌. വിപ്ലവകാരികളുടെ നാട്‌-ഭാരത സ്വാതന്ത്ര്യത്തിന്‌ വേണ്ടി ഏറ്റവുമധികം പ്രയത്നം നടക്കുന്ന നാട്‌, ബ്രിട്ടീഷ്‌ മേല്‍ക്കോയ്മയ്ക്കെതിരായി പ്രകടമായ സമരം നടക്കുന്ന നാട്‌ അത്‌ ബംഗാളല്ലാതെ മറ്റൊരു സ്ഥലമല്ലായിരുന്നു. ആ ഒറ്റക്കാരണ..ംകൊണ്ട്‌ സ്വാതന്ത്ര്യസമരങ്ങളില്‍ സജീവമായി പങ്കെടുക്കണമെന്നുള്ള ത്വര, അതാണ്‌ കല്‍ക്കത്ത തന്റെ പഠനകേന്ദ്രമായി തീരുമാനിക്കാന്‍ കേശവനെ പ്രേരിപ്പിച്ചത്‌.

ഇതേസമയം ബ്രിട്ടീഷുകാര്‍ തങ്ങളുടെ അടിച്ചമര്‍ത്തലിന്റെ ആക്കവും വേഗവും കൂട്ടി. ആലിപ്പൂര്‍ ബോംബുസ്ഫോടനക്കേസില്‍ ആയിരക്കണക്കിന്‌ ആള്‍ക്കാരെ പ്രതികളാക്കി ജയിലിലടച്ചു. രാജ്യത്ത്‌ മുഴുവനായും കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാജ്യസ്നേഹ പ്രസിദ്ധീകരണങ്ങളുടെ അച്ചടിപോലും നിര്‍ത്തലാക്കിച്ചു. ഈ വക നടപടികള്‍ സാധാരണ ജനങ്ങളെ ഭീതിയിലാഴ്ത്തി. ആ സമയത്ത്‌ ബംഗാള്‍ സംസ്ഥാനത്ത്‌ പ്രവര്‍ത്തിച്ചിരുന്ന തീവ്ര രാജ്യസ്നേഹ പ്രസ്ഥാ നമായിരുന്നു. "അനുശീലന്‍ സമിതി". ഉറച്ച രാജ്യസ്നേഹിയായ കേശവന്‍ ഈ സംഘടനയില്‍ അംഗമായിരുന്നു. രഹസ്യപ്രവര്‍ത്തനങ്ങളിലൂടെയും ലഘുലേഖകളിലൂടെയും ജനങ്ങളെ ഉണര്‍ത്തുവാനും രാജ്യരക്ഷയെപ്പറ്റിയും ബ്രിട്ടീഷ്‌ ദുര്‍ഭരണത്തിനെതിരെയും ബോധവാന്മാരാക്കുവാനും അനുശീലന്‍ സമിതി തീവ്രപ്രയത്നം തന്നെ ചെയ്തിരുന്നു. കേശവനാകട്ടെ അവധിക്കു വീട്ടില്‍ പോകുന്ന സുഹൃത്തുക്കള്‍ വഴി ലഘുലേഖകളും രാജ്യസ്നേഹ പ്രസിദ്ധീകരണങ്ങളും കൂടാതെ നാഗപ്പൂരിലെ വിപ്ലവകാരികള്‍ക്ക്‌ റിവോള്‍വറുകള്‍കൂടി എത്തിച്ചുകൊടുക്കുന്ന സാഹസവും ഏറ്റെടുത്തിരുന്നു. ഡോക്ടര്‍ ബിരുദസമ്പാദനത്തിനുശേഷം കല്‍ക്കത്തയില്‍നിന്ന്‌ നാഗപ്പൂരിലെത്തിയ കേശവന്‍ അന്ന്‌ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. പല പ്രധാനപ്പെട്ട ചുമതലകളും അദ്ദേഹം കോണ്‍ഗ്രസില്‍ വഹിച്ചിരുന്നു. പക്ഷെ കാലം ചെല്ലുന്തോറും കോണ്‍ഗ്രസില്‍നിന്ന്‌ രാഷ്ട്രത്തിന്‌ എന്തുപ്രതീക്ഷിക്കാമെന്ന്‌ അദ്ദേഹം മനസ്സിലാക്കി. ആദരണീയരായ മുതിര്‍ന്ന നേതാക്കന്മാര്‍പോലും വച്ചുപുലര്‍ത്തിയിരുന്ന വിഭാഗീയ മനോഭാവവും തൊഴുത്തില്‍കുത്തുമൊക്കെ അദ്ദേഹത്തെ നിരാശനാക്കി. ആര്‍ഷഭാരത സംസ്കാരം അണുവിടപോലും കേടുവരാതെ സംരക്ഷിച്ചുകൊണ്ട്‌ രാജ്യത്തെ പരമവൈഭവത്തിലെത്തിക്കുവാന്‍ ഈ കോണ്‍ഗ്രസിനെക്കൊണ്ടും നേതാക്കളെക്കൊണ്ടും സാധ്യമല്ല എന്നുമനസ്സിലാക്കിയ ഡോക്ടര്‍ജി കോണ്‍ഗ്രസിനോട്‌ വിട പറഞ്ഞു.

വളരെയധികം ആലോചനകള്‍ക്കുശേഷമാണെങ്കില്‍പ്പോലും കൃത്യമായൊരു രൂപമോ ഭാവമോ ഇല്ലാതെ, എന്നാല്‍ കൃത്യമായ ലക്ഷ്യബോധത്തോടെയുമാണ്‌ അദ്ദേഹം സംഘശാഖയ്ക്ക്‌ തുടക്കമിട്ടത്‌. നാഗപ്പൂരിലെ മോഹിതേവാഡ എന്ന മുനിസിപ്പല്‍ പുറമ്പോക്ക്‌ സ്ഥലം വൃത്തിയാക്കി, അവിടെയാണ്‌ 86 വര്‍ഷം മുമ്പ്‌ 1925 ലെ വിജയദശമി ദിവസം സുഹൃത്തുക്കളെയും തന്നെയുംകൂട്ടി അഞ്ചുപേരുള്ള ആദ്യ സംഘശാഖയ്ക്ക്‌ ഡോക്ടര്‍ജി തുടക്കം കുറിച്ചത്‌. ആദ്യമാദ്യം ആരുമതത്ര ശ്രദ്ധിച്ചില്ല. പക്ഷെ നാള്‍ക്കുനാള്‍ സംഘത്തിന്റെ പ്രവര്‍ത്തനവും പ്രശസ്തിയും പ്രസക്തിയും വര്‍ധിച്ചുവന്നതനുസരിച്ച്‌ ബ്രിട്ടീഷ്‌ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി സംഘം മാറിത്തുടങ്ങി. തുടര്‍ന്ന്‌ വളരെയധികം അഗ്നിപരീക്ഷണങ്ങള്‍ നിരോധനമായും അറസ്റ്റായും മര്‍ദ്ദനങ്ങളായും സംഘപ്രവര്‍ത്തകര്‍ക്ക്‌ നേരിടേണ്ടിവന്നെങ്കിലും സംഘത്തിന്റെ അടിവേരുകള്‍ ഭാരതത്തിന്റെ നാന�. 
ഭാഗങ്ങളിലേക്കും വ്യാപിക്കുവാന്‍ തുടങ്ങി. ഈ പരീക്ഷണ ഘട്ടങ്ങളിലെല്ലാം ആദ്യസര്‍സംഘചാലകനായി നിയോഗിക്കപ്പെട്ടിരുന്ന പൂജനീയ ഡോക്ടര്‍ജി ഒരു കപ്പലിനെ അതിന്റെ കപ്പിത്താനെന്നതുപോലെ സംഘത്തെ നേര്‍വഴിക്കുതന്നെ നയിച്ചുകൊണ്ടിരുന്നു. സംഘത്തിന്‌ ചിട്ടയായൊരു പ്രവര്‍ത്തനശൈലിയുണ്ടായി, ആദര്‍ശം മുന്‍നിര്‍ത്തി ഒരു പതാകയുണ്ടായി, ലക്ഷ്യം നേടുന്നതിനായൊരു പ്രാര്‍ത്ഥനയുണ്ടായി. സമൂഹത്തിലെ പ്രധാന വ്യക്തികള്‍ക്ക്‌ സംഘത്തെ നേരില്‍കണ്ട്‌ മനസ്സിലാക്കുന്നതിനുവേണ്ടി അവരെ സംഘശിബിരങ്ങളിലേക്ക്‌ ക്ഷണിച്ചുവരുത്തുന്ന പതിവും തുടങ്ങിയിരുന്നു. അങ്ങനെ 1938 ല്‍ വാര്‍ദ്ധയില്‍ നടന്ന സംഘശിബിരത്തിലേക്ക്‌ ഡോക്ടര്‍ജി മഹാത്മാഗാന്ധിയെ ക്ഷണിച്ചുവരുത്തി. ശിബിരം സന്ദര്‍ശിച്ച ഗാന്ധിജിയെ അവിടെക്കണ്ട ചിട്ടകള്‍ അത്ഭുതസ്തബ്ധനാക്കി. പല സ്ഥലങ്ങളില്‍നിന്നും വരുന്ന പ്രവര്‍ത്തകര്‍ ഒരുമിച്ച്‌ കളികളില്‍ പങ്കെടുക്കുന്നു, ഒരുമിച്ച്‌ ശാരീരികവ്യായാമങ്ങള്‍ നടത്തുന്നു, ഒരുമിച്ചിരുന്ന്‌ ചര്‍ച്ചകള്‍ നയിക്കുന്നു, സര്‍വോപരി അവര്‍ ഒരുമിച്ചിരുന്ന്‌ പന്തിഭോജനം നടത്തുന്നു. തൊട്ടടുത്തുതന്നെ ചേര്‍ന്നിരിക്കുന്ന സ്വയംസേവകന്‍ അവര്‍ണനോ സവര്‍ണനോ തീണ്ടാജാതിക്കാരനാണോ അവന്‍ ഏതുജാതിക്കാരനാണ്‌ എന്നൊന്നും അവര്‍ക്ക്‌ അറിയാനും പാടില്ല, അറിയാനൊട്ടു മിനക്കെടുന്നുമില്ല. അതറിഞ്ഞിട്ട്‌ അവര്‍ക്കൊരാവശ്യവുമില്ല. ഇതേപ്പറ്റി സംശയം ജനിച്ച ഗാന്ധിജി ഡോക്ടര്‍ജിയോട്‌ ഈ ശിബിരത്തില്‍ വന്നിരിക്കുന്നത്‌ ഏതൊക്കെ ജാതിക്കാരാണെന്ന്‌ അന്വേഷിച്ചു. പൂജനീയ ഡോക്ടര്‍ജിക്ക്‌ കൈമലര്‍ത്തുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അദ്ദേഹം പറഞ്ഞു, "മഹാത്മാവേ ഞങ്ങള്‍ ജാതിയെപ്പറ്റി ചിന്തിക്കാറുപോലുമില്ല, പിന്നല്ലെ അതേപ്പറ്റി അന്വേഷിക്കുന്നതുതന്നെ". 

അപ്പോള്‍ ജാതിവ്യത്യാസങ്ങള്‍ക്കെതിരെ പ്രസംഗിക്കുകയും പത്രങ്ങളില്‍ എഴുതുകയും ചെയ്യുന്ന താനാണ്‌ ഏറ്റവും വലിയ ജാതിനിര്‍മാര്‍ജ്ജന വക്താവ്‌ എന്ന്‌ അഹങ്കരിച്ചിരുന്നെന്നും സംഘത്തില്‍കൂടിയുള്ള ഡോക്ടര്‍ജിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുമുന്നില്‍ തന്റെ ആഹ്വാനങ്ങള്‍ വെറും നിസ്സാരങ്ങളാണെന്ന്‌ മനസ്സിലായി എന്നുമാണ്‌ അന്ന്‌ ഗാന്ധിജി ഡോക്ടര്‍ജിയോട്‌ പറഞ്ഞത്‌. തന്റെ മനസ്സില്‍ ഇങ്ങനെയൊരു ചിന്താധാര ഉടലെടുത്തില്ലല്ലോ എന്നും ഗാന്ധിജി പരിതപിച്ചു. അപ്പോഴും മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഡോക്ടര്‍ജിയുടെ സമാനതകളില്ലാത്ത ചിന്താധാരയും വ്യക്തിത്വവും സൂര്യതേജസ്സോടെ തിളങ്ങിനില്‍ക്കുന്നത്‌ നാം കാണുന്നു. രാവിലെ മുതല്‍ വൈകുന്നതുവരെയുള്ള ക്യാമ്പിന്റെ പ്രവര്‍ത്തനം നേരില്‍ക്കണ്ട്‌ മനസിലാക്കിയ മഹാത്മജി ഓരോ സ്വയംസേവകന്റെയും ക്യാമ്പിലെ ഓരോ വിഭാഗത്തിന്റെയും ഭക്ഷണം പാകം ചെയ്യുന്നിടത്തുപോലും കാണാവുന്ന അച്ചടക്കപൂര്‍ണമായ പെരുമാറ്റവും കൂടിക്കണ്ട്‌ മനംനിറഞ്ഞ്‌ എല്ലാവിധ മംഗളാശംസകളും സംഘത്തിനായി നേര്‍ന്നുകൊണ്ടാണ്‌ മടങ്ങിയത്‌.

അതുപോലെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവും സംഘത്തെ ആദരിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്‌. 1962 ലെ ഇന്ത്യ-ചൈന യുദ്ധസമയത്ത്‌ ഇന്ത്യന്‍ പട
ടാളത്തിന്റെ രണ്ടാംനിരയായിനിന്നുകൊണ്ട്‌ സംഘ സ്വയംസേവകര്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്ന സൈനികര്‍ക്ക്‌ യുദ്ധോപകരണങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും തങ്ങളുടെ ജീവന്‍പോലും തൃണവല്‍ഗണിച്ചുകൊണ്ട്‌ എത്തിച്ചുകൊടുക്കുകയുണ്ടായി. സംഘം ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഏറെ ചര്‍ച്ചകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും വഴിവെച്ച സംഭവമായിരുന്നു അത്‌. അതിന്റെ ഫലമായി 1963 ലെ റിപ്പബ്ലിക്‌ ദിന പരേഡില്‍ ഇന്ത്യന്‍ പട്ടാളത്തോടൊപ്പം മാര്‍ച്ചുചെയ്യാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ ആവശ്യപ്പെടുകയും മൂവായിരം സ്വയംസേവകര്‍ പൂര്‍ണഗണവേഷധാരികളായി ആ മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുക്കുകയും ചെയ്തു.

ഹ്രസ്വമായ ജീവിതകാലത്തിനിടയ്ക്ക്‌ പൂജനീയ ഡോക്ടര്‍ജിക്ക്‌ തന്റെ സ്വപ്നം-ഭാരതം സമ്പൂര്‍ണ വൈഭവത്തിലെത്തിനിന്ന്‌ ലോകത്തിന്റെ ഗുരുസ്ഥാനമലങ്കരിക്കുന്നതു കാണുവാന്‍ സാധിച്ചില്ല. 1940 ല്‍ അദ്ദേഹം രോഗാതുരനായി. ആ സമയത്ത്‌ നാഗപ്പൂരില്‍ തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ്‌ നടന്നുകൊണ്ടിരിക്കുകയായിരുന്നു. രോഗശയ്യയില്‍നിന്ന്‌ ഒരു ദിവസം അദ്ദേഹത്തെ അധികാരികള്‍ ശിബിരത്തിലേക്ക്‌ കൊണ്ടുവന്നു. ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും വന്ന ശിക്ഷാര്‍ത്ഥികള്‍ ബൗദ്ധിക്‌ ഹാളില്‍ കൂടിയിരുന്നു. അവിടെ സന്നിഹിതനായ പൂജനീയ ഡോക്ടര്‍ജി പറഞ്ഞത്‌ "ആര്‍ഷഭാരതത്തിന്റെ ചെറിയൊരു പതിപ്പാണ്‌ ഞാനിവിടെ കാണുന്നത്‌. ഇത്‌ വളരെ ബൃഹത്തായ ഒന്നായി വളര്‍ത്തേണ്ട ചുമതല നിങ്ങളിലോരോരുത്തര്‍ക്കുമുണ്ട്‌ എന്നാണ്‌. അധികസമയം ശിബിരത്തില്‍ ചെലവഴിക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചില്ല. ആശുപത്രിക്കിടക്കയിലേക്ക്‌ മടങ്ങിയ ഡോക്ടര്‍ജി ഏതാനും ദിവസങ്ങള്‍ക്കുശേഷം തന്റെയും തന്റെ സ്വപ്നത്തിന്റെയും അസ്ഥിത്വം സ്വയംസേവക ഹൃദയങ്ങളിലേക്ക്‌ ഏല്‍പ്പിച്ചുകൊണ്ട്‌ 1940 ജൂണ്‍ 21-ാ‍ം തീയതി തന്റെ ഭൗതികശരീരം ഉപേക്ഷിക്കുകയുണ്ടായി. ഇന്നും അദൃശ്യനായിനിന്നുകൊണ്ട്‌ പരമപൂജനീയ ഡോക്ടര്‍ജി നമുക്ക്‌ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു
�.

No comments: