Wednesday, November 9, 2011

ഭരണഘടനയും ഹിന്ദുത്വവും

ഭരണഘടനയും ഹിന്ദുത്വവും


ഭരണഘടനയനുസരിച്ച്‌ ഇന്ത്യ സംസ്ഥാനങ്ങളടങ്ങിയ ഏക രാജ്യമാണ്‌ (യൂണിയന്‍ ഓഫ്‌ സ്റ്റേറ്റ്സ്‌). അല്ലാതെ പ്രദേശങ്ങളുടെ സംയുക്തം (ഫെഡറേഷന്‍ ഓഫ്‌ പ്രോവിന്‍സസ്‌) അല്ല. അതിനാല്‍ ഒരു സംസ്ഥാനത്തിനും ഇന്ത്യന്‍ യൂണിയനില്‍ നിന്നും വേറിട്ടുപോകുവാനോ ഏതെങ്കിലും പ്രദേശം ഇന്ത്യയില്‍ നിന്ന്‌ മുറിച്ച്‌ മാറ്റപ്പെടുവാനോ ആവില്ല. 356-ാ‍ം വകുപ്പ്‌ അനുസരിച്ച്‌ താല്‍ക്കാലികമായി സംസ്ഥാന ഭരണം കയ്യാളുവാന്‍ കേന്ദ്രത്തിന്‌ അധികാരമുണ്ട്‌. ക്രമസമാധാന പാലനത്തിനായി സംസ്ഥാന ഭരണനിര്‍വ്വഹണത്തെ മറികടന്ന്‌ കേന്ദ്ര നിര്‍വ്വഹണ വിഭാഗത്തെ സംസ്ഥാനത്ത്‌ നിയോഗിക്കുവാന്‍ 247 മുതല്‍ 253 വരെയുള്ള വകുപ്പുകള്‍ കേന്ദ്രത്തിന്‌ അധികാരം നല്‍കുന്നു. കേന്ദ്ര സിവില്‍ സര്‍വ്വീസിന്റെയും കേന്ദ്ര പോലീസ്‌ സര്‍വ്വീസിന്റെയും സേവനം സംസ്ഥാനങ്ങളില്‍ നിര്‍വ്വഹിക്കപ്പെടുന്നുണ്ട്‌. നവീന ഇന്ത്യന്‍ ഭരണഘടനയുടെ ആത്മസത്ത ഏകാത്മക (യൂണിറ്ററിാ‍മാണ്‌. ദേശീയ ഉല്‍ഗ്രഥനത്തിനായി ഈ ഏകത്വം സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്‌.
ഒരു രാജ്യത്തിന്റെ ഭരണഘടന ആ രാജ്യത്തെ ജനസമൂഹത്തിന്റെ ഭരണവ്യവസ്ഥ ഊന്നിനില്‍ക്കുന്ന തത്വങ്ങളുടെയും മൂല്യങ്ങളുടെയും ധര്‍മ്മസിദ്ധാന്തങ്ങളുടെയും ചട്ടക്കൂടാണ്‌. ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ എഴുതിയുണ്ടാക്കപ്പെട്ട ഭരണഘടനയും കീഴ്‌വഴക്കങ്ങളെ അടിസ്ഥാനപ്പെടുത്തിയ (എഴുതി തയ്യാറാക്കാത്ത) ബ്രിട്ടീഷ്‌ ഭരണഘടനയുമെല്ലാം മേല്‍പറഞ്ഞതരം ചട്ടക്കൂടുകള്‍ തന്നെയാണ്‌.
നമ്മുടെ ഭരണഘടനയില്‍ മറ്റ്‌ രാജ്യങ്ങളിലെ ഭരണഘടനകള്‍ അനുസരിച്ചുള്ള ഉന്നത നീതിപീഠങ്ങള്‍ക്കുള്ളതിനേക്കാള്‍ അധികാര പരിധി സുപ്രീംകോടതിക്ക്‌ നല്‍കിയിരിക്കുന്നു. ഇവിടെ നീതിപീഠം സര്‍ക്കാരിനോ രാജ്യത്തെ ജനങ്ങള്‍ക്കോ അധീനമല്ല. പാര്‍ലമെന്റും നിയമനിര്‍മ്മാണസഭകളും പരമാധികാരമുള്ള ജനങ്ങളുടെ ഹിതത്തെ പ്രതിനിധീകരിക്കുമ്പോള്‍ നീതിപീഠം പ്രതിനിധീകരിക്കേണ്ടിയിരിക്കുന്നത്‌ പരമാധികാരമുള്ള ജനങ്ങളുടെ മനഃസാക്ഷിയെയാണ്‌.
ബ്രിട്ടീഷ്‌ ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നതുപോലെ മൗലികാവകാശ സങ്കല്‍പം (ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാംഭാഗം) ബ്രിട്ടീഷ്‌ കോളനി ഭരണകര്‍ത്താക്കളുടെ ‘ദയവിന്റെ’ ഭാഗമൊന്നുമല്ല. മനുഷ്യാവകാശങ്ങള്‍ക്ക്‌ ഭരണഘടനാപരമായ ഉറപ്പ്‌ ലഭിക്കണമെന്ന്‌ ലോകമാന്യതിലകന്റെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെട്ട ‘സ്വരാജ്‌ ബില്‍’ എന്നറിയപ്പെടുന്ന ഇന്ത്യാ ബില്ലില്‍ (1895) നിഷ്കര്‍ഷിക്കപ്പെട്ടതാണ്‌. ബ്രിട്ടീഷുകാര്‍ ഈ ബില്‍ നിരാകരിക്കുകയാണുണ്ടായത്‌. മൗലികാവകാശ പ്രഖ്യാപനത്തെ അടിസ്ഥാനപ്പെടുത്തിയാവണം ഇന്ത്യയുടെ ഭരണഘടനയെന്ന്‌ 1927-ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മദ്രാസ്‌ സമ്മേളനവും നിര്‍ദ്ദേശിച്ചിരുന്നു. ആ നിര്‍ദ്ദേശത്തെയും 1930-ല്‍ സൈമണ്‍ കമ്മീഷന്‍ നിരാകരിച്ചു.
മൗലികാവകാശങ്ങള്‍ ഭേദഗതി ചെയ്യാമെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ 1952 മുതല്‍ 1978 വരെ ഉന്നതനീതിപീഠത്തില്‍ തുടര്‍ന്നുവന്നു. 368-ാ‍ം വകുപ്പനുസരിച്ച്‌ മൗലികാവകാശങ്ങള്‍ ഭേദഗതി ചെയ്യാമെന്ന്‌ 1952-ല്‍ സുപ്രീംകോടതി നിരീക്ഷിച്ചു. 1965-ലും ഇതേ അഭിപ്രായം സുപ്രീംകോടതി പ്രകടിപ്പിക്കുകയുണ്ടായി. 1973 ഏപ്രില്‍ 24ന്‌ കേശവാനന്ദഭാരതി കേസിലും ഈ അഭിപ്രായത്തിന്റെ പേരില്‍ സുപ്രീംകോടതിയിലെ ന്യായാധിപന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ടായി. 1975-ല്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെത്തുടന്ന്‌ 359-ാ‍ം വകുപ്പനുസരിച്ച്‌ മൗലികാവകാശങ്ങള്‍ നിയന്ത്രിക്കുവാനുള്ള അവകാശം രാഷ്ട്രപതിക്ക്‌ സിദ്ധിച്ചു. 1978-ല്‍ 44-ാ‍ം ഭരണഘടനാ ഭേദഗതിയിലൂടെയാണ്‌ അടിയന്തരാവസ്ഥാ സാഹചര്യത്തില്‍ പോലും മൗലികാവകാശങ്ങള്‍ റദ്ദുചെയ്തുകൂടാ എന്ന നിശ്ചയമുണ്ടായത്‌.
ഇന്ത്യന്‍ ഭരണഘടനയുടെ ആത്മസത്ത ഏകാത്മകമാണെന്നും അത്‌ രാജ്യത്തെ ജനസമൂഹത്തെ ഒന്നാക്കിനിര്‍ത്തുന്ന തത്വങ്ങളുടെയും മൂല്യങ്ങളുടെയും ധര്‍മ്മസിദ്ധാന്തങ്ങളുടെയും ചട്ടക്കൂടാണെന്നും സൂചിപ്പിച്ചുവല്ലോ. കുറേക്കൂടി ഇക്കാര്യം വ്യക്തമാക്കിയാല്‍, ഹിന്ദുത്വത്തിന്റെ ഭാഗമായ ഹൈന്ദവ പൈതൃകമാണ്‌ ഇന്ത്യന്‍ ഭരണഘടനയുടെ അംഗവിധാനത്തിന്‌ അടിസ്ഥാനമാക്കപ്പെട്ടിരിക്കുന്നത്‌. ഹിന്ദുസ്ഥാനമെന്ന പുരാതന ഭാരതം ജനപദങ്ങളും രാജവാഴ്ചയും ചേര്‍ന്നതായിരുന്നു. ചക്രവര്‍ത്തി (ചാണക്യന്‍ ആവിഷ്കരിച്ചത്‌) സങ്കല്‍പമനുസരിച്ച്‌ ഭാരതം ഏകാത്മകമായിരുന്നു. അടിയന്തര സാഹചര്യങ്ങളിലും യുദ്ധത്തിന്റെ അവസരങ്ങളിലുമായിരുന്നു ചക്രവര്‍ത്തിക്ക്‌ പ്രാമുഖ്യമുണ്ടായിരുന്നത്‌. സാധാരണ സാഹചര്യങ്ങളില്‍ പ്രാദേശീയ രാജാക്കന്മാര്‍ക്കായിരുന്നു മുന്‍കൈ. അവര്‍ ഋഷിമാരുടെയും സന്യാസിമാരുടെയും ഉപദേശാനുസരണം രാജ്യഭാരം നടത്തിപ്പോന്നു. ഭരണഘടനയിലെ 356-ാ‍ം വകുപ്പിന്റെ നിഴലാട്ടം ഈ വ്യവസ്ഥയില്‍ കാണാം.
ഹിന്ദുഇന്ത്യ രാജ്യങ്ങളുടെ ഒരു യൂണിയനായിരുന്നു. അത്‌ ഏകാധിപത്യസംവിധാനമായിരുന്നില്ല, മറിച്ച്‌ റിപ്പബ്ലിക്കായിരുന്നു. ഇന്നത്തെ റിപ്പബ്ലിക്കിലെ രാഷ്ട്രപതിയുടെ സ്ഥാനത്തായിരുന്നു അന്നത്തെ രാജാവ്‌. അശോകന്റെ കാലത്തുമാത്രമാണ്‌ ഏകാധിപത്യം നിലനിന്നത്‌. ഹിന്ദുഭരണ പാരമ്പര്യത്തിന്റെ തുടര്‍ച്ചതന്നെയാണ്‌ ഇന്ത്യന്‍ ഭരണഘടനയിലൂടെ നവീന ഇന്ത്യയിലും സൃഷ്ടമായത്‌. ഭരണഘടനാ നിര്‍മ്മാതാക്കള്‍ ഇന്ത്യയുടെ ഹൈന്ദവ പാരമ്പര്യത്തെക്കുറിച്ച്‌ ബോധവാന്മാരായിരുന്നു. ഭരണഘടനയുടെ മുഖ്യഭാഗത്ത്‌ 22 ചിത്രങ്ങള്‍ നല്‍കിയിട്ടുള്ളതിന്റെ പട്ടിക ഭരണഘടനയുടെ തുടക്കത്തില്‍ ചേര്‍ത്തിട്ടുണ്ട്‌. ഇന്ത്യയുടെ പൂര്‍വ്വകാല ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളാണ്‌ അവയിലൂടെ സൂചിതമാവുന്നത്‌. ഭരണഘടന അടിസ്ഥാനമാക്കുന്ന മൂല്യങ്ങളുടെ പ്രതീകങ്ങള്‍ കൂടിയാണ്‌ ആ ചിത്രങ്ങള്‍. ശ്രീരാമന്‍, ഗീത ഉപദേശിക്കുന്ന ശ്രീകൃഷ്ണന്‍, ഹനുമാന്‍, ബുദ്ധന്‍, മഹാവീരന്‍ എന്നിവരുടെ ചിത്രങ്ങളും നലാന്റ സര്‍വ്വകലാശാലയുടെ ചിത്രവും അക്കൂട്ടത്തില്‍ കാണാം. അക്ബര്‍, ശിവാജി, ഗുരുഗോവിന്ദസിംഗ്‌ എന്നിവരുടെ ചിത്രങ്ങള്‍ ഇന്ത്യയിലെ മുസ്ലീം ഭരണകാലത്തെ പ്രതിനിധീകരിച്ചുകൊണ്ട്‌ ഭരണഘടനയില്‍ ചേര്‍ത്തിട്ടുണ്ട്‌. മുസ്ലീം രാജാക്കന്മാരില്‍ അക്ബറുടെ ഛായാചിത്രം മാത്രം ചേര്‍ത്തത്‌ അര്‍ത്ഥഗര്‍ഭമാണ്‌. ബ്രിട്ടീഷ്‌ ഭരണകാലത്തെയും സ്വാതന്ത്ര്യപ്രസ്ഥാനകാലത്തെയും പ്രതിനിധാനം ചെയ്തുകൊണ്ട്‌ ടിപ്പുസുല്‍ത്താന്‍, റാണിലക്ഷ്മീബായ്‌, നേതാജി സുഭാഷ്ചന്ദ്രബോസ്‌, മഹാത്മാഗാന്ധി എന്നിവരുടെ ഛായാപടങ്ങളാണ്‌ ചേര്‍ത്തിട്ടുള്ളത്‌.
ഹിന്ദുത്വത്തിന്റെ പ്രസരണം ഇന്ത്യന്‍ പാര്‍ലമെന്റിലും അനുഭവപ്പെടും. ലോക്സഭയുടെ തലവനായ സ്പീക്കറുടെ ഇരിപ്പിടത്തിന്മേല്‍ “ധര്‍മ്മചക്രപ്രവര്‍ത്തനായ” എന്ന്‌ ആലേഖനം ചെയ്തിരിക്കുന്നു. ധര്‍മ്മമാണ്‌ ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം പരമവും മുഖ്യവുമായിട്ടുള്ളത്‌. ധര്‍മ്മചക്രം സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയിലും കാണാം. പാര്‍ലമെന്റ്‌ മന്ദിരത്തിന്റെ പ്രധാനപ്പെട്ട വിവിധ ഭാഗങ്ങളില്‍ ഛാന്ദോഗ്യോപനഷിത്തിലെയും പഞ്ചതന്ത്രത്തിലെയും മഹാഭാരതം, മനുസ്മൃതി എന്നിവയിലെയും മറ്റും വരികള്‍ ആലേഖനം ചെയ്തിരിക്കുന്നത്‌ കാണാം. രണ്ടാം നമ്പര്‍ ലിഫ്റ്റിന്റെ ഗോപുരത്തിന്മേലാണ്‌ മനുസ്മൃതിയിലെ വാക്യം എഴുതിവെച്ചിരിക്കുന്നത്‌. അതിന്റെ സാരം ഇതാണ്‌: “സഭയിലെത്തിയാല്‍ ധര്‍മ്മാനുസരണം മാത്രം സംസാരിക്കുക. സഭയില്‍ സംസാരിക്കാത്തവനും കള്ളം പറയുന്നവനും അനീതിക്കുവേണ്ടി സംസാരിക്കുന്നവനും പാപത്തിന്റെ പങ്കുപറ്റുന്നു.” ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും പാര്‍ലമെന്ററി സംവിധാനത്തിന്റെയും പിതാക്കള്‍ എന്ത്‌ സന്ദേശമാണ്‌ ഇതിലൂടെയെല്ലാം നല്‍കുന്നതെന്ന്‌ വ്യക്തമാണല്ലോ.
വിവിധ സ്ഥാപനങ്ങളുടെ മുദ്രാവാക്യങ്ങള്‍ പരിശോധിച്ചാലും ഇത്‌ വ്യക്തമാവും. ‘സത്യമേവ ജയതേ’(ഇന്ത്യാ ഗവണ്‍മെന്റ്‌), ‘ധര്‍മ്മചക്ര പ്രവര്‍ത്തനായ’ (ലോക്സഭ), ‘യതോധര്‍മ്മസ്തതോ ജയ’ (സുപ്രീംകോടതി), ‘ബഹുജനഹിതായ’ (ആകാശവാണി), ‘സത്യം ശിവം സുന്ദരം’ (ദൂരദര്‍ശന്‍), ‘സേവ അസ്മാകം ധര്‍മ്മ’ (കരസേന), ‘ശന്നോ വരുണ’ (നാവികസേന), ‘നഭ സ്പ്രിശം ദീപ്തം’ (വ്യോമസേന), ‘നിഷ്ഠ ധൃതി സത്യം’ (ദല്‍ഹി സര്‍വ്വകലാശാല), ‘യോഗക്ഷേമം വഹാമ്യഹം’ (ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്‍) തുടങ്ങിയ മുദ്രാവാക്യങ്ങളുടെ ആത്മസ്പന്ദവും ഹൈന്ദവമാണ്‌. ഇവയൊന്നും തന്നെ മതപ്രമാണങ്ങളല്ല. ഇവ ഏതെങ്കിലും ദേവതയോ ആരാധനാപദ്ധതിയോ ആയി ബന്ധപ്പെട്ടവയുമല്ല. സാംസ്കാരിക മൂല്യങ്ങളെ ഉള്ളില്‍ വഹിക്കുന്നവയാണിവ. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയും പാര്‍ലമെന്റും ഉന്നതനീതിപീഠവും മറ്റും സ്വതന്ത്ര ഇന്ത്യയുടെ നിലനില്‍പ്പ്‌ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഹൈന്ദവ സംസ്കാരത്തിലും ആശയാദര്‍ശങ്ങളിലും ഊന്നിയായിരിക്കണമെന്ന ധാരണയാണ്‌ പുലര്‍ത്തുന്നത്‌. ഹിന്ദുത്വത്തിന്റെ അടിസ്ഥാന ജനാധിപത്യമൂല്യങ്ങളും നാനാത്വത്തില്‍ ഏകത്വം കാണുവാനുള്ള വിക്ഷണസവിശേഷതയിലും ഊന്നിനില്‍ക്കുന്ന കാലത്തോളമേ ഇന്ത്യ ജനാധിപത്യരാജ്യവുംനാനാത്വത്തെ സഹിഷ്ണുതയോടെ നോക്കിക്കാണുന്ന രാജ്യവുമായി നിലനില്‍ക്കുകയുള്ളൂ എന്ന്‌ രാഷ്ട്രീയ ഇന്ത്യയുടെ പിതാക്കള്‍ക്ക്‌ വ്യക്തമായ ധാരണയുണ്ടായിരുന്നു. ഹിന്ദുത്വം ഇന്ത്യന്‍ ഭരണഘടനക്ക്‌ അന്യമോ വിരുദ്ധമോ അല്ല. മനോഹര്‍ ജോഷി കേസില്‍ (1196/1, എസ്‌.സി.സി. 169) സുപ്രീംകോടതി ഇത്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. (പേജ്‌ 159 ഖണ്ഡിക 37). ജൈമിനിയുടെ മീമാംസ (അന്വേഷണം) പാശ്ചാത്യ മാക്സ്‌വെല്‍ നടപടിക്രമങ്ങളിലെ വിടവുകള്‍ നികത്താന്‍ ഉപയോഗിക്കാമെന്ന്‌ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടത്‌ ശ്രദ്ധേയമാണ്‌. യു.പി. സ്റ്റേറ്റ്‌ ആഗ്രോ ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡ്‌ കേസില്‍ 2007 ഡിസംബര്‍ 18ന്‌ സുപ്രീംകോടതി നിരീക്ഷിച്ചതും എംആര്‍ഐ (മീമാംസാ റൂള്‍ ഓഫ്‌ ഇന്റര്‍പ്രട്ടേഷന്‍) കോടതിയില്‍ മാക്സ്‌വെല്‍ നിയമങ്ങള്‍ക്കൊപ്പം ഉപയോഗിക്കാമെന്നായിരുന്നു. ഇന്നത്തെ അഭിഭാഷകരില്‍ പലരും എംആര്‍ഐയെപ്പറ്റി കേട്ടിട്ടുപോലുമുണ്ടാവുകയില്ല എന്നത്‌ വേറെ കാര്യം. നിയമഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുവാനുള്ള ഇന്ത്യന്‍ പൗരാണിക സമ്പ്രദായമാണ്‌ മീമാംസാ തത്വങ്ങള്‍. ഇവ നിയമവ്യാഖ്യാനത്തിനുള്ള മാക്സ്‌വെല്‍ തത്ത്വങ്ങളെക്കാള്‍ രണ്ട്‌ കാര്യങ്ങളില്‍ മികച്ചതാണ്‌. ചട്ടങ്ങളെയും നിയമങ്ങളെയും വ്യാഖ്യാനിക്കാന്‍ മാത്രം മാക്സ്‌വെല്‍ തത്വങ്ങള്‍ ഉപകരിക്കുമ്പോള്‍ അതിന്‌ പുറമെ വിധിന്യായങ്ങളെ വ്യാഖ്യാനിക്കുവാനും മീമാംസാ തത്വങ്ങള്‍ ഉപകരിക്കും. മീമാംസാ തത്വങ്ങള്‍ കൂടുതല്‍ വിശദവും വ്യവസ്ഥാനുസൃതവുമാണ്‌.
നിലവിലുള്ള ഭരണഘടനയിന്‍ കീഴില്‍ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നുവല്ലോ എന്ന ഉല്‍ക്കണ്ഠ പ്രസക്തമാണ്‌. അതിന്റെ കുറ്റം ഭരണഘടനയുടേതല്ല. പ്രശ്നങ്ങളെ നിയമപരമായി പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാതെ അവയെ രാഷ്ട്രീയവല്‍ക്കരിച്ച്‌ നിലനിര്‍ത്തുന്നതാണ്‌ വിഷമം വരുത്തിവെക്കുന്നത്‌. 370-ാ‍ം വകുപ്പ്‌ റദ്ദാക്കുവാന്‍ പാര്‍ലമെന്ററി ഭേദഗതിയൊന്നും വേണ്ടതില്ല, മറിച്ച്‌ ജമ്മു-കാശ്മീര്‍ ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ സമ്മതത്തോടെയുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം മാത്രം മതിയാവും. ജമ്മു-കാശ്മീര്‍ ഭരണഘടനാ നിര്‍മ്മാണ സമിതി നിലവിലില്ലാതായിട്ട്‌ കാലംകുറെയായി. ആ സ്ഥിതിക്ക്‌ ജമ്മു-കാശ്മീര്‍ ഗവര്‍ണ്ണറുടെ സമ്മതം മാത്രം രാഷ്ട്രപതിയുടെ വിജ്ഞാപനത്തിന്‌ മതിയാവും.
മാര്‍ഗ്ഗനിര്‍ദ്ദേശകതത്വമനുസരിച്ച്‌ (44-ാ‍ം വകുപ്പ്‌) ഏകീകൃത സിവില്‍ നിയമം രാജ്യത്ത്‌ ഏര്‍പ്പെടുത്തുന്നതിനും സര്‍ക്കാരിന്റെ ഇച്ഛാശക്തി മാത്രം മതിയാവും. ‘മുസ്ലീം വോട്ട്‌ ബാങ്കി’ല്‍ കണ്ണുവെച്ച്‌ ഏകീകൃത സിവില്‍നിയമം നടപ്പാക്കാതിരിക്കുന്നത്‌ ഭരണഘടന എന്തെങ്കിലും തടസ്സം സൃഷ്ടിക്കുന്നതുകാരണമല്ല. മുസ്ലീങ്ങള്‍ മുന്നോട്ടുവന്ന്‌ ആവശ്യപ്പെടുന്നതുവരെ എല്ലാ ഇന്ത്യക്കാര്‍ക്കും ബാധകമായ പൊതു സിവില്‍ നിയമം നടപ്പിലാക്കാനാവില്ല എന്ന നിലപാടിലാണ്‌ കേന്ദ്രസര്‍ക്കാര്‍. (1995ലെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ സ്വാതന്ത്ര്യദിന പ്രസംഗം, പ്രധാനമന്ത്രി റാവുവിന്റെ പ്രസ്താവനകള്‍ 1-6-1995, 28-7-95 സ്റ്റേറ്റ്സ്മാന്‍, നിയമന്ത്രി ഭരദ്വാജിന്റെ യുഗാന്തര്‍ പ്രസ്താവന 12-12-93, സ്റ്റേറ്റ്സ്മാന്‍ പ്രസ്താവന 22-7-95) സുപ്രീംകോടതി ഒന്നിലേറെ തവണ ഏകീകൃതസിവില്‍ നിയമം കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെടുകയുണ്ടായിട്ടുണ്ട്‌. (മുഡ്ഗല്‍-യൂണിയന്‍ ഓഫ്‌ ഇന്ത്യ കേസ്‌ 1995, 3 എസ്‌.സി.സി. 635-കുല്‍ദീപ്‌ സിംഗും സഹായ്‌ ജെ.ജെയും 1995 മെയ്‌ 10) പല മുസ്ലീം രാജ്യങ്ങളും ശരീഅത്ത്‌ നിയമം റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്ത സാഹചര്യത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ പൊതുസിവില്‍ നിയമം കൊണ്ടുവരാന്‍ അറയ്ക്കുന്നത്‌. ശരീഅത്ത്‌ അനുസരിച്ചുള്ള ക്രിമിനല്‍ നിയമങ്ങള്‍ 19-ാ‍ം നൂറ്റാണ്ടില്‍ തന്നെ റദ്ദാക്കപ്പെട്ടിരുന്ന കാര്യം ഓര്‍ക്കുക.
ഒന്നാംകിട പൗരനായിരിക്കാന്‍ ഒരാള്‍ ഹിന്ദുവായിരിക്കണമെന്ന്‌ ഒരൊറ്റ ഹിന്ദുരാജാവും അനുശാസിച്ചതായി ഒരിടത്തും കാണുകയില്ല. അശോകന്റെ ഭരണവും ഇസ്ലാമിക ഭരണവും മാത്രമാണ്‌ ഇവിടെ മതാധിഷ്ഠിതമായിരുന്നത്‌. ഹിന്ദു സ്വതവേ ‘മതേതര’നാണ്‌. നിര്‍ഭാഗ്യവശാല്‍ ഇന്ന്‌ പ്രചരിപ്പിക്കപ്പെടുന്ന മതേതരത്വത്തിന്‌ സാംഗത്യം നഷ്ടമായിരിക്കുന്നു. അതിനാല്‍ നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിനനുസൃതമായി മതേതരത്വത്തെ പുനര്‍നിര്‍വ്വചിക്കേണ്ടതായിട്ടുണ്ട്‌. ദേശീയ ഐക്യത്തിനും സുരക്ഷിതത്വത്തിനും അത്‌ ആവശ്യമാണ്‌. ഇന്ത്യന്‍ മതേതരത്വത്തിന്റെ നിയമപരമായ പരിപ്രേക്ഷ്യം ജസ്റ്റിസ്‌ അഫ്തബ്‌ അലം (2009, 10, എസ്സിസിജെ-60) വ്യക്തമാക്കിയത്‌ തികച്ചും സ്വാഗതാര്‍ഹമാണ്‌.
വ്യക്തിയുടെയും വിഭാഗത്തിന്റെയും അവകാശങ്ങളുമായി ബന്ധപ്പെട്ട 25-ാ‍ം വകുപ്പും 30-ാ‍ം വകുപ്പുമാണ്‌ മറ്റൊരു പ്രശ്നം. സെന്റ്‌ സ്റ്റീഫന്‍ കോളേജ്‌ (ദല്‍ഹി) കേസില്‍ സുപ്രീംകോടതി സമുദായ അടിസ്ഥാന അവകാശങ്ങളെയും വ്യക്തികളുടെ അവകാശങ്ങളെയും പുതിയ വെളിച്ചത്തില്‍ നിരീക്ഷിക്കുകയുണ്ടായി. യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള വ്യക്തികളുടെ അവകാശങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുവാനുള്ള ന്യൂനപക്ഷങ്ങളുടെ അവകാശവും തമ്മില്‍ സന്തുലനം വേണമെന്ന്‌ കോടതി അഭിപ്രായപ്പെടുകയായിരുന്നു. അതനുസരിച്ച്‌ ആദ്യമായി 30-ാ‍ം വകുപ്പ്‌ 29-ാ‍ം വകുപ്പിന്‌ വിധേയമായി. ഈ വകുപ്പുകള്‍ ബന്ധപ്പെട്ടവര്‍ക്ക്‌ ഏതെങ്കിലും അവകാശങ്ങള്‍ നല്‍കുകയല്ല ചില സംരക്ഷണ വ്യവസ്ഥകള്‍ നല്‍കുക മാത്രമാണ്‌ ചെയ്യുന്നത്‌ എന്ന്‌ വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്‌. 30-ാ‍ം വകുപ്പ്‌ മതന്യൂനപക്ഷങ്ങള്‍ക്ക്‌ പ്രത്യേകമായോ കൂടുതലായോ എന്തെങ്കിലും അവകാശം നല്‍കുന്നില്ല എന്നും സ്പഷ്ടമാക്കപ്പെടുകയുണ്ടായി. 29(2) വകുപ്പിനും മറ്റ്‌ നിയമങ്ങള്‍ക്കും വിധേയമായാണ്‌ 30-ാ‍ം വകുപ്പിന്റെ പ്രസക്തി. 1995-ലെ ബൊമ്മെ കേസിലുണ്ടായ വിധിക്കുശേഷം മതേതരത്വത്തെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ വീക്ഷണത്തിലും മാറ്റമുണ്ടായിട്ടുണ്ട്‌. ഭൂരിപക്ഷം ഇന്ത്യക്കാരുടെ ഡിഎന്‍എയില്‍ നിന്നും വ്യത്യസ്തമായ ഡിഎന്‍എയുള്ള വംശീയ ന്യൂനപക്ഷങ്ങളെ മാത്രം ‘ന്യൂനപക്ഷ’മെന്ന പ്രയോഗത്തിന്റെ അര്‍ത്ഥവ്യാപ്തിയില്‍ കൊണ്ടുവരുന്ന തീരുമാനത്തിലേക്ക്‌ സുപ്രീംകോടതി എത്തിച്ചേരുക മാത്രമേ ഇനി വേണ്ടതുള്ളൂ. അതോടെ ഭരണഘടനയിലെ ‘മതേതരത്വം’ എന്ന വാക്ക്‌ ‘സര്‍വ്വപന്ഥസമഭാവത്തെ അടിസ്ഥാനമാക്കിയുള്ള ആത്മീയ രാഷ്ട്രം” എന്ന പ്രയോഗത്തിന്‌ വഴിമാറിക്കൊടുക്കപ്പെടും. എന്നാണെങ്കിലും ഭാവിയില്‍ ഹിന്ദുത്വം ഇന്ത്യന്‍ നിയമസംഹിതയുടെ അടിസ്ഥാനമാവുകതന്നെ ചെയ്യും എന്ന്‌ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

ഡോ. സുബ്രഹ്മണ്യന്‍ സ്വാമി

No comments: