Friday, November 18, 2011

CPI(M) ബോധോധയത്തിനു ശേഷം കാവിയിലേക്ക് മാറ്റം


മാര്‍ക്‌സില്ല, അയ്യങ്കാളിയും ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും 
കാവി കളറും..






തിരുവനന്തപുരം: ഈശ്വരന്‍ മുസ്ലീമല്ല , ക്രിസ്താനിയല്ല.... തിരുവനന്തപുരത്തെ ജനങ്ങള്‍ ഇപ്പോള്‍ കാര്യങ്ങള്‍ ഒരുവിധം മനസ്സിലാക്കിത്തുടങ്ങി. സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ കൂറ്റന്‍ ബോര്‍ഡില്‍ സി.പി.എം. നേതാക്കന്മാര്‍ ഇല്ല. പകരം സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി എന്നിങ്ങനെ ആധ്യാത്മിക സാമുദായിക നേതാക്കളുടെ ചിത്രങ്ങളാണുള്ളത്. ഫ്‌ളക്‌സിന്റെ നിറവും കാവിയാണ്.

മുമ്പ് ബി.ജെ.പി.യുടെ സമ്മേളന പരസ്യങ്ങളില്‍ മാത്രമേ ഇത്തരം ചിത്രങ്ങള്‍ കണ്ടിട്ടുള്ളൂ. അപ്പോഴൊക്കെ മാര്‍ക്‌സും ലെനിനും പി. കൃഷ്ണപിള്ളയും ഇ.എം.എസും മാത്രമായിരുന്നു പോസ്റ്ററില്‍. ഇപ്പോള്‍ ചിത്രം മാറി. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെന്ന നിലയിലാണ് ഇവരുടെ ചിത്രങ്ങള്‍ ഫ്‌ളക്‌സ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതെന്ന് സി.പി.എം. പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു

ഭരണഘടനാവിരുദ്ധമായ വര്‍ഗീയ ബില്‍


ഭരണഘടനാവിരുദ്ധമായ വര്‍ഗീയ ബില്‍

138 വകുപ്പുകളും അനേകം അനുബന്ധങ്ങളും അടങ്ങുന്നതും സകലതും കൂടി 66 പേജു വരുന്നതുമായ ദ്‌ പ്രിവന്‍ഷന്‍ ഓഫ്‌ കമ്മ്യൂണല്‍ ആന്റ്‌ ടാര്‍ഗറ്റഡ്‌ വയലന്‍സ്‌ (അക്സസ്‌ ടു ജസ്റ്റിസ്‌ ആന്‍ഡ്‌ റിപറേഷന്‍സ്‌) ബില്‍ ഇന്ത്യന്‍ സമൂഹത്തിന്‌ പ്രത്യേകിച്ചൊരു പ്രയോജനവും ചെയ്യുന്നതല്ലെങ്കിലും അതില്‍ ഒളിപ്പിച്ചു വെയ്ക്കുവാന്‍ ശ്രമിക്കുന്ന ദുഷ്ട ലക്ഷ്യങ്ങളും കുത്സിത താല്‍പ്പര്യങ്ങളും എളുപ്പത്തില്‍ ഗ്രഹിക്കാവുന്നത്‌ തന്നെ.
ഇത്തരത്തിലുള്ള ഒരു മാരത്തോണ്‍ നിയമനിര്‍മാണം ആവശ്യമായിത്തീരുന്നത്‌ അത്‌ തടയാന്‍ ഉദ്ദേശിക്കുന്ന പ്രത്യേക കുറ്റകൃത്യ പരമ്പര, ഒരു ഭയങ്കരമായ സാംക്രമിക രോഗമെന്നപോലെ, രാജ്യമെമ്പാടും പടര്‍ന്നു പിടിക്കുന്ന സന്ദര്‍ഭത്തിലും അപ്പോള്‍ നിലവിലിരിക്കുന്ന നിയമസംഹിത ആ കുറ്റകൃത്യത്തിനെ നിര്‍മാര്‍ജനം ചെയ്യുവാന്‍ തീര്‍ത്തും അപര്യാപ്തമാണെന്നു തെളിയുമ്പോഴും മാത്രമാണ്‌. അല്ലെങ്കില്‍, ആ പ്രത്യേക കുറ്റകൃത്യം രാജ്യത്തിലെ ജനതതിയെ മുച്ചൂടും പിടികൂടുന്ന ഗുരുതര അര്‍ബുദമായി മാറിയിരിക്കണം.
രാജ്യത്തിന്റെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വല്ലപ്പോഴും വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുന്നുവെന്നത്‌ സത്യം തന്നെ. എന്നാല്‍, അത്തരം വര്‍ഗീയ കലാപങ്ങള്‍ സമയബന്ധിതമായും കൂടെക്കൂടെയും സംഘടിപ്പിക്കാന്‍ തക്കവണ്ണം ബോധവും സംസ്ക്കാരവുമില്ലാത്തവരല്ല ഇന്ത്യയിലെ ജനത എന്നതിനാല്‍ മഹാനായ ബെന്‍താം തന്റെ തിയറി ഓഫ്‌ ലെജിസ്ലേഷനില്‍ പറയുന്ന “അപായ സൂചന നല്‍കുന്ന മണിനാദം” ഇവിടെ മുഴങ്ങുന്നില്ല തന്നെ.
അപൂര്‍വമായി അരങ്ങേറുന്ന ‘വര്‍ഗീയ’ കലാപങ്ങളാകട്ടെ മിക്കപ്പോഴും ഗുണ്ടാത്തലവന്മാര്‍ ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഇളക്കിവിടുന്നതാണ്‌. നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളുടെ തലപ്പത്ത്‌ കയറിക്കൂടിയിട്ടുള്ള ഈ ക്രിമിനലുകളെ തിരിച്ചറിയേണ്ടതും ഉന്മൂലനം ചെയ്യേണ്ടതുമാണ്‌ സര്‍ക്കാരിന്റെ അടിയന്തര കര്‍ത്തവ്യം. ഇപ്പോള്‍ തന്നെ ലഭ്യമായിട്ടുള്ള നിയമങ്ങള്‍ ഒരിക്കലും ആ കാപാലികര്‍ക്കെതിരെ പ്രയോഗിക്കപ്പെട്ടിട്ടില്ല. പ്രസ്തുത നിയമലംഘനങ്ങള്‍ക്കെതിരെ നടന്നിട്ടുള്ള കേസെടുക്കലുകളുടേയും ശിക്ഷിക്കപ്പെടലുകളുടേയും സ്ഥിതിവിവരക്കണക്കുകള്‍ ആരെങ്കിലും ഒന്നു പരിശോധിക്കുമോ?
വര്‍ഗീയ കലാപ അപായ സൂചനയെ പ്രതിയുള്ളതല്ല ഈ ബില്‍. മറിച്ച്‌, കപട അപായ മണിനാദം മുഴക്കാനും അതിനെ നമ്മുടെ രാഷ്ട്രസ്വത്വത്തിനെയും രാജ്യസ്നേഹത്തിനെയും തകിടം മറിക്കാനുള്ള കുറ്റകൃത്യങ്ങളും സാമൂഹിക സംഘര്‍ഷങ്ങളും വിഭാഗീയതകളുമായി പരിണമിപ്പിക്കുവാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്‌ പ്രസ്തുത ബില്‍ എന്നു പറയേണ്ടിയിരിക്കുന്നു.
സോണിയാ ഗാന്ധി അധ്യക്ഷയായുള്ള ദേശീയോപദേശക സമിതി ആണ്‌ പ്രസ്തുതബില്ലിന്റെ കരടു തയ്യാറാക്കിയിരിക്കുന്നത്‌. സപ്തംബര്‍ 10 ന്‌ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ദേശീയോദ്ഗ്രഥന സമിതിയുടെ യോഗത്തിന്റെ അജണ്ടയില്‍ ചര്‍ച്ചക്കായി വെച്ച ഒരു പ്രധാന വിഷയം കൂടിയാണ്‌ ഈ ബില്‍.
ലോക്പാല്‍ ബില്ലിന്റെ കരടു തയ്യാറാക്കാന്‍ അന്നാഹസാരെ കാണിച്ച ധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്ത സര്‍ക്കാര്‍ അഭിഭാഷകര്‍ ഈ ബില്ലിന്റെ കാര്യത്തില്‍ നിശ്ശബ്ദരാണ്‌. ഭരണഘടനാപരമായോ പാര്‍ലമെന്ററിയായോ ആയ പദവിയോ അധികാരമോ ഇല്ലാത്തതും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളതുമായ ഒരു സംഘമായ ദേശീയോപദേശക സമിതി തയ്യാറാക്കിയിട്ടുള്ള കരട്‌ ബില്‍ സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള ഒരു വിഷയത്തെക്കുറിച്ചുള്ളതാണ്‌. സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാതെയാണ്‌ കരടു തയ്യാറാക്കിയിട്ടുള്ളത്‌. ഈ കരടിന്‌ അന്നാഹസാരെയുടെ കരടിനെക്കാള്‍ സര്‍ക്കാര്‍ വളരെ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുകയും ചെയ്യുന്നു.
ഒരു ഉപരിപ്ലവ വായനയില്‍പോലും മനസ്സിലാക്കാവുന്നത്‌, ഈ ബില്ല്‌ ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവും ആയ കപടനിയമനിര്‍മാണ പ്രക്രിയയുടെ ഒരു വര്‍ഗീയ ഉത്പ്പന്നംകൂടി ആണെന്നാണ്‌. ഭരണഘടനാവിരുദ്ധം എന്നു പറയാന്‍ കാരണം അത്‌ ഫെഡറല്‍ തത്വത്തിനെ അതിലംഘിക്കുകയും സംസ്ഥാനങ്ങളുടെ അധികാര സീമയില്‍ അതിക്രമിച്ചു കടക്കുകയും ചെയ്യുന്നതു കൊണ്ടാണ്‌. ‘ഗ്രൂപ്പ്‌’ എന്ന പദത്തെ നിന്ദ്യവും കുത്സിതവുമായ രീതിയില്‍ പുനര്‍നിര്‍വചിക്കുക വഴി ആര്‍ട്ടിക്കിള്‍ 14 ലെ വകുപ്പുകളെ അത്‌ പരിഹസിക്കുകയും ചെയ്യുന്നു. ഭരണ വിധാനത്തോടുകൂടിയ ഒരു രാഷ്ട്ര സമൂഹത്തെ-ഇപ്പോള്‍ തന്നെ അത്‌ പലവിധത്തിലുള്ള ഭിന്നതകളാല്‍ ഭീഷണി നേരിടുകയാണ്‌-ഈ ബില്‍ കുടിലകൗശലങ്ങളിലൂടെ കൂടുതല്‍ ഭിന്നിപ്പിക്കാന്‍ തുനിയുന്നു.
വര്‍ഗീയ സംഘര്‍ഷം-അത്‌ ഏതു മതവിഭാഗം കുത്തിപ്പൊക്കിയാലും-ഒരു കുത്സിത കുറ്റകൃത്യവും രാജ്യദ്രോഹവും ആകുന്നു. ദേശീയോദ്ഗ്രഥന സമിതിക്ക്‌ ഈ ഗുരുതര പ്രശ്നത്തെ അഭിസംബോധന ചെയ്യണമെന്ന്‌ യഥാര്‍ത്ഥത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നെങ്കില്‍, പ്രശ്നത്തെ മതനിരപേക്ഷമായി വീക്ഷിക്കുകയും, വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു നിരന്തരം ഹേതുവാകുന്ന ഘടകങ്ങളെ ശരിയായ അപഗ്രഥന പ്രക്രിയയിലൂടെ കണ്ടെത്തി അവയെ നിവാരണം ചെയ്യാനും അവയ്ക്ക്‌ ശിക്ഷകള്‍ ഏര്‍പ്പെടുത്താനുമുള്ള നടപടികള്‍ നിയമവിദ്ഗ്ദ്ധന്മാരും രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തിയശേഷം നിര്‍ദ്ദേശിക്കുമായിരുന്നു.
ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന കരട്‌ ബില്ല്‌ ന്യൂനപക്ഷങ്ങള്‍ക്കുള്ള ഒരു സഹായപദ്ധതിയോ ഒരു ക്ഷേമപദ്ധതിയോ അല്ല ഉദ്ദേശിക്കുന്നത്‌. മറിച്ച്‌, അത്‌ രാജ്യത്ത്‌ നിലവിലിരിക്കുന്ന നിയമങ്ങളെയും ഭരണഘടനയിലെ വ്യവസ്ഥകളെയും വക്രവും വിദ്വേഷപരവുമായ രീതിയില്‍ വളച്ചൊടിക്കുന്ന വകുപ്പുകള്‍ അടങ്ങിയതാണ്‌. കൊളസ്ട്രോളിനെ ‘നല്ല കൊളസ്ട്രോള്‍’ എന്നും ‘ചീത്ത കൊളസ്ട്രോള്‍’ എന്നും ഡോക്ടര്‍മാര്‍ വേര്‍തിരിക്കുന്ന മാതിരി, പ്രസ്തുത ബില്ല്‌ ‘നല്ല വര്‍ഗീയാക്രമം’ ‘അഴുക്ക വര്‍ഗീയാക്രമം’ എന്നു വേര്‍തിരിക്കുവാനുള്ള ഒരു നിയമസംവിധാനം നിര്‍ദ്ദേശിക്കുന്നു. വര്‍ഗീയ ലഹളകളെ ‘വര്‍ഗീയവത്കരിക്കാനാണ്‌’ ബില്ലിന്റെ ശ്രമം.
വര്‍ഗീയ സംഘര്‍ഷം ഗുരുതരമായ മാനങ്ങള്‍ കൈവരിക്കുന്നത്‌, അതിനെ പ്രാദേശിക മത-രാഷ്ട്രീയ നേതാക്കള്‍ ഇളക്കിവിടുമ്പോഴും പ്രോത്സാഹിപ്പിക്കുമ്പോഴും മാത്രമാണ്‌ എന്ന സത്യം സാമൂഹ്യ ശാസ്ത്രജ്ഞന്മാരും പൊതു സമൂഹ സംഘടനകളും ഭരണാധികാരികളും ഒരുപോലെ അംഗീകരിക്കുന്നു. ചിലപ്പോള്‍ ഒരു സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും നേതൃത്വമാറ്റം വരുത്താനും രാഷ്ട്രീയ നേതാക്കള്‍ മനഃപൂര്‍വമായി വര്‍ഗീയ ലഹള സംഘടിപ്പിക്കുന്നു. കര്‍ണാടകയില്‍ 1990-ല്‍ സംഭവിച്ചത്‌ ഉദാഹരണം. ഉത്സവവേളകളില്‍ ആരാധനാലയങ്ങളെ അശുദ്ധപ്പെടുത്തുക തുടങ്ങിയ ഒറ്റപ്പെട്ട സംഭവങ്ങള്‍ വലിയ ലഹളകളായി രൂപാന്തരം പ്രാപിക്കുകയാണ്‌ പതിവ്‌. ഇതിന്‌ പ്രോത്സാഹനം നല്‍കുന്ന പ്രാദേശിക മത-രാഷ്ട്രീയ നേതാക്കള്‍ അണിയറയിലേക്ക്‌ മറയുകയും സാധാരണ ജനങ്ങള്‍ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു.
ദേശീയോപദേശക സമിതിയില്‍ അംഗങ്ങളായിരിക്കുന്ന പ്രമുഖര്‍ക്ക്‌ ഇതറിയാം. ഇവര്‍ തയ്യാറാക്കിയിരിക്കുന്ന ബില്ല്‌ ന്യൂനപക്ഷങ്ങളുടെ ജീവിതങ്ങളെ എങ്ങനെ ബാധിക്കുമെന്ന്‌ അവര്‍ ചിന്തിച്ചിട്ടുണ്ടോ? ന്യൂനപക്ഷങ്ങള്‍ ഇത്തരം ഒരു ബില്ലിനായി പ്രക്ഷോഭം നടത്തിയതായി ഞാന്‍ കേട്ടിട്ടില്ല.
യുപിഎ ഘടകകക്ഷി നേതാവായ മമതാ ബാനര്‍ജിയടക്കം, നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ബില്ല്‌ ഫെഡറല്‍ സംവിധാനത്തെ മാനിക്കാത്തതെന്ന്‌ വിമര്‍ശിച്ചിട്ടുണ്ട്‌. ജസ്റ്റിസ്‌ ജെ.എസ്‌.വര്‍മ്മ, ജസ്റ്റിസ്‌ ബി.എന്‍.ശ്രീകൃഷ്ണ എന്നീ പ്രമുഖ ജൂറിസ്റ്റുകള്‍ ബില്ലിനെതിരെ രംഗത്തു വന്നിട്ടുമുണ്ട്‌. രാജ്യത്തിന്‌ തീര്‍ത്തും അപായകരമാണ്‌ ബില്ലെന്ന്‌ ബിജെപിയും പ്രസ്താവിച്ചിരിക്കുന്നു.
ദേശീയോപദേശക സമിതിയുടെ മുന്‍പാകെ എനിക്ക്‌ ഒരു നിര്‍ദ്ദേശം സമര്‍പ്പിക്കാനുണ്ട്‌. ഭാഗ്യഹീനമായ ഒരു ‘കൈ’ പുറത്ത്‌ പതിപ്പിച്ചിരിക്കുന്ന ബാലറ്റ്‌ പേപ്പറുകളുടെ ഒരു സമാഹാരമായി ന്യൂനപക്ഷ സമുദായത്തെ വീക്ഷിക്കുന്ന രീതി അവസാനിപ്പിച്ചുകൂടെ? ന്യൂനപക്ഷ സമുദായത്തെ ഒരു ‘വോട്ട്സ്‌ ബാങ്ക്‌’ ആയി പരിഗണിക്കുന്നതിനു പകരം വിദ്യാഭ്യാസം, തൊഴില്‍, അവസരങ്ങള്‍ എന്നിവ അവര്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കുമായി അഭിലഷിക്കുന്നവരും അന്തസ്സോടും സമാധാനപൂര്‍വമായും സുരക്ഷിതബോധത്തോടെയും ജീവിക്കാനാഗ്രഹിക്കുന്നവരുമായ മനുഷ്യജീവികള്‍ എന്ന നിലയില്‍ നമുക്കവര്‍ക്ക്‌ ബഹുമാനം നല്‍കിക്കൂടെ? അതിന്‌ അനുയോജ്യമായ ഒരു സാഹചര്യം നമുക്ക്‌ ഒരുക്കിക്കൊടുത്തുകൂടെ?
ഇത്തരം കുത്സിതമായ നിയമനിര്‍മാണങ്ങള്‍ കൊണ്ടു അവരെ വഞ്ചനാപരമായി വശീകരിക്കാന്‍ ശ്രമിക്കുന്നത്‌ അവരെ പൊതുസമൂഹത്തിന്റെ പുറമ്പോക്കുകളിലേക്ക്‌ ആട്ടിയോടിക്കലാണ്‌. അതിനുപകരം, അവര്‍ക്കിടയിലുള്ള മതപരമായ അന്ധവിശ്വാസങ്ങളെയും ഭ്രാന്തമായ മതവിശ്വാസങ്ങളെയും ദൂരീകരിക്കുകയും പകരം അവരില്‍ കലര്‍പ്പില്ലാത്ത മതനിരപേക്ഷ അവബോധവും യുക്തിബോധവും വളര്‍ത്തിയെടുക്കുന്ന അഭിജാത വിദ്യാഭ്യാസ സമ്പ്രദായം ലഭ്യമാക്കുകയാണ്‌ വേണ്ടത്‌. ഇക്കാലത്തിന്റെ ആവശ്യമതാണ്‌, ഈ കപട നിയമനിര്‍മാണ കുപ്പക്കൂനയല്ല.
റാം ജത്മലാനി

ഇസ്ലാമിക മദ്രസകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവില്‍ പുസ്തകകങ്ങള്‍


ഇസ്ലാമിക മദ്രസകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവില്‍ പുസ്തകകങ്ങള്‍ 


കേരളത്തില്‍ ഇടതു വലതു മുന്നണികള്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രീണന നയങ്ങള്‍ നടപ്പാക്കുന്നത്‌ സാധാരണയാണ്‌. യുഡിഎഫ്‌ എന്നോ എല്‍ഡിഎഫ്‌ എന്നോ അതിന്‌ വ്യത്യാസമില്ലെങ്കിലും അത്തരം നടപടികളുടെ തിക്തഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത്‌ യുഡിഎഫ്‌ ഭരണകാലത്താണെന്നതാണ്‌ വാസ്തവം. യുഡിഎഫ്കാലത്ത്‌ സംഘടിത ന്യൂനപക്ഷ മതങ്ങളുടെ പേരില്‍ രാഷ്ട്രീയം കളിച്ച്‌ അധികാരത്തിലെത്തുന്നവര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതാണ്‌ അതിനു പ്രധാന കാരണം. കയ്യാലപ്പുറത്തിരിക്കുന്ന യുഡിഎഫ്‌ സര്‍ക്കാരിനെ ആവശ്യമെങ്കില്‍ തള്ളിത്താഴെയിടാനും അതിന്റെ പേരില്‍ മുള്‍മുനയില്‍ നിര്‍ത്തി പലതും സാധിച്ചെടുക്കാനും അത്തരം രാഷ്ട്രീയപ്പാര്‍ട്ടികള്‍ കഴിവുള്ളവരായിത്തീര്‍ന്നിരിക്കുന്നു.
ഏതുസര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോഴും പൊതു സമൂഹത്തില്‍ നിന്ന്‌ നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്‌. അതില്‍ എപ്പോഴും കേള്‍ക്കുന്ന ആവശ്യമാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ ഘടകകക്ഷികള്‍ക്ക്‌ നല്‍കരുതെന്നും മുന്നണിയെ നയിക്കുന്ന കക്ഷി തന്നെ അതു കൈകാര്യം ചെയ്യണമെന്നുള്ളതും. കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ അതിന്‍പ്രകാരമാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ സിപിഎം തന്നെ ഏറ്റെടുത്തത്‌. എം.എ.ബേബിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ വകുപ്പ്‌ വലിയ മലയൊന്നും മറിച്ചുവച്ചില്ലെങ്കിലും മുന്‍കാലങ്ങളിലെ പക്ഷപാത, രാഷ്ട്രീയ ലക്ഷ്യതീരുമാനങ്ങള്‍ക്ക്‌ കുറവുണ്ടായിരുന്നു എന്നു പറയാം. എന്നാല്‍ വീണ്ടും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എല്ലാം പഴയപോലെയായി. മുസ്ലീംലീഗിന്‌ വിദ്യാഭ്യാസ വകുപ്പ്‌ ഏല്‍പിച്ചു കൊടുക്കുകയും ചെയ്തു. മുസ്ലീംലീഗിന്റെ ഭരണം അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണെന്ന്‌ മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ തന്നെ പറയാന്‍ കഴിയും. കേരളത്തിലെ ഏറ്റവും പ്രശ്ന സങ്കീര്‍ണ്ണമായ വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ കുഴപ്പത്തിലേക്കു കൊണ്ടുപോകുന്നതിനാണ്‌ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്‌ നേതൃത്വം നല്‍കുന്നത്‌. പൊതു താല്‍പര്യത്തിനു വേണ്ടി ഭരിക്കുക എന്നതില്‍ നിന്നു മാറി സ്വന്തവും സ്വന്തക്കാര്‍ക്കുവേണ്ടിയുമുള്ള താല്‍പര്യങ്ങളെ സംരക്ഷിക്കുകയാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യം. നിര്‍ണ്ണായക സ്ഥാനങ്ങളിലെല്ലാം സ്വന്തക്കാരെ തിരുകിക്കയറ്റി വിദ്യാഭ്യാസ വകുപ്പിലാകെ അദ്ദേഹം ജാതിരാഷ്ട്രീയം നടപ്പാക്കുന്നു.
വിദ്യാഭ്യാസവകുപ്പിലെ 10 പ്രധാന തസ്തികകളിലെയും നിയമനങ്ങള്‍ പക്ഷപാതപരമായാണ്‌ നടന്നത്‌. എസ്സിഇആര്‍ടി ഡയറക്ടറായി ഹാഷിം, ഡിപിഐ ഡയറക്ടറായി എ.ഷാജഹാന്‍, എല്‍ബിഎസ്‌ ഡയറക്ടറായി സയ്യദ്‌ റഷീദ്‌, വിഎച്ച്‌എസ്സി ഡയറക്ടറായി അബ്ദുല്‍ റഹ്മാന്‍, സാക്ഷരതാമിഷന്‍ ഡയറക്ടറായി പ്രൊഫ.അലസന്‍കുട്ടി, ഹയര്‍സെക്കണ്ടറി ഡയറക്ടറായി പി.എസ്‌.മുഹമ്മദ്‌, ഐടി അറ്റ്‌ സ്കൂള്‍ ഡയറക്ടറായി അന്‍വര്‍ സാദത്ത്‌, എസ്‌എസ്‌എ മോണിറ്ററിംഗ്‌ അബ്ദുള്ള പാരപ്പൂര്‍, ഓപ്പണ്‍സ്കൂള്‍ ഡയറക്ടറായി ജലീല്‍ മുഹമ്മദ്‌, ഡിപിഐയുടെ വിദ്യാരംഭം മാഗസിന്‍ ചീഫ്‌ എഡിറ്ററായി ഷെറീഫ്‌ ചന്ദനത്തോപ്പ്‌ എന്നിവരുടെ നിയമനങ്ങള്‍ പരിശോധിച്ചാല്‍ സ്വസമുദായത്തില്‍പ്പെട്ട വേണ്ടപ്പെട്ടവരെയാണ്‌ നിയമിച്ചിട്ടുള്ളതെന്ന്‌ വ്യക്തമാകും. വിദ്യാരംഭം മാഗസിന്‍ ചീഫ്‌ എഡിറ്റര്‍ തസ്തികയ്ക്ക്‌ ജേര്‍ണലിസം നിര്‍ബന്ധമാണെങ്കിലും പോസ്റ്റല്‍ കോഴ്സിലൂടെ ടിടിസി നേടിയ വ്യക്തയെയാണ്‌ നിയമിച്ചിരിക്കുന്നത്‌. ഇത്തരത്തില്‍ വിദ്യാഭ്യാസമേഖലയെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന അപകടകരമായ മതപ്രീണനമാണ്‌ അവിടെ നടന്നുകൊണ്ടിരിക്കുന്നത്‌.
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയില്‍ യോഗ്യതാമാനദണ്ഡങ്ങള്‍ അട്ടിമറിച്ചുകൊണ്ട്‌ പ്ലസ്‌ ടു അദ്ധ്യാപകനെ വൈസ്ചാന്‍സലറാക്കാന്‍ എടുത്ത തീരുമാനവും രബീന്ദ്രനാഥടാഗോറിന്റെ പേരിലുള്ള ബ്ലോക്കിന്‌ പാണക്കാട്‌ ശിഹാബ്തങ്ങളുടെ പേര്‌ നല്‍കാനുള്ള തീരുമാനവും എടുത്തെങ്കിലും ശക്തമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന്‌ പിന്‍വലിക്കുകയായിരുന്നു. യോഗ്യതയും കഴിവും പ്രവൃത്തിപരിചയവും വിദ്യാഭ്യാസമേഖലയെക്കുറിച്ച്‌ അവഗാഹവുമുള്ള പ്രഗത്ഭന്മാരായ വ്യക്തികളാണ്‌ വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന തസ്തികകളില്‍ നിയമിതാരാകേണ്ടതെന്നിരിക്കെ അത്‌ സ്വന്തം സമുദായത്തിന്‌ വീതം വച്ചുകൊടുക്കാനുള്ളതാണെന്ന്‌ ധരിക്കുന്ന മന്ത്രി നാടിന്നാപത്താണെന്ന്‌ നിസ്സംശയം പറയാം.
ഇതിനൊക്കെപ്പുറമെയാണ്‌ സ്കൂള്‍ ലൈബ്രറികള്‍ക്കു നല്‍കുന്ന സഹായത്തിന്റെ മാതൃകയില്‍ ഇപ്പോള്‍ മദ്രസകള്‍ക്ക്‌ പുസ്തകം വാങ്ങാന്‍ പണം നല്‍കാനുള്ള തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ എസ്‌എസ്‌എ ഫണ്ട്‌ മുഖേനെയാണ്‌ സ്കൂള്‍ ലൈബ്രറികള്‍ക്ക്‌ പുസ്തകങ്ങള്‍ വാങ്ങാന്‍ പണം നല്‍കിവരുന്നത്‌. അവിടെ പുസ്തകങ്ങള്‍ വാങ്ങുന്നതിന്‌ നടപടിക്രമങ്ങളും മാനദണ്ഡങ്ങളുമുണ്ട്‌. എന്നാല്‍ മദ്രസകള്‍ക്ക്‌ പുസ്തകങ്ങള്‍ വാങ്ങാന്‍ പണം നല്‍കുമ്പോള്‍ അതെല്ലാം കാറ്റില്‍പറത്തുന്നു.
ഇവിടെ മദ്രസകളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളായി അംഗീകരിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൊതുഗ്രന്ഥശാലകള്‍ക്കു നല്‍കുന്ന സഹായം മദ്രസകള്‍ക്കും നല്‍കാന്‍ തീരുമാനിച്ചതോടെ ഭീകരപ്രീണനവും പൊതുമുതലിന്റെ വഴിവിട്ട വിനിമയവുമാണ്‌ നടക്കുന്നത്‌. മദ്രസകള്‍ മതസ്ഥാപനങ്ങളാണ്‌. മതവിദ്യാഭ്യാസമാണ്‌ അവിടെ പഠിപ്പിക്കുന്നത്‌. പൊതു സമൂഹത്തിന്റെ നിയമങ്ങളും വ്യവസ്ഥിതികളും നിന്ദിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ പാഠ്യപദ്ധതിയാണ്‌ മദ്രസകള്‍ വഴി നടപ്പാക്കിവരുന്നത്‌. മദ്രസകളില്‍ ഇപ്പോള്‍ വായനശാലകള്‍ സാര്‍വ്വത്രികമല്ല. വായനശാലകളില്ലാത്ത മദ്രസകള്‍ക്കും പണം നല്‍കാനാണ്‌ തീരുമാനം. സംസ്ഥാനത്തെ അറുന്നൂറോളം മദ്രസകളിലാണിപ്പോള്‍ സര്‍ക്കാര്‍ പണം നല്‍കി പുസ്തകം വാങ്ങാന്‍പോകുന്നത്‌.
സ്കൂള്‍ ലൈബ്രറികളില്‍ പുസ്തകം വാങ്ങുന്നത്‌ വിദഗ്ധ സമിതിയുടെ വിലയിരുത്തലിനു ശേഷമായിരുന്നു. അധ്യാപകരുടെ നേതൃത്വത്തിലുള്ള സമിതി തെരഞ്ഞെടുക്കുന്ന പുസ്തകങ്ങള്‍ വിദഗ്ധ സമിതി പരിശോധിച്ച്‌ ‘കുഴപ്പങ്ങളൊന്നുമില്ലാത്ത പുസ്തകങ്ങളാണെന്ന്‌’ വിധിയെഴുതിയ ശേഷമാകും വാങ്ങുന്നത്‌. സ്കൂളധികൃതര്‍ക്ക്‌ നേരിട്ടു പുസ്തകം വാങ്ങാനുള്ള അനുമതിയുണ്ടായിരുന്നില്ല. ബുക്കുമാര്‍ക്കാണ്‌ പുസ്തകങ്ങള്‍ വാങ്ങി നല്‍കിയിരുന്നത്‌. ഡിപിഐയുടെ നേതൃത്വത്തില്‍ പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കി സ്കൂളുകള്‍ക്കു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നടപടിക്രമങ്ങളെല്ലാം റദ്ദുചെയ്യാനാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മദ്രസകള്‍ക്ക്‌ നല്‍കുന്ന പണമുപയോഗിച്ച്‌ അവര്‍ക്ക്‌ ഏതു പുസ്തകവും എവിടെനിന്നും എങ്ങിനെയും വാങ്ങിവയ്ക്കാം. അവിടെ പരിശോധിക്കാന്‍ ആരും വരില്ല.
സംസ്ഥാനത്തെ മദ്രസകളെകുറിച്ച്‌ നല്ല അഭിപ്രായങ്ങളല്ല പൊതുവെ ഉയര്‍ന്നുവന്നിട്ടുള്ളത്‌. കരുനാഗപ്പള്ളിയിലെയും കൊല്ലത്തെയും മലപ്പുറത്തെയും കണ്ണൂരിലെയും ചില മദ്രസകളില്‍ നിന്ന്‌ ആയുധങ്ങള്‍ പിടികൂടിയത്‌ അടുത്തകാലത്താണ്‌. രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളുടെ ഒളികേന്ദ്രങ്ങളും പ്രവര്‍ത്തന കേന്ദ്രങ്ങളുമായിരുന്നു പല മദ്രസകളും. മദ്രസകള്‍ വാങ്ങിവയ്ക്കുന്നതും അവിടെയെത്തുന്ന കുട്ടികളെ പഠിപ്പിക്കുന്നതുമായ പുസ്തകങ്ങള്‍ ഏതുതരത്തിലുള്ളതായിരിക്കുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. സര്‍ക്കാര്‍ പണം ഉപയോഗിച്ച്‌ മദ്രസകള്‍ പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ ഏതുതരം പുസ്തകങ്ങളാണ്‌ അവര്‍ വാങ്ങുന്നതെന്ന്‌ അന്വേഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്‌. മുസ്ലീംലീഗിന്റെയോ അബ്ദുറബ്ബിന്റെയോ സ്വന്തം പണമല്ലല്ലോ നല്‍കുന്നത്‌. അറുന്നൂറോളം മദ്രസകള്‍ക്ക്‌ വര്‍ഷം 20 ലക്ഷത്തോളം രൂപ നല്‍കാനാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മദ്രസകള്‍ക്ക്‌ സഹായം ചെയ്യുന്ന സര്‍ക്കാര്‍ പുസ്തകം വാങ്ങുന്നതിന്‌ സ്കൂളുകളില്‍ നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങളും അട്ടിമറിക്കുന്നു. സ്കൂളുകള്‍ക്കും ഏതു തരം പുസ്തകങ്ങളും വാങ്ങാനുള്ള അനുമതിയാണ്‌ നല്‍കുന്നത്‌.

വിദേശത്തുനിന്നെത്തുന്ന തീവ്രവാദികള്‍ക്കായി വ്യാജ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന്‌ വന്‍ റാക്കറ്റ്


വിദേശത്തുനിന്നെത്തുന്ന തീവ്രവാദികള്‍ക്കായി വ്യാജ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന്‌ വന്‍    റാക്കറ്റ് 


കൊച്ചി: തീവ്രവാദ പ്രവര്‍ത്തനത്തിനെത്തുന്ന വിദേശികള്‍ക്ക്‌ വ്യാജ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്‌ സംഘടിപ്പിക്കുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. ഹൈദരാബാദ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഈ റാക്കറ്റിന്‌ കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലും ഏജന്‍റുമാരുണ്ട്‌.
കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായ സുഡാന്‍ സ്വദേശി വാലിദ്‌ സിദാനേത്‌ മുഹമ്മദ്‌ സിദ്ദിനെ (27) വിശദമായി ചോദ്യം ചെയ്തപ്പോഴാണ്‌ ഇത്‌ സംബന്ധിച്ച വിവരം ലഭിച്ചത്‌. 2006 മുതല്‍ 2009 വരെ ഹൈദരാബാദില്‍ ബി.സി.എ കോഴ്സിന്‌ പഠനം നടത്തുന്നതിന്‌ റസിഡന്‍ഷ്യല്‍ വിസ ലഭിച്ച ഇയാള്‍ രണ്ട്‌ വര്‍ഷത്തിലേറെയായി വ്യാജ റെസിഡന്‍ഷ്യല്‍ പെര്‍മിറ്റുപയോഗിച്ച്‌ തങ്ങുകയായിരുന്നു. നാട്ടിലേക്ക്‌ മടങ്ങുന്നതിന്‌ വീണ്ടും വിമാനത്താവളത്തിലെത്തിയപ്പോഴാണ്‌ ഇയാള്‍ എമിഗ്രേഷന്‍ വിഭാഗത്തിെ‍ന്‍റ പിടിയിലായത്‌. 2006 ല്‍ പഠനത്തിനെത്തിയ ഇയാള്‍ 2009 ല്‍ നാട്ടിലേക്ക്‌ തിരിച്ചുപോയി. പിന്നീട്‌ വീണ്ടുമെത്തിയ ശേഷം പെര്‍മിറ്റ്‌ പുതുക്കാന്‍ ശ്രമിച്ചുവെങ്കിലും ഇത്‌ സാധ്യമായില്ല.
തുടര്‍ന്നാണ്‌ വ്യാജ പെര്‍മിറ്റ്‌ സംഘടിപ്പിച്ചത്‌. മൂന്നു തവണയാണ്‌ ഇത്തരത്തില്‍ വ്യാജ പെര്‍മിറ്റ്‌ സംഘടിപ്പിച്ചതെന്ന്‌ പരിശോധനയില്‍ തെളിഞ്ഞു. അവസാനമായി സംഘടിപ്പിച്ച വ്യാജ പെര്‍മിറ്റനുസരിച്ച്‌ അടുത്ത വര്‍ഷം ആഗസ്റ്റ്‌ 16 വരെ ഇയാള്‍ക്ക്‌ ഇവിടെ തങ്ങുന്നതിന്‌ അനുമതിയുമുണ്ട്‌. ഹൈദരാബാദ്‌ സിറ്റി പോലീസ്‌ കമ്മീഷണറുടെ വ്യാജ സീലും ഒപ്പുമാണ്‌ പെര്‍മിറ്റില്‍ ഉളളത്‌. ഒരു മാസം മുമ്പ്‌ ഇത്തരത്തില്‍ ഇവിടെ നിന്നും കടന്നുപോയ ഒരു സുഡാന്‍ സ്വദേശി എമിഗ്രേഷനില്‍ ഹാജരാക്കിയ റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ്‌ വ്യാജമായിരുന്നുവെന്ന്‌ പിന്നീട്‌ പരിശോധന നടത്തിയപ്പോള്‍ തെളിഞ്ഞുവെന്നും ഇതിെ‍ന്‍റ പശ്ചാത്തലത്തിലാണ്‌ വാലിദ്‌ സിദാനേതിനെ തടഞ്ഞുവച്ച ശേഷം ഹൈദരാബാദിലേക്ക്‌ റസിഡന്‍ഷ്യല്‍ പെര്‍മിറ്റ്‌ ഫാക്സ്‌ ചെയ്ത്‌ നിജസ്ഥിതി ഉറപ്പുവരുത്താന്‍ ശ്രമിച്ചതെന്നും എമിഗ്രേഷന്‍ എസ്‌.പി എം.ആര്‍.മണിയന്‍ വെളിപ്പെടുത്തി. ഒര്‍ജിനല്‍ പെര്‍മിറ്റുമായി ഇതിന്‌ വളരെയേറെ സാമ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 3500 രൂപ നല്‍കിയാല്‍ ഇത്തരത്തില്‍ വ്യാജ റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ്‌ തരപ്പെടുത്തി നല്‍കുന്ന റാക്കററുണ്ടെന്നാണ്‌ ഇയാള്‍ വെളിപ്പെടുത്തിയത്‌.
വാലിദ്‌ ഇടയ്ക്കുവച്ച്‌ പഠനം നിര്‍ത്തിയിരുന്നു. ഇതില്‍ നിന്നു തന്നെ ഇയാള്‍ പിന്നീട്‌ എന്തിനാണ്‌ ഇവിടെ തങ്ങിയിരുന്നതെന്നതിനെക്കുറിച്ച്‌ ഇനിയും വിശദമായി അന്വേഷിക്കും. താന്‍ ഹൈദരാബാദില്‍ ട്യൂഷനും മറ്റുമെടുത്താണ്‌ ഉപജീവനത്തിന്‌ പണം കണ്ടെത്തിയിരുന്നതെന്നാണ്‌ ഇയാള്‍ മൊഴി നല്‍കിയിട്ടുളളത്‌. സ്റ്റുഡന്‍സ്‌ വിസയിലും മറ്റും ഇന്ത്യയിലേക്ക്‌ വിദേശികളെയെത്തിച്ച്‌ തീവ്രവാദ പ്രവര്‍ത്തനത്തിന്‌ ഉപയോഗപ്പെടുത്തുന്നതാണോയെന്നതിനെക്കുറിച്ചും അന്വേഷിക്കും.
പാകിസ്ഥാനികള്‍ കര്‍ശന നിരീക്ഷണത്തിലായതിനാല്‍ അമേരിക്കയിലും ഇന്ത്യയിലും അല്‍ക്വയ്ദയുടെ ചാവേര്‍ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി പാകിസ്ഥാനു പുറത്തുളള രാജ്യങ്ങളില്‍ നിന്നും യുവാക്കളെ കണ്ടെത്തുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ട്‌. അല്‍ക്വയ്ദ ബന്ധമുളള ബംഗ്ലാദേശികള്‍ രാജ്യത്ത്‌ ധാരാളമായി തങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ ബംഗ്ലാദേശികള്‍ക്കുവേണ്ടിയുളള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്‌. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ഇവര്‍ക്ക്‌ വലിയ വേരോട്ടമണുള്ളത്‌.

Monday, November 14, 2011

ചരിത്രം തിരുത്തിയ വിളംബരം


ചരിത്രം തിരുത്തിയ വിളംബരം

പല ചരിത്ര സംഭവങ്ങളുടെയും ബഹുജനമുന്നേറ്റങ്ങളുടെയും ശതാബ്ദി ആഘോഷിക്കുന്ന അഭിമാനകരമായ വേളയിലാണ്‌ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 75-ാ‍ം വാര്‍ഷികം സംബന്ധിച്ച പരിപാടികള്‍ സംസ്ഥാനത്തെങ്ങും നടക്കുന്നത്‌. സാമൂഹിക സമത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടി നടന്ന ഒട്ടേറെ പോരാട്ടങ്ങളുടെയും നിരന്തര പരിശ്രമങ്ങളുടെയും ഫലപ്രാപ്തി എന്ന നിലയിലാണ്‌ 1936 നവംബര്‍ 12ന്‌ തിരുവിതാംകൂര്‍ മഹാരാജാവ്‌ ക്ഷേത്ര പ്രവേശന വിളംബരം നടത്തിയത്‌.
അയിത്തം, അനാചാരം, അസ്പൃശ്യത, ഉച്ചനീചത്വങ്ങള്‍ തുടങ്ങിയ സാമൂഹ്യതിന്മകളും സാമൂഹ്യ വിപത്തുകളും മാനവ സമൂഹത്തെ കാര്‍ന്നു തിന്നു കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ സമൂഹരക്ഷയ്ക്കും രാഷ്ട്രപുരോഗതിക്കും വേണ്ടി ആധ്യാത്മിക ആചാര്യന്മാരും ധര്‍മഗുരുക്കന്മാരും സാമൂഹ്യപരിഷ്കര്‍ത്താക്കളും നടത്തിയ ഉജ്ജ്വലങ്ങളായ ജനമുന്നേറ്റങ്ങളാണ്‌ ക്ഷേത്ര പ്രവേശന വിളംബരത്തിന്‌ മഹാരാജാവിനെ പ്രേരിപ്പിച്ചത്‌.
വിവേകാനന്ദസ്വാമികള്‍ കേരളത്തിന്റെ ദുരവസ്ഥ കണ്ട്‌ കേരളത്തെ ഭ്രാന്താലയമെന്ന്‌ മനോവേദനയോടെ വിശേഷിപ്പിച്ചു. സ്വാമിജിയുടെ ഹൃദയനൊമ്പരം സാമൂഹ്യ പരിവര്‍ത്തനത്തിന്റെ കാറ്റ്‌ നാടെങ്ങും ആഞ്ഞു വീശുവാന്‍ അവസരമൊരുക്കി. ഗുരുവായൂരും കൊടുങ്ങല്ലൂരും ക്ഷേത്രദര്‍ശനത്തിന്‌ എത്തിയ അദ്ദേഹത്തിന്‌ അയിത്തവാദികളുടെ ശക്തമായ എതിര്‍പ്പു മൂലം പിന്തിരിയേണ്ടി വന്നു. തന്നോടൊപ്പമുള്ള എല്ലാ ജാതി വിഭാഗത്തില്‍ പെട്ടവരെയും ക്ഷേത്രത്തില്‍ പ്രവേശിക്കാനനുവദിക്കാത്തിടത്തോളം കാലം താന്‍ ക്ഷേത്രദര്‍ശനം നടത്തുകയില്ല എന്നു പ്രഖ്യാപിച്ചു കൊണ്ടാണ്‌ സ്വാമിജി ക്ഷേത്ര പ്രവേശനത്തില്‍ നിന്നും പിന്തിരിഞ്ഞത്‌.
എന്നാല്‍ 1937ല്‍ എല്ലാ ജാതി വിഭാഗത്തില്‍ പെട്ടവരോടുമൊപ്പം ക്ഷേത്രങ്ങളില്‍ പ്രവേശിച്ചുകൊണ്ട്‌ മഹാത്മാ ഗാന്ധി കേരളം ഒരു തീര്‍ഥാലയമായിരിക്കുന്നു എന്നു പ്രഖ്യാപിച്ചു. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കാതെ കേരളം ഭ്രാന്താലയമാണെന്നു പറഞ്ഞ വിവേകാനന്ദ സ്വാമികള്‍ കേരളത്തിന്റെ ചീഞ്ഞു നാറിയ സാമൂഹിക വ്യവസ്ഥിതിയെ തുറന്നു കാണിക്കുകയുണ്ടായി. അതേ തുടര്‍ന്നുണ്ടായ സാമൂഹിക നവോത്ഥാന പരിവര്‍ത്തന സംരംഭങ്ങളുടെ അന്തിമ ഫലമായിട്ടാണ്‌ 1936 നവംബര്‍ 12ന്‌ ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായത്‌. മഹാത്മാഗാന്ധി എല്ലാ വിഭാഗം ജനങ്ങളോടും ഒപ്പം ക്ഷേത്രത്തില്‍ പ്രവേശിക്കുകയും തീര്‍ഥാലയമായി കേരളം പരിണമിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.
വിവേകാനന്ദന്‍ കണ്ട ഭ്രാന്താലയത്തെ ഒരു തീര്‍ഥാലയമാക്കി മാറ്റിയെടുക്കാന്‍ ഒട്ടേറെ മഹാത്മാക്കളുടെ നിരന്തര പ്രവര്‍ത്തനവും ത്യാഗവും വേണ്ടി വന്നു എന്നുള്ളത്‌ ചരിത്ര യാഥാര്‍ഥ്യമാണ്‌. 1889ല്‍ ശ്രീനാരായണ ഗുരുദേവന്‍ നടത്തിയ അരുവിപ്പുറം ശിവപ്രതിഷ്ഠ സാമൂഹ്യ പരിവര്‍ത്തനത്തിന്‌ ഗതിവേഗം കൂട്ടി. മംഗലാപുരം വരെ ഗുരുദേവന്‍ നടത്തിയ ക്ഷേത്ര പ്രതിഷ്ഠകളെല്ലാം ചരിത്ര സംഭവങ്ങളായി മാറി. ജാതി മാത്സര്യവും വിദ്വേഷവും വെടിഞ്ഞ്‌ മാനവികതയുടെ ഉദാത്ത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന മഹത്തായ സന്ദേശം അദ്ദേഹം പ്രചരിപ്പിച്ചു. വൈദിക ധര്‍മത്തിന്റെ ആചരണത്തിനും പ്രചാരണത്തിനും പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന്‌ എസ്‌എന്‍ഡിപി യോഗത്തിന്റെ നിയമാവലിയില്‍ ഗുരുദേവന്‍ എഴുതി ചേര്‍ത്തത്‌ സാമൂഹ്യ മാറ്റം വൈദിക ധര്‍മത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന അടിസ്ഥാന തത്ത്വം മുന്‍ നിര്‍ത്തിയായിരുന്നു.
മഹാത്മാ അയ്യന്‍കാളി തെക്കന്‍ കേരളത്തില്‍ അയിത്തത്തിനെതിരെ നടത്തിയ ഐതിഹാസിക പോരാട്ടങ്ങള്‍ സമൂഹമനസ്സിനെ ഇളക്കി മറിച്ചു. അയിത്തവാദികളുടെ എതിര്‍പ്പുകള്‍ക്കു മുമ്പില്‍ കൂസാതെ തലയുയര്‍ത്തി നിന്ന്‌ അവശ ജനസമൂഹത്തെ അദ്ദേഹം നയിച്ചു. അദ്ദേഹം തുടങ്ങി വച്ച സാധു ജനപരിപാലന സംഘം സാമൂഹ്യ തിന്മകള്‍ക്കെതിരെ താക്കീതായി മാറി. കൊച്ചിയില്‍ പണ്ഡിറ്റ്‌ കറുപ്പന്‍ അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കു വേണ്ടി നടത്തിയ സമരങ്ങളും ആശയ പ്രചാരണങ്ങളും സാമൂഹ്യസമത്വമെന്ന ആശയം ജനപ്രിയമാക്കി. പാലക്കാട്‌ അയ്യത്താന്‍ ഗോപാലന്‍, കോഴിക്കോട്‌ മഞ്ചേരി രാമയ്യ, മിതവാദി കൃഷ്ണന്‍ തുടങ്ങിയവരും സാമൂഹ്യതിന്മകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു.
വൈക്കം ക്ഷേത്രത്തിന്റെ സമീപത്തു കൂടി നടക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും പടിഞ്ഞാറെ നടയില്‍ സ്ഥാപിച്ചിരുന്ന തീണ്ടല്‍ പലക നീക്കം ചെയ്യാനുമാണ്‌ 1924ല്‍ വൈക്കം സത്യഗ്രഹം നടന്നത്‌. ഇതിന്റെ വിജയത്തിനു വേണ്ടി വൈക്കത്തു നടന്ന വിപുലമായ ഹൈന്ദവ സമ്മേളനത്തില്‍ ടി.കെ.മാധവന്‍, മന്നത്തു പദ്മനാഭന്‍, കെ.കേളപ്പന്‍, കെ.പി.കേശവമേനോന്‍ തുടങ്ങി വിവിധ നേതാക്കള്‍ പ്രസംഗിച്ചു. സത്യഗ്രഹ സമരപരിപാടികളും സവര്‍ണജാഥയും ഉണ്ടാക്കിയ ബഹുജന സമ്മര്‍ദത്തിന്റെ ഫലമായി റോഡിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിന്‌ അനുമതി നല്‍കാനും തീണ്ടല്‍ പലക നീക്കം ചെയ്യാനും അധികൃതര്‍ തയ്യാറായി.
1931ല്‍ നടന്ന ഗുരുവായൂര്‍ സത്യഗ്രഹവും ക്ഷേത്ര പ്രവേശനത്തിനു വേണ്ടി നടന്ന സമര ചരിത്രത്തില്‍ സുപ്രധാന സംഭവമായി മാറി. ആധ്യാത്മിക ഉന്നമനത്തിലൂടെ സാമൂഹ്യ തിന്മകളെ ഉന്മൂലനം ചെയ്യാന്‍ കഴിയുമെന്ന ചട്ടമ്പി സ്വാമികളുടെ ഉദ്ബോധനം വമ്പിച്ച ആധ്യാത്മിക വിപ്ലവത്തിനാണ്‌ വഴി തുറന്നത്‌. വേദം പഠിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന്‌ വേദമന്ത്രമുദ്ധരിച്ച്‌ പ്രാമാണികതയോടെ സ്വാമികള്‍ സ്ഥാപിച്ചു. ശുഭാനന്ദഗുരുദേവന്‍, വാഗ്ഭടാനന്ദന്‍, ബ്രഹ്മാനന്ദ ശിവയോഗി തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളും കേരളത്തെ തീര്‍ഥാലയമാക്കുന്നതിന്‌ ശ്രദ്ധേയമായ പങ്കുവഹിച്ചു.
ബഹുജനാഭിപ്രായവും ജനമനസാക്ഷിയും അയിത്തവാദികള്‍ക്ക്‌ എതിരായി തീര്‍ന്ന സന്ദര്‍ഭത്തിലാണ്‌ പ്രശ്നങ്ങള്‍ക്ക്‌ ഏക പരിഹാരമെന്ന നിലയില്‍ ക്ഷേത്ര പ്രവേശന വിളംബരം നടത്തിക്കൊണ്ട്‌ തിരുവിതാംകൂര്‍ മഹാരാജാവ്‌ കല്‍പന പുറപ്പെടുവിച്ചത്‌. എഴുപത്തിയഞ്ച്‌ വര്‍ഷം പിന്നിട്ട ഈ സന്ദര്‍ഭത്തിലും സാമൂഹ്യ തിന്മകളും അസമത്വങ്ങളും നിലനില്‍ക്കുന്നു എന്നതാണ്‌ നമ്മെ വേദനിപ്പിക്കുന്നത്‌. ജാതീയമായ ഉച്ചനീചത്വങ്ങളായിരുന്നു എഴുപത്തിയഞ്ച്‌ വര്‍ഷം മുമ്പുള്ള പ്രധാന സാമൂഹ്യ വിപത്തെങ്കില്‍ ഇന്ന്‌ തത്‌ സ്ഥാനത്ത്‌ മറ്റു പല നീറുന്ന സാമൂഹ്യ പ്രശ്നങ്ങളും നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നു. തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചുമുള്ള മതം മാറ്റം, അനിയന്ത്രിതമായ മദ്യപാനം, വര്‍ധിച്ചു വരുന്ന ആത്മഹത്യാ പ്രവണത, യുവസമൂഹത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍, വിവാഹമോചനം, മയക്കുമരുന്നുപയോഗം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളുടെ നീര്‍ച്ചുഴിയില്‍ പെട്ട്‌ കേരളം വീണ്ടുമൊരു ഭ്രാന്തമായ അവസ്ഥയിലേക്ക്‌ നീങ്ങുകയാണോ എന്ന്‌ മനുഷ്യസ്നേഹികള്‍ ആശങ്കയോടെ നോക്കി കാണുകയാണ്‌.
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 75-ാ‍ം വാര്‍ഷികാഘോഷം നടക്കുന്ന ഈ വേളയില്‍ ക്ഷേത്ര പ്രവേശനത്തിന്‌ വഴിതെളിച്ച എല്ലാ ചരിത്ര സംഭവങ്ങളുടെയും ശതാബ്ദി സ്മരണകള്‍ കൂടി ആഘോഷങ്ങള്‍ക്ക്‌ മിഴിവു പകരുന്നു. ശ്രീനാരായണ ഗുരുദേവന്‍ ശാരദാ പ്രതിഷ്ഠ നടത്തിയിട്ട്‌ 100 വര്‍ഷം തികയുകയാണ്‌. ചട്ടമ്പി സ്വാമികളുടെ സന്ന്യാസപരമ്പരയിലെ ആദ്യ ആശ്രമം വാഴൂരില്‍ സ്ഥാപിച്ചിട്ട്‌ 100 വര്‍ഷം പൂര്‍ത്തിയാകുന്നു. ശ്രീരാമകൃഷ്ണദേവന്റെ വത്സല ശിഷ്യനായ നിര്‍മലാനന്ദ സ്വാമി മഹാരാജ്‌ മിശ്രഭോജനം നടത്തിക്കൊണ്ട്‌ 100 വര്‍ഷം മുമ്പ്‌ സാമൂഹ്യ വിപ്ലവത്തിന്‌ പച്ചക്കൊടി കാട്ടി. അദ്ദേഹം ശ്രീരാമകൃഷ്ണ പ്രസ്ഥാനം കേരളത്തിലാരംഭിച്ചതും ആ വര്‍ഷമാണ്‌. തീര്‍ഥപാദസ്വാമികളുടെ നേതൃത്വത്തില്‍ പമ്പാ നദീതീരത്താരംഭിച്ച ചെറുകോല്‍പ്പുഴ ഹിന്ദുമതകണ്‍വെന്‍ഷനും 100 വയസു തികഞ്ഞു. മഹാത്മാ അയ്യന്‍കാളി ശ്രീമൂലം പ്രജാസഭയില്‍ നടത്തിയ ചരിത്രം സൃഷ്ടിച്ച പ്രസംഗത്തിനും ഒരു നൂറ്റാണ്ടു പിന്നിടുകയാണ്‌. ഇതു പോലുള്ള ഒട്ടേറെ സംഭവവികാസങ്ങളുടെയും ചരിത്രമുഹൂര്‍ത്തങ്ങളുടെയും ജൂബിലി വര്‍ഷം എന്ന നിലയ്ക്ക്‌ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക്‌ പ്രസക്തിയും പ്രാധാന്യവും ഏറുകയാണ്‌.

മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും പിന്നെ ചേണ്ടമംഗലൂരും


മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും പിന്നെ ചേണ്ടമംഗലൂരും

മൗലാനാ ഗുലാം മുഹമ്മദ്‌ വാസ്തന്‍വിയെ ദാറുല്‍ ഉലൂം ദിയോബന്ത്‌ വൈസ്ചാന്‍സലര്‍സ്ഥാനത്തുനിന്നും എടുത്തു കളഞ്ഞതിനെക്കുറിച്ചു ഒരു പാടു മഷി ഒഴുകിക്കഴിഞ്ഞു. പ്രതികരണത്തിരമാലകളൊക്കെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളുടെ സാധുതയെക്കുറിച്ചും, ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കു ക്ലീന്‍ചിറ്റും നല്‍കി എന്നതിനെ പ്രതിയും ആയിരുന്നു.
എന്നാല്‍, ഇന്ത്യന്‍ മുസ്ലീം സമൂഹത്തില്‍ ആന്തരികമായി ഉറവ കൊണ്ടിരിക്കുന്ന ഒരു സവിശേഷ ഊര്‍ജ്ജപ്രവാഹത്തെ ആരും കണ്ടെന്നു നടക്കിയോ, വിശകലനം ചെയ്യുകയോ, ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നില്ല. ഇസ്ലാം സെമിത്തേരിയുടെ വിസി സ്ഥാനത്തു നിന്നും മൗലാനാ വാസ്തന്‍വി നീക്കപ്പെട്ട സംഭവം മുസ്ലീം സമുദായത്തിന്റെ ന്യൂക്ലിയസില്‍ ഉരുവായിരിക്കുന്ന നവീന ബലചലനത്തിന്റെ പുറമേ പ്രത്യക്ഷമായ പ്രകമ്പനമാണ്‌. രാമജന്മഭൂമി ടൈറ്റില്‍ സ്യൂട്ടില്‍ അലഹബാദ്‌ ഹൈക്കോടതി വിധിയെത്തിക്കഴിഞ്ഞു. മുസ്ലീം തീവ്രവാദികളില്‍നിന്നും ഇടതു ആക്ടിവിസ്റ്റുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ശബ്ദങ്ങള്‍ മുഹമ്മദീയര്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന്‌ അലയടിച്ചിരുന്നു. ഐജാസ്‌ ഇല്‍മി തൊട്ട്‌ ക്യൂഡബ്ല്യൂ നഖ്‌വിവരെയും റഷീതാ ഭഗത്‌ തൊട്ട്‌ സെയ്ദ്‌ യഹ്യാബുഹാരി വരെയുമുള്ള വിശിഷ്ടവ്യക്തികളില്‍ പൊതുവായി നാം ദര്‍ശിച്ചത്‌ ഇന്ത്യന്‍ മുസ്ലീം സമൂഹത്തിലെ ഭാവിതലമുറകളുടെ ഭൗതിക ജീവിതാഭിലാഷങ്ങള്‍ക്കു പരമപ്രാധാന്യം കൊടുക്കണമെന്ന ഭാവാത്മകവികാരതാരള്യമാണ്‌. ഇതേ സെന്റിമെന്റ്‌ തന്നെയാണ്‌ മൗലാനാ വാസ്തന്‍വിക്ക്‌ ദിയോബന്തിലെ മരത്തലയന്‍മാര്‍ പുറത്തേക്കുള്ള വാതില്‍ കാട്ടിക്കൊടുക്കാന്‍ ഹേതുവായതും. കോണ്‍ഗ്രസിനു പരുക്കേല്‍പ്പിച്ചുകൊണ്ട്‌ ആസ്സാമില്‍ 18 നിയമസഭാസീറ്റുകള്‍ നേടിയ പുരോഗമന മുസ്ലീം പാര്‍ട്ടിയായ ഓള്‍ ഇന്ത്യാ യുണൈറ്റഡ്‌ ഡെമോക്രാറ്റിക്‌ ഫ്രണ്ടിന്റെ വളര്‍ച്ചക്കും നിദാനമായി വര്‍ത്തിക്കുന്നത്‌ മേല്‍പറഞ്ഞ മുസ്ലീം ഡൈനാമിക്‌ തന്നെയാകുന്നു. മുസ്ലീങ്ങള്‍ ഇരകളാണെന്ന സിദ്ധാന്തത്തിനെ കാര്‍ക്കിച്ചു തുപ്പികൊണ്ട്‌ അന്നവസ്ത്രാദികളില്‍ കേന്ദ്രീകൃതമായ ഒരു നവമുസ്ലീം രാഷ്ട്രീയമാണ്‌ ആസാമില്‍ ഉയര്‍ന്നു വന്നിരിക്കുന്നത്‌.
മറുവശത്ത്‌, ഈ ഭാവാത്മക ഊര്‍ജ്ജ പ്രവാഹത്തിന്റെ വിപരീത പ്രവാഹമായ ഗാഢ ഇസ്ലാമികവത്കരണത്തിന്റെ പ്രതിരൂപമാണ്‌ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട്‌. കേരളത്തില്‍ ഒരു ലക്ചററുടെ കൈവെട്ടിയതും ബംഗാളില്‍ ബുര്‍ഖയുടെ പേരില്‍ ഒരു വനിതാ ലക്ചററെ പീഡിപ്പിച്ചതും ഈ റാഡിക്കല്‍ യാഥാസ്ഥിതിക മുസ്ലീം അജണ്ടയുടെ ബഹിര്‍സ്ഫുരണങ്ങളാകുന്നു.
ഈ രണ്ടു വികാസധാരകളുടെയും ആകെത്തുകയെടുത്ത്‌ വ്യാഖ്യാനിച്ചാല്‍, മുഹമ്മദീയ സമുദായത്തിനുള്ളില്‍ തലമുറ വിടവിന്റേതായ ഒരു ചിത്രം തളിഞ്ഞു കാണാവുന്നതാണ്‌. ഈ തലമുറ വിടവിന്റെ ഒരു പ്രത്യക്ഷപ്രത്യാഘാതം രണ്ടു പുത്തന്‍ ശക്തികളുടെ ആവിര്‍ഭാവങ്ങളാണ്‌. രണ്ടു വ്യത്യസ്ത വീക്ഷണകോണുകളിലൂടെ സമുദായത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യവസ്ഥയെ വെല്ലുവിളിക്കുന്ന വ്യക്തികളും (കേരളത്തിലെ ഉദാഹരണങ്ങള്‍ ഹമീദ്‌ ചേണ്ടമംഗലൂര്‍, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്‌) സംഘടനകളും ആഗോളതലത്തില്‍ മുസ്ലീങ്ങള്‍ ഇരകളാക്കപ്പെടുന്നുവെന്ന കഥപറച്ചിലിന്റെ അപ്പുറത്തേക്കു നോക്കാന്‍ ധൈര്യപ്പെടുകയും മുസ്ലീം സ്വത്വം നിലനിറുത്തിക്കൊണ്ടുതന്നെ പുത്തന്‍ സമ്പദ്‌വ്യവസ്ഥയില്‍ പങ്ക്‌ ആവശ്യപ്പെടുകയും ചെയ്യുന്ന തലമുറയാണ്‌ ആദ്യപക്ഷം. ഇരസിദ്ധാന്തത്തെ മാറോടുചേര്‍ത്തു പിടിക്കുകയും പാക്കിസ്ഥാനില്‍ നിന്നയക്കുന്ന വാചാടോപത്തിനോട്‌ അപകടകരമാം വണ്ണം അടുത്തു നില്‍ക്കുകയും ചെയ്യുന്ന കൂട്ടരാണ്‌ രണ്ടാമത്തെ പക്ഷം.
ഈ രണ്ടുനവീന ടീമുകളും നിലവിലിരിക്കുന്ന വ്യവസ്ഥിതിയും തമ്മിലാണ്‌ ത്രികോണ പോരാട്ടം ഇന്ത്യന്‍ മുസ്ലീം സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ഇന്ത്യയിലെ മധ്യവലതുപക്ഷത്തിന്റെ വീക്ഷണകോണില്‍ കൂടി ഈ മുസ്ലീം ചലനാത്മകതയെ ശരിയാംവണ്ണം വിലയിരുത്താനാവില്ല. വലതുപക്ഷത്തോട്ടു ചായുന്ന വിശാല രാഷ്ട്രീയ പ്രസ്ഥാനത്തിന്‌, പ്രത്യേകിച്ചു ബിജെപിക്ക്‌ ഈ മുസ്ലീം ഡൈനാമിക്കിനെ തിരിച്ചറിയാനോ, അതിനെ ഉള്‍ക്കൊള്ളാനോ വേണ്ടത്ര ധൈര്യമില്ല. ഈ കപട അധൈര്യത്തിനു നിദാനം മുസ്ലീം താത്പര്യങ്ങളുടെ വേലിയേറ്റം ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിനു കാരണമാകുമെന്ന പ്രത്യാശയാണ്‌.
ഈ പ്രത്യാശ ആസ്സാമിലും കേരളത്തിലും ഇയിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ പൂവിടുകയുണ്ടായില്ല. മതങ്ങളെ ചുറ്റിപ്പറ്റി വോട്ടേകീകരണം കുറച്ചൊക്കെ സംഭവിച്ചെങ്കിലും അതിന്റെ സ്വാഭാവിക ഗുണഭോക്താവ്‌ ബിജെപി ആയിരുന്നില്ല. മുസ്ലീം ഡൈനാമിക്കിന്റെ ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന രാഷ്ട്രീയാവസരത്തെ തിരിച്ചറിയാനും, മുസ്ലീം സമൂഹത്തിലെ എസ്റ്റാബ്ലിഷ്മെന്റിനെ (മുസ്ലിം ലീഗു പോലുള്ള ശക്തികളെ) പാര്‍ശ്വവത്ക്കരിച്ചുകൊണ്ടും മൗലികവാദികളെ (ജമാഅത്തെ ഇസ്ലാമി പ്രഭൃതികളെ) ഒറ്റപ്പെടുത്തിക്കൊണ്ടും മുസ്ലീം പുരോഗമനേച്ഛുക്കളെ ഉള്‍ക്കൊള്ളവാന്‍ കഴിയാത്തതാണ്‌ ബിജെപിയുടെ പരാജയം. ഈ രണ്ടു ശക്തികള്‍ക്കും ഒത്തു ചേര്‍ന്നു നില്‍ക്കാവുന്ന ഒരു പ്ലാറ്റ്ഫോം കണ്ടെത്തിയാല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ മൂന്നാമതും അധികാരത്തിലെത്തുന്നത്‌ തടയാനാവില്ലേ?

സാമൂഹ്യമുന്നേറ്റത്തിന്റെ സമാരംഭം

സാമൂഹ്യമുന്നേറ്റത്തിന്റെ സമാരംഭം

കേരളത്തിന്റെ ചരിത്രത്തെ മാറ്റിമറിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ജൂബിലിയാഘോഷത്തിന്‌ തുടക്കംകുറിച്ചുകൊണ്ട്‌ കഴിഞ്ഞ ദിവസം അനന്തപുരിയില്‍ നടന്ന ഹിന്ദു നേതൃസമ്മേളനം സാമൂഹ്യരംഗത്തെ വലിയൊരു കുതിച്ചുചാട്ടത്തിനും ഹൈന്ദവ ഐക്യത്തിനും വഴിതുറന്നിരിക്കുകയാണ്‌. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ്‌ പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളബരം ഇങ്ങനെയായിരുന്നു. “നമ്മുടെ മതത്തിന്റെ പരമാര്‍ഥതയും സുപ്രമാണതയും ഗാഢമായി ബോധ്യപ്പെട്ടും, ആയതു ദൈവികമായ അനുശാസനത്തിലും സര്‍വവ്യാപകമായ സഹിഷ്ണുതയിലുമാണ്‌ അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും അതിന്റെ പ്രവര്‍ത്തനത്തില്‍ അതു ശതവര്‍ഷങ്ങളായി കാലപരിവര്‍ത്തനത്തിന്‌ അനുയോജിച്ചുപോന്നുവെന്നു ധരിച്ചും നമ്മുടെ ഹിന്ദു പ്രജകളില്‍ ആര്‍ക്കുംതന്നെ അവരുടെ ജനനമോ, ജാതിയോ, സമുദായമോ കാരണം ഹിന്ദുമത വിശ്വാസത്തിന്റ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാന്‍ പാടില്ലയെന്നുള്ള ഉത്കണ്ഠയാലും നാം തീരുമാനിക്കുകയും ഇതിനാല്‍ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാല്‍, സമുചിതമായ പരിതഃസ്ഥിതികള്‍ പരിരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചു നടത്തുന്നതിനും നാം നിശ്ചയിക്കയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി, ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാള്‍ക്കും നമ്മുടെയും നമ്മുടെ ഗവണ്‍മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായാരിക്കാന്‍ പാടില്ലെന്നാകുന്നു.”
കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ പാതയിലെ അതി പ്രധാനമായൊരു നാഴികക്കല്ലായിരുന്നു ഈ വിളംബരമെന്നതില്‍ രണ്ടഭിപ്രായം ഉണ്ടാകില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇതുപോലൊരു സംഭവം മുമ്പുണ്ടായിട്ടില്ല.1829-ല്‍ സതി നിരോധിച്ച ശേഷമുണ്ടായ ഏറ്റവും വലിയ സാമൂഹിക പരിഷ്കാരമെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഈ വിളബരം ഒരു രക്തരഹിതവിപ്ലവമായിരുന്നു. മഹാത്മാഗാന്ധി ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്‌ തിരുവിതാംകൂറിനെ സംബന്ധിക്കുന്ന മേറ്റ്ല്ലാ കാര്യങ്ങളും വിസ്തൃതമായാലും മഹാരാജാവിന്റെ ഈ ഒരൊറ്റ പ്രവൃത്തി ഭാവി തലമുറകള്‍ എക്കാലത്തും ഓര്‍മയില്‍ സൂക്ഷിക്കുമെന്നാണ്‌. ഹിന്ദു മതം ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത അനീതികളുടെ ഭാരം പേറി നൂറ്റാണ്ടുകളായി തളര്‍ന്നു കിടക്കുന്ന തിരുവിതാംകൂറിലെ അവര്‍ണ്ണരെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്‌. ജനങ്ങളുടെ ആത്മീയമായ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഒരു പുതിയ സ്മൃതി പുറപ്പെടുവിച്ച ഈ മാഹാരാജാവ്‌ മറ്റേതൊരു മഹാരാജാവിനെക്കാളും കൂടുതല്‍ കാലം ജനഹൃദയങ്ങളില്‍ ജീവിക്കുമെന്നും ഗാന്ധിജി പറഞ്ഞു.
എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കേരളീയ സമൂഹം ക്ഷേത്ര പ്രവേശന വിളംബരത്തെ ആ അര്‍ഥത്തില്‍ മനസിലാക്കുന്നുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ നവോത്ഥാന പ്രക്രിയയ്ക്ക്‌ ഏറ്റവും വലിയ സംഭാവനയാകേണ്ടിയിരുന്ന സംഭവം ഹൈജാക്ക്‌ ചെയ്യപ്പെട്ടു എന്നു പറഞ്ഞാലും തെറ്റില്ല. ശ്രീനാരായണ ഗുരു തുടങ്ങിയ ആധ്യാത്മികാചാര്യന്മാര്‍ പടുത്തുയര്‍ത്തിയ നവോത്ഥാന പ്രസ്ഥാനത്തെ കമ്മ്യൂണിസ്റ്റുകാര്‍ ഹൈജാക്ക്‌ ചെയ്തതിന്റെ തുടര്‍ച്ചയായിരുന്നു ഇതും. ഹിന്ദുഐക്യവേദി മാത്രമാണ്‌ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പ്രസക്തിക്കും പ്രാധാന്യത്തിനും ഊന്നല്‍ നല്‍കി പരിപാടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. സമൂഹത്തിലെ തിന്മകള്‍ക്കും വിപത്തുക്കള്‍ക്കുമെതിരെ ബഹുജനാഭിപ്രായം സ്വരൂപിക്കുന്നതിനും ജനമനസ്സാക്ഷി ഉണര്‍ത്തുന്നതിനും വ്യാപകമായ ബോധവത്കരണ പരിപാടികള്‍ ജൂബിലി വര്‍ഷത്തില്‍ നടത്തുവാനാണ്‌ ഹിന്ദുഐക്യവേദി തീരുമാനിച്ചിരിക്കുന്നത്‌. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ കാലയളവ്‌ സാമൂഹ്യനീതി വര്‍ഷമായി ആചരിക്കും. കേരളത്തില്‍ സാമൂഹികസമത്വത്തിനും നീതിക്കും വേണ്ടി നടന്ന ഒട്ടേറെ ചരിത്രസംഭവങ്ങളുടെയും മുന്നേറ്റങ്ങളുടെയും ശതാബ്ദി ആഘോഷങ്ങള്‍ ഈ കാലയളവിലാണ്‌ നടക്കുന്നത്‌ എന്ന വസ്തുത ക്ഷേത്രപ്രവേശന വിളംബര ജൂബിലി ആഘോഷത്തിന്‌ മാറ്റുകൂട്ടുന്നു.
ശ്രീനാരായണഗുരുദേവന്റെ ശാരദാപ്രതിഷ്ഠ, ചട്ടമ്പിസ്വാമിയുടെ സന്ന്യാസശിഷ്യപരമ്പരയ്ക്ക്‌ തുടക്കമിട്ട തീര്‍ഥപാദാശ്രമ സ്ഥാപനം, ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വെന്‍ഷന്‍ ആരംഭം, ഹരിപ്പാട്‌ മിശ്രഭോജനം, അയ്യങ്കാളിയുടെ പ്രജാസഭാ പ്രസംഗം തുടങ്ങിയ മഹാസംഭവങ്ങളുടെ ശതാബ്ദി ആഘോഷങ്ങള്‍ നടക്കുന്നത്‌ ഈ വര്‍ഷമാണ്‌. ഈ ചരിത്രസംഭവങ്ങളെല്ലാം നടന്നത്‌ സാമൂഹ്യസമത്വത്തിനും പരിവര്‍ത്തനത്തിനും നീതിക്കും വേണ്ടിയായിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിന്‌ ഇടയാക്കിയ എല്ലാ മുന്നേറ്റങ്ങളെയും, നേതൃത്വം നല്‍കിയ സാമൂഹ്യപരിഷ്കര്‍ത്താക്കളെയും സ്മരിച്ചുകൊണ്ടാണ്‌ സംസ്ഥാന വ്യാപകമായി സാമൂഹ്യനീതി സമ്മേളനങ്ങള്‍ നടത്തുക. ഇതിനു തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനമാണ്‌ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്നത്‌. കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്രസരസ്വതിയും തിരുവിതാംകൂര്‍ മഹാരാജാവ്‌ മാര്‍ത്താണ്ഡവര്‍മയും ഹിന്ദു സംഘടനാ നേതാക്കളും പങ്കെടുത്ത യോഗം ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്രസക്തി ഇന്നും നിലനില്‍ക്കുന്നു എന്ന്‌ വിളിച്ചു പറയുന്നതായിരുന്നു.
ഹിന്ദുക്കളില്‍ ജാതി ഭേദം കൂടാതെ ഐക്യം ഉണ്ടാകണമെന്നും ഹിന്ദുമതം ഉപേക്ഷിച്ചുപോയവരെ തിരികെ കൊണ്ടുവരേണ്ടത്‌ ആവശ്യമാണെന്നുമാണ്‌ യോഗത്തില്‍ പങ്കെടുത്തുകൊണ്ട്‌ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്രസരസ്വതി പറഞ്ഞത്‌. ചരിത്രത്തില്‍ ചില കാലത്ത്‌ അസ്പൃശ്യതയും അനാചാരങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ശ്രീനാരായണ ഗുരുദേവനെ പോലെയുള്ള ഗുരുക്കന്മാര്‍ അത്തരം ദോഷങ്ങളെ അകറ്റി ഹിന്ദുസമാജത്തെ രക്ഷിച്ചു. ആചാര്യന്മാര്‍ അനാചാരങ്ങളെ തിരുത്തിയ ചരിത്രമാണ്‌ ക്ഷേത്ര പ്രവേശന വിളംബരം ഓര്‍മിപ്പിക്കുന്നത്‌ എന്നായിരുന്നു ശങ്കരാചാര്യരുടെ അഭിപ്രായം. ഗുരുക്കന്മാര്‍ നീക്കിയ ദോഷത്തെ വീണ്ടും കൊണ്ടു വരാനുള്ള ശ്രമം ചില കോണുകളില്‍നിന്ന്‌ നടക്കുമ്പോള്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പ്രാധാന്യത്തിന്‌ പ്രസക്തിയേറുന്നു. ക്ഷേത്ര പ്രവേശനത്തെ കണ്ടില്ലെന്നു നടിക്കുന്നവരും അവഗണിക്കുന്നവരും ബോധപൂര്‍വം കേരളത്തിന്റെ സാംസ്കാരിക സാമൂഹ്യ മുന്നേറ്റത്തിന്‌ തടയിടുന്നവരാണ്‌.