Tuesday, December 27, 2011

ഒറ്റയാന്‍

ഒറ്റയാന്‍


ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ ഒരു അത്ഭുത മനുഷ്യന്‍ എന്നോ അതികായനെന്നോ ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയെ വിശേഷിപ്പിച്ചാല്‍ അതില്‍ തെല്ലും അതിശയോക്തിയുണ്ടാവുമെന്ന്‌ തോന്നുന്നില്ല. രാഷ്ട്രത്തെ ഗ്രസിക്കുന്ന പല പ്രശ്നങ്ങള്‍ക്കുമെതിരെ പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ഒരൊറ്റയാള്‍ പട്ടാളമാണ്‌ സ്വാമി. അദ്ദേഹം നയിക്കുന്ന ജനതാപാര്‍ട്ടിയെന്ന പ്രസ്ഥാനത്തിന്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മേല്‍വിലാസമില്ല. ഇന്ദിരാഗാന്ധിയേയും അടിയന്തരാവസ്ഥയേയും തൂത്തെറിഞ്ഞ്‌ തൊള്ളായിരത്തി എഴുപത്തിയേഴിലെ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം നേടിയ ജനതാപാര്‍ട്ടിയുടെ നാമമാത്രമായ അവശിഷ്ടമാണ്‌ സ്വാമി അധ്യക്ഷനായുള്ള പാര്‍ട്ടി. പക്ഷെ, ഈ ചെറിയ പാര്‍ട്ടിയുടെ വലിയ നേതാവാണ്‌ സ്വാമി. രാഷ്ട്രീയത്തില്‍ അദ്ദേഹം ഒറ്റയാനാണ്‌. അതേയവസരത്തില്‍ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിശ്ചയിക്കുന്നതില്‍ ഈ രാഷ്ട്രീയ ഒറ്റയാനുള്ള പങ്ക്‌ നിര്‍ണായകവുമാണ്‌. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ആരാധിക്കുന്നവരും അതുപോലെ അങ്ങേയറ്റം വെറുക്കുന്നവരും വളരെയേറെയുണ്ട്‌ ഇന്ത്യയില്‍.
സുബ്രഹ്മണ്യന്‍ സ്വാമിയെ വെറുക്കുന്നവരും ഭയക്കുന്നവരും ഇന്ത്യയില്‍ മാത്രമല്ല ഇന്ത്യക്ക്‌ പുറത്ത്‌ അങ്ങ്‌ അമേരിക്കയിലും ഉണ്ടെന്നത്‌ വ്യക്തമായത്‌ രണ്ടാഴ്ച മുമ്പാണ്‌. അദ്ദേഹത്തോടുള്ള അന്താരാഷ്ട്ര വിരോധം വെളിപ്പെട്ടത്‌ അമേരിക്കയിലെ പേര്‌ കേട്ട ഹാര്‍വേര്‍ഡ്‌ സര്‍വകലാശാലയുടെ പതിവില്ലാത്ത ഒരു പ്രഖ്യാപനത്തിലൂടെയാണ്‌. സ്വാമിയോടുള്ള എതിര്‍പ്പിന്‌ അന്താരാഷ്ട്ര സ്വഭാവം കൈവന്നതോടെ സുബ്രഹ്മണ്യന്‍ സ്വാമി എന്ന വ്യക്തിത്വവും ഒരന്താരാഷ്ട്ര തലത്തിലേക്ക്‌ ഉയര്‍ന്നിരിക്കുന്നുവെന്ന്‌ വേണം കരുതാന്‍.
അല്ലെങ്കിലും അന്താരാഷ്ട്ര അക്കാദമിക രംഗത്ത്‌ സുബ്രഹ്മണ്യന്‍ സ്വാമി പണ്ടേ അറിയപ്പെടുന്നയാള്‍ തന്നെയാണ്‌. കോളേജ്‌ ക്ലാസുകളില്‍ ധനതത്വശാസ്ത്ര വിദ്യാര്‍ത്ഥി ആയിരിക്കവെയാണ്‌ സ്വാമിയെക്കുറിച്ച്‌ ഞാനാദ്യമായി കേള്‍ക്കുന്നത്‌. അദ്ദേഹം ഒരു ‘റോഡ്‌ സ്കോളര്‍’ ആണെന്നും പ്രശസ്തമായ ഹാര്‍വേര്‍ഡ്‌ സര്‍വകലാശാലയുടെ സംഭാവനയാണെന്നും, അവിടെ പഠിക്കുകയും, തുടര്‍ന്ന്‌ അവിടെ പഠിപ്പിക്കുകയും ചെയ്യാന്‍ അവസരമുണ്ടായ അപൂര്‍വം ഇന്ത്യക്കാരില്‍ ഒരാളാണെന്നും, പിന്നെ അദ്ദേഹത്തിന്റെ സ്വദേശി സാമ്പത്തികശാസ്ത്രത്തെ കുറിച്ചും ഒക്കെ വിദ്യാര്‍ത്ഥി ജീവിതത്തിനിടയില്‍ തന്നെ ഞാനറിഞ്ഞിട്ടുണ്ട്‌. സ്വാമി ഒരത്ഭുത മനുഷ്യനാണെന്ന്‌ കേള്‍ക്കുന്നത്‌ അടിയന്തരാവസ്ഥക്കാലത്താണ്‌. ഇന്ത്യയ്ക്കകത്തും പുറത്തും സുബ്രഹ്മണ്യന്‍ സ്വാമിയെന്ന യുവ ജനസംഘം നേതാവിനു വേണ്ടി, ഇന്ദിരാഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അടിയന്തര ഭരണകൂടം വല വീശിയിരിക്കെ, കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരുന്ന പോലീസിന്റേയും പട്ടാളത്തിന്റേയും ചാരന്മാരുടേയും കോണ്‍ഗ്രസുകാരായ ഇന്ദിരാഭക്തരുടേയും കണ്ണുവെട്ടിച്ച്‌, സ്വാമി ഇന്ദ്രപ്രസ്ഥത്തിലെത്തി ഇന്ദിരാഗാന്ധിയുടേയും അനുചരന്മാരുടേയും മൂക്കിന്‌ താഴെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയും പ്രസംഗിക്കുകയും അതിനുശേഷം വന്നതുപോലെ മടങ്ങുകയും ചെയ്തതാണ്‌ അക്കാലത്ത്‌ ‘ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അത്ഭുതം’ എന്ന്‌ അദ്ദേഹത്തെ പാശ്ചാത്യമാധ്യമങ്ങള്‍ വിശേഷിപ്പിക്കാന്‍ ഇടയാക്കിയത്‌. ജനസംഘം ജനതാപാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ സ്വാമി ജനതാപാര്‍ട്ടിക്കാരനായി. ജനസംഘക്കാര്‍ ജനതാപാര്‍ട്ടി വിട്ട്‌ ഭാരതീയ ജനതാപാര്‍ട്ടി രൂപീകരിച്ചിട്ടും, ജനതാപാര്‍ട്ടിക്ക്‌ രൂപം കൊടുത്തവരൊക്കെയും ആ പാര്‍ട്ടി വിട്ട്‌ പുതിയ പാര്‍ട്ടികള്‍ക്ക്‌ രൂപം കൊടുത്തിട്ടും സ്വാമി ജനതാ പാര്‍ട്ടിയില്‍ തന്നെ ഏകാകിയായി പഴങ്കഥയിലെ കാസാബിയാങ്കയെപ്പോലെ ഉറച്ചുനിന്നു. അങ്ങനെ അദ്ദേഹത്തിന്റെ മാത്രം സ്വന്തം പാര്‍ട്ടിയായി ജനതാപാര്‍ട്ടി; അദ്ദേഹം അതിന്റെ ജീവാത്മാവും പരമാത്മാവുമായ ഏകനേതാവും. ഇന്ത്യന്‍ രാഷ്ട്രീയം മാറി മറിഞ്ഞപ്പോള്‍ സ്വാമിയുടെ അവശിഷ്ട ജനതാ പാര്‍ട്ടിയെ ‘സ്വര്‍ഗീയ ജനതാപാര്‍ട്ടി’ എന്ന്‌ ചിലര്‍ ആക്ഷേപിച്ചു. പക്ഷെ ജനതാപാര്‍ട്ടി അദ്ധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസക്തി വര്‍ധിക്കുകയായിരുന്നു. അദ്ദേഹം വീണ്ടും എംപിയായി, കേന്ദ്രമന്ത്രിയായി, അല്ലാതെയായി. അപ്പോഴും സ്വാമി വളര്‍ന്നുകൊണ്ടേയിരുന്നു. ഇന്ന്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒറ്റപ്പെട്ട നേതാവായി സ്വാമി നിറഞ്ഞുനില്‍ക്കുന്നു. ഒറ്റയ്ക്ക്‌ രാജ്യത്തിന്റെ രാഷ്ട്രീയ അജണ്ട അദ്ദേഹം തീരുമാനിക്കുന്നു.
സ്വാമിയെ ഞാനാദ്യം കാണുന്നത്‌ അടിയന്തരാവസ്ഥ പിന്‍വലിച്ചയുടനെ ഒരഖിലേന്ത്യാ പര്യടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അദ്ദേഹം പ്രസംഗിക്കാനെത്തിയപ്പോഴാണ്‌. ഏറ്റവുമൊടുവില്‍, ഏതാനും മാസം മുമ്പ്‌ അഹമ്മദാബാദില്‍ ഒരു അഖിലേന്ത്യാ സെമിനാറില്‍ വെച്ചും. അതിനിടെ പല പ്രാവശ്യം അദ്ദേഹത്തെ കണ്ടു, പല വേദികളില്‍. അന്നും ഇന്നും തളരാത്ത ആവേശത്തിന്റേയും പതറാത്ത ആത്മവിശ്വാസത്തിന്റേയും ഉടമയാണ്‌ സുബ്രഹ്മണ്യന്‍ സ്വാമി. അദ്ദേഹത്തിന്റെ മുഖത്തിനാണോ, അദ്ദേഹം ധരിക്കുന്ന വെളുത്ത കൂര്‍ത്തയ്ക്കാണോ കൂടുതല്‍ വെണ്‍മയെന്ന്‌ ഞാന്‍ ചിന്തിച്ചു പോയിട്ടുണ്ട്‌. വ്യക്തതയുടെ കാര്യത്തില്‍, പ്രസംഗവേദികളിലാണെങ്കിലും പത്രസമ്മേളനങ്ങളിലാണെങ്കിലും, സ്വാമിയെ വെല്ലാന്‍ കഴിവുള്ളവര്‍ വിരളമാണ്‌. പത്രലേഖകന്‌ വേണ്ടത്‌, വേണ്ടപോലെ, പത്രക്കാര്‍ക്ക്‌ മാത്രം പരിചിതമായ ‘ഇന്‍വേര്‍ട്ടഡ്‌ പിരമിഡ്‌’ ശൈലിയില്‍ വിളമ്പാന്‍ സ്വാമിക്കറിയാം. ചാനല്‍ ചര്‍ച്ചകളിലാവട്ടെ പ്രതിയോഗികളെ പരാജയപ്പെടുത്തുന്ന വാദമുഖങ്ങളുമായാണ്‌ സ്വാമി പതിവായി പ്രത്യക്ഷപ്പെടുന്നത്‌.
പക്ഷെ സുബ്രഹ്മണ്യന്‍ സ്വാമിയെ ഹാര്‍വേര്‍ഡ്‌ സര്‍വകലാശാല അതിഥി അദ്ധ്യാപകരുടെ പട്ടികയില്‍നിന്ന്‌ നീക്കം ചെയ്തത്‌ ഇന്ത്യന്‍ ചാനലുകളില്‍ ചര്‍ച്ചാ വിഷയമായില്ല. അച്ചടി മാധ്യമങ്ങളും അതൊരു ‘സ്നിപ്പറ്റ്‌’ വാര്‍ത്തയായി ഒതുക്കി. സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമയും ഐശ്വര്യ റായിയുടെ പ്രസവവും അച്ഛന്‍ മകളെ പീഡിപ്പിക്കുന്നതുമൊക്കെ വന്‍ വാര്‍ത്തകളാക്കി ആഘോഷിക്കുന്നവര്‍ക്ക്‌ അമേരിക്കന്‍ സര്‍വകലാശാല കഴിഞ്ഞ മൂന്നിലേറെ പതിറ്റാണ്ടുകളായി അവിടെ അധ്യാപനം നടത്തുന്ന ഒരിന്ത്യന്‍ പ്രതിഭയെ പൊടുന്നനെ പുറത്താക്കിയതിന്‌ വലിയ വാര്‍ത്താ പ്രാധാന്യമില്ലാതായി. അതിന്റെ കാരണമെന്തെന്നതല്ല ഇവിടെ ചര്‍ച്ചാ വിഷയം. മറിച്ച്‌ ഹാര്‍വേര്‍ഡ്‌ സര്‍വകലാശാലയുടെ അനാരോഗ്യകരവും അനക്കാദമികവുമായ നടപടിയാണ്‌ വിഷയം. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ വിഷയം അവഗണിക്കുമ്പോള്‍ തന്നെ സൈബര്‍ മാധ്യമങ്ങളില്‍ സ്വാമിയും ഹാര്‍വേര്‍ഡും നിറഞ്ഞുനില്‍ക്കുകയാണ്‌. രണ്ടാഴ്ചകളായി ഒരാഗോള ഒപ്പ്‌ ശേഖരണം തന്നെ നടന്നുവരുന്നുണ്ട്‌, ഇന്റര്‍നെറ്റിലൂടെ സ്വാമിയെ നീക്കം ചെയ്ത നടപടിക്കെതിരായ പ്രചരണത്തിന്റെ ഭാഗമായി.
ഒരിന്ത്യന്‍ പ്രൊഫസര്‍ക്ക്‌ ഒരു വിദേശ സര്‍വകലാശാലയിലുണ്ടായ അനുഭവത്തെപ്പറ്റി ഇന്ത്യാ ഗവണ്‍മെന്റ്‌ മൗനം പാലിക്കുകയാണ്‌. ഇവിടെ ഇര സ്വാമിയാണെന്നതാണ്‌ കാരണം. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ആഗോള വക്താക്കളായി അടിക്കടി പ്രത്യക്ഷപ്പെടാറുള്ള ഇന്ത്യയിലെ സാംസ്ക്കാരിക നായകന്മാരൊ വിദ്യാഭ്യാസ വിചക്ഷണരൊ ഇതേക്കുറിച്ച്‌ ഒരക്ഷരം ഉരിയാടിയിട്ടില്ല. വോട്ട്‌ ബാങ്കുകളെ ഭയന്ന്‌ പഞ്ചപുച്ഛമടക്കിക്കഴിയുന്ന രാഷ്ട്രീയനേതാക്കളും ഇതുവരെ പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ഉണ്ടായില്ല.
സ്വാമിയെ വാര്‍ഷിക വേനല്‍ ക്ലാസുകള്‍ക്ക്‌ ഇക്കുറി ക്ഷണിക്കേണ്ടതില്ലെന്ന്‌ പതിനൊന്നാം മണിക്കൂറില്‍ തീരുമാനിക്കാന്‍ ഹാര്‍വേര്‍ഡ്‌ സര്‍വകലാശാലാ അധികൃതര്‍ പറയുന്ന കാരണം കൂടി പറയുമ്പോഴെ കഥ മനസ്സിലാവൂ. അതിങ്ങനെ- മുംബൈയില്‍നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ഡെയ്‌ലി ന്യൂസ്‌ ആന്റ്‌ അനാലിസിസ്‌ (ഡിഎന്‍എ) എന്ന ഇംഗ്ലീഷ്‌ ദിനപത്രത്തില്‍ കഴിഞ്ഞ ജൂലൈ 16 ന്‌ സ്വാമി ഒരു ലേഖനമെഴുതി. ആ ലേഖനം പ്രകോപനപരമെന്നാണ്‌ ഹാര്‍വേര്‍ഡ്‌ സര്‍വകലാശാല ആരോപിക്കുന്നത്‌. (സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഡിഎന്‍എ ലേഖനം വിവാദമാകുന്നതിനുമുമ്പ്‌, അതിന്റെ പരിഭാഷ ‘ജന്മഭൂമി’ പ്രസിദ്ധീകരിച്ചിരുന്നു.) ലേഖനത്തിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ വെളിച്ചത്തില്‍ സ്വാമിയെ അധ്യാപനത്തിന്‌ അനര്‍ഹനാക്കുകയായിരുന്നു ഹാര്‍വേര്‍ഡ്‌ സര്‍വകലാശാല. ഇന്ത്യന്‍ പ്രൊഫസര്‍ക്കെതിരെയുള്ള നടപടിയില്‍ ഇന്ത്യയില്‍ നിന്ന്‌ പ്രതികരണമൊന്നും ഇനിയും ഉണ്ടായിട്ടില്ലെങ്കിലും അന്താരാഷ്ട്ര അക്കാദമിക വൃത്തങ്ങളില്‍ ശക്തിയായ പ്രതിഷേധം ഇരമ്പുകയാണ്‌. സര്‍വകലാശാലാ അധികൃതരില്‍ത്തന്നെ ഒരു വിഭാഗത്തിന്‌ സ്വാമിക്ക്‌ ഊരുവിലക്ക്‌ കല്‍പ്പിച്ചത്‌ ഹാര്‍വേര്‍ഡിന്റെ പാരമ്പര്യത്തിനും പ്രശസ്തിക്കും കളങ്കം ചാര്‍ത്തിയെന്ന അഭിപ്രായമുണ്ട്‌.
നൂറ്റിഎഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഹാര്‍വേര്‍ഡ്‌ സര്‍വകലാശാല അമേരിക്കയിലെ ആദ്യത്തെ ഗവേഷണ വിശ്വ വിദ്യാലയമാണ്‌. രണ്ടായിരത്തിലേറെ അദ്ധ്യാപകരും ഇരുപതിനായിരത്തിലേറെ വിദ്യാര്‍ത്ഥികളും ഉള്ള സര്‍വകലാശാലയുടെ മുദ്രാവാക്യംതന്നെ ‘സത്യം’ (വെരിറ്റസ്‌) എന്നാണ്‌. മസച്യൊാസ്റ്റ്സിലെ കേംബ്രിഡ്ജില്‍ ഹാര്‍വാര്‍ഡ്‌ സര്‍വകലാശാല സ്ഥാപിതമായത്‌ 1836 ലാണ്‌. അനവധി ആഗോള പ്രതിഭകള്‍ ഹാര്‍വേര്‍ഡിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്‌. ജോണ്‍ എഫ്‌.കെന്നഡി, ജോര്‍ജ്‌ ഡബ്ല്യു.ബുഷ്‌, ബില്‍ഗേറ്റ്സ്‌, ബരാക്‌ ഒബാമ എന്നിവരതില്‍ ഉള്‍പ്പെടുന്നു. പതിനഞ്ച്‌ പുലിറ്റ്സ്‌ ജേതാക്കളേയും എഴുപത്തഞ്ച്‌ നൊബേല്‍ ജേതാക്കളേയും ഹാര്‍വേര്‍ഡ്‌ സര്‍വകലാശാല സംഭാവന ചെയ്തിട്ടുണ്ട്‌. അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ്‌ സര്‍വകലാശാലയുടെ മാര്‍ഗനിര്‍ദ്ദേശ തത്വങ്ങള്‍. “അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത്‌ നമ്മുടെ ആത്യന്തിക ലക്ഷ്യമായ ബൗദ്ധിക സ്വാതന്ത്ര്യത്തിന്റെതന്നെ നിഷേധമാണെ”ന്ന്‌ 1990 ല്‍ പരിഷ്ക്കരിച്ച മാര്‍ഗനിര്‍ദ്ദേശ തത്വങ്ങളില്‍ വ്യക്തമാക്കുന്നു. “മാത്രമല്ല, അപ്രിയമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും അപ്രിയമായ അഭിപ്രായങ്ങള്‍ ശ്രവിക്കാനും അത്‌ അവസരം നിഷേധിക്കും,” എന്നും സര്‍വകലാശാല അംഗീകരിച്ച, അനുവര്‍ത്തിക്കേണ്ട മാര്‍ഗനിര്‍ദ്ദേശ തത്വം പറയുന്നു.
അനാരോഗ്യകരവും അടിസ്ഥാനതത്വങ്ങള്‍ക്ക്‌ വിരുദ്ധവുമായ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ അടുത്തകാലത്തായി ഹാര്‍വേര്‍ഡ്‌ സര്‍വകലാശാല വിധേയമാവുന്നതായി ആരോപണമുണ്ട്‌. അതിനു കാരണമായി പറയുന്നത്‌ സര്‍വകലാശാലയുടെ സമീപകാലത്തെ സാമ്പത്തിക പ്രയാസങ്ങളാണ്‌. ഒട്ടേറെ രസകരമായ കഥകള്‍ ഹാര്‍വേര്‍ഡിനെക്കുറിച്ച്‌ കഴിഞ്ഞ കുറെ നാളുകളായി പ്രചരിക്കുന്നുണ്ട്‌. അവയിലൊന്ന്‌ സൗദി രാജകുമാരന്‍ അല്‍ വഹീദ്‌ ഹാര്‍വേര്‍ഡ്‌ സര്‍വകലാശാലയ്ക്ക്‌ ഇരുപത്‌ ദശലക്ഷം ഡോളര്‍ സംഭാവന നല്‍കിയെന്നതാണ്‌. ഇന്ത്യയില്‍ സര്‍വകലാശാലയുടെ ഒരു പഠനകേന്ദ്രമാരംഭിക്കാന്‍ സൗജന്യമായ സ്ഥലവും മറ്റ്‌ സഹായങ്ങളും അഭ്യര്‍ത്ഥിച്ച്‌ ഹാര്‍വേര്‍ഡ്‌ അധികൃതര്‍ സോണിയാ ഗാന്ധിയെ സമീപിച്ചിട്ടുണ്ടെന്നതാണ്‌ മറ്റൊന്ന്‌.
ഹരി എസ് കര്‍ത്താ

No comments: