Tuesday, December 27, 2011

പാക്‌ ഹിന്ദുക്കളുടെ കൂട്ട പലായനം

പാക്‌ ഹിന്ദുക്കളുടെ കൂട്ട പലായനം


വിവിധ സമുദായങ്ങള്‍ തമ്മിലും ഇസ്ലാമിനുള്ളിലെ വിഭിന്ന വീക്ഷണഗതികള്‍ തമ്മിലും ഉള്ള വിഭാഗീയ അടിപിടികള്‍ പ്രകമ്പനം കൊള്ളിക്കുന്ന പാക്കിസ്ഥാന്‍ എന്ന ദുഷ്ടരാഷ്ട്രത്തില്‍നിന്നും ശരണസ്ഥാനവും പിന്നെ ആത്യന്തികമായി പൗരത്വവും തേടി ഹിന്ദു ഭൂരഹിത കര്‍ഷകത്തൊഴിലാളികളുടെ ഒരു സംഘം ഈയിടെ ന്യൂദല്‍ഹിയിലെത്തി. തട്ടിക്കൊണ്ടുപോകലുകളും നിര്‍ബന്ധിത മതപരിവര്‍ത്തനവും-പ്രത്യേകിച്ചും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുഞ്ഞുങ്ങള്‍ പര്‍ദ്ദയുടെ പിന്നിലേക്ക്‌ വലിച്ചിഴക്കപ്പെടുന്നത്‌ കഴിഞ്ഞ കുറെ കൊല്ലങ്ങളായി ഹിന്ദുമതന്യൂനപക്ഷ സമുദായത്തില്‍ അരക്ഷിതാവസ്ഥ സംജാതമാക്കിയിരിക്കയാണ്‌.
കാഫിറുകളെ മാത്രമല്ല, തങ്ങളുടെ കൂടെ കൂടാത്ത മുസ്ലീങ്ങളെയും ഇസ്ലാമിന്റെ ശത്രുക്കളായി സദയം പരിഗണിക്കുന്ന അറുപിന്തിരിപ്പന്‍-മുഴുമതഭ്രാന്തന്‍ പ്രസ്ഥാനമായ തബിളെഖ്‌ പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജീവിതം ഭീതിദമായ ഒരു പാതിരാത്രിയാക്കി മാറ്റിയിരിക്കുന്നു.
ജീവന്‍ വേണമെങ്കില്‍ ഇസ്ലാമായിക്കൊള്ളാന്‍ ആജ്ഞാപിക്കുന്ന തബിളെഖികള്‍ സിന്ധ്‌, ബലൂചിസ്ഥാന്‍, വടക്കുപടിഞ്ഞാറ്‌ അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളില്‍ ഹിന്ദുക്കളുടെ ജീവിതം നരകസമാനമാക്കിയിട്ടുണ്ട്‌. സിന്ധില്‍നിന്നാണ്‌ 114 ബാഗ്രി ഹിന്ദുക്കള്‍ ഭാരതത്തിലെവിടെയെങ്കിലും കുടിയുറപ്പിക്കാന്‍ ആശിച്ച്‌ ദല്‍ഹിയിലെത്തി.
രാജസ്ഥാനിലെ ചിത്തോഗാര്‍ ആണ്‌ തങ്ങളുടെ മൂലസ്ഥാനമെന്നും മഹാറാണാ പ്രതാപിന്റെ സൈന്യത്തില്‍ തങ്ങളുടെ പൂര്‍വികര്‍ പോരാടിയിട്ടുണ്ടെന്നും ബാഗ്രികള്‍ പറയുന്നു. വിഭജനവേളയില്‍, സിന്ധ്‌ പാക്കിസ്ഥാനിലായപ്പോള്‍, അവര്‍ പുതിയ രാജ്യത്തില്‍ ആയിപ്പോയി. പാക്കിസ്ഥാന്റെ ഹിന്ദു ജനസംഖ്യയില്‍ 10 ശതമാനം ബാഗ്രികളാണ്‌. അവര്‍ രാമനെയും കൃഷ്ണനെയും ദുര്‍ഗയെയും ഹനുമാനെയും ഭജിക്കുന്നു.
പാക്കിസ്ഥാനില്‍ അവരെന്നും താഴ്‌ന്ന ദൈവങ്ങളുടെ കുട്ടികളായി പരിഗണിക്കപ്പെട്ടു. സമുദായ നേതാക്കളായ ഗംഗാറാം ബാഗ്രിയും അര്‍ജുന്‍ദാസ്‌ ബാഗ്രിയും പറയുന്നത്‌ അവരുടെ തലമുറ പാക്കിസ്ഥാനില്‍ ജനിച്ചവരാണെന്നും അവരുടെ ഓര്‍മയില്‍ ജനറല്‍ സിയാ ഉള്‍ ഹക്കിന്റെ ഭരണകാലത്താണ്‌ ഹിന്ദുക്കളുടെ ജീവിതം അധഃപതിക്കാന്‍ തുടങ്ങിയതെന്നുമാണ്‌. ജനറല്‍ പര്‍വേസ്‌ മുഷാറഫ്‌ ആണ്‌ അവരുടെ അനുഭവത്തിലെ ഏറ്റവും നല്ല പാക്‌ ഭരണാധികാരി. കാരണം, അദ്ദേഹം ഹിന്ദുക്കളെ പീഡിപ്പിക്കയുണ്ടായില്ല. സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ചീത്ത ഭരണാധികാരിയായിരുന്നില്ല. പക്ഷേ, ന്യൂനപക്ഷ വീക്ഷണത്തില്‍ ബേനസീര്‍ ഭൂട്ടോ നല്ലവളായിരുന്നില്ല.
പാക്സമൂഹം ഇസ്ലാമികവത്കരിക്കപ്പെട്ടു വന്ന കാലത്ത്‌ നടന്ന, അയോധ്യയിലെ, ബാബ്‌റി തകര്‍ക്കല്‍ മുസ്ലീം തീവ്രവാദികള്‍ ഹാലിളകാന്‍ ഇടയാക്കി. ഹിന്ദുക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെടുകയും ബുള്‍ഡോസറുകളാല്‍ ഇടിച്ചു നിരത്തപ്പെടുകയും ചെയ്തു. ഹിന്ദു സ്ത്രീകള്‍ മുസ്ലീങ്ങളാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. പൂജാരിമാരെ മര്‍ദ്ദിച്ചു. ഹിന്ദുസമൂഹം കൊടുംഭീതിയിലാണ്ടു.
ഇപ്പോള്‍ പാക്കിസ്ഥാനില്‍ ക്ഷേത്രങ്ങള്‍ മിക്കതും വീടുകള്‍ക്കകത്തുള്ള കൊച്ചു കോവിലുകളാണ്‌. ഹിന്ദു ജനസംഖ്യ കൂടുതലുള്ള ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ്‌ പൊതുസ്ഥലത്ത്‌ ക്ഷേത്രം നിലനില്‍ക്കുന്നത്‌. സിന്ധിലെ ഹൈദരാബാദിലെ വാല്മീകി സമുദായക്കാരുടെ ക്ഷേത്രം നിലനില്‍ക്കുന്നതിനു കാരണം, മുസ്ലീങ്ങള്‍ക്ക്‌ അവരുടെ സേവനം ഒഴിച്ചുകൂടാന്‍ പറ്റാത്തതുകൊണ്ടുമാത്രം.
പക്ഷെ, തബിളെഖി ജമാഅത്തിന്റെ തീവ്രമാകുന്ന ഇസ്ലാമിക്‌ ആക്ടിവിസം ഹിന്ദുക്കളുടെ ജീവിതം നരകീയമാക്കയാണ്‌. ഹിന്ദു പെണ്‍കുഞ്ഞുങ്ങള്‍ തട്ടിക്കൊണ്ടുപോകപ്പെടുമ്പോള്‍, മതപരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ നിര്‍ബന്ധിത നിക്കാഹുകള്‍ക്ക്‌ വിധേയകളാക്കപ്പെടുമ്പോള്‍, പിന്നെ എന്നെന്നേക്കുമായി കാണാതാകുമ്പോള്‍ നീതിന്യായ സ്ഥാപനങ്ങള്‍ കണ്ണടയ്ക്കുന്നു. ഭയം ഒരു നിതാന്ത സഹചാരിയാകുന്നു. അല്‍-ജിഹാദ്‌ (അനന്തമായ മതയുദ്ധം) അങ്ങേയറ്റം ദ്രോഹകരവും സര്‍വവ്യാപിയുമാകുന്നു.
ഒരു ഹിന്ദു മരിച്ചാല്‍ ഹിന്ദുമതാചാരപ്രകാരം ദഹിപ്പിക്കാന്‍ സമ്മതിക്കുകയില്ല എന്നതാണ്‌ തബിളെഖി ഇസ്ലാമിന്റെ മതസഹിഷ്ണുത. ഏതെങ്കിലും ഹിന്ദുവിന്റെ ശവം ദഹിപ്പിച്ചാല്‍ തബിളെഖി ഭ്രാന്തന്മാര്‍ കൊടിയ അക്രമത്തിലേക്ക്‌ തിരിയുന്നു.
ഈവിധ ദുരനുഭവങ്ങള്‍ സഹിയാതെയും ഹിന്ദുമേഖലകളില്‍ സന്ദര്‍ശനം നടത്തിയ ചില ഹിന്ദുനേതാക്കളുടെ പ്രോത്സാഹനത്താലും തങ്ങളുടെ ഇന്ത്യയിലെ വേരുകളിലേക്ക്‌ മടങ്ങാന്‍ ബാഗ്രികള്‍ രഹസ്യപദ്ധതിയിട്ടു. ഇന്ത്യയിലേക്ക്‌ വിസ ലഭിക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ശ്രമിച്ചിട്ടും നടന്നില്ലെന്നു ഗംഗാറാം പറഞ്ഞു. അവസാനം ഈ വര്‍ഷം, അമൃത്സര്‍, ഹരിദ്വാര്‍, റായ്പൂര്‍, ഇന്‍ഡോര്‍ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കാനുള്ള മള്‍ട്ടിപ്പിള്‍ വിസ 500 തീര്‍ത്ഥാടകര്‍ അടങ്ങുന്ന ജാഥക്ക്‌ ലഭിച്ചു. സപ്തംബര്‍ 4 ന്‌ അവര്‍ അതാരി അതിര്‍ത്തി കടന്നു.
സിക്ക്‌ സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ച്‌ അമൃ ത്സറില്‍ നാല്‌ ദിവസം തങ്ങിയ ശേഷം 114 പേരടങ്ങുന്ന സംഘം സപ്തംബര്‍ 8 ന്‌ ദല്‍ഹിയിലെത്തി. മജ്നുകാതിലയിലെ ഡെറാ ധുന്നി ദാസ്ജി സമക്ഷം അഭയം തേടി. പാക്കിസ്ഥാനില്‍ പതിവായി ചെന്ന്‌ തന്റെ ഭക്തര്‍ക്ക്‌ ആശ്വാസം പകര്‍ന്നുവന്നിരുന്ന ധുന്നി ദാസ്ജിയുടെ പാരമ്പര്യം ഇപ്പോഴത്തെ ബാബാജിയും ധുന്നി ദാസ്ജിയുടെ പൗത്രനുമായ ബാബാ രാജ്കുമാര്‍ പപ്പുജിയും പിന്തുടരുന്നു. ബാബാജിയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍, തങ്ങള്‍ക്ക്‌ അഭയാര്‍ത്ഥി പദവി നല്‍കണമെന്ന്‌ പ്രധാനമന്ത്രി, പ്രസിഡന്റ്‌, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക്‌ നിവേദനം നല്‍കിയിട്ടുണ്ട്‌. അവരുടെ വിസകള്‍ കാലാവധി കഴിഞ്ഞിരിക്കുന്നു.
ഏതായാലും നശിച്ച പാക്കിസ്ഥാനിലേക്ക്‌ തിരികെയില്ല എന്നവര്‍ ഉറച്ചിരിക്കുന്നു, അവരുടെ ഏറ്റവും പ്രിയപ്പെട്ട മതവിശ്വാസത്തേയും പെണ്‍മക്കളെയും പ്രതി തങ്ങളുടെ മക്കളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ അവര്‍ക്ക്‌ വ്യഗ്രതയുണ്ട്‌. പാക്കിസ്ഥാനില്‍, പെണ്‍കുട്ടികളെ, അവരുടെ സുരക്ഷിതത്വം ഓര്‍ത്ത്‌ പള്ളിക്കൂടത്തില്‍ അയയ്ക്കാനൊക്കില്ല. ഹിന്ദുവിശ്വാസികളെ ഭര്‍ത്സിക്കുന്നതും മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നതുമാകയാല്‍ ആണ്‍കുട്ടികളേയും പാക്‌ ‘വിദ്യാലയ’ങ്ങളില്‍ അയയ്ക്കുവാന്‍ വിഷമം.
ഇവിടെ ഭാരതത്തില്‍, ഈ അഭയാര്‍ത്ഥി ഹിന്ദുക്കള്‍ യുപിയിലോ പഞ്ചാബിലോ ഹരിയാനയിലോ കര്‍ഷകത്തൊഴിലാളികളാകാന്‍ ആശിക്കുന്നു. അവര്‍ക്കറിയാവുന്ന ഏക പണി അതാണ്‌. പാക്കിസ്ഥാനില്‍ ജലക്ഷാമമില്ല. നല്ല വിളവും കിട്ടുന്നു. പക്ഷേ, ഹിന്ദു കര്‍ഷകരും കൃഷിപ്പണിക്കാരും ക്രൂരമായി ചൂഷണം ചെയ്യപ്പെടുന്നു. സിന്ധിലെ മുസ്ലീം ഭൂവുടമകള്‍ മൃഗീയമായാണ്‌ ഹിന്ദു തൊഴിലാളികളോട്‌ പെരുമാറുന്നത്‌. ചിലര്‍ക്ക്‌ സ്വന്തം ജയിലുകള്‍വരെയുണ്ട്‌, അടിമത്തം പാലിക്കാത്ത ഹിന്ദുക്കളെ തടങ്കലില്‍ പാര്‍പ്പിക്കാന്‍. യഥാര്‍ത്ഥത്തില്‍ ഹിന്ദു കര്‍ഷകത്തൊഴിലാളികള്‍ തൊഴിലാളികളല്ല മുസ്ലീം ജന്മികളുടെ അടിമകളാകുന്നു. അവര്‍ക്ക്‌ കൂലിയില്ല, മരിക്കാതിരിക്കാന്‍ മാത്രം പാകത്തില്‍ ആഹാരം. അല്‍പ്പം സാമ്പത്തികശേഷിയുള്ള ഹിന്ദുക്കള്‍ക്കാകട്ടെ മുസ്ലീം ചട്ടമ്പികള്‍ക്ക്‌ കപ്പം കൊടുക്കാതെ ജീവിക്കാന്‍ സാധ്യമല്ല.
അങ്ങേയറ്റം ഭീതിയിലും അരക്ഷിതത്വത്തിലുമാണ്‌ സിന്ധിലെ ഹിന്ദുസമൂഹം. ഇത്‌, രാജ്യചേതനയില്‍ മതസഹിഷ്ണുത നെയ്ത്‌ ചേര്‍ക്കാനുള്ള പാക്കിസ്ഥാന്റെ കഴിവുകേടിന്റെ പ്രത്യക്ഷ തെളിവാണ്‌. രാഷ്ട്രത്തിന്റെ അടിസ്ഥാനം ഇസ്ലാമായിരിക്കണം എന്നതാണ്‌ പാക്‌ കടുംപിടിത്തം. ഇസ്ലാമിന്‌ മുസ്ലീം സമൂഹത്തെത്തന്നെ യോജിപ്പിച്ചു നിറുത്താന്‍ കഴിയുന്നില്ല. പാക്കിസ്ഥാന്‌ ഒരു ആധുനിക പരിഷ്കൃത രാഷ്ട്രമാകണമെന്നുണ്ടെങ്കില്‍, അത്‌ അതിന്റെ പ്രാചീന ഹിന്ദു സംസ്കാരം, നാഗരികത, നരവംശജ്ഞാനം എന്നീ ഭാവാത്മകഘടകങ്ങളെ ഈ വൈകിയ വേളയിലെങ്കിലും അംഗീകരിക്കാന്‍ തയ്യാറാകണം.

No comments: