Monday, November 14, 2011

ചരിത്രം തിരുത്തിയ വിളംബരം


ചരിത്രം തിരുത്തിയ വിളംബരം

പല ചരിത്ര സംഭവങ്ങളുടെയും ബഹുജനമുന്നേറ്റങ്ങളുടെയും ശതാബ്ദി ആഘോഷിക്കുന്ന അഭിമാനകരമായ വേളയിലാണ്‌ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 75-ാ‍ം വാര്‍ഷികം സംബന്ധിച്ച പരിപാടികള്‍ സംസ്ഥാനത്തെങ്ങും നടക്കുന്നത്‌. സാമൂഹിക സമത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടി നടന്ന ഒട്ടേറെ പോരാട്ടങ്ങളുടെയും നിരന്തര പരിശ്രമങ്ങളുടെയും ഫലപ്രാപ്തി എന്ന നിലയിലാണ്‌ 1936 നവംബര്‍ 12ന്‌ തിരുവിതാംകൂര്‍ മഹാരാജാവ്‌ ക്ഷേത്ര പ്രവേശന വിളംബരം നടത്തിയത്‌.
അയിത്തം, അനാചാരം, അസ്പൃശ്യത, ഉച്ചനീചത്വങ്ങള്‍ തുടങ്ങിയ സാമൂഹ്യതിന്മകളും സാമൂഹ്യ വിപത്തുകളും മാനവ സമൂഹത്തെ കാര്‍ന്നു തിന്നു കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ സമൂഹരക്ഷയ്ക്കും രാഷ്ട്രപുരോഗതിക്കും വേണ്ടി ആധ്യാത്മിക ആചാര്യന്മാരും ധര്‍മഗുരുക്കന്മാരും സാമൂഹ്യപരിഷ്കര്‍ത്താക്കളും നടത്തിയ ഉജ്ജ്വലങ്ങളായ ജനമുന്നേറ്റങ്ങളാണ്‌ ക്ഷേത്ര പ്രവേശന വിളംബരത്തിന്‌ മഹാരാജാവിനെ പ്രേരിപ്പിച്ചത്‌.
വിവേകാനന്ദസ്വാമികള്‍ കേരളത്തിന്റെ ദുരവസ്ഥ കണ്ട്‌ കേരളത്തെ ഭ്രാന്താലയമെന്ന്‌ മനോവേദനയോടെ വിശേഷിപ്പിച്ചു. സ്വാമിജിയുടെ ഹൃദയനൊമ്പരം സാമൂഹ്യ പരിവര്‍ത്തനത്തിന്റെ കാറ്റ്‌ നാടെങ്ങും ആഞ്ഞു വീശുവാന്‍ അവസരമൊരുക്കി. ഗുരുവായൂരും കൊടുങ്ങല്ലൂരും ക്ഷേത്രദര്‍ശനത്തിന്‌ എത്തിയ അദ്ദേഹത്തിന്‌ അയിത്തവാദികളുടെ ശക്തമായ എതിര്‍പ്പു മൂലം പിന്തിരിയേണ്ടി വന്നു. തന്നോടൊപ്പമുള്ള എല്ലാ ജാതി വിഭാഗത്തില്‍ പെട്ടവരെയും ക്ഷേത്രത്തില്‍ പ്രവേശിക്കാനനുവദിക്കാത്തിടത്തോളം കാലം താന്‍ ക്ഷേത്രദര്‍ശനം നടത്തുകയില്ല എന്നു പ്രഖ്യാപിച്ചു കൊണ്ടാണ്‌ സ്വാമിജി ക്ഷേത്ര പ്രവേശനത്തില്‍ നിന്നും പിന്തിരിഞ്ഞത്‌.
എന്നാല്‍ 1937ല്‍ എല്ലാ ജാതി വിഭാഗത്തില്‍ പെട്ടവരോടുമൊപ്പം ക്ഷേത്രങ്ങളില്‍ പ്രവേശിച്ചുകൊണ്ട്‌ മഹാത്മാ ഗാന്ധി കേരളം ഒരു തീര്‍ഥാലയമായിരിക്കുന്നു എന്നു പ്രഖ്യാപിച്ചു. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കാതെ കേരളം ഭ്രാന്താലയമാണെന്നു പറഞ്ഞ വിവേകാനന്ദ സ്വാമികള്‍ കേരളത്തിന്റെ ചീഞ്ഞു നാറിയ സാമൂഹിക വ്യവസ്ഥിതിയെ തുറന്നു കാണിക്കുകയുണ്ടായി. അതേ തുടര്‍ന്നുണ്ടായ സാമൂഹിക നവോത്ഥാന പരിവര്‍ത്തന സംരംഭങ്ങളുടെ അന്തിമ ഫലമായിട്ടാണ്‌ 1936 നവംബര്‍ 12ന്‌ ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായത്‌. മഹാത്മാഗാന്ധി എല്ലാ വിഭാഗം ജനങ്ങളോടും ഒപ്പം ക്ഷേത്രത്തില്‍ പ്രവേശിക്കുകയും തീര്‍ഥാലയമായി കേരളം പരിണമിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.
വിവേകാനന്ദന്‍ കണ്ട ഭ്രാന്താലയത്തെ ഒരു തീര്‍ഥാലയമാക്കി മാറ്റിയെടുക്കാന്‍ ഒട്ടേറെ മഹാത്മാക്കളുടെ നിരന്തര പ്രവര്‍ത്തനവും ത്യാഗവും വേണ്ടി വന്നു എന്നുള്ളത്‌ ചരിത്ര യാഥാര്‍ഥ്യമാണ്‌. 1889ല്‍ ശ്രീനാരായണ ഗുരുദേവന്‍ നടത്തിയ അരുവിപ്പുറം ശിവപ്രതിഷ്ഠ സാമൂഹ്യ പരിവര്‍ത്തനത്തിന്‌ ഗതിവേഗം കൂട്ടി. മംഗലാപുരം വരെ ഗുരുദേവന്‍ നടത്തിയ ക്ഷേത്ര പ്രതിഷ്ഠകളെല്ലാം ചരിത്ര സംഭവങ്ങളായി മാറി. ജാതി മാത്സര്യവും വിദ്വേഷവും വെടിഞ്ഞ്‌ മാനവികതയുടെ ഉദാത്ത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന മഹത്തായ സന്ദേശം അദ്ദേഹം പ്രചരിപ്പിച്ചു. വൈദിക ധര്‍മത്തിന്റെ ആചരണത്തിനും പ്രചാരണത്തിനും പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന്‌ എസ്‌എന്‍ഡിപി യോഗത്തിന്റെ നിയമാവലിയില്‍ ഗുരുദേവന്‍ എഴുതി ചേര്‍ത്തത്‌ സാമൂഹ്യ മാറ്റം വൈദിക ധര്‍മത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന അടിസ്ഥാന തത്ത്വം മുന്‍ നിര്‍ത്തിയായിരുന്നു.
മഹാത്മാ അയ്യന്‍കാളി തെക്കന്‍ കേരളത്തില്‍ അയിത്തത്തിനെതിരെ നടത്തിയ ഐതിഹാസിക പോരാട്ടങ്ങള്‍ സമൂഹമനസ്സിനെ ഇളക്കി മറിച്ചു. അയിത്തവാദികളുടെ എതിര്‍പ്പുകള്‍ക്കു മുമ്പില്‍ കൂസാതെ തലയുയര്‍ത്തി നിന്ന്‌ അവശ ജനസമൂഹത്തെ അദ്ദേഹം നയിച്ചു. അദ്ദേഹം തുടങ്ങി വച്ച സാധു ജനപരിപാലന സംഘം സാമൂഹ്യ തിന്മകള്‍ക്കെതിരെ താക്കീതായി മാറി. കൊച്ചിയില്‍ പണ്ഡിറ്റ്‌ കറുപ്പന്‍ അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കു വേണ്ടി നടത്തിയ സമരങ്ങളും ആശയ പ്രചാരണങ്ങളും സാമൂഹ്യസമത്വമെന്ന ആശയം ജനപ്രിയമാക്കി. പാലക്കാട്‌ അയ്യത്താന്‍ ഗോപാലന്‍, കോഴിക്കോട്‌ മഞ്ചേരി രാമയ്യ, മിതവാദി കൃഷ്ണന്‍ തുടങ്ങിയവരും സാമൂഹ്യതിന്മകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു.
വൈക്കം ക്ഷേത്രത്തിന്റെ സമീപത്തു കൂടി നടക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും പടിഞ്ഞാറെ നടയില്‍ സ്ഥാപിച്ചിരുന്ന തീണ്ടല്‍ പലക നീക്കം ചെയ്യാനുമാണ്‌ 1924ല്‍ വൈക്കം സത്യഗ്രഹം നടന്നത്‌. ഇതിന്റെ വിജയത്തിനു വേണ്ടി വൈക്കത്തു നടന്ന വിപുലമായ ഹൈന്ദവ സമ്മേളനത്തില്‍ ടി.കെ.മാധവന്‍, മന്നത്തു പദ്മനാഭന്‍, കെ.കേളപ്പന്‍, കെ.പി.കേശവമേനോന്‍ തുടങ്ങി വിവിധ നേതാക്കള്‍ പ്രസംഗിച്ചു. സത്യഗ്രഹ സമരപരിപാടികളും സവര്‍ണജാഥയും ഉണ്ടാക്കിയ ബഹുജന സമ്മര്‍ദത്തിന്റെ ഫലമായി റോഡിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിന്‌ അനുമതി നല്‍കാനും തീണ്ടല്‍ പലക നീക്കം ചെയ്യാനും അധികൃതര്‍ തയ്യാറായി.
1931ല്‍ നടന്ന ഗുരുവായൂര്‍ സത്യഗ്രഹവും ക്ഷേത്ര പ്രവേശനത്തിനു വേണ്ടി നടന്ന സമര ചരിത്രത്തില്‍ സുപ്രധാന സംഭവമായി മാറി. ആധ്യാത്മിക ഉന്നമനത്തിലൂടെ സാമൂഹ്യ തിന്മകളെ ഉന്മൂലനം ചെയ്യാന്‍ കഴിയുമെന്ന ചട്ടമ്പി സ്വാമികളുടെ ഉദ്ബോധനം വമ്പിച്ച ആധ്യാത്മിക വിപ്ലവത്തിനാണ്‌ വഴി തുറന്നത്‌. വേദം പഠിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന്‌ വേദമന്ത്രമുദ്ധരിച്ച്‌ പ്രാമാണികതയോടെ സ്വാമികള്‍ സ്ഥാപിച്ചു. ശുഭാനന്ദഗുരുദേവന്‍, വാഗ്ഭടാനന്ദന്‍, ബ്രഹ്മാനന്ദ ശിവയോഗി തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളും കേരളത്തെ തീര്‍ഥാലയമാക്കുന്നതിന്‌ ശ്രദ്ധേയമായ പങ്കുവഹിച്ചു.
ബഹുജനാഭിപ്രായവും ജനമനസാക്ഷിയും അയിത്തവാദികള്‍ക്ക്‌ എതിരായി തീര്‍ന്ന സന്ദര്‍ഭത്തിലാണ്‌ പ്രശ്നങ്ങള്‍ക്ക്‌ ഏക പരിഹാരമെന്ന നിലയില്‍ ക്ഷേത്ര പ്രവേശന വിളംബരം നടത്തിക്കൊണ്ട്‌ തിരുവിതാംകൂര്‍ മഹാരാജാവ്‌ കല്‍പന പുറപ്പെടുവിച്ചത്‌. എഴുപത്തിയഞ്ച്‌ വര്‍ഷം പിന്നിട്ട ഈ സന്ദര്‍ഭത്തിലും സാമൂഹ്യ തിന്മകളും അസമത്വങ്ങളും നിലനില്‍ക്കുന്നു എന്നതാണ്‌ നമ്മെ വേദനിപ്പിക്കുന്നത്‌. ജാതീയമായ ഉച്ചനീചത്വങ്ങളായിരുന്നു എഴുപത്തിയഞ്ച്‌ വര്‍ഷം മുമ്പുള്ള പ്രധാന സാമൂഹ്യ വിപത്തെങ്കില്‍ ഇന്ന്‌ തത്‌ സ്ഥാനത്ത്‌ മറ്റു പല നീറുന്ന സാമൂഹ്യ പ്രശ്നങ്ങളും നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നു. തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചുമുള്ള മതം മാറ്റം, അനിയന്ത്രിതമായ മദ്യപാനം, വര്‍ധിച്ചു വരുന്ന ആത്മഹത്യാ പ്രവണത, യുവസമൂഹത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍, വിവാഹമോചനം, മയക്കുമരുന്നുപയോഗം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളുടെ നീര്‍ച്ചുഴിയില്‍ പെട്ട്‌ കേരളം വീണ്ടുമൊരു ഭ്രാന്തമായ അവസ്ഥയിലേക്ക്‌ നീങ്ങുകയാണോ എന്ന്‌ മനുഷ്യസ്നേഹികള്‍ ആശങ്കയോടെ നോക്കി കാണുകയാണ്‌.
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 75-ാ‍ം വാര്‍ഷികാഘോഷം നടക്കുന്ന ഈ വേളയില്‍ ക്ഷേത്ര പ്രവേശനത്തിന്‌ വഴിതെളിച്ച എല്ലാ ചരിത്ര സംഭവങ്ങളുടെയും ശതാബ്ദി സ്മരണകള്‍ കൂടി ആഘോഷങ്ങള്‍ക്ക്‌ മിഴിവു പകരുന്നു. ശ്രീനാരായണ ഗുരുദേവന്‍ ശാരദാ പ്രതിഷ്ഠ നടത്തിയിട്ട്‌ 100 വര്‍ഷം തികയുകയാണ്‌. ചട്ടമ്പി സ്വാമികളുടെ സന്ന്യാസപരമ്പരയിലെ ആദ്യ ആശ്രമം വാഴൂരില്‍ സ്ഥാപിച്ചിട്ട്‌ 100 വര്‍ഷം പൂര്‍ത്തിയാകുന്നു. ശ്രീരാമകൃഷ്ണദേവന്റെ വത്സല ശിഷ്യനായ നിര്‍മലാനന്ദ സ്വാമി മഹാരാജ്‌ മിശ്രഭോജനം നടത്തിക്കൊണ്ട്‌ 100 വര്‍ഷം മുമ്പ്‌ സാമൂഹ്യ വിപ്ലവത്തിന്‌ പച്ചക്കൊടി കാട്ടി. അദ്ദേഹം ശ്രീരാമകൃഷ്ണ പ്രസ്ഥാനം കേരളത്തിലാരംഭിച്ചതും ആ വര്‍ഷമാണ്‌. തീര്‍ഥപാദസ്വാമികളുടെ നേതൃത്വത്തില്‍ പമ്പാ നദീതീരത്താരംഭിച്ച ചെറുകോല്‍പ്പുഴ ഹിന്ദുമതകണ്‍വെന്‍ഷനും 100 വയസു തികഞ്ഞു. മഹാത്മാ അയ്യന്‍കാളി ശ്രീമൂലം പ്രജാസഭയില്‍ നടത്തിയ ചരിത്രം സൃഷ്ടിച്ച പ്രസംഗത്തിനും ഒരു നൂറ്റാണ്ടു പിന്നിടുകയാണ്‌. ഇതു പോലുള്ള ഒട്ടേറെ സംഭവവികാസങ്ങളുടെയും ചരിത്രമുഹൂര്‍ത്തങ്ങളുടെയും ജൂബിലി വര്‍ഷം എന്ന നിലയ്ക്ക്‌ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക്‌ പ്രസക്തിയും പ്രാധാന്യവും ഏറുകയാണ്‌.

No comments: