Friday, November 18, 2011

ഭരണഘടനാവിരുദ്ധമായ വര്‍ഗീയ ബില്‍


ഭരണഘടനാവിരുദ്ധമായ വര്‍ഗീയ ബില്‍

138 വകുപ്പുകളും അനേകം അനുബന്ധങ്ങളും അടങ്ങുന്നതും സകലതും കൂടി 66 പേജു വരുന്നതുമായ ദ്‌ പ്രിവന്‍ഷന്‍ ഓഫ്‌ കമ്മ്യൂണല്‍ ആന്റ്‌ ടാര്‍ഗറ്റഡ്‌ വയലന്‍സ്‌ (അക്സസ്‌ ടു ജസ്റ്റിസ്‌ ആന്‍ഡ്‌ റിപറേഷന്‍സ്‌) ബില്‍ ഇന്ത്യന്‍ സമൂഹത്തിന്‌ പ്രത്യേകിച്ചൊരു പ്രയോജനവും ചെയ്യുന്നതല്ലെങ്കിലും അതില്‍ ഒളിപ്പിച്ചു വെയ്ക്കുവാന്‍ ശ്രമിക്കുന്ന ദുഷ്ട ലക്ഷ്യങ്ങളും കുത്സിത താല്‍പ്പര്യങ്ങളും എളുപ്പത്തില്‍ ഗ്രഹിക്കാവുന്നത്‌ തന്നെ.
ഇത്തരത്തിലുള്ള ഒരു മാരത്തോണ്‍ നിയമനിര്‍മാണം ആവശ്യമായിത്തീരുന്നത്‌ അത്‌ തടയാന്‍ ഉദ്ദേശിക്കുന്ന പ്രത്യേക കുറ്റകൃത്യ പരമ്പര, ഒരു ഭയങ്കരമായ സാംക്രമിക രോഗമെന്നപോലെ, രാജ്യമെമ്പാടും പടര്‍ന്നു പിടിക്കുന്ന സന്ദര്‍ഭത്തിലും അപ്പോള്‍ നിലവിലിരിക്കുന്ന നിയമസംഹിത ആ കുറ്റകൃത്യത്തിനെ നിര്‍മാര്‍ജനം ചെയ്യുവാന്‍ തീര്‍ത്തും അപര്യാപ്തമാണെന്നു തെളിയുമ്പോഴും മാത്രമാണ്‌. അല്ലെങ്കില്‍, ആ പ്രത്യേക കുറ്റകൃത്യം രാജ്യത്തിലെ ജനതതിയെ മുച്ചൂടും പിടികൂടുന്ന ഗുരുതര അര്‍ബുദമായി മാറിയിരിക്കണം.
രാജ്യത്തിന്റെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വല്ലപ്പോഴും വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുന്നുവെന്നത്‌ സത്യം തന്നെ. എന്നാല്‍, അത്തരം വര്‍ഗീയ കലാപങ്ങള്‍ സമയബന്ധിതമായും കൂടെക്കൂടെയും സംഘടിപ്പിക്കാന്‍ തക്കവണ്ണം ബോധവും സംസ്ക്കാരവുമില്ലാത്തവരല്ല ഇന്ത്യയിലെ ജനത എന്നതിനാല്‍ മഹാനായ ബെന്‍താം തന്റെ തിയറി ഓഫ്‌ ലെജിസ്ലേഷനില്‍ പറയുന്ന “അപായ സൂചന നല്‍കുന്ന മണിനാദം” ഇവിടെ മുഴങ്ങുന്നില്ല തന്നെ.
അപൂര്‍വമായി അരങ്ങേറുന്ന ‘വര്‍ഗീയ’ കലാപങ്ങളാകട്ടെ മിക്കപ്പോഴും ഗുണ്ടാത്തലവന്മാര്‍ ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഇളക്കിവിടുന്നതാണ്‌. നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളുടെ തലപ്പത്ത്‌ കയറിക്കൂടിയിട്ടുള്ള ഈ ക്രിമിനലുകളെ തിരിച്ചറിയേണ്ടതും ഉന്മൂലനം ചെയ്യേണ്ടതുമാണ്‌ സര്‍ക്കാരിന്റെ അടിയന്തര കര്‍ത്തവ്യം. ഇപ്പോള്‍ തന്നെ ലഭ്യമായിട്ടുള്ള നിയമങ്ങള്‍ ഒരിക്കലും ആ കാപാലികര്‍ക്കെതിരെ പ്രയോഗിക്കപ്പെട്ടിട്ടില്ല. പ്രസ്തുത നിയമലംഘനങ്ങള്‍ക്കെതിരെ നടന്നിട്ടുള്ള കേസെടുക്കലുകളുടേയും ശിക്ഷിക്കപ്പെടലുകളുടേയും സ്ഥിതിവിവരക്കണക്കുകള്‍ ആരെങ്കിലും ഒന്നു പരിശോധിക്കുമോ?
വര്‍ഗീയ കലാപ അപായ സൂചനയെ പ്രതിയുള്ളതല്ല ഈ ബില്‍. മറിച്ച്‌, കപട അപായ മണിനാദം മുഴക്കാനും അതിനെ നമ്മുടെ രാഷ്ട്രസ്വത്വത്തിനെയും രാജ്യസ്നേഹത്തിനെയും തകിടം മറിക്കാനുള്ള കുറ്റകൃത്യങ്ങളും സാമൂഹിക സംഘര്‍ഷങ്ങളും വിഭാഗീയതകളുമായി പരിണമിപ്പിക്കുവാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്‌ പ്രസ്തുത ബില്‍ എന്നു പറയേണ്ടിയിരിക്കുന്നു.
സോണിയാ ഗാന്ധി അധ്യക്ഷയായുള്ള ദേശീയോപദേശക സമിതി ആണ്‌ പ്രസ്തുതബില്ലിന്റെ കരടു തയ്യാറാക്കിയിരിക്കുന്നത്‌. സപ്തംബര്‍ 10 ന്‌ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ദേശീയോദ്ഗ്രഥന സമിതിയുടെ യോഗത്തിന്റെ അജണ്ടയില്‍ ചര്‍ച്ചക്കായി വെച്ച ഒരു പ്രധാന വിഷയം കൂടിയാണ്‌ ഈ ബില്‍.
ലോക്പാല്‍ ബില്ലിന്റെ കരടു തയ്യാറാക്കാന്‍ അന്നാഹസാരെ കാണിച്ച ധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്ത സര്‍ക്കാര്‍ അഭിഭാഷകര്‍ ഈ ബില്ലിന്റെ കാര്യത്തില്‍ നിശ്ശബ്ദരാണ്‌. ഭരണഘടനാപരമായോ പാര്‍ലമെന്ററിയായോ ആയ പദവിയോ അധികാരമോ ഇല്ലാത്തതും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളതുമായ ഒരു സംഘമായ ദേശീയോപദേശക സമിതി തയ്യാറാക്കിയിട്ടുള്ള കരട്‌ ബില്‍ സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള ഒരു വിഷയത്തെക്കുറിച്ചുള്ളതാണ്‌. സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാതെയാണ്‌ കരടു തയ്യാറാക്കിയിട്ടുള്ളത്‌. ഈ കരടിന്‌ അന്നാഹസാരെയുടെ കരടിനെക്കാള്‍ സര്‍ക്കാര്‍ വളരെ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുകയും ചെയ്യുന്നു.
ഒരു ഉപരിപ്ലവ വായനയില്‍പോലും മനസ്സിലാക്കാവുന്നത്‌, ഈ ബില്ല്‌ ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവും ആയ കപടനിയമനിര്‍മാണ പ്രക്രിയയുടെ ഒരു വര്‍ഗീയ ഉത്പ്പന്നംകൂടി ആണെന്നാണ്‌. ഭരണഘടനാവിരുദ്ധം എന്നു പറയാന്‍ കാരണം അത്‌ ഫെഡറല്‍ തത്വത്തിനെ അതിലംഘിക്കുകയും സംസ്ഥാനങ്ങളുടെ അധികാര സീമയില്‍ അതിക്രമിച്ചു കടക്കുകയും ചെയ്യുന്നതു കൊണ്ടാണ്‌. ‘ഗ്രൂപ്പ്‌’ എന്ന പദത്തെ നിന്ദ്യവും കുത്സിതവുമായ രീതിയില്‍ പുനര്‍നിര്‍വചിക്കുക വഴി ആര്‍ട്ടിക്കിള്‍ 14 ലെ വകുപ്പുകളെ അത്‌ പരിഹസിക്കുകയും ചെയ്യുന്നു. ഭരണ വിധാനത്തോടുകൂടിയ ഒരു രാഷ്ട്ര സമൂഹത്തെ-ഇപ്പോള്‍ തന്നെ അത്‌ പലവിധത്തിലുള്ള ഭിന്നതകളാല്‍ ഭീഷണി നേരിടുകയാണ്‌-ഈ ബില്‍ കുടിലകൗശലങ്ങളിലൂടെ കൂടുതല്‍ ഭിന്നിപ്പിക്കാന്‍ തുനിയുന്നു.
വര്‍ഗീയ സംഘര്‍ഷം-അത്‌ ഏതു മതവിഭാഗം കുത്തിപ്പൊക്കിയാലും-ഒരു കുത്സിത കുറ്റകൃത്യവും രാജ്യദ്രോഹവും ആകുന്നു. ദേശീയോദ്ഗ്രഥന സമിതിക്ക്‌ ഈ ഗുരുതര പ്രശ്നത്തെ അഭിസംബോധന ചെയ്യണമെന്ന്‌ യഥാര്‍ത്ഥത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നെങ്കില്‍, പ്രശ്നത്തെ മതനിരപേക്ഷമായി വീക്ഷിക്കുകയും, വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു നിരന്തരം ഹേതുവാകുന്ന ഘടകങ്ങളെ ശരിയായ അപഗ്രഥന പ്രക്രിയയിലൂടെ കണ്ടെത്തി അവയെ നിവാരണം ചെയ്യാനും അവയ്ക്ക്‌ ശിക്ഷകള്‍ ഏര്‍പ്പെടുത്താനുമുള്ള നടപടികള്‍ നിയമവിദ്ഗ്ദ്ധന്മാരും രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തിയശേഷം നിര്‍ദ്ദേശിക്കുമായിരുന്നു.
ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന കരട്‌ ബില്ല്‌ ന്യൂനപക്ഷങ്ങള്‍ക്കുള്ള ഒരു സഹായപദ്ധതിയോ ഒരു ക്ഷേമപദ്ധതിയോ അല്ല ഉദ്ദേശിക്കുന്നത്‌. മറിച്ച്‌, അത്‌ രാജ്യത്ത്‌ നിലവിലിരിക്കുന്ന നിയമങ്ങളെയും ഭരണഘടനയിലെ വ്യവസ്ഥകളെയും വക്രവും വിദ്വേഷപരവുമായ രീതിയില്‍ വളച്ചൊടിക്കുന്ന വകുപ്പുകള്‍ അടങ്ങിയതാണ്‌. കൊളസ്ട്രോളിനെ ‘നല്ല കൊളസ്ട്രോള്‍’ എന്നും ‘ചീത്ത കൊളസ്ട്രോള്‍’ എന്നും ഡോക്ടര്‍മാര്‍ വേര്‍തിരിക്കുന്ന മാതിരി, പ്രസ്തുത ബില്ല്‌ ‘നല്ല വര്‍ഗീയാക്രമം’ ‘അഴുക്ക വര്‍ഗീയാക്രമം’ എന്നു വേര്‍തിരിക്കുവാനുള്ള ഒരു നിയമസംവിധാനം നിര്‍ദ്ദേശിക്കുന്നു. വര്‍ഗീയ ലഹളകളെ ‘വര്‍ഗീയവത്കരിക്കാനാണ്‌’ ബില്ലിന്റെ ശ്രമം.
വര്‍ഗീയ സംഘര്‍ഷം ഗുരുതരമായ മാനങ്ങള്‍ കൈവരിക്കുന്നത്‌, അതിനെ പ്രാദേശിക മത-രാഷ്ട്രീയ നേതാക്കള്‍ ഇളക്കിവിടുമ്പോഴും പ്രോത്സാഹിപ്പിക്കുമ്പോഴും മാത്രമാണ്‌ എന്ന സത്യം സാമൂഹ്യ ശാസ്ത്രജ്ഞന്മാരും പൊതു സമൂഹ സംഘടനകളും ഭരണാധികാരികളും ഒരുപോലെ അംഗീകരിക്കുന്നു. ചിലപ്പോള്‍ ഒരു സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും നേതൃത്വമാറ്റം വരുത്താനും രാഷ്ട്രീയ നേതാക്കള്‍ മനഃപൂര്‍വമായി വര്‍ഗീയ ലഹള സംഘടിപ്പിക്കുന്നു. കര്‍ണാടകയില്‍ 1990-ല്‍ സംഭവിച്ചത്‌ ഉദാഹരണം. ഉത്സവവേളകളില്‍ ആരാധനാലയങ്ങളെ അശുദ്ധപ്പെടുത്തുക തുടങ്ങിയ ഒറ്റപ്പെട്ട സംഭവങ്ങള്‍ വലിയ ലഹളകളായി രൂപാന്തരം പ്രാപിക്കുകയാണ്‌ പതിവ്‌. ഇതിന്‌ പ്രോത്സാഹനം നല്‍കുന്ന പ്രാദേശിക മത-രാഷ്ട്രീയ നേതാക്കള്‍ അണിയറയിലേക്ക്‌ മറയുകയും സാധാരണ ജനങ്ങള്‍ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു.
ദേശീയോപദേശക സമിതിയില്‍ അംഗങ്ങളായിരിക്കുന്ന പ്രമുഖര്‍ക്ക്‌ ഇതറിയാം. ഇവര്‍ തയ്യാറാക്കിയിരിക്കുന്ന ബില്ല്‌ ന്യൂനപക്ഷങ്ങളുടെ ജീവിതങ്ങളെ എങ്ങനെ ബാധിക്കുമെന്ന്‌ അവര്‍ ചിന്തിച്ചിട്ടുണ്ടോ? ന്യൂനപക്ഷങ്ങള്‍ ഇത്തരം ഒരു ബില്ലിനായി പ്രക്ഷോഭം നടത്തിയതായി ഞാന്‍ കേട്ടിട്ടില്ല.
യുപിഎ ഘടകകക്ഷി നേതാവായ മമതാ ബാനര്‍ജിയടക്കം, നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ബില്ല്‌ ഫെഡറല്‍ സംവിധാനത്തെ മാനിക്കാത്തതെന്ന്‌ വിമര്‍ശിച്ചിട്ടുണ്ട്‌. ജസ്റ്റിസ്‌ ജെ.എസ്‌.വര്‍മ്മ, ജസ്റ്റിസ്‌ ബി.എന്‍.ശ്രീകൃഷ്ണ എന്നീ പ്രമുഖ ജൂറിസ്റ്റുകള്‍ ബില്ലിനെതിരെ രംഗത്തു വന്നിട്ടുമുണ്ട്‌. രാജ്യത്തിന്‌ തീര്‍ത്തും അപായകരമാണ്‌ ബില്ലെന്ന്‌ ബിജെപിയും പ്രസ്താവിച്ചിരിക്കുന്നു.
ദേശീയോപദേശക സമിതിയുടെ മുന്‍പാകെ എനിക്ക്‌ ഒരു നിര്‍ദ്ദേശം സമര്‍പ്പിക്കാനുണ്ട്‌. ഭാഗ്യഹീനമായ ഒരു ‘കൈ’ പുറത്ത്‌ പതിപ്പിച്ചിരിക്കുന്ന ബാലറ്റ്‌ പേപ്പറുകളുടെ ഒരു സമാഹാരമായി ന്യൂനപക്ഷ സമുദായത്തെ വീക്ഷിക്കുന്ന രീതി അവസാനിപ്പിച്ചുകൂടെ? ന്യൂനപക്ഷ സമുദായത്തെ ഒരു ‘വോട്ട്സ്‌ ബാങ്ക്‌’ ആയി പരിഗണിക്കുന്നതിനു പകരം വിദ്യാഭ്യാസം, തൊഴില്‍, അവസരങ്ങള്‍ എന്നിവ അവര്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കുമായി അഭിലഷിക്കുന്നവരും അന്തസ്സോടും സമാധാനപൂര്‍വമായും സുരക്ഷിതബോധത്തോടെയും ജീവിക്കാനാഗ്രഹിക്കുന്നവരുമായ മനുഷ്യജീവികള്‍ എന്ന നിലയില്‍ നമുക്കവര്‍ക്ക്‌ ബഹുമാനം നല്‍കിക്കൂടെ? അതിന്‌ അനുയോജ്യമായ ഒരു സാഹചര്യം നമുക്ക്‌ ഒരുക്കിക്കൊടുത്തുകൂടെ?
ഇത്തരം കുത്സിതമായ നിയമനിര്‍മാണങ്ങള്‍ കൊണ്ടു അവരെ വഞ്ചനാപരമായി വശീകരിക്കാന്‍ ശ്രമിക്കുന്നത്‌ അവരെ പൊതുസമൂഹത്തിന്റെ പുറമ്പോക്കുകളിലേക്ക്‌ ആട്ടിയോടിക്കലാണ്‌. അതിനുപകരം, അവര്‍ക്കിടയിലുള്ള മതപരമായ അന്ധവിശ്വാസങ്ങളെയും ഭ്രാന്തമായ മതവിശ്വാസങ്ങളെയും ദൂരീകരിക്കുകയും പകരം അവരില്‍ കലര്‍പ്പില്ലാത്ത മതനിരപേക്ഷ അവബോധവും യുക്തിബോധവും വളര്‍ത്തിയെടുക്കുന്ന അഭിജാത വിദ്യാഭ്യാസ സമ്പ്രദായം ലഭ്യമാക്കുകയാണ്‌ വേണ്ടത്‌. ഇക്കാലത്തിന്റെ ആവശ്യമതാണ്‌, ഈ കപട നിയമനിര്‍മാണ കുപ്പക്കൂനയല്ല.
റാം ജത്മലാനി

No comments: