Friday, November 18, 2011

വിദേശത്തുനിന്നെത്തുന്ന തീവ്രവാദികള്‍ക്കായി വ്യാജ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന്‌ വന്‍ റാക്കറ്റ്


വിദേശത്തുനിന്നെത്തുന്ന തീവ്രവാദികള്‍ക്കായി വ്യാജ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന്‌ വന്‍    റാക്കറ്റ് 


കൊച്ചി: തീവ്രവാദ പ്രവര്‍ത്തനത്തിനെത്തുന്ന വിദേശികള്‍ക്ക്‌ വ്യാജ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്‌ സംഘടിപ്പിക്കുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. ഹൈദരാബാദ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഈ റാക്കറ്റിന്‌ കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലും ഏജന്‍റുമാരുണ്ട്‌.
കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായ സുഡാന്‍ സ്വദേശി വാലിദ്‌ സിദാനേത്‌ മുഹമ്മദ്‌ സിദ്ദിനെ (27) വിശദമായി ചോദ്യം ചെയ്തപ്പോഴാണ്‌ ഇത്‌ സംബന്ധിച്ച വിവരം ലഭിച്ചത്‌. 2006 മുതല്‍ 2009 വരെ ഹൈദരാബാദില്‍ ബി.സി.എ കോഴ്സിന്‌ പഠനം നടത്തുന്നതിന്‌ റസിഡന്‍ഷ്യല്‍ വിസ ലഭിച്ച ഇയാള്‍ രണ്ട്‌ വര്‍ഷത്തിലേറെയായി വ്യാജ റെസിഡന്‍ഷ്യല്‍ പെര്‍മിറ്റുപയോഗിച്ച്‌ തങ്ങുകയായിരുന്നു. നാട്ടിലേക്ക്‌ മടങ്ങുന്നതിന്‌ വീണ്ടും വിമാനത്താവളത്തിലെത്തിയപ്പോഴാണ്‌ ഇയാള്‍ എമിഗ്രേഷന്‍ വിഭാഗത്തിെ‍ന്‍റ പിടിയിലായത്‌. 2006 ല്‍ പഠനത്തിനെത്തിയ ഇയാള്‍ 2009 ല്‍ നാട്ടിലേക്ക്‌ തിരിച്ചുപോയി. പിന്നീട്‌ വീണ്ടുമെത്തിയ ശേഷം പെര്‍മിറ്റ്‌ പുതുക്കാന്‍ ശ്രമിച്ചുവെങ്കിലും ഇത്‌ സാധ്യമായില്ല.
തുടര്‍ന്നാണ്‌ വ്യാജ പെര്‍മിറ്റ്‌ സംഘടിപ്പിച്ചത്‌. മൂന്നു തവണയാണ്‌ ഇത്തരത്തില്‍ വ്യാജ പെര്‍മിറ്റ്‌ സംഘടിപ്പിച്ചതെന്ന്‌ പരിശോധനയില്‍ തെളിഞ്ഞു. അവസാനമായി സംഘടിപ്പിച്ച വ്യാജ പെര്‍മിറ്റനുസരിച്ച്‌ അടുത്ത വര്‍ഷം ആഗസ്റ്റ്‌ 16 വരെ ഇയാള്‍ക്ക്‌ ഇവിടെ തങ്ങുന്നതിന്‌ അനുമതിയുമുണ്ട്‌. ഹൈദരാബാദ്‌ സിറ്റി പോലീസ്‌ കമ്മീഷണറുടെ വ്യാജ സീലും ഒപ്പുമാണ്‌ പെര്‍മിറ്റില്‍ ഉളളത്‌. ഒരു മാസം മുമ്പ്‌ ഇത്തരത്തില്‍ ഇവിടെ നിന്നും കടന്നുപോയ ഒരു സുഡാന്‍ സ്വദേശി എമിഗ്രേഷനില്‍ ഹാജരാക്കിയ റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ്‌ വ്യാജമായിരുന്നുവെന്ന്‌ പിന്നീട്‌ പരിശോധന നടത്തിയപ്പോള്‍ തെളിഞ്ഞുവെന്നും ഇതിെ‍ന്‍റ പശ്ചാത്തലത്തിലാണ്‌ വാലിദ്‌ സിദാനേതിനെ തടഞ്ഞുവച്ച ശേഷം ഹൈദരാബാദിലേക്ക്‌ റസിഡന്‍ഷ്യല്‍ പെര്‍മിറ്റ്‌ ഫാക്സ്‌ ചെയ്ത്‌ നിജസ്ഥിതി ഉറപ്പുവരുത്താന്‍ ശ്രമിച്ചതെന്നും എമിഗ്രേഷന്‍ എസ്‌.പി എം.ആര്‍.മണിയന്‍ വെളിപ്പെടുത്തി. ഒര്‍ജിനല്‍ പെര്‍മിറ്റുമായി ഇതിന്‌ വളരെയേറെ സാമ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 3500 രൂപ നല്‍കിയാല്‍ ഇത്തരത്തില്‍ വ്യാജ റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ്‌ തരപ്പെടുത്തി നല്‍കുന്ന റാക്കററുണ്ടെന്നാണ്‌ ഇയാള്‍ വെളിപ്പെടുത്തിയത്‌.
വാലിദ്‌ ഇടയ്ക്കുവച്ച്‌ പഠനം നിര്‍ത്തിയിരുന്നു. ഇതില്‍ നിന്നു തന്നെ ഇയാള്‍ പിന്നീട്‌ എന്തിനാണ്‌ ഇവിടെ തങ്ങിയിരുന്നതെന്നതിനെക്കുറിച്ച്‌ ഇനിയും വിശദമായി അന്വേഷിക്കും. താന്‍ ഹൈദരാബാദില്‍ ട്യൂഷനും മറ്റുമെടുത്താണ്‌ ഉപജീവനത്തിന്‌ പണം കണ്ടെത്തിയിരുന്നതെന്നാണ്‌ ഇയാള്‍ മൊഴി നല്‍കിയിട്ടുളളത്‌. സ്റ്റുഡന്‍സ്‌ വിസയിലും മറ്റും ഇന്ത്യയിലേക്ക്‌ വിദേശികളെയെത്തിച്ച്‌ തീവ്രവാദ പ്രവര്‍ത്തനത്തിന്‌ ഉപയോഗപ്പെടുത്തുന്നതാണോയെന്നതിനെക്കുറിച്ചും അന്വേഷിക്കും.
പാകിസ്ഥാനികള്‍ കര്‍ശന നിരീക്ഷണത്തിലായതിനാല്‍ അമേരിക്കയിലും ഇന്ത്യയിലും അല്‍ക്വയ്ദയുടെ ചാവേര്‍ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി പാകിസ്ഥാനു പുറത്തുളള രാജ്യങ്ങളില്‍ നിന്നും യുവാക്കളെ കണ്ടെത്തുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ട്‌. അല്‍ക്വയ്ദ ബന്ധമുളള ബംഗ്ലാദേശികള്‍ രാജ്യത്ത്‌ ധാരാളമായി തങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ ബംഗ്ലാദേശികള്‍ക്കുവേണ്ടിയുളള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്‌. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ഇവര്‍ക്ക്‌ വലിയ വേരോട്ടമണുള്ളത്‌.

No comments: