Wednesday, October 24, 2012

ഭാരതീയ മസ്ദൂര്‍ സംഘം

എനിയ്ക്ക്‌ നിങ്ങളോട്‌ അപേക്ഷിക്കാനുള്ളത്‌

ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ഒരു അനന്യസവിശേഷത അത്‌ അസ്സല്‍ കലര്‍പ്പില്ലാത്ത തൊഴില്‍ സംഘടനയാണ്‌. സ്ഥാപനത്തെതന്നെ പൊളിക്കുന്ന വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭരണഘടനയില്‍ അധിഷ്ഠിതമായ ഒന്നല്ല ഇത്‌ എന്നുള്ളതാണ്‌ മറ്റൊരു സവിശേഷത. ഭാരതീയ മസ്ദൂര്‍ സംഘം ഒരു പ്രസ്ഥാനമല്ല, ഒരു കുടുംബമാണ്‌.

നമ്മള്‍ ഒരേ കുടുംബത്തിന്റെ അംഗങ്ങള്‍ എന്ന നിലയില്‍ ഇവിടെ കൂടിയിരിക്കുമ്പോള്‍ നമ്മളില്‍ ഓരോരുത്തരുടേയും മുമ്പിലുള്ള പ്രഥമ പ്രശ്നം എന്താണെന്ന്‌ നാം കണ്ടുപിടിക്കേണ്ടതാണ്‌. കമ്പ്യൂട്ടര്‍വല്‍ക്കരണമോ അംഗീകാരമോ ആണ്‌ പ്രഥമ പ്രശ്നമെന്നതിനോട്‌ എനിക്ക്‌ യോജിക്കാനായില്ല. നിങ്ങളുടെ മുമ്പിലുള്ള പ്രധാന പ്രശ്നം ഇതില്‍നിന്നെല്ലാം വളരെ വ്യത്യസ്തമാണെന്ന്‌ എനിക്ക്‌ തോന്നുന്നു. ആ പ്രഥമ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഈ സമ്മേളനങ്ങളും പ്രമേയങ്ങളും സംഘടനകളുമെല്ലാം വൃഥാവിലുള്ള കണക്കുകൂട്ടലുകളായിരിക്കും.

നൂറു കണക്കിന്‌ രൂപ ചെലവഴിച്ച്‌, ഓഫീസില്‍നിന്നും അവധിയെടുത്ത്‌, ചിലര്‍ ശമ്പളം പോലും ഇല്ലാത്ത അവധിയെടുത്ത്‌ ഈ സമ്മേളനത്തിന്‌ സംബന്ധിക്കുവാന്‍ നിങ്ങള്‍ തീവണ്ടിയാപ്പീസിലേക്ക്‌ ഇറങ്ങിത്തിരിച്ചപ്പോള്‍, ഒന്നാമത്തെ പ്രശ്നം നിങ്ങളുടെ ഭാര്യഉയര്‍ത്തിക്കാണും. നിങ്ങളുടെ പ്രവര്‍ത്തികളെല്ലാം തികച്ചും വിഡ്ഢിത്തമാണെന്ന്‌ അവര്‍ പറഞ്ഞു കാണും. “നമ്മളുടെ പട്ടണത്തിലെ, അല്ലെങ്കില്‍ കോളനിയിലെ, അല്ലെങ്കില്‍ ദേശത്തെ മറ്റുള്ളവരെ ഒന്നു നോക്കൂ. സന്തുഷ്ട കുടുംബജീവിതം അവര്‍ ആസ്വദിക്കുന്നു. ഈ പ്രദേശത്തെ മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ ചെയ്യാതെ നിങ്ങളുടെ സാന്നിദ്ധ്യസുഖം ഞങ്ങള്‍ക്ക്‌ നിഷേധിച്ചുകൊണ്ട്‌, ഭാര്യയേയും കുഞ്ഞുങ്ങളേയും ശ്രദ്ധിക്കാതെ, സിനിമയ്ക്ക്‌ പോകാതെ, സംഘടനാ ഓഫീസുമായി നിത്യവും ബന്ധപ്പെടുന്ന നിങ്ങള്‍ ഒരു പരമവിഡ്ഢിയാണ്‌. റിസര്‍വ്‌ ബാങ്കില്‍ തന്നെ ജോലിയുള്ള നമ്മുടെ അയല്‍വാസികള്‍ മുഴുവന്‍ കുടുംബവുമായി ഉല്ലാസയാത്രകള്‍ക്കും മറ്റും പോകുമ്പോള്‍ ഓരോ ശനി, ഞായര്‍ ദിവസങ്ങളിലും നിങ്ങള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു യോഗത്തില്‍ വ്യാപൃതനാണ്‌. അവര്‍ അത്രയ്ക്ക്‌ സന്തുഷ്ടരായിരിക്കുമ്പോള്‍ നിങ്ങള്‍ ജീവിതം വിരസമാക്കുന്നു.”ഇങ്ങനെയൊക്കെ അവര്‍ നിങ്ങളോട്‌ പറഞ്ഞുകാണും. നിങ്ങള്‍ക്ക്‌ എങ്ങനെ ഇതില്‍നിന്നും കൗശലപൂര്‍വം ഒഴിഞ്ഞുമാറാനാകും എന്ന്‌ എനിക്കറിയില്ല. ഇതൊരു നിത്യസംഭവമായതുകൊണ്ട്‌ ഇതായിരിക്കണം നിങ്ങളുടെ മുമ്പിലുള്ള ഒന്നാമത്തെ പ്രശ്നം. 

എങ്ങനെയൊക്കെയായാലും നിങ്ങളുടെ ഭാര്യ നിങ്ങളോട്‌ പറഞ്ഞത്‌ ശരിയാണെന്ന്‌ എനിക്ക്‌ തോന്നുന്നു. ഈ സംഘടനാ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തിട്ട്‌ എന്ത്‌ ഗുണമാണ്‌ നിങ്ങള്‍ക്ക്‌ ലഭ്യമാകുവാന്‍ പോകുന്നത്‌? നിങ്ങള്‍ ഒരു മന്ത്രിയാകുവാന്‍ പോകുന്നില്ല. പത്രങ്ങളില്‍ നിങ്ങളുടെ ഫോട്ടോ പ്രത്യക്ഷപ്പെടുവാന്‍ പോകുന്നില്ല. പ്രചാരണമോ പണമോ പദവിയോ ഒന്നും നിങ്ങള്‍ക്ക്‌ ലഭിക്കില്ല. അതുകൊണ്ട്‌ ഈ സംഘടനാപ്രവര്‍ത്തനത്തിനായി അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോള്‍ നിങ്ങള്‍ക്ക്‌ നേടാനായി ഒന്നും തന്നെ ഇല്ല. ഇന്ന്‌ നിലവിലിരിക്കുന്ന ജീവിതമൂല്യങ്ങളെ പരിഗണിച്ചാല്‍ സംഘടനാ പ്രവര്‍ത്തനമെല്ലാം ശുദ്ധ വിഡ്ഢിത്തമാണെന്ന നിങ്ങളുടെ ഭാര്യയുടെ അഭിപ്രായത്തോട്‌ യോജിക്കുവാനാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഈ പ്രവര്‍ത്തനം തുടരണമോ വേണ്ടയോ എന്ന്‌ നിങ്ങള്‍ നിങ്ങളോടുതന്നെ ചോദിക്കണം. ചാതുര്യവും ചതിയും സ്വാര്‍ത്ഥതയും മറ്റുള്ളവരെ തട്ടിമാറ്റി മുന്നോട്ട്‌ പോകലുമാണ്‌ ഇന്ന്‌ ബലപ്പെട്ടിരിക്കുന്ന ജീവിതമൂല്യങ്ങള്‍. നിങ്ങള്‍ ഇത്തരത്തിലുള്ളവ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട്‌ എന്തു സംഭവിക്കും? ഒരു കുതിരയെപ്പോലെ ഓടി, ഒരു കഴുതയെപ്പോലെ പണി ചെയ്ത്‌, അവസാനം നിങ്ങള്‍ ഒന്നും നേടുന്നില്ല. അതുകൊണ്ട്‌ നിങ്ങള്‍ എന്തിനാണീ വിഡ്ഢിത്തം ചെയ്യുന്നത്‌? എന്തിനാണ്‌ തെറ്റായ ആ കര്‍മ്മവീഥി അനുധാവനം ചെയ്യുന്നത്‌. അതുകൊണ്ട്‌ നിങ്ങളുടെ ഭാര്യ പറഞ്ഞതിനോടാണ്‌ ഞാന്‍ യോജിക്കുന്നത്‌! അവര്‍ക്ക്‌ പ്രായോഗിക ബുദ്ധിയുണ്ട്‌. 

നിങ്ങളുടെ ഭാര്യയോട്‌ ഞാന്‍ യോജിക്കുന്നു എന്നുപറഞ്ഞപ്പോള്‍ ഇതിന്റെ മറ്റേ വശത്തെക്കുറിച്ച്‌ ഞാന്‍ പറഞ്ഞില്ല. അതായത്‌, ഈ വിഡ്ഢിത്തം അനുധാവനം ചെയ്യുന്നത്‌ ഞാന്‍ ഒറ്റ വ്യക്തി മാത്രമല്ല. ധാരാളം ബുദ്ധിമാന്മാര്‍ അങ്ങനെ ചെയ്തിട്ടുണ്ട്‌. എന്നുമാത്രമല്ല അവര്‍ കുറെക്കൂടി മുമ്പിലും ആയിരുന്നു. ഞാന്‍ ഒരു വിഡ്ഢിയായിരിക്കാം. പക്ഷെ, ഈ ലോകത്തിലെ പല മഹാരഥന്മാരും എന്നെക്കാള്‍ വിഡ്ഢികളാണ്‌. അതാണെന്റെ സമാശ്വാസവും. ഞാന്‍ ബുദ്ധിപരമായ കര്‍മഗതി പിന്‍തുടരുന്നു എന്നുള്ളതല്ല എന്റെ സാന്ത്വനം. എനിക്കറിയാം ഇത്‌ മഠയത്തരമാണെന്ന്‌. എന്റെ ഏക സമാശ്വാസം ചരിത്രഗതിതന്നെ വ്യതിചലിപ്പിച്ച, ലോകചരിത്രത്തില്‍ മുദ്രപതിപ്പിച്ച മഹാരഥന്മാരെല്ലാം എന്നേക്കാള്‍ അനേകം മടങ്ങ്‌ മൂഢന്മാര്‍ ആയിരുന്നു എന്നതാണ്‌. ഞാന്‍ ഇതില്‍നിന്നും മുതലെടുക്കുകയല്ല ഞാന്‍ ഒരു പരാജിതനാണ്‌. എന്നോട്‌ താരതമ്യം ചെയ്താല്‍ പല മടങ്ങ്‌ കൂടുതല്‍ നഷ്ടപ്പെട്ടവരായിരുന്നു പല ഉന്നതന്മാരും. അതാണ്‌ ഏക ആശ്വാസം!

1947 ന്‌ മുമ്പ്‌ നമ്മള്‍ സ്വാതന്ത്ര്യ സമരത്തില്‍ വ്യാപൃതരായിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ധാരാളം പ്രഗത്ഭ വക്കീല്‍മാരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അവരുടെ ഉജ്ജ്വലമായ ജീവിതങ്ങളും വെടിഞ്ഞ്‌ സമരത്തിലേക്ക്‌ എടുത്തുചാടി, ഫലമോ? അവരുടെ കുടുംബങ്ങള്‍ നശിപ്പിക്കപ്പെട്ടു. പക്ഷെ അവര്‍ അതില്‍ ഖിന്നരായിരുന്നില്ല. മഹനീയമായൊരു ലക്ഷ്യപ്രാപ്തിക്കുവേണ്ടി പീഡനം അനുഭവിക്കുകയാണെന്നൊരു സംതൃപ്തി അവരില്‍ ഉണ്ടായിരുന്നു. ഞാനും നിങ്ങളും വിചാരിച്ചേക്കും ഇത്‌ തെറ്റാണെന്ന്‌. സ്വാതന്ത്ര്യം എന്താണെന്ന്‌ ആര്‌ കണ്ടിട്ടുണ്ട്‌? ഭാര്യയും കുട്ടികളും പട്ടിണി കിടക്കുന്നു. ഇതാണ്‌ യാഥാര്‍ത്ഥ്യം. 
ശ്ലാഘനീയമായൊരു ലക്ഷ്യത്തിനുവേണ്ടി യാതന അനുഭവിക്കുകയാണെന്നൊരു ഇച്ഛാപൂര്‍ത്തി അവരില്‍ ഉളവായിരുന്നു. അതുകൊണ്ട്‌ പലരും അറസ്റ്റ്‌ വരിച്ചു. വര്‍ഷങ്ങളോളം തന്നെ ജയിലില്‍ പോയി, അങ്ങനെ പല കുടുംബങ്ങളും തകര്‍ക്കപ്പെട്ടു. മൊട്ടിട്ടുവരുന്ന ചെറുപ്പക്കാരായ വിപ്ലവകാരികളെക്കുറിച്ച്‌ നാം കേട്ടിട്ടുണ്ട്‌. എന്തായിരുന്നു അവരുടെ പ്രായപരിധി? ഇരുപതോ ഇരുപത്തിയഞ്ചോ! വളരെ പ്രതീക്ഷാനിര്‍ഭരമായ, ആസ്വദിക്കാനാവുന്ന ഒരു ജീവിതം അവരുടെ മുന്നിലുണ്ടായിരുന്നു. കഴിവുള്ള ചെറുപ്പക്കാരായിരുന്നു അവര്‍. പക്ഷെ അന്ന്‌ ലഭ്യമായിരുന്ന സാഹചര്യങ്ങള്‍ അവരെ വേദനിപ്പിച്ചു. യജ്ഞപീഠത്തില്‍ അവര്‍ സ്വയം സമര്‍പ്പിച്ചു. അവര്‍ തൂക്കിലേറ്റപ്പെട്ടു. ചിലരെ വെടിവെച്ചു കൊന്നു. നമ്മള്‍ ഖുദിരാംബോസിനെക്കുറിച്ച്‌ കേട്ടിട്ടുണ്ടല്ലോ. മരിക്കുമ്പോള്‍ 19 വയസ്സായിരുന്നു അദ്ദേഹത്തിന്‌. കഴുമരത്തിലേക്ക്‌ പോകുമ്പോള്‍ ഭഗത്സിംഗിന്‌ 26-ഓ 27-ഓ ആയിരുന്നു പ്രായം. വിശ്രുതരായ രക്തസാക്ഷികളുടെ നീണ്ട പട്ടികയാണിത്‌.

ഈ ചെറുപ്പക്കാരെല്ലാം എന്തിന്‌ കഴുമരത്തിലേറി? ഈ നൂറ്റാണ്ടില്‍ മനുഷ്യര്‍ അഭൂതപൂര്‍വമായ പുരോഗതി കൈവരിച്ചിട്ടുണ്ട്‌ എന്നതില്‍ നാം വളരെ അഭിമാനിതരാണ്‌. പുരോഗതിയുടെ നിരക്ക്‌ മനുഷ്യചരിത്രത്തില്‍ ഇതിന്‌ മുമ്പൊരിക്കലും ഉണ്ടാകാത്ത വിധത്തിലാണ്‌. ഈ അഭിവൃദ്ധിക്ക്‌ എന്തെല്ലാം ഘടകങ്ങള്‍ ഹേതുവായിരുന്നു? മുഖ്യമായും ശാസ്ത്രജ്ഞന്മാരുടെ ആത്മാര്‍പ്പണങ്ങള്‍. ഏതുതരം ആത്മാഹുതികളാണ്‌ അവര്‍ നിര്‍വഹിച്ചത്‌? നമുക്ക്‌ ഊഹിക്കാമോ? എലികളിലും പൂച്ചകളിലും പട്ടികളിലും മാത്രമല്ല പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്‌. സ്വജീവനെതന്നെ അപകടപ്പെടുത്തിക്കൊണ്ട്‌ അവരുടെ സ്വന്തം ശരീരത്തിലാണ്‌ അവര്‍ പരീക്ഷണങ്ങള്‍ നടത്തിയത്‌. ചില മാരകരോഗങ്ങളുടെ ഉല്‍പ്പത്തി കണ്ടുപിടിക്കുവാന്‍ അവര്‍ ആഗ്രഹിച്ചു. രോഗികളോടുള്ള അവരുടെ സമസൃഷ്ടി സ്നേഹം അത്രയ്ക്ക്‌ നിര്‍ഭരമായിരുന്നു. പരീക്ഷണങ്ങള്‍ അവര്‍ അവരില്‍ത്തന്നെ നടത്തി. ആ രോഗങ്ങളില്‍നിന്നും ഉളവാകുന്ന സര്‍വവേദനകളും അനുഭവിച്ചു. അവര്‍ ആരോഗ്യമുള്ളവരായിരുന്നു. പക്ഷേ ആ വ്യാധികള്‍ക്ക്‌ പ്രതിവിധി കണ്ടുപിടിക്കുവാന്‍ ഗുഹ്യരോഗങ്ങള്‍ പോലുളള ഭീകരരോഗങ്ങള്‍ക്കും കുഷ്ഠം പോലുള്ള പകര്‍ച്ചവ്യാധികള്‍ക്കും അവര്‍ ഇരകളായി. ഡോക്ടര്‍ ഹാന്‍സണിന്‌ കുഷ്ഠത്തിന്റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. കുഷ്ഠരോഗികളോടുള്ള അനുകമ്പമൂലം കുഷ്ഠത്തിന്റെ ഉല്‍പ്പത്തി കണ്ടുപിടിക്കുവാന്‍ മുതിര്‍ന്നു. അതില്‍ അദ്ദേഹം തന്നെ ഒരു കുഷ്ഠരോഗിയായി. പരീക്ഷണങ്ങള്‍ സ്വഗാത്രത്തില്‍ തന്നെ നിര്‍വഹിച്ചു മനുഷ്യയാതനകള്‍ കുറയ്ക്കുവാന്‍ മനുഷ്യര്‍ അത്രവരെ പോയിട്ടുണ്ട്‌. ശാസ്ത്രജ്ഞന്മാരെ കൂടാതെ സമൂഹങ്ങളിലും ഇത്തരം വിഡ്ഢികളെ നമുക്ക്‌ ദര്‍ശിക്കാം. മനുഷ്യപുരോഗതിക്ക്‌ അവരും ഉത്തരവാദികളാണ്‌.

ബിഎംഎസ്‌ രാഷ്ട്രീയത്തിലില്ല. ഇന്ന്‌ രാഷ്ട്രീയക്കാരുടെ എന്തുതരം പെരുമാറ്റമാണുള്ളതെന്ന്‌ നിങ്ങള്‍ക്കറിയാം. എനിക്കല്ല നിനക്കാണ്‌ അയോദ്ധ്യാ രാജ്യം അവകാശപ്പെട്ടതെന്ന്‌ പറഞ്ഞ്‌ ഭരതനും ശ്രീരാമചന്ദ്രനും വഴക്കടിച്ചു. ഭരതന്‍ രാമനോട്‌ പറഞ്ഞു. “നിങ്ങളാണ്‌ യഥാര്‍ത്ഥ രാജാവ്‌. നിങ്ങള്‍ വന്ന്‌ അയോദ്ധ്യ ഭരിക്കണം” രാമന്‍ ഭരതനോട്‌ പറഞ്ഞു. “ഇത്‌ നിന്റേതാണ്‌. അതുകൊണ്ട്‌ നീ ഭരിക്കണം.” ഇങ്ങനെയൊരു കാലം ഉണ്ടായിരുന്നു. നമ്മുടെ ചരിത്രം ഇങ്ങനെയുള്ള നിദര്‍ശനങ്ങളെ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. ജനങ്ങള്‍ വീടും കുടുംബവും ഉപേക്ഷിക്കുന്നു. എല്ലാ സുഖഭോഗങ്ങളും പരിത്യജിക്കുന്നു. ജീവിതം മുഴുവന്‍ ദുരിതമനുഭവിക്കുന്നു. അന്യഥാ ബുദ്ധിമാന്മാരായ ഈ ആള്‍ക്കാരെ എന്താണ്‌ പ്രേരിപ്പിച്ചത്‌? ഈ വിഡ്ഢിത്തത്തിന്‌ മുതിരുവാന്‍, എന്താണ്‌ ഉത്തേജനമരുളിയത്‌? എനിക്ക്‌ തോന്നുന്നു നാം ഇതിനെ സജീവമായി പരിഗണിക്കണമെന്ന്‌, ഞാന്‍ ഇതിന്‌ ഉത്തരം പറയുവാന്‍ പോകുന്നില്ല. അത്‌ നിങ്ങള്‍ക്കായി വിടുന്നു. കാരണം ഞാന്‍ നേരത്തെ പറഞ്ഞു, നിങ്ങളെക്കാള്‍ നിങ്ങളുടെ ഭാര്യയോടാണ്‌ ഞാന്‍ യോജിക്കുന്നതെന്ന്‌. പക്ഷെ ഞാന്‍ നിങ്ങളോട്‌ അഭ്യര്‍ത്ഥിക്കുന്നു. അത്രയ്ക്ക്‌ മഹാന്മാരായ ആള്‍ക്കാര്‍ എന്തുകൊണ്ട്‌ വിഡ്ഢിത്തമാണെന്ന്‌ സുവ്യക്തമായ കാര്യങ്ങള്‍ ചെയ്തു എന്ന്‌ പരിശോധിക്കണം.

എല്ലാ ചെയ്തികളും ‘ആത്മനോ മോക്ഷാര്‍ത്ഥം ജഗഥിതായച’ ലക്ഷ്യത്തോടെ ആയിരിക്കണം. എന്നാല്‍ നിങ്ങള്‍ക്ക്‌ സന്തോഷം കൈവരിക്കാം. സ്വന്തം ആത്മാവിന്‌ മുക്തി നേടുന്നതിനും മുഴുവന്‍ ലോകത്തിന്‌ ശ്രേയസ്‌ വരുത്തുന്നതിനും വേണ്ടി നിങ്ങളുടെ പ്രവര്‍ത്തികള്‍ ഈ രണ്ട്‌ ലക്ഷ്യങ്ങളെ പുരസ്കരിച്ചാണെങ്കില്‍ നിങ്ങള്‍ സന്തുഷ്ടരായിരിക്കും. എല്ലാ കര്‍മ്മങ്ങളും ഈ ലക്ഷ്യത്തോടെ ആയിരിക്കണം. എന്നാല്‍ നിങ്ങള്‍ക്ക്‌ ആനന്ദം കൈവരിക്കാം.

നമ്മള്‍ പുരോഗമനക്കാര്‍ പരിഗണനയിലെടുക്കാത്ത പുരാതന, യാഥാസ്ഥിതിക ആശയഗതിയാണത്‌. പക്ഷേ ഒരു ആധുനിക സംഘടന ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) ഇങ്ങനെ പറഞ്ഞിട്ടുണ്ട്‌: “എവിടെയെങ്കിലുമുള്ള ദാരിദ്ര്യം എല്ലായിടത്തുമുള്ള സുഭിക്ഷതയ്ക്ക്‌ ഒരു ഭീഷണിയാണ്‌.” കുറച്ചുകൂടി മുന്നോട്ടു പോയി നമ്മുടെ പിതാമഹന്മാര്‍ പറഞ്ഞു: “എവിടെയങ്കിലുമുള്ള ദുരിതം എല്ലായിടത്തുമുള്ള സന്തുഷ്ടിയ്ക്ക്‌ ഒരു ഭീഷണിയാണ്‌.”

മോഡി പഠിപ്പിക്കുന്ന പാഠങ്ങള്‍

മോഡി പഠിപ്പിക്കുന്ന പാഠങ്ങള്‍


‘ബെറ്റര്‍ ലേറ്റ്‌ ദാന്‍ നെവര്‍’, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ചു. “ഗുജറാത്തിനോട്‌ സജീവമായി ഇടപെട്ട്‌ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ നടപടിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ദൈവം മഹത്വമുള്ളവനാണ്‌.”
മോഡി ഇങ്ങനെയാണ്‌. മഹത്തായ കാര്യങ്ങളോട്‌ ലളിതമായി പ്രതികരിക്കുക, ലളിതമായ പ്രവൃത്തിയിലൂടെ മഹത്തായ കാര്യങ്ങള്‍ക്ക്‌ വഴിയൊരുക്കുകയെന്നത്‌ അദ്ദേഹത്തിന്റെ രീതിയാണ്‌. പശ്ചിമബംഗാളിലെ സിംഗൂരില്‍ ‘നാനോ’കാര്‍ നിര്‍മാണശാല തുടങ്ങാന്‍ പദ്ധതിയിട്ട രത്തന്‍ ടാറ്റയെ ഗുജറാത്തിലെത്തിച്ചത്‌ ‘സ്വാഗതം’ എന്ന മോഡിയുടെ ഒരൊറ്റ എസ്‌എംഎസാണ്‌. 2002 ലെ കലാപത്തെത്തുടര്‍ന്ന്‌ ഗുജറാത്തിനെതിരെ പ്രഖ്യാപിച്ച പത്ത്‌ വര്‍ഷത്തെ നയതന്ത്രവിലക്ക്‌ പിന്‍വലിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം നരേന്ദ്രമോഡി എന്ന ഭരണാധികാരിയുടെ അജയ്യതയ്ക്കും ആഗോള സ്വീകാര്യതയ്ക്കും അടിവരയിടുകയാണ്‌.
“ഗുജറാത്തില്‍ ചെന്ന്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കാണാന്‍ ദല്‍ഹിയിലെ ബ്രിട്ടീഷ്‌ ഹൈക്കമ്മീണറോട്‌ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്‌ അനുസൃതമായി ഉഭയതാല്‍പ്പര്യമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും കൂടുതല്‍ സഹകരണത്തിനുള്ള സാധ്യതയാരായാനും ഇതിലൂടെ കഴിയും. ഗുജറാത്തില്‍ ബ്രിട്ടന്‌ വിശാലതാല്‍പ്പര്യമുണ്ട്‌. 2002 ല്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ്‌ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക്‌ നീതി ലഭിക്കണമെന്ന്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സംസ്ഥാനത്തെ സല്‍ഭരണത്തെയും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെയും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഗുജറാത്തില്‍ ജീവിക്കുകയും ജോലി നോക്കുകയും സന്ദര്‍ശനം നടത്തുകയും ചെയ്യുന്ന ബ്രിട്ടീഷ്‌ പൗരന്മാര്‍ക്ക്‌ കഴിയാവുന്ന സഹായങ്ങളെല്ലാം ലഭ്യമാക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു.” ബ്രിട്ടീഷ്‌ വിദേശകാര്യമന്ത്രി ഹ്യൂഗോ സ്വിയറുടെ ഈ വാക്കുകള്‍ മോഡിയെപ്പോലെ ഗുജറാത്തി ജനതയും സ്വാഗതം ചെയ്തപ്പോള്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും ചില ‘മതേതര മാധ്യമ’ങ്ങളും വല്ലാതെ അസ്വസ്ഥരാവുകയുണ്ടായി.
ഗുജറാത്തുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ തീരുമാനം അവിശ്വസനീയമായി തോന്നിയവര്‍ അത്‌ നരേന്ദ്രമോഡി നടത്തിയ ‘നയതന്ത്ര അട്ടിമറി’യാണെന്ന്‌ വിശേഷിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും അട്ടിമറി നടത്തേണ്ട ആവശ്യം മോഡിക്കുണ്ടായിരുന്നില്ല എന്നതാണ്‌ വസ്തുത. “മോഡി ഒരിയ്ക്കലും ഒറ്റപ്പെട്ടിട്ടില്ല. നിരവധി വന്‍ കമ്പനികള്‍ ഗുജറാത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്‌. ബ്രിട്ടനെപ്പോലുള്ള ഒരു വന്‍ശക്തിയും ഇക്കാര്യം അംഗീകരിച്ചത്‌ പ്രാധാന്യമര്‍ഹിക്കുന്നു” എന്ന ബിജെപിയുടെ പ്രതികരണമാണ്‌ ശരി. ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ പുതിയ തീരുമാനവും ഒരു അപവാദമല്ല. വിലക്ക്‌ നിലനില്‍ക്കുമ്പോള്‍തന്നെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പതിനൊന്ന്‌ ബില്യണ്‍ ഡോളറിന്റെ കരാര്‍ ലഭിക്കാന്‍ 2009 ല്‍ 17 ബ്രിട്ടീഷ്‌ കമ്പനികളാണ്‌ തിക്കിത്തിരക്കിയത്‌. ഇതേവര്‍ഷം നടന്ന ഗുജറാത്ത്‌ നിക്ഷേപ സംഗമത്തില്‍ പങ്കെടുത്ത ബ്രിട്ടീഷ്‌ എംപി ഗുജറാത്ത്‌ സിംഹമെന്നാണ്‌ മോഡിയെ പുകഴ്ത്തിയത്‌. ബ്രിട്ടനെ സംബന്ധിച്ചിടത്തോളം മോഡി വികസന നായകനാണ്‌. ചൈനയിലും ജപ്പാനിലും ഇസ്രയേലിലും അങ്ങനെ തന്നെ.
2011 നവംബറില്‍ അഞ്ച്‌ ദിവസത്തെ സന്ദര്‍ശനത്തിന്‌ നരേന്ദ്രമോഡിക്ക്‌ കമ്മ്യൂണിസ്റ്റ്‌ ചൈന ചുവപ്പ്‌ പരവതാനി വിരിച്ചത്‌ പലരെയും അമ്പരിപ്പിക്കുകയുണ്ടായി. സന്ദര്‍ശനത്തിന്‌ സമാപനം കുറിച്ച്‌ സിചുവാന്‍ പ്രവിശ്യയില്‍ 200-ലേറെ വരുന്ന വാണിജ്യ പ്രതിനിധികളെ മോഡി അഭിസംബോധന ചെയ്യുകയുണ്ടായി. വാണിജ്യ ബന്ധം വികസിപ്പിക്കുന്നതിനുള്ള ധാരണാ പത്രത്തില്‍ സിചുവാനും ഗുജറാത്തും ഒപ്പുവച്ചു. ഇന്ത്യയുടെ ചൈനയിലെ കോണ്‍സല്‍ ജനറലും പ്രവിശ്യാ ഭരണകൂടവും ചേര്‍ന്ന്‌ സംഘടിപ്പിച്ച ഗുജറാത്ത്‌-സിചുവാന്‍ ബിസിനസ്‌ ഫോറത്തെ അഭിസംബോധന ചെയ്ത്‌ സംസ്ഥാനത്ത്‌ നിക്ഷേപം നടത്താന്‍ ചൈനീസ്‌ വ്യവസായികളെ ക്ഷണിച്ചു. ആഗോള സാമ്പത്തിക ഇടനാഴിയാവാനുള്ള മുന്നേറ്റത്തിലാണ്‌ ഗുജറാത്ത്‌ എന്ന്‌ പ്രഖ്യാപിച്ച മോഡി 2008 ലെ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ യിംഗ്ഷു സിറ്റിയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. ഇവിടുത്തെ ചെലവുകുറഞ്ഞ വീടുകളുടെ നിര്‍മാണ രീതി മോഡി പരിശോധിച്ചു. ഭൂകമ്പത്തില്‍ മരിച്ചവര്‍ക്ക്‌ സ്മരണാഞ്ജലി അര്‍പ്പിച്ച മോഡി ചെങ്ങ്ചുവിലെ പ്രസിദ്ധമായ വെന്‍ഷു ബുദ്ധവിഹാരത്തിലും ദര്‍ശനം നടത്തി.
ചൈനയോട്‌ മത്സരിക്കാന്‍ ഇന്ത്യക്കെന്ത്‌ സാധ്യതകളുണ്ട്‌? എന്നാണ്‌ 2011 ഏപ്രില്‍ 24 ലെ ന്യൂയോര്‍ക്ക്‌ ടൈംസ്‌ ഉന്നയിച്ച ചോദ്യം. ഈ നൂറ്റാണ്ടിലെ, ഈ ദശകത്തിലെ ഏറ്റവും പ്രസക്തമായ ഈ ചോദ്യത്തിനുള്ള മറുപടിയായിരുന്നു മോഡിയുടെ ചൈനാ സന്ദര്‍ശനം.
2012 ജൂലൈയില്‍ ജപ്പാന്‍ സന്ദര്‍ശിച്ച നരേന്ദ്രമോഡിക്ക്‌ മറ്റൊരു മുഖ്യമന്ത്രിക്കും നല്‍കാത്ത സ്വീകരണമാണ്‌ ജപ്പാനീസ്‌ അധികൃതര്‍ നല്‍കിയത്‌. കാബിനറ്റ്‌ മന്ത്രിയുടെ പ്രോട്ടോകോള്‍ പ്രകാരമാണ്‌ മോഡിയെ വരവേറ്റത്‌. മോഡിയുടെ ഭരണത്തിന്‍ കീഴില്‍ ഗുജറാത്ത്‌ കൈവരിച്ച വികസനക്കുതിപ്പുകളുടെ കഥകള്‍ ജപ്പാനീസ്‌ മാധ്യമങ്ങളില്‍ നിറഞ്ഞു. അഞ്ച്‌ ദിവസത്തെ സന്ദര്‍ശനത്തിനിടെ വാണിജ്യ പ്രമുഖരും ഏഴ്‌ ജപ്പാനീസ്‌ മന്ത്രിമാരും ഉള്‍പ്പെടെ 2000 വ്യക്തികളുമായി മോഡി ആശയവിനിമയം നടത്തി. 65 പരിപാടികളിലാണ്‌ അദ്ദേഹം സംബന്ധിച്ചത്‌. മേറ്റ്ന്തിനുമുപരി വ്യവസായ സുരക്ഷിതത്വത്തെ പരമപ്രധാനമായി കാണുന്ന ജപ്പാനീസ്‌ വ്യവസായികള്‍ ആത്മവിശ്വാസം തുളുമ്പുന്ന മോഡിയുടെ വാക്കുകള്‍ ആവേശത്തോടെയാണ്‌ സ്വീകരിച്ചത്‌. ഉദയസൂര്യന്റെ നാട്‌ മോഡിയെ ഇന്ത്യയുടെ ഉദയസൂര്യനായി കണ്ടു.
ഗുജറാത്തിനുള്ള വിലക്ക്‌ ബ്രിട്ടന്‍ നീക്കിയത്‌ കോണ്‍ഗ്രസിനെ വല്ലാതെ നിരാശപ്പെടുത്തിയിരിക്കുകയാണ്‌. സ്വന്തം രാജ്യത്ത്‌ മോഡിയെ നേരിടുന്നതില്‍ ദയനീയമായി പരാജയപ്പെട്ട അവര്‍ ഇതിനായി ചില വിദേശ ശക്തികളെ കൂട്ടുപിടിക്കുകയായിരുന്നു. അമേരിക്കയും മറ്റും ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക്‌ ചൂണ്ടിക്കാട്ടി 2002 ലെ കലാപത്തിന്റെ പേരില്‍ മോഡിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന തന്ത്രമാണ്‌ കോണ്‍ഗ്രസ്‌ സ്വീകരിച്ചത്‌. വാജ്പേയി സര്‍ക്കാര്‍ പൊഖ്‌റാനില്‍ അണുപരീക്ഷണം നടത്തിയപ്പോള്‍ അന്നത്തെ യുഎസ്‌ ഭരണകൂടം ഇന്ത്യക്കെതിരെ സാമ്പത്തിക ഉപരോധം കൊണ്ടുവന്നിരുന്നു. പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ്‌ പാര്‍ലമെന്റിനകത്ത്‌ ഈ നടപടിയെ ഔപചാരികമായി വിമര്‍ശിക്കുകയുണ്ടായെങ്കിലും സോണിയാഗാന്ധിയുടെ പാര്‍ട്ടിക്കാര്‍ ഉള്ളില്‍ സന്തോഷിക്കുകയായിരുന്നു. മോഡിക്കെതിരായി തുടരുന്ന അമേരിക്കയുടെ വിലക്കിനോടുള്ള കോണ്‍ഗ്രസിന്റെ സമീപനവും വ്യത്യസ്തമല്ല.
ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായാണ്‌ അമേരിക്ക തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയായ നരേന്ദ്രമോഡിക്കെതിരെ വിലക്ക്‌ കൊണ്ടുവന്നത്‌. ചില മതലോബികളുടെ സ്വാധീനത്തിന്‌ വഴങ്ങിയായിരുന്നു ഇത്‌. ‘മതസ്വാതന്ത്ര്യ ലംഘനം’ എന്ന്‌ ഇതിന്‌ അമേരിക്ക പറയുന്ന ന്യായം കഴമ്പില്ലാത്തതാണ്‌. 2002 ലെ കലാപവുമായി ബന്ധപ്പെട്ട്‌ നരേന്ദ്രമോഡി ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിനെതിരെ എന്തെങ്കിലും ഒരു കേസ്‌ ഒരു കോടതിയിലും നിലവിലില്ല. മോഡിക്കെതിരെ കേസെടുക്കാനാവില്ലെന്ന്‌ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണം സംഘം നല്‍കിയ റിപ്പോര്‍ട്ടും അത്‌ പരിശോധിച്ച്‌ നല്‍കിയ റിപ്പോര്‍ട്ടും പരിഗണിച്ച്‌ നിയമത്തിന്‌ മുന്നില്‍ യാതൊരു വിധത്തിലും മോഡി കുറ്റക്കാരല്ലെന്ന്‌ കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. എന്നിട്ടും കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും ചില മാധ്യമങ്ങളും മോഡിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി നടത്തുന്ന പ്രചാരണങ്ങള്‍ നിയമവിരുദ്ധമാണ്‌. ഇത്രയൊക്കെയായിട്ടും വിലക്ക്‌ നീക്കാന്‍ തയ്യാറാവാത്ത യുഎസ്‌ ഭരണകൂടത്തിന്റെ സമീപനത്തിന്‌ പിന്നിലുള്ളത്‌ സ്ഥാപിത താല്‍പ്പര്യമാണ്‌.
ഗുജറാത്തിനും നരേന്ദ്രമോഡിക്കുമെതിരായ ‘വിലക്ക്‌’ തുടരുന്നതില്‍ അമേരിക്കയുടെ ഇരട്ടത്താപ്പ്‌ പ്രകടമാണ്‌. 2002ലെ കലാപത്തിന്റെ പേരില്‍ വിലക്കേര്‍പ്പെടുത്തിയതിനുശേഷം മോഡിയെ ഗുജറാത്തിലെ ജനങ്ങള്‍ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിട്ടുള്ളതാണ്‌. 2004ലെയും 2009ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ലോക്സഭയിലേക്കും നിയമസഭയിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളിലും മോഡിയിലുള്ള വിശ്വാസം ജനങ്ങള്‍ ആവര്‍ത്തിച്ചുറപ്പിച്ചു. സ്വന്തം രാജ്യത്തെ ജനങ്ങള്‍ അംഗീകരിക്കുന്ന ഭരണാധികാരിക്കെതിരെ മുഖംതിരിക്കുന്ന യുഎസ്‌ ഭരണകൂടത്തിന്റെ നിലപാട്‌ ജനാധിപത്യത്തിന്റെ പേരില്‍ അവര്‍ നടത്തുന്ന അവകാശവാദങ്ങളുടെ പൊള്ളത്തരമാണ്‌ തുറന്നുകാണിക്കുന്നത്‌.
നരേന്ദ്രമോഡിയെ തെറ്റുകാരനാക്കാന്‍ ഗുജറാത്ത്‌ കലാപത്തെ ഭൂതക്കണ്ണാടിവെച്ച്‌ നോക്കുന്ന അമേരിക്ക 1982ല്‍ ചൈനയില്‍ നടന്ന ടിയാനന്‍മെന്‍ സ്ക്വയര്‍ കൂട്ടക്കുരുതിയുടെ പേരില്‍ ചൈനീസ്‌ നേതാക്കള്‍ക്ക്‌ വിലക്കേര്‍പ്പെടുത്താന്‍ തയ്യാറല്ല. ഗുജറാത്തില്‍ നടന്നത്‌ ഒരു കലാപമായിരുന്നു. മരിച്ചത്‌ 1044 പേരും. ടിയാനന്‍മെന്റ്‌ സ്ക്വയറില്‍ ഒത്തുകൂടി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ 3000ലേറെ പേരെയാണ്‌ ചൈനീസ്‌ സൈന്യം ഏകപക്ഷീയമായി കൊന്നൊടുക്കിയത്‌. ഈ കൂട്ടക്കുരുതിക്ക്‌ നേതൃത്വം നല്‍കിയ ഷാന്‍ സെനിനും കൂട്ടര്‍ക്കും ചുവപ്പ്‌ പരവതാനി വിരിക്കാന്‍ ‘മതസ്വാതന്ത്ര്യലംഘന’വും ‘മനുഷ്യാവകാശലംഘന’വുമൊന്നും തടസമാകാതിരുന്ന യുഎസ്‌ ഭരണാധികാരികള്‍ മോഡിക്ക്‌ വിസ നിഷേധിച്ച്‌ സ്വയം പരിഹാസ്യരാവുകയല്ലേ? ആഗോള വിപത്തായ ഭീകരവാദത്തെ പിന്തുണക്കുന്ന പാക്‌ ഭരണാധികാരികളെ ക്ഷണിച്ചുവരുത്താനും അമേരിക്ക മറക്കുന്നില്ല.
2002 ലെ കലാപത്തിന്റെ കണ്ണിലൂടെ മാത്രം മോഡിയെ ചിത്രീകരിക്കാന്‍ അമേരിക്കന്‍ വിലക്കിനെ ആശ്രയിക്കുന്ന കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും മറ്റൊരു ദുഷ്ടലാക്കാണുള്ളത്‌. മോഡിയെ ഗുജറാത്തില്‍ തളച്ചിട്ട്‌ രാജ്യത്തിന്റെ നേതാവായി അദ്ദേഹം വരുന്നത്‌ തടയുക എന്നതാണത്‌. ഗുജറാത്തിന്റെ ആഭ്യന്തരമന്ത്രിയും മോഡിയുടെ വലംകൈയുമായിരുന്ന അമിത്ഷായെ കേസില്‍ കുടുക്കിയതും ഈ ഗൂഢലക്ഷ്യംവെച്ചായിരുന്നു. ഇന്ത്യയുടെ ഭാവി നേതാവായി കാണുന്നതിനാലാണ്‌ ചൈനയും ജപ്പാനും ഇസ്രായേലുമൊക്ക മോഡിയെ ക്ഷണിച്ചുവരുത്തിയത്‌. കോണ്‍ഗ്രസിന്‌ സഹിക്കാവുന്നതിലധികമായിരുന്നു ഇത്‌. ഇപ്പോള്‍ പത്ത്‌ വര്‍ഷക്കാലത്തെ വിലക്ക്‌ നീക്കിയ ബ്രിട്ടന്റെ തീരുമാനം ബിജെപിയെ ആഹ്ലാദിപ്പിക്കുന്നതിനേക്കാള്‍ കോണ്‍ഗ്രസിനെ വല്ലാതെ നിരാശപ്പെടുത്തുകയാണ്‌.

മടങ്ങിവരാതിരിക്കാനാകുമോ മലാലക്ക്‌

മടങ്ങിവരാതിരിക്കാനാകുമോ മലാലക്ക്‌

മൗലികാവകാശമായ വിദ്യാഭ്യാസത്തില്‍ നിന്ന്‌ എന്നെ മാറ്റി നിര്‍ത്താന്‍ താലിബാന്‌ എന്ത്‌ ധൈര്യമാണുള്ളതെന്ന ഒരു ചെറിയ പെണ്‍കുട്ടിയുടെ ചോദ്യത്തിന്‌ മുന്നില്‍ താലിബാന്റെ മനോധൈര്യം ചോര്‍ന്നു പോയോ? പാക്കിസ്ഥാനിലെ താലിബാനിസത്തിന്റെ അടിത്തറയിളക്കാന്‍ അവളുടെ വാക്കുകള്‍ക്കാകുമെന്ന ഉള്‍വിളിയില്‍ വെറിപൂണ്ടാകും മലാലക്ക്‌ നേരെ തോക്കുചൂണ്ടപ്പെട്ടത്‌. പക്ഷേ താലിബാന്‌ തെറ്റി. മലാല യൂസഫ്സായി തിരിച്ചുവരും.താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികളോട്‌ താലിബാന്‍ കാട്ടുന്ന നെറികേടിന്റെ കഥ മുഴുവന്‍ ലോകത്തെയും വിളിച്ചറിയിച്ച ചാരിതാര്‍ത്ഥ്യത്തോടെ. 

പതിന്നാല്‌ വയസുകാരിയുടെ കൗതുകത്തോടെയല്ല മലാല തനിക്ക്‌ ചുറ്റം സംഭവിക്കുന്നത്‌ നോക്കിക്കണ്ടത്‌. മനുഷ്യാവകാശത്തിന്റെ പേരില്‍ പതിറ്റാണ്ടുകളായി പ്രസ്താവനകിളറക്കുന്ന മുഴുവന്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമുള്ള മറുപടിയാണ്‌ ഈ പെണ്‍കുട്ടി. ആരെയും കൊല്ലുന്ന താലിബാന്റെ തോക്കുകള്‍ മുന്നില്‍ കണ്ടിട്ടും ശിലപോലെ ഉറച്ചുനിന്ന മലാല യൂസഫ്സായിയുടെ ധൈര്യത്തിന്‌ മുന്നില്‍ തലകുനിച്ചുകൊണ്ട്‌ എഴുതട്ടെ. 

ന്യൂനപക്ഷ വികാരത്തെ വ്രണപ്പെടുത്തുന്ന ചെറുപ്രസ്താവനകളുടെ പേരില്‍ മതസാമുദായിക സാംസ്ക്കാരിക നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തുന്നത്‌ പതിവ്കാഴ്ച. മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരിലും എത്രയോ കലാപക്കൊടികള്‍ നമ്മുടെ കൊച്ചുകേരളത്തിലും ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. പക്ഷേ മലാലയുടെ പേരില്‍ ആരും കൊടി പിടിച്ചില്ല. പ്രസ്താവനായുദ്ധം നടത്തിയില്ല. കഷ്ടം എന്നൊരുവാക്കുപോലും പറഞ്ഞില്ല. ആഗോളമുസ്ലീംപ്രശ്നങ്ങള്‍ ഏറ്റുപിടിക്കുന്ന സാമുദായിക സംഘടനാനേതാക്കളും നിശബ്ദരായിരുന്നു. മതത്തിന്റെ പേരില്‍ മനുഷ്യാവകാശം നിഷേധിക്കപ്പെടുമ്പോള്‍ മത വക്താക്കള്‍ മിണ്ടാതിരിക്കരുത്‌. അത്‌ പാക്കിസ്ഥാനിലായാലും അമേരിക്കയിലായാലും. 

ലോകം മുഴുവനും മലാല യൂസഫ്സായിക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ സമപ്രായക്കാരിയായ ഒരു വിദ്യാര്‍ത്ഥിനിയുടെ ധീരത നമ്മുടെ സ്കൂളുകളില്‍ പരാമര്‍ശിക്കപ്പെടേണ്ടതല്ലേ. അവള്‍ക്കായി വേദനിച്ച്‌ , ഒരുമിനിട്ട്‌ മൗനപ്രാര്‍ത്ഥന നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരം കൊടുക്കാന്‍ ജാതി മതഭേദമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും തയ്യാറാകേണ്ടിയിരിക്കുന്നു. പാക്കിസ്ഥാനിലെ സ്വാത്ത്‌ താഴ്‌വരയിലെ സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള താലിബാന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്‌ താനടക്കമുള്ള പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിനെക്കുറിച്ച്‌ മലാല ലോകത്തോട്‌ പറഞ്ഞതും അതിന്റെ പേരില്‍ അവള്‍ ക്രൂരമായി വേട്ടയാടപ്പെട്ടതും നമ്മുടെ കുട്ടികളുമറിയട്ടെ. 

അമ്പരപ്പോടും ആത്മരോഷത്തോടുമാണ്‌ ലോകം മലാലക്കെതിരെ നടന്ന ആക്രമണത്തോട്‌ പ്രതികരിക്കുന്നത്‌. സ്വാത്തിലെ ഓരോ പെണ്‍കുട്ടിയും മലാലയാണ്‌. ഞങ്ങള്‍ സ്വയം പഠിക്കും, ജയിക്കും ആര്‍ക്കും ഞങ്ങളെ തോല്‍പ്പിക്കാനാകില്ല- മലാലയുടെ സഹപാഠികള്‍ പറയുന്നു. ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസിഡര്‍ പറഞ്ഞു- പാക്കിസ്ഥാന്റെ ഭാവി മലാലയെപ്പോലുള്ള ധൈര്യശാലികള്‍ക്കൊപ്പമാണ്‌. അവരെ ആക്രമിച്ച ഭീരുക്കള്‍ക്ക്‌ ചരിത്രം മാപ്പ്‌ നല്‍കില്ല. 

അമേരിക്ക, ബ്രിട്ടന്‍, തുടങ്ങി ലോകരാഷ്ട്രങ്ങളും ഐക്യരാഷട്രസഭയും ആംനെസ്റ്റി ഇന്റര്‍നാഷണലും മലാലയ്ക്കൊപ്പമുണ്ട്‌. ഹോളിവുഡ്‌ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കൊച്ചുകുട്ടിയുടെ ധീരതയില്‍ അഭിമാനിച്ച്‌ പിന്തുണ അറിയിക്കുന്നു. കണ്ണും കാതും കൂര്‍പ്പിച്ച ലോകം മുഴുവന്‍ നോക്കി നില്‍ക്കുമ്പോള്‍ പാക്കിസ്ഥാന്‌ ഒഴിഞ്ഞുമാറാനാകില്ല.

മലാലയെ ആക്രമിച്ചവരെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ പാക്കിസ്ഥാന്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മലാലക്കെതിരെ നടന്ന ആക്രമണം രാജ്യത്തെ ഓരോ പെണ്‍കുട്ടിക്കുമെതിരെയുമുള്ള ആക്രമണമാണെന്ന്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി പറഞ്ഞു. ബുള്ളറ്റിന്റെ ശക്തികൊണ്ട്‌ സ്വാതന്ത്യത്തെ ഹനിക്കാമെന്ന്‌ താലിബാന്‍ കരുതേണ്ടെന്നും മലാല രക്ഷപ്പെട്ടാലും ഇല്ലെങ്കിലും പാക്കിസ്ഥാന്‍ വിട്ട്‌ പോകുന്നില്ലെന്നുമാണ്‌ മലാലയ്ക്ക്‌ എന്നും ശക്തിപകരുന്ന പിതാവിന്റെ പ്രതികരണം.

തലയോട്ടി തകര്‍ന്ന്‌ ഗുരുതരമായി പരിക്കേറ്റ മലാലയെ സുരക്ഷിതയായി തിരിച്ചയക്കാന്‍ ബ്രിട്ടന്‍ രണ്ടുകയ്യും നീട്ടി അവളെ ഏറ്റുവാങ്ങിക്കഴിഞ്ഞു. ബ്രിട്ടനിലെ ബര്‍മിങ്ന്‍ഘാമിലെ ക്വീന്‍ എലിസബത്ത്‌ ആശുപത്രിയില്‍ ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും ഏറ്റുവാങ്ങി മലാലയുണ്ട്‌. മാനസികമായി മലാല ശക്തയാണെന്ന്‌ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ക്കിടെ അബോധാവസ്ഥയില്‍ കഴിയുന്ന മലാലയുടെ സ്വപ്നങ്ങളില്‍ ഇപ്പോഴും സ്വാത്ത്‌ താഴ്‌വാരയിലെ സ്കൂളുകളാകും. തുടങ്ങിവച്ച പോരാട്ടം പൂര്‍ത്തിയാക്കേണ്ടതുണ്ട്‌, മടങ്ങിവരാതിരിക്കാനാകുമോ മലാലക്ക്‌.

പട്ടണത്തില്‍ ചുട്ടെടുക്കുന്നത്‌

പട്ടണത്തില്‍ ചുട്ടെടുക്കുന്നത്‌

അന്താരാഷ്ട്ര അംഗീകാരമുള്ള ഔദ്യോഗിക പര്യവേഷണ ഏജന്‍സികളായ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മറൈന്‍ ടെക്നോളജി എന്നീ സ്ഥാപനങ്ങളെ പട്ടണം പര്യവേഷണങ്ങളില്‍നിന്നും മനഃപൂര്‍വം ഒഴിവാക്കിയതെന്തുകൊണ്ടാണ്‌? ചോദ്യത്തിന്‌ ഇതുവരെ വ്യക്തമായ ഉത്തരമില്ല.

കാട്ടിലെ തടി. തേവരുടെ ആന. വ്യാജ തോമാശ്ലീഹയ്ക്ക്‌ ഔദ്യോഗിക സംരക്ഷണം വേണം. അതിനായി ചരിത്രമൊന്ന്‌ തിരുത്തണം. ഇത്രയൊക്കെ കഴിഞ്ഞില്ലെങ്കില്‍ മതേതര സര്‍ക്കാര്‍ എന്നുപറഞ്ഞിട്ടെന്ത്‌ കാര്യം?

കോടിക്കണക്കിന്‌ രൂപ ‘മുസിരിസ്‌’ പൈതൃക സ്ഥാപനം എന്ന പേരില്‍ പറവൂര്‍ സെന്റ്‌ തോമസ്‌ പള്ളിയ്ക്ക്‌ കൊടുത്തപ്പോള്‍ കൊടുങ്ങല്ലൂരുള്ള ചേരമാന്‍ പെരുമാള്‍ മസ്ജിദിനും കിട്ടി നല്ലൊരു പങ്ക്‌.

രണ്ടാം ചേരസാമ്രാജ്യത്തിലെ അവസാനത്തെ ചേരരാജാവ്‌ ചേരമാന്‍ പെരുമാള്‍ മക്കയില്‍ പോയി ഇസ്ലാം മതം സ്വീകരിച്ചത്രേ. അതുകൊണ്ടാണ്‌ പള്ളിക്ക്‌ ചേരമാന്‍ മസ്ജിദ്‌ എന്ന്‌ പേരിട്ടതത്രെ.

കേരളത്തില്‍ മുസ്ലീങ്ങള്‍ക്ക്‌ വേണ്ടി പ്രത്യേകം ജില്ല തന്നെ അനുവദിച്ചു കൊടുത്ത ദിവംഗതനായ ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ 1948 ല്‍ പ്രസിദ്ധീകരിച്ച ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന ലേഖനത്തില്‍ ഇങ്ങനെ എഴുതുന്നു. ‘അല്‍ ഇദ്രിസി (1153-54), ബഞ്ചമിന്‍ (1159-60), റഷീദ്‌-ഉദ്‌-ദീന്‍ (1247-81), അല്‍കാസ്‌വിനി (1263-75) മാര്‍ക്കോപോളോ (1271-94), അബുല്‍ഫെദ (1273-1331), ഫ്രയര്‍ ഒഡോറിക്‌ (1286-94), ഫ്രയര്‍ ജോര്‍ജഡനസ്‌ (1320), ഇബ്ന്‍ബത്തൂത്ത (1324-54), അബ്ദുള്‍ സാക്ക്‌ (1441), നിക്കോളോകോണ്ടി (1444) തുടങ്ങിയ മുഹമ്മദീയരും ക്രിസ്ത്യാനികളും ജൂതന്മാരുമായ സഞ്ചാരികളാരും തന്നെ മഹോദയപുരം തലസ്ഥാനമാക്കി ഭരിച്ചിരുന്ന പ്രശസ്തനായ ചേര ചക്രവര്‍ത്തി ചേരമാന്‍ പെരുമാള്‍ മുസ്ലീമായ കഥയെപ്പറ്റി ഒന്നും പറയുന്നില്ല… അതുകൊണ്ട്‌ ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച്‌ മക്കത്തേക്ക്‌ പോയെന്നത്‌ വെറും കെട്ടുകഥയാണ്‌ എന്നേ വിശ്വസിക്കാന്‍ കഴിയുന്നുള്ളൂ.

ഇത്രയും ആധികാരികമായി ഇഎംഎസ്‌ ഇങ്ങനെ പറയുമ്പോള്‍ പിന്നെന്തിനാണ്‌ പൊതുഖജനാവിലെ പണം ‘ഇല്ലാത്ത ചരിത്രസ്മാരകത്തിനുവേണ്ടി ധൂര്‍ത്തടിക്കുന്നത്‌? ഇതിനായി തോമസ്‌ ഐസക്കിന്റേയും പ്രൊഫ.കെ.വി.തോമസിന്റെയും പ്രത്യേക സമ്മര്‍ദ്ദം എന്തുകൊണ്ടുണ്ടായി? പുരാതന വഞ്ചി സര്‍വകലാശാല, കൊടുങ്ങല്ലൂര്‍ കോവിലകം, തൃക്കണ്ണാ മതിലകം, കൊടുങ്ങല്ലൂരിലെ നക്ഷത്ര ബംഗ്ലാവ്‌ എന്നിവയൊക്കെയല്ലേ യഥാര്‍ത്ഥത്തില്‍ പുനര്‍നിര്‍മിക്കുകയോ, പുനരുദ്ധരിക്കുകയോ ചെയ്യേണ്ടത്‌? ഇളങ്കോ അടികള്‍ ചിലപ്പതികാരം രചിച്ചത്‌ അക്കാലത്തെ പ്രശസ്ത വിദ്യാകേന്ദ്രമായിരുന്ന കൊടുങ്ങലൂരിനടുത്തുള്ള തൃക്കണ്ണാ മതിലകത്ത്‌ വച്ചാണെന്ന്‌ ആര്‍ക്കാണറിഞ്ഞുകൂടാത്തത്‌?

ചേര രാജാവായ ചേരന്‍ ചെങ്കുട്ടുവന്‍ സ്ഥാപിച്ച ‘പത്തിനികടവുള്‍’ സങ്കല്‍പ്പത്തിലുള്ള കൊടുങ്ങല്ലൂരെ കണ്ണകി പ്രതിഷ്ഠയെപ്പറ്റി ചിലപ്പതികാരത്തില്‍ വര്‍ണിക്കുന്നുണ്ട്‌. അയല്‍ രാജാക്കന്മാരോടൊപ്പം ശ്രീലങ്കയിലെ ഗജബാഹുരാജാവും ഹിമാലയത്തില്‍നിന്ന്‌ കൊണ്ടുവന്ന കൃഷ്ണശിലാ വിഗ്രഹപ്രതിഷ്ഠാ സമയത്ത്‌ സന്നിഹിതനായിരുന്നത്രെ. ശങ്കരാചാര്യന്‍ പൂജാക്രമങ്ങള്‍ ചിട്ടപ്പെടുത്തിയ ഈ ക്ഷേത്രമുറ്റത്ത്‌ സ്വാമി വിവേകാനന്ദന്‍ ഭജനമിരുന്നകാര്യം നമുക്കേവര്‍ക്കുമറിയാം. അങ്ങനെയുള്ള കൊടുങ്ങല്ലൂര്‍ കുരുംബക്കാവിനെ പുനരുദ്ധരിക്കാന്‍, ‘മുസിരിസ്‌’ പദ്ധതിയില്‍പ്പെടുത്താന്‍ ഭരണാധികാരികള്‍ മറന്നുപോയതെന്തുകൊണ്ടാണ്‌? ഉത്തരമില്ല. പ്രസിദ്ധ സംഘകാല കൃതിയായ മണിമേഖലയിലെ 26,27,28 എന്നീ കതൈകളില്‍ വഞ്ചി നഗരത്തെ (തിരുവഞ്ചിക്കുളം)പ്പറ്റി വര്‍ണിച്ചിട്ടുണ്ട്‌. ചേര രാജാക്കന്മാരുടെ കുലദൈവമായിരുന്നു തിരുവഞ്ചിക്കുളത്തപ്പനെന്നറിയപ്പെടുന്ന പരമശിവന്‍.
അവസാനകാലത്ത്‌ ശൈവസന്ന്യാസിമാരായിത്തീര്‍ന്ന ചേരമാന്‍ പെരുമാളും സുഹൃത്തും പണ്ഡിതനുമായിരുന്ന സുന്ദരമൂര്‍ത്തി നായനാരും കാലം കഴിച്ചത്‌ തിരുവഞ്ചിക്കുളത്തമ്പലത്തിലാണ്‌.

തൃക്കുലശേഖരപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ വച്ചാണ്‌ കുലശേഖര ആള്‍വാര്‍ മുകുന്ദമാല രചിച്ചത്‌. ഇതൊക്കെയങ്ങനെ മറക്കാന്‍ കഴിയുമോ?
സംഘകാല കൃതിയായ അകനാനൂറിലെ 149-ാ‍ം പാട്ടില്‍ ‘ചേരന്റെ പെരിയാറ്റിലെ വെള്ളത്തില്‍ വെണ്‍നുരകളിളകുമാറ്‌ ചേലാര്‍ന്ന യവനക്കപ്പലുകള്‍ പൊന്നുമായി വന്ന്‌ മുചിരി നഗരത്തില്‍നിന്ന്‌ കുരുമുളകുമായി തിരിച്ചുപോകുന്നതിനെ വര്‍ണിക്കുന്നുണ്ട്‌.

ആളുകള്‍ മീന്‍ വിറ്റ്‌ നെല്ല്‌ വാങ്ങുന്നതും കുരുമുളക്‌ ചാക്കില്‍ കെട്ടി കടപ്പുറത്ത്‌ അങ്ങിങ്ങായി അട്ടിയിട്ടിരിക്കുന്നതും കപ്പലുകളില്‍ കൊണ്ടുവരുന്ന സ്വര്‍ണം തോണികള്‍ വഴി കായലില്‍ കൂടി കര ചേര്‍ക്കുന്നതും മഹാകവി പരണര്‍ പുറനാനൂറിലെ 343-ാ‍ം പാട്ടില്‍ ഭംഗിയായി വര്‍ണ്ണിച്ചിരിക്കുന്നു.

എഡി രണ്ടാം നൂറ്റാണ്ടിലെ പ്രസിദ്ധ ഭൂമിശാസ്ത്രജ്ഞനായ ടോളമി, കടലോര നഗരവും പ്രമുഖ വ്യാപാര കേന്ദ്രവുമായിരുന്ന മുസിരിസ്‌ (കൊടുങ്ങല്ലൂര്‍)നെപ്പറ്റി തന്റെ ‘ലോകഭൂമിശാസ്ത്രം’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈജിപ്തിലെ രാജ്ഞിയും സൗന്ദര്യറാണിയുമായിരുന്ന ക്ലിയോപാട്ര ധരിച്ചിരുന്ന മുത്തിന്‌ അക്കാലത്ത്‌ 1200 പവന്‍ വിലമതിച്ചിരുന്നുവെന്ന്‌ ടോളമി കണക്കുകൂട്ടുന്നു.

ബിസി രണ്ടും മൂന്നും സഹസ്രാബ്ദങ്ങളില്‍ അസ്സീറിയക്കാരും ബാബിലോണിയക്കാരും ഇസ്രായേലുകാരും മുസിരിസ്‌ തുറമുഖത്തുനിന്ന്‌ കൊണ്ടുപോയിരുന്ന കുരുമുളക്‌, ഏലം, കറുവപ്പട്ട എന്നീ സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ട്‌ സ്വദേശത്ത്‌ കച്ചവടം നടത്തിയിരുന്നു.

18-ാ‍ം നൂറ്റാണ്ടില്‍ ഡച്ചുകാര്‍ കുരുമുളക്‌ കൃഷി ജാവയിലേക്ക്‌ വ്യാപിക്കുന്നതുവരെ കേരളത്തിലല്ലാതെ മറ്റൊരിടത്തും കുരുമുളക്‌ കൃഷി ഉണ്ടായിരുന്നില്ല.
ബിസി പത്താം നൂറ്റാണ്ടില്‍ ഇസ്രയേല്‍ വാണിരുന്ന സോളമന്‍ ചക്രവര്‍ത്തിയെ സന്ദര്‍ശിക്കാന്‍ ഷീബാറാണി ജറുസലേമിലേക്ക്‌ ചെന്നത്‌ മുസിരിസ്‌ (കൊടുങ്ങല്ലൂര്‍) തുറമുഖത്തുനിന്ന്‌ കൊണ്ടുപോയിരുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ വഹിക്കുന്ന ഒരുപറ്റം ഒട്ടകങ്ങളുമായിട്ടാണ്‌. ഇവയുടെ സുഗന്ധം ആസ്വദിക്കാന്‍ വഴിനീളെ ജനങ്ങള്‍ തിങ്ങിക്കൂടിയിരുന്നത്രേ.

പുരാതന ഈജിപ്തുകാര്‍ സുഗന്ധവസ്തുക്കളും വിശുദ്ധതൈലങ്ങളും ഉണ്ടാക്കുവാനും രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും ശവശരീരങ്ങള്‍ കേടില്ലാതെ സൂക്ഷിക്കാനും ഉപയോഗിച്ചിരുന്നത്‌ നമ്മുടെ സുഗന്ധവ്യജ്ഞനങ്ങളില്‍ നിന്നുണ്ടാക്കിയ വസ്തുക്കളാണ്‌.

1951 ല്‍ സര്‍ വില്ല്യം ലോഗണ്‍ ‘മലബാര്‍’ എന്ന തന്റെ ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതി. പെരിയാറിന്റെ ഉത്ഭവസ്ഥാനത്തുണ്ടായിരുന്ന ‘മുയിരിക്കാട്‌’ എന്നും കൊടുങ്ങല്ലൂര്‍ എന്നും ക്രാങ്കന്നൂര്‍ എന്നും പേരുള്ള തുറമുഖമായ ‘മുസിരിസ്‌’ ആയിരുന്നു ചേരസാമ്രാജ്യ തലസ്ഥാനം. ഇപ്പോള്‍ മണല്‍ത്തിട്ടകളും ചെളിയുംകൊണ്ട്‌ ഉത്ഭവസ്ഥാനം അടഞ്ഞുപോയിട്ടുണ്ട്‌.”

1341 ല്‍ ഉണ്ടായ വലിയ വെള്ളപ്പൊക്കം ഈ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. ചെറിയ കപ്പലുകള്‍ക്കുപോലും അടുക്കാന്‍ കഴിയാത്തവിധം തുറമുഖത്ത്‌ മണല്‍തിട്ടകള്‍ നിറഞ്ഞു. പെരിയാര്‍ തെക്കോട്ടൊഴുകി കൊച്ചിയെ പ്രകൃതിദത്തമായ തുറമുഖമാക്കി. 

പിന്നീട്‌ പടിഞ്ഞാറ്റേടത്ത്‌ സ്വരൂപവും സാമൂതിരിയും കൊടുങ്ങല്ലൂരിനെ അടക്കി ഭരിച്ചു. പോര്‍ച്ചുഗീസുകാരും, ഡച്ചുകാരും, ടിപ്പു സുല്‍ത്താനും, ഈസ്റ്റിന്ത്യാ കമ്പനിയും കൊള്ളയടിച്ചുകൊണ്ട്‌ കടന്നുപോയി. 

മുരചിപത്തനമെന്ന്‌ വാല്മീകി രാമായണത്തിലും സംഘകാലകൃതികളില്‍ ‘മുചരി’യെന്നും ഗ്രീക്ക്‌ റോമന്‍ സഞ്ചാരികളുടെ രേഖകളില്‍ മുസ്സരിസ്‌ എന്നും വില്ല്യം ലോഗന്‍ മുയിരിക്കാടു എന്നും ക്രാങ്കന്നൂര്‍ എന്നും പരാമര്‍ശിച്ച തുറമുഖം കൊടുങ്ങല്ലൂര്‍ തന്നെ എന്ന്‌ നിസ്സംശയം പറയാം. തെളിവുകള്‍ ഇനിയും നിരവധിയുണ്ട്‌. കേരളത്തില്‍ വ്യാജചരിത്ര നിര്‍മാണങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നതാരാണ്‌? ന്യൂനപക്ഷ മതപൗരോഹിത്യം തന്നെ.

ആനയെ ചേനയാക്കുന്ന മതപൗരോഹിത്യത്തിന്റെ മര്‍ക്കടമുഷ്ടി കേരളം ഒരുപാട്‌ കണ്ടതാണ്‌. സ്വാശ്രയ കോളേജുകളിലെ ഫീസ്‌ ഘടന, നഴ്സുമാരുടെ സമരങ്ങള്‍ തുടങ്ങി കൂടംകുളത്തെ ആണവനിലയത്തിനെതിരെയുള്ള സമരം വരെ എത്തിനില്‍ക്കുന്നു സഭകളുടെ പിടിവാശി. ഇതേ സഭ തന്നെയാണ്‌ രണ്ട്‌ ആണവനിലയങ്ങള്‍ മഹാരാഷ്ട്രയില്‍ സ്ഥാപിച്ചത്‌ ചോദ്യം ചെയ്യാത്തത്‌. എല്‍ടിടിഇയ്ക്ക്‌ ശ്രീലങ്കന്‍ ഗവണ്‍മെന്റിനെതിരെ യുദ്ധം ചെയ്യാന്‍ ആവശ്യമായ ബോട്ടുകള്‍ നിര്‍മിച്ചു നല്‍കാനും, ഡീസലും പെട്രോളും കടത്തിക്കൊണ്ട്‌ പോവാനും സഹായം നല്‍കിയ ക്രിസ്തീയ സഭകള്‍ രാജ്യദ്രോഹമാണ്‌ ചെയ്യുന്നതെന്ന്‌ സംശയമില്ല. ജപ്പാനില്‍ ആണവിരുദ്ധ കൂട്ടായ്മക്കെതിരെ നിലപാടെടുത്ത ക്രിസ്തീയ പൗരോഹിത്യം കൂടങ്കുളത്ത്‌ പോപ്പുലര്‍ ഫ്രണ്ട്‌ (സിമി)പോലുള്ള മുസ്ലീം തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന്‌ തമിഴ്‌നാട്ടിലെ കര്‍ഷകരെ ദ്രോഹിക്കുകയാണ്‌. അവിടുത്തെ വ്യവസായവല്‍ക്കരണത്തിന്‌ വിഘാതം സൃഷ്ടിക്കുകയാണ്‌.
മതംമാറിയ വേലുപ്പിള്ള പ്രഭാകരനേയും കൂട്ടുകാരന്റെ ആന്റണ്‍ ബാലശിങ്കത്തേയും കൈമെയ്‌ മറന്ന്‌ സഹായിച്ച സഭാ അധികാരികള്‍ നശിപ്പിച്ചത്‌ മിതവാദികളായ ശ്രീലങ്കന്‍ തമിഴ്‌ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരുടെ ജീവിതവും ഹിന്ദു തമിഴരുടെ അഭിമാനവുമാണ്‌. 

തമിഴ്‌നാട്‌ ബിഷപ്പ്‌ കോണ്‍ഫറന്‍സിന്റെ ഒത്താശയോടുകൂടി തമിഴ്‌നാട്ടില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നാഗാ തീവ്രവാദികളുടെ പ്രചോദന കേന്ദ്രം ആരാണെന്നാലോചിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നേപ്പാള്‍, ബംഗാള്‍, ബീഹാര്‍, ഒറീസ എന്നിവിടങ്ങളിലെ നക്സലിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ ചര്‍ച്ചുമായും പാക്കിസ്ഥാന്‍ നിയന്ത്രിത ഇസ്ലാം തീവ്രവാദ സംഘടനകളുമായുള്ള ബന്ധം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്‌.

എല്‍ടിടിഇയേയും ഖാലിസ്ഥാന്‍ നേതാവ്‌ ഭിന്ദ്രന്‍വാലെയും വാനോളം വളര്‍ത്താന്‍ അന്നന്നത്തെ ഗവണ്‍മെന്റുകളെ പ്രേരിപ്പിച്ച ശക്തികള്‍ വളര്‍ത്തിയ നെറ്റ്‌വര്‍ക്കിന്റെ വൈദഗ്ദ്ധ്യം കേരളത്തില്‍ ന്യൂനപക്ഷാധിപത്യമുള്ള ഒരു ഗവണ്‍മെന്റിനെത്തന്നെ അധികാരത്തിലേറ്റി. തീവ്രവാദികള്‍ കൊലവിളി നടത്തിയപ്പോള്‍ പകച്ചുപോയി ‘പടിക്കുപുറത്തായ’ ജോസഫ്‌ സാറും ദാരുണമായി മരിച്ച സച്ചിന്‍ഗോപാലും വിശാലും ജിത്തുമോഹനും കഴുത്തറുത്തു കൊല്ലപ്പെട്ട പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രമുറ്റത്തെ പൂര്‍ണ്ണഗര്‍ഭിണിയായ ഗോമാതാവും പെരുമ്പാവൂരില്‍ നിയമം കയ്യിലെടുക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരും ‘അലസരായിരിക്കുന്ന’ നമ്മുടെ നേരെ മസില്‍ പവര്‍ കാണിക്കുകയാണ്‌.

രാജ്യം അരാജകത്വത്തിലേക്ക്‌ വഴുതിവീഴുമ്പോള്‍ കേന്ദ്രഗവണ്‍മെന്റ്‌ ന്യൂനപക്ഷ തീവ്രവാദ ശക്തികളുടെ കയ്യിലെ കളിപ്പാവയാകുന്നതെന്തുകൊണ്ടാണ്‌? ഒരേയൊരുത്തരം മാത്രം. ‘ന്യൂനപക്ഷ വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയം’

മഹത്തായ ഭാരതം വീണ്ടുമൊരു വിഭജനത്തിലേക്ക്‌ വലിച്ചിഴചയ്ക്കപ്പെടുകയാണോ? കാത്തിരുന്ന്‌ കാണുക തന്നെ.

രാഹുലും മോശക്കാരനല്ല

രാഹുലും മോശക്കാരനല്ല

കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം അടുത്ത പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിയാണ്‌ രാഹുല്‍. മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പുത്രന്‍. കോണ്‍ഗ്രസ്സിന്റെ ജനറല്‍സെക്രട്ടറി. രാഷ്ട്രത്തിന്‌ പ്രതീക്ഷ നല്‍കുന്ന ഒരു സംഭാവനയും അദ്ദേഹത്തിന്റേതായിട്ടില്ല. നാണക്കേടുണ്ടാക്കുന്ന നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്‌. അതിനോടൊപ്പം ഒരു കാര്യംകൂടി ഇതാ ഹരിയാനയില്‍ നിന്നും ഉണ്ടായിരിക്കുന്നു. ചുളുവിലയ്ക്ക്‌ ഭൂമി വാങ്ങിക്കൂട്ടി എന്നാണത്‌. സഹോദരി ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വധേരയുടെ വിക്രിയകള്‍ ആ കുടുംബത്തിന്റെ നടപടി ദൂഷ്യങ്ങള്‍ പുറത്തറിയിച്ചതാണ്‌. അതിന്റെ പിന്നാലെയാണ്‌ രാഹുലിന്റെ ഇടപാടുകളും. 2008 മാര്‍ച്ചില്‍ ഹസന്‍പൂര്‍ ഗ്രാമത്തില്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ തുകയ്ക്ക്‌ രാഹുല്‍ സ്ഥലം വാങ്ങിയെന്നാണ്‌ ആരോപണം. 6.5ഏക്കര്‍ സ്ഥലമാണ്‌ രാഹുല്‍ വാങ്ങിയത്‌. ഈ കാലയളവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച മതിപ്പുവില ഏക്കറിന്‌ 8 ലക്ഷം രൂപയായിരുന്നു . വിപണി വില ഏക്കറിന്‌ 35 ലക്ഷത്തിന്‌ മുകളിലുമായിരുന്നു. എന്നാല്‍ ഏക്കറിന്‌ 1.5 ലക്ഷം രൂപയ്ക്കാണു രാഹുല്‍ സ്ഥലം വാങ്ങിയത്‌. ഇതുമൂലം സ്റ്റാമ്പ്‌ ഡ്യൂട്ടി ഇനത്തില്‍ സര്‍ക്കാറിന്‌ വന്‍ തുക നഷ്ടമായി. 

ഇതേക്കുറിച്ച്‌ സുപ്രീംകോടതി സിറ്റിങ്‌ ജഡ്ജിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌ മുന്‍ ഹരിയാനാ മുഖ്യമന്ത്രി കൂടിയായ ഓംപ്രകാശ്‌ ചൗതാലയാണ്‌. ഹരിയാനയില്‍ കുറഞ്ഞ വിലയ്ക്കു ഭൂമി വാങ്ങാന്‍ റോബര്‍ട്ട്‌ വധേരയ്ക്ക്‌ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ്‌ ഹൂഡ വന്‍ സഹായം ചെയ്തുകൊടുത്തത്തായും ആരോപണമുന്നയിച്ചിരിക്കുകയാണ്‌. 1981 ല്‍ ദളിതര്‍ക്കായി നല്‍കിയ ഭൂമി വധേര തട്ടിയെടുത്തുവെന്നും ചൗത്താല ആരോപിച്ചിരിക്കുന്നു. ഹസന്‍പൂര്‍ ഗ്രാമത്തിലെ ദളിത്‌ കുടുംബങ്ങളില്‍ നിന്നും 30 ഏക്കര്‍ ഭൂമിയാണ്‌ വധേരയുടെ കമ്പനി തട്ടിയെടുത്തതെന്നും ഇക്കാര്യങ്ങളും അന്വേഷിക്കണമെന്നും ചൗത്താല ആവശ്യപ്പെട്ടിരിക്കുകയാണ്‌. വധേര മാത്രമല്ല ഒട്ടും മോശക്കാരനല്ല താനെന്ന്‌ രാഹുല്‍ തെളിയിക്കുകയാണെന്നുവേണം കരുതാന്‍. ഇത്തരം മുക്കുപണ്ടങ്ങളെ മുത്താണെന്ന്‌ പറഞ്ഞ്‌ എഴുന്നള്ളിപ്പിക്കുന്നവരെ ഓര്‍ത്ത്‌ ഖേദിക്കേണ്ടിയിരിക്കുന്നു. ഇത്തരക്കാരുടെ ഇന്നത്തെ കോണ്‍ഗ്രസ്‌ രാജ്യത്തിന്‌ ശാപമാണെന്ന കാര്യത്തില്‍ സംശയമില്ല.

കാളപെറ്റു; കയറെടുത്തു

കാളപെറ്റു; കയറെടുത്തു

ഉദരനിമിത്തം ബഹുകൃതവേഷം കെട്ടുന്നവരായി രാഷ്ട്രീയക്കാരെ വീക്ഷിക്കുന്ന കാലമാണിത്‌. കൈക്കൂലിയും കാലുവാരലും കങ്കാണിപ്പണിയുമെല്ലാം രാഷ്ട്രീയക്കാര്‍ക്ക്‌ സ്വന്തമെന്ന തോന്നല്‍. അത്‌ സൃഷ്ടിക്കുന്നതോ രാഷ്ട്രീയക്കാര്‍ തന്നെ. ഒപ്പം നടക്കുന്നവന്റെ കാലില്‍ ചവുട്ടി വീഴ്ത്തുന്ന വിദ്യ നന്നായി പ്രയോഗിക്കുന്നവര്‍ക്ക്‌ ഒട്ടും പഞ്ഞമില്ല. അഴിമതിയാണെങ്കിലോ കലയാക്കിയവരും. ബിജെപി തമ്മില്‍ ഭേദം എന്നാരും സമ്മതിക്കും. വ്യത്യസ്തമായ രാഷ്ട്രീയ കക്ഷിയെന്ന അവകാശവാദത്തോട്‌ നീതി പുലര്‍ത്തുന്ന പ്രസ്ഥാനം. അതുകൊണ്ടുതന്നെ വലിയൊരു വിഭാഗം ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്നത്‌ സ്വാഭാവികം. ചമ്പല്‍കൊള്ളക്കാരെപ്പോലും ലജ്ജിപ്പിക്കുംവിധം പൊതുസ്വത്ത്‌ കൊള്ളയടിക്കുന്നതിന്റെ ചരിത്രവും ചിത്രവും ഓരോദിവസവും ചുരുള്‍നിവരുന്നു. പിടിച്ചതിനെക്കാള്‍ വലുത്‌ മാളത്തിലെന്ന്‌ കണ്ടുകൊണ്ടിരിക്കുന്നു. അഴിമതിക്കും കള്ളപ്പണത്തിനും എതിരായ പോരാട്ടത്തില്‍ ഒരുരാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ബിജെപിയുടെ മുന്നേറ്റം അഭിമാനാര്‍ഹവുമാണ്‌.

“അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക്‌ ചുട്ടമ്മായി അമ്മായി ചുട്ടത്‌ മരുമോനിക്കായ്‌’ എന്ന സിനിമാപാട്ടുപോലെ സോണിയയുടെ മരുമോന്‍ നിന്നനില്‍പ്പില്‍ കോടാനുകോടീശ്വരനായതും കോണ്‍ഗ്രസ്സിനെ നാണം കെടുത്തി. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ഇത്രത്തോളം പ്രതികൂലമായ സാഹചര്യമുണ്ടായിട്ടില്ല. കുംഭകോണങ്ങളുടെ കുംഭമേള തന്നെ നടന്നിരിക്കുന്നു. അതിനുപുറമെ വിലക്കയറ്റം സൃഷ്ടിക്കാനും ജനങ്ങളുടെ പൊറുതിമുട്ടിക്കുന്നതുമായ നടപടികളും. ഇതിനെതിരായ മുന്നേറ്റം സൃഷ്ടിക്കുന്ന ഏകകക്ഷിയാണ്‌ ബിജെപി.

1) 2ജി അഴിമതി പാര്‍ലമെന്റില്‍ ഉന്നയിച്ച്‌ അന്വേഷണം പ്രഖ്യാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്‌ ബിജെപി. നിയമപോരാട്ടം നടത്തിയത്‌ എന്‍.ഡി.എ നേതാവ്‌ സുബ്രഹ്മണ്യം സ്വാമി. ഈ വിഷയം ഉന്നയിച്ച്‌ രാജ്യവ്യാപക പ്രക്ഷോഭം നടത്തിയത്‌ ബിജെപി. കേന്ദ്രമന്ത്രിയായിരുന്ന എ.രാജയും കനിമൊഴിയും ജയിലില്‍ പോയതും ചരിത്രം.

2) കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി സംബന്ധിച്ച്‌ പാര്‍ലമെന്റിനകത്തും പുറത്തും പ്രക്ഷോഭം നടത്തിയത്‌ ബിജെപി. കല്‍മാഡിയടക്കം ജയിലില്‍ പോയതും കോണ്‍ഗ്രസ്‌ സമ്മര്‍ദ്ദത്തിലായതിനും ബിജെപിയുടെ ശ്രമം.

3) കല്‍ക്കരി അഴിമതി പ്രശ്നം പാര്‍ലമെന്റ്‌ ആഴ്ചകള്‍ സ്തംഭിപ്പിച്ചു. അന്വേഷണത്തിനു സമ്മര്‍ദ്ദം ചെലുത്തി. ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം തുടരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനുപോലും കരിപുരണ്ടിരിക്കുന്നു.

4) കള്ളപ്പണം : കഴിഞ്ഞ യു.പി.എ കാലത്തു തന്നെ എല്‍.കെ.അദ്വാനി ഇത്‌ വിഷയമാക്കി. ബിജെപിയുടെ മുഴുവന്‍ പ്രചാരണവും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കള്ളപ്പണം തിരികെ കൊണ്ടുവരുന്നത്‌ സംബന്ധിച്ചായിരുന്നു. നിരന്തര പ്രക്ഷോഭങ്ങള്‍ ബിജെപി നടത്തി.

കോണ്‍ഗ്രസിന്‌ പകരം വരുന്നത്‌ ബിജെപിയാകുന്നത്‌ സഹിക്കാന്‍ കഴിയാത്തവരേറെയുണ്ട്‌. അവരുടെ കയ്യാളായി അരവിന്ദ്‌ കേജ്രിവാള്‍. അദ്ദേഹം കൊട്ടിഘോഷിച്ച്‌ ബിജെപി പ്രസിഡന്റിനുനേരെ ആരോപണവുമായി വാര്‍ത്താസമ്മേളനം നടത്തി. ആളാകാമെന്നാശിച്ചു. പക്ഷേ കല്ലുകടിച്ച്‌ പല്ലുപോയത്‌ മിച്ചം. ഒരു ദിവസത്തെ ആയുസുപോലും ആരോപണത്തിനുണ്ടായില്ല. എല്ലാം ചീറ്റിപ്പോയി. ‘കാളപെറ്റു എന്ന കേട്ടപാടെ കയറെടുത്തു” എന്ന ചൊല്ലുപോലെ കോണ്‍ഗ്രസ്‌ നേതൃത്വം ഗഡ്കരിയുടെ രാജിയാവശ്യപ്പെട്ട്‌ ഇളിഭ്യരാവുകയും ചെയ്തു.

വിദര്‍ഭയിലെ നൂറ്‌ ഏക്കര്‍ വരുന്ന കര്‍ഷക ഭൂമി നിതിന്‍ ഗഡ്കരിക്ക്‌ സര്‍ക്കാര്‍ കൈമാറി എന്നായിരുന്നു ഒരാരോപണം. അവിടെ ഡാം നിര്‍മ്മിക്കുന്നതിനു വേണ്ടി 200 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഡാം നിര്‍മ്മിച്ചു കഴിഞ്ഞ്‌ ബാക്കിയുള്ള നൂറേക്കര്‍ കര്‍ഷകര്‍ക്ക്‌ തിരികെ നല്‍കണമായിരുന്നു എന്നാണ്‌ കേജ്രിവാളിന്റെ ആവശ്യം. കര്‍ഷകര്‍ക്ക്‌ ഇക്കാര്യത്തില്‍ പരാതിയുണ്ടത്രെ. എന്താണു സത്യാവസ്ഥ?

1) ഭൂമി കാര്‍ഷിക ഭൂമി ആയിരുന്നില്ല എന്നത്‌ ഒന്നാമത്തെ കാര്യം. തരിശായ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ നൂറേക്കര്‍ ഭൂമിയായിരുന്നു അത്‌. 20 ലക്ഷംപോലും വിലമതിക്കാത്ത സ്ഥലം.

2) ഭൂമി ലഭിച്ചത്‌ നിതിന്‍ ഗഡ്കരിക്കല്ല എന്നത്‌ രണ്ടാമത്തെ കാര്യം. പതിനയ്യായിരം കരിമ്പു കര്‍ഷകര്‍ അംഗങ്ങളായി നിതിന്‍ ഗഡ്കരിക്ക്‌ ഒരു ലക്ഷം രൂപയുടെ ഓഹരി മാത്രമുള്ള ഒരു ചാരിറ്റബിള്‍ ട്രസ്റ്റിനാണ്‌ ഭൂമി ലഭിച്ചത്‌.

3) ഭൂമി എന്നെന്നേക്കുമായി ലഭിക്കുകയായിരുന്നില്ല എന്നത്‌ മൂന്നാമത്തെ കാര്യം. പതിനൊന്നു വര്‍ഷത്തേക്ക്‌ കരിമ്പു നഴ്സറി നടത്തുന്നതിനു പാട്ടത്തിനു ലഭിക്കുകയായിരുന്നു.

4) ഡാമിലെ വെള്ളം മുഴുവന്‍ നഴ്സറിക്ക്‌ ഉപയോഗിക്കുന്നുവെന്നായിരുന്നു അടുത്ത ആരോപണം. എന്നാല്‍ ഡാമിലെ വെള്ളത്തിന്റെ ഒരു ശതമാനത്തില്‍ താഴെ 0.85 മാത്രമാണ്‌ ഈ നൂറേക്കറിലെ നഴ്സറിക്ക്‌ ലഭിക്കുന്നത്‌.

5) കര്‍ഷകര്‍ക്ക്‌ ഈ ഭൂമി തിരികെ നല്‍കണമായിരുന്നുവെന്ന്‌ അടുത്ത ആവശ്യം. ഇതു സാധ്യമല്ലെന്ന സുപ്രീം കോടതി വിധിയുണ്ട്‌. വികസനാവശ്യത്തിനു ഭൂമി ഏറ്റെടുത്ത്‌ ബാക്കിയുണ്ടെങ്കില്‍ അത്‌ സമൂഹത്തിനു ഗുണപരമായ ആവശ്യങ്ങള്‍ക്കേ നല്‍കാനാവൂ. തിരികെ കര്‍ഷകനു നല്‍കാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയുണ്ട്‌.

വിദര്‍ഭയിലെ പതിനയ്യായിരം കര്‍ഷകരെ സംഘടിപ്പിച്ച മഹത്തായ ഒരു പ്രസ്ഥാനം തുടങ്ങി അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ചതാണോ ഗഡ്കരി ചെയ്ത തെറ്റ്‌?

പുറമേ പതിനൊന്നു രൂപക്ക്‌ ലഭിക്കുന്ന കരിമ്പ്‌ വിത്ത്‌ കേവലം 5 രൂപക്ക്‌ കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കിയതാണോ ആ സ്ഥാപനം ചെയ്ത കുറ്റം?
നിതിന്‍ ഗഡ്കരി ഡാം നിര്‍മ്മാണത്തിന്റെ ഫണ്ടുകള്‍ കരാരുകാര്‍ക്ക്‌ റിലീസ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രമന്ത്രി പവന്‍ കുമാര്‍ ബന്‍സാലിനു കത്തെഴുതിയെന്നതാണ്‌ അടുത്ത ആരോപണം. വിദര്‍ഭ പ്രദേശത്തു നിന്നുള്ള പൊതുപ്രവര്‍ത്തകനാണ്‌ ഗഡ്കരി. ആ പ്രദേശത്തു നിന്നുള്ള മുഴുവന്‍ ജനപ്രതിനിധികളും കോണ്‍ഗ്രസ്സ്‌ മഹാരാഷ്ട്ര പ്രദേശ്‌ പ്രസിഡണ്ട്‌ ഉള്‍പ്പെടെയുള്ളവര്‍ സമാന ആവശ്യം ഉന്നയിച്ച്‌ കേന്ദ്രത്തിനു കത്തെഴുതിയിട്ടുണ്ട്‌. എന്താണ്‌ നിതിന്‍ ഗഡ്കരിയുടെ കത്തിന്റെ കാതല്‍? ?ചില ഡാമുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ അഴിമതി ആരോപണമുണ്ടെങ്കിലും, അതു മൂലം മുഴുവന്‍ ഡാമുകളുടേയും നിര്‍മ്മാണം അനിശ്ചിതത്വത്തിലാവരുത്‌. അത്‌ വരള്‍ച്ച നേരിടുന്ന കര്‍ഷകര്‍ക്ക്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട്‌ ആരോപണമില്ലാത്ത പ്രൊജക്ടുകളിലെ പണം കരാറുകാര്‍ക്ക്‌ നല്‍കണം. എന്ന്‌ ആവശ്യപ്പെടുന്നതില്‍ എവിടെയാണ്‌ പിശക്‌?

മറ്റൊരു ആരോപണം ഡാമുകളിലെ വെള്ളം കാര്‍ഷികാവശ്യത്തേക്കാള്‍ കുടിവെള്ള, വ്യവസായ ആവശ്യങ്ങള്‍ക്കു നല്‍കുന്നുവെന്നാണ്‌. ഇതിനു മറുപടി പറയേണ്ട ബാധ്യത നിതിന്‍ ഗഡ്കരിക്ക്‌ ഇല്ലെങ്കിലും, അതിന്റെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്‌. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്‌, മദ്ധ്യപ്രദേശ്‌, രാജസ്ഥാന്‍ തുടങ്ങി വരള്‍ച്ച കെടുതി അനുഭവിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരു ജലനയം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്‌. അത്‌ ഇപ്രകാരമാണ്‌ . ഡാമുകളിലെ ജലത്തിന്റെ ആദ്യ ഉപയോഗം കുടിവെള്ളം, രണ്ടാം ഉപയോഗം വ്യവസായം മൂന്നാം ഉപയോഗം കൃഷി എന്നിങ്ങനെ. അതായത്‌ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ജലനയം അനുസരിച്ച്‌ ഡാമുകളിലെ ജലം കുടിവെള്ളത്തിനും വ്യവസായത്തിനും ഉപയോഗിച്ച ശേഷമേ കൃഷിക്ക്‌ ഉപയോഗിക്കാനാവൂ. അതു സര്‍ക്കാര്‍ നയമാണ്‌.

ഇല്ലാത്ത ഹവാല ഇടപാട്‌ അദ്വാനിയില്‍ ആരോപിച്ചപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച ചരിത്രമാണ്‌ ബിജെപിക്ക്‌. ആദരപൂര്‍വം കുറ്റവിമുക്തനായശേഷമാണ്‌ വീണ്ടും അദ്ദേഹം പൊതുരംഗത്തിറങ്ങിയത്‌. അദ്വാനിയുടെ പിന്‍ഗാമിക്ക്‌ അഴിമതിക്കാരനാകാനാവില്ല. തിളക്കമാര്‍ന്ന വ്യക്തിത്വവും പ്രവര്‍ത്തന പാരമ്പര്യവുമാണ്‌ ഗഡ്കരിക്ക്‌.

മഹാരാഷ്ട്രയിലെ പൊതുമരാമത്ത്‌ മന്ത്രി ആയിരിക്കുമ്പോള്‍ നിതിന്‍ ഗഡ്കരിയാണ്‌ മുംബൈ പൂനെ എക്സ്പ്രസ്‌ ഹൈവേക്ക്‌ തുടക്കമിട്ടത്‌. മഹാരാഷ്ട്രയിലെമ്പാടും റോഡുകളുടേയും ഹൈവേകളുടേയും നെറ്റ്‌ വര്‍ക്കുകള്‍, മേല്‍പ്പാലങ്ങള്‍, ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട്‌ അഭിമാനാര്‍ഹമായ നേട്ടമാണ്‌ നിതിന്‍ ഗഡ്കരി സംസ്ഥാനത്തിനു വേണ്ടി ഉണ്ടാക്കിയത്‌.

അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ ഭരണത്തില്‍ ദേശീയ ഗ്രാമീണ റോഡ്‌ വികസന സമിതിയുടെ ചെയര്‍മാനായി. അന്ന്‌ നിതിന്‍ ഗഡ്കരി വിഭാവനം ചെയ്ത പദ്ധതിയാണ്‌ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്‌ യോജന. ഇന്ന്‌ ഭാരതത്തിലെ നിരവധി ഗ്രാമങ്ങള്‍ ബന്ധിപ്പിച്ച്‌ നിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടത്‌ ഈ പദ്ധതി മൂലമായിരുന്നു. കേരളത്തില്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത ഒരു പഞ്ചായത്ത്‌ പോലും ഉണ്ടാവില്ല. ആരോപണം കേട്ടപാടെ ഏതന്വേഷണത്തെയും ക്ഷണിക്കുകയാണ്‌ ബിജെപിയും ഗഡ്കരിയും ചെയ്തത്‌. എന്നാല്‍ മരുമോന്റെ കാര്യത്തിലോ? അന്വേഷണമേ വേണ്ടെന്നും.

പെട്രോള്‍വില നിയന്ത്രിക്കാം

പെട്രോള്‍വില  നിയന്ത്രിക്കാം

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കൂട്ടലിലൂടെ ഉല്‍പ്പാദനവിതരണ പൊതുമേഖലാ കമ്പനികള്‍ക്ക്‌ കൂടുതലായി ലഭിക്കാന്‍ പോകുന്നതിന്റെ 1000 ഇരട്ടി സാമ്പത്തിക ഭാരം രാഷ്ട്രത്തിനും പൊതുജനത്തിനും ഉണ്ടാകുന്നു. കേന്ദ്രസര്‍ക്കാരിന്റെ സാരഥികള്‍ അന്ധന്മാര്‍ അല്ല അവര്‍ അതിബുദ്ധിമാന്മാരും വിവേകമുള്ളവരുമാണ്‌. എണ്ണ വ്യാപാര മേഖലയിലൂടെ ഒഴുകുന്ന കള്ളപ്പണത്തിന്റെ മുന്തിയ പങ്കും സ്വിസ്സ്‌ ബാങ്കുകളില്‍ എത്തുന്നു. ഒരുപക്ഷേ ജനാധിപത്യ ഭാരതം കണ്ടറിഞ്ഞ കുംഭകോണങ്ങളില്‍ വച്ചേറ്റവും വലിയ സാമ്പത്തികക്കൊള്ള പെട്രോളിയം മേഖലയില്‍ നിന്നാണെന്നും സമീപഭാവിയില്‍ തെളിയും. പ്രകൃതി കനിഞ്ഞു നല്‍കിയ വന്‍ എണ്ണ-പ്രകൃതി വാതക ശേഖരം ഭാരതത്തിന്റെ കരകളിലും കടല്‍ത്തീരങ്ങളിലുമുണ്ട്‌. കഴിഞ്ഞ അരനൂറ്റാണ്ട്‌ കാലമായി വിവിധതരം സര്‍വ്വേകള്‍ നടത്തി വ്യാവസായിക അടിസ്ഥാനത്തിലുള്ള നിക്ഷേപമുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തിയിട്ടുള്ളതാണ്‌. 

ഭാരതത്തിന്റെ എണ്ണ-വാതക പര്യവേഷണ ഉല്‍പ്പാദന ദൗത്യം ഒഎന്‍ജിസി എന്ന പൊതുമേഖലാ സംവിധാനത്തെ ഏല്‍പ്പിച്ചത്‌ 1960-കളുടെ അവസാനമാണ്‌. ദൗത്യം ഏറ്റെടുത്ത കമ്പനി തുടക്കത്തില്‍ ദേശസ്നേഹത്തോടെ, ഉത്തരവാദിത്തത്തോടെ ദൗത്യം നടപ്പിലാക്കി വന്നു. കാലാന്തരത്തില്‍ അതിമോഹികളും ഭരണക്കാരുടെ ചാര്‍ച്ചക്കാരും ഒഎന്‍ജിസിയില്‍ അടിഞ്ഞു കൂടിയതോടെ സാധാരണ സര്‍ക്കാര്‍ വകുപ്പിന്റെ ജീര്‍ണ്ണിച്ച നിലവാരത്തിലേക്ക്‌ ഒഎന്‍ജിസി കൊമ്പുകുത്തി. സ്വകാര്യ എണ്ണ ഉല്‍പ്പാദന-സംസ്ക്കരണ-വിതരണ സ്വദേശി കമ്പനികള്‍ രംഗത്ത്‌ വരുന്നതിന്‌ മുമ്പുതന്നെ അഴിമതിയും ഒറ്റിക്കൊടുക്കലും ഭാരിച്ച കൈക്കൂലിയും ഒഎന്‍ജിസിയുടെ മുഖമുദ്രയായിക്കഴിഞ്ഞു. മറ്റ്‌ സമീപപ്രദേശങ്ങളിലെ ഓഫ്ഷോര്‍ എണ്ണപ്പാടങ്ങളിലേക്കുള്ള അടിയൊഴുക്കുകള്‍ കുറയുന്ന തരത്തില്‍ നമ്മുടെ ഓഫ്ഷോറില്‍ ഡ്രില്ലിംഗ്‌ നടത്തി കണ്ടെത്തിയ വന്‍ നിക്ഷേപങ്ങള്‍ പുറത്തെടുക്കാതിരിക്കാന്‍ വേണ്ട വ്യാപാരതന്ത്രത്തിലൂടെ ഒഎന്‍ജിസിയുടെ വന്‍ സ്രാവുകളും ഭരണതലത്തിലെ ജന്മികളും കൂടിയാലോചിച്ച്‌ ഭാരതത്തിന്റെ എണ്ണ സ്വയംപര്യാപ്തതാ സ്വപ്നത്തെ അട്ടിമറിച്ചു. 

സ്വകാര്യ-സ്വദേശി എണ്ണക്കമ്പനികളുടെ രംഗപ്രവേശത്തോടെ എണ്ണ ഖാനന-വിപണന മേഖലയില്‍ ഒത്തുകളി നിലവില്‍ വന്നു. അന്താരാഷ്ട്ര ക്രിക്കറ്റ്‌ കളിയിലെ “മാച്ച്‌ ഫിക്സിംഗ്‌” എന്ന പ്രക്രിയ ഒഎന്‍ജിസി ഏറ്റെടുത്തു. ഒഎന്‍ജിസിയിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം സ്വകാര്യ കമ്പനികളുടെ വന്‍ തുകകള്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവരാണ്‌. ഓണ്‍ഷോര്‍-ഓഫ്ഷോര്‍ ഡ്രില്ലിംഗ്‌ നടത്തി വന്‍ എണ്ണ-വാതക ശേഖരം കണ്ടെത്തിയ അനേകം എണ്ണക്കിണറുകള്‍ ഒത്തുകളിയുടെ ഭാഗമായി പ്ലസ്‌ ചെയ്ത്‌ ഇറക്കുമതി ചെയ്യാന്‍ നിരന്തരം അവസരമൊരുക്കുകയാണ്‌ ചെയ്തുവരുന്നത്‌. മാറി മാറി വരുന്ന അന്തര്‍ദേശീയ വില നിലവാരത്തെയും ദൈനംദിനം നിലംപതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണവും വിളിച്ചുകൂവി വ്യാപകമായ അന്തര്‍ദേശീയ അഴിമതി നടത്തി രാജ്യത്തെ നശിപ്പിക്കാന്‍ ഖാനന മേഖലയില്‍ സ്വയം പര്യാപ്തത ഉണ്ടാകരുതെന്നാണ്‌ യജമാനന്മാരുടെ ഉത്തരവ്‌. അത്‌ പഞ്ചപുശ്ചമടക്കി ഭരണകര്‍ത്താക്കള്‍ അനുസരിച്ചുവരുന്നു. 

കേരളത്തിലെ വിവിധ പത്രങ്ങളില്‍, പ്രത്യേകിച്ച്‌ മംഗളം ദിനപത്രത്തില്‍ 2007 ല്‍ പ്രസിദ്ധീകരിച്ച എണ്ണ ഖാനന മേഖലയെപ്പറ്റിയുള്ള ലേഖന പരമ്പരയെ അടിസ്ഥാനമാക്കി പി.സി.തോമസ്‌ എംപി ലോക്സഭയില്‍ നടത്തിയ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന്‌ “കൊച്ചി ഹായ്‌” എണ്ണപ്പാടങ്ങളില്‍ ഡ്രില്ലിംഗ്‌ ആരംഭിച്ചു. കൊച്ചിയില്‍നിന്നും 40 കി.മീറ്റര്‍ ഉള്‍ക്കടലില്‍ ഒഎന്‍ജിസി നടത്തിയ എണ്ണക്കിണല്‍ കുഴിക്കല്‍ ദൗത്യത്തിന്‌ “ധീരുഭായ്‌ അംബാനി-1″ എന്ന ഡ്രില്ലിംഗ്‌ ഋഗ്‌ ആണ്‌ ഉപയോഗിച്ചത്‌. പ്രതിദിനം അന്ന്‌ 6.7 കോടി രൂപ വാടക നല്‍കി രണ്ട്‌ മാസത്തിലധികക്കാലം പലപല എണ്ണക്കിണറുകള്‍ കുഴിച്ചു. മേല്‍നോട്ടം ഒഎന്‍ജിസിക്ക്‌. ഒരു കിലോമീറ്റര്‍ താഴ്ചയെത്തിയപ്പോള്‍ ചില കിണറുകളില്‍നിന്നും അസാധാരണമായ മര്‍ദ്ദത്തില്‍ ക്രൂഡ്‌ ഓയിലും വാതകവും പുറത്തുവന്നുകൊണ്ടിരുന്നതിനെ നിയന്ത്രിക്കാനും കിണറുകള്‍ പ്ലഗ്‌ ചെയ്യാനും ഏറെ പണിപ്പെടേണ്ടി വന്നു. അവിടെനിന്നും താഴേക്ക്‌ വീണ്ടും കുഴിച്ച്‌ നാല്‌ കി.മീറ്റര്‍ താഴ്ചയിലെത്തിയപ്പോള്‍ അവിടെനിന്നും ലഭിച്ച ഒഴുക്കിന്റെ മര്‍ദ്ദം താരതമ്യേന കുറവാണെന്ന കള്ളക്കാരണം പറഞ്ഞ്‌ ഡ്രില്ലിംഗ്‌ നിര്‍ത്തി. ഇതില്‍ ഒത്തുകളി ദൃശ്യമാണ്‌. കൊച്ചി ഹൈയിലെ ഓയില്‍ വാതക ഡാറ്റ മുഴുവന്‍ അംബാനിയുടെ പക്കലുണ്ട്‌. 

കൊച്ചിഹൈ സര്‍വ്വേയ്ക്കും പര്യവേഷണത്തിനും യാതൊരുവിധ സാമ്പത്തിക മുതല്‍ മുടക്കുമില്ലാതെ സ്വകാര്യകമ്പനി ഭാവിയില്‍ എണ്ണഖനന വിപണന ദൗത്യം ഏറ്റെടുത്താല്‍, അഥവാ ജനാധിപത്യഭരണക്കാര്‍ റിലയന്‍സിനെ ദൗത്യം ഏല്‍പ്പിച്ചാല്‍ ജനം അത്ഭുതപ്പെടരുത്‌. ഇതാണ്‌ “മാച്ച്‌ ഫിക്സിംഗ്‌” ഈ കൂട്ടിക്കൊടുക്കല്‍ പ്രക്രിയ വ്യാപകമാണ്‌ ഭാരതത്തില്‍. സ്വദേശത്ത്‌ ഹൈഡ്രോ കാര്‍ബണ്‍ സ്വയം പര്യാപ്തത നേടിയെടുക്കാനുള്ള ദൗത്യം അരനൂറ്റാണ്ട്‌ മുമ്പേ നാം ഏല്‍പ്പിച്ച ഒഎന്‍ജിസിയുടെ മുഖ്യ പ്രവര്‍ത്തനമേഖല ഇപ്പോള്‍ ഒഎന്‍ജിസിvidesh Ltd എന്ന തലപ്പാവണിഞ്ഞ്‌ കാസ്പിയന്‍ കടലിലെ എണ്ണപ്പാടത്തേക്ക്‌ കേന്ദ്രീകരിച്ചിരിക്കുന്നതാണ്‌ കാണാന്‍ കഴിയുക. അവിടെ “അസര്‍ബയ്ണ്ടാല്‍” എണ്ണപ്പാടത്ത്‌ പ്രതിദിനം 7,00,000 ബാരല്‍ കുഴിച്ചെടുക്കുന്നതിന്റെ കൂട്ടുപങ്കാളി ബ്രിട്ടീഷ്‌ പെട്രോളിയം (ബി-പി) ആണെന്നുള്ളത്‌ എണ്ണമേഖലയിലെ ധാരണയിലേക്ക്‌ വിരല്‍ചൂണ്ടുന്നു. ഇതില്‍ ഒഎന്‍ജിസിയുടെ പ്രതിദിന വിഹിതം 19,000 ബാരല്‍ ആണ്‌. ഇത്‌ ഇറക്കുമതിയുടെ കണക്കിലോ? 

റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌ (ആര്‍ഐഎല്‍) ഖാനനദൗത്യം ഏറ്റെടുത്ത കെജി-ഡി6 ബ്ലോക്കിലെ ഉറപ്പുവരുത്തിയ പ്രതിദിന ഉല്‍പ്പാദനം 70 ശതമാനം വെട്ടിക്കുറച്ച്‌ 10.3 ട്രില്യന്‍ ക്യുബിക്ക്‌ ഫീറ്റില്‍നിന്നും 3-10 ക്യുബിക്ക്‌ ട്രില്യന്‍ ഫീറ്റ്‌ യൂണിറ്റാക്കിയതിന്റെ കാരണം ലോക്സഭയില്‍ 2012 ആഗസ്റ്റ്‌ ഒമ്പതിന്‌ വിശദീകരിച്ച പെട്രോളിയം വകുപ്പ്‌ സഹമന്ത്രി ആര്‍.പി.എന്‍.സിംഗ്‌ പാര്‍ലമെന്റിനെയും ജനാധിപത്യഭാരതത്തെയും തെറ്റിധരിപ്പിക്കുകയായിരുന്നു.
ധീരുഭായ്‌-1,3 ഫീല്‍ഡുകളിലെ ഉല്‍പ്പാദനം മൂന്നില്‍ ഒന്നായി കുറച്ചതിന്റെ കാരണമായി ചൂണ്ടിക്കാട്ടിയത്‌ ഗ്യാസ്‌ ഉല്‍പ്പാദനക്കിണറുകളുടെ ബോറുകളില്‍ വെള്ളവും മണലും കടന്നുകൂടിയെന്ന നിലനില്‍ക്കാത്ത ന്യായീകരണമാണ്‌. വാതകവും ക്രൂഡ്‌ ഓയിലും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ അതില്‍ വെള്ളവും മണലും കടന്നുകൂടുന്നത്‌ പുതുമയല്ല. അതിനാലാണ്‌ എണ്ണ മേഖലയില്‍ പ്ലാറ്റ്ഫോമില്‍ ഫില്‍റ്ററേഷനും സെപ്പറേറ്ററും സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്‌. ആര്‍ഐഎല്ലിന്റെ ഫീല്‍ഡിലും ഇതേ പ്രതിഭാസം ആവര്‍ത്തിക്കുന്നു. ആറ്‌ കിണറുകളുള്ളതില്‍ ചിലതിലെ ഉല്‍പ്പാദനം വെള്ളം-മണല്‍ കാരണത്താല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്‌. ക്രൂഡ്‌ ഓയിലില്‍ ഇത്തരം “ഇംപ്യൂരിറ്റീസ്‌” ഉണ്ടാകും, അവര്‍ വേര്‍തിരിക്കുന്നതാണ്‌ സാങ്കേതിക പ്രക്രിയകള്‍. മുന്‍കൂര്‍ അംഗീകരിച്ച്‌ ഉറപ്പുവരുത്തിയ ഉല്‍പ്പാദന ഷെഡ്യൂളില്‍നിന്നും താഴേക്ക്‌ പോയതിന്റെ കാരണം ചൂണ്ടിക്കാട്ടുന്നത്‌ “”unforeseen geological surprises” എന്ന വില്ലനാണ്‌. ഇത്‌ എന്തെന്ന്‌ കണ്ടെത്താതെ, വിശദീകരിക്കാതെ ബന്ധപ്പെട്ട മന്ത്രാലയവും മന്ത്രിയും “തത്തമ്മേ പൂച്ച പൂച്ച” പറഞ്ഞ്‌ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു. 

The Director General of Hydro Carbon (DGH) എന്ന സര്‍ക്കാര്‍ ഏജന്‍സി ഉയര്‍ത്തുന്ന ആക്ഷേപം നേരത്തെ തീരുമാനമെടുത്തത്ര എണ്ണ-വാതക കിണര്‍ കുഴിച്ചില്ല എന്നാണ്‌. 31 കിണറുകള്‍ കുഴിച്ച്‌ അതില്‍നിന്ന്‌ പ്രതിദിനം 80 മില്യന്‍ ഘനമീറ്റര്‍ വാതകം ഉല്‍പ്പാദിപ്പിക്കാമെന്ന കണ്ടെത്തലിനനുസൃതമായി ഉറപ്പിച്ച കരാര്‍ മാനിക്കാതെ 29 മില്യന്‍ M3 മാത്രമാണ്‌ ഉല്‍പ്പാദിപ്പിച്ചത്‌ എന്നാണ്‌. 

ആര്‍ഐഎല്‍ ഏറ്റെടുത്ത ദൗത്യം വെട്ടിച്ചുരുക്കി പ്രതിദിനം 59 മില്യന്‍ ഘനമീറ്റര്‍ വാതക ഉല്‍പ്പാദനം കുറച്ചതിലൂടെ അവരുടേതായ ലക്ഷ്യങ്ങളുണ്ട്‌. ഇന്ന്‌ പാചകവാതക സിലിണ്ടറിന്റെ സര്‍ക്കാര്‍ നല്‍കിവരുന്ന സബ്സിഡി വെട്ടിക്കുറയ്ക്കാനും വില കൂട്ടാനും മുഖ്യകാരണം ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കലാണ്‌. ഭാവിയില്‍ ഉല്‍പ്പാദനക്ഷമത പുനഃസ്ഥാപിക്കലും ഒരിക്കല്‍ ഉയര്‍ത്തിയ വില കുറയ്ക്കില്ല. ഭാരതത്തിന്റെ എണ്ണ-പ്രകൃതിവാതക മേഖലയില്‍ നിലനില്‍ക്കുന്ന ഒത്തുകളിയും ആര്‍ഭാടവും അവസാനിപ്പിക്കാന്‍ ഭരണതലത്തില്‍ തീരുമാനമെടുക്കാന്‍ താല്‍പ്പര്യമില്ലാത്തിടത്തോളംകാലം വിലക്കയറ്റം നിരന്തരം നാം അനുഭവിക്കേണ്ടിവരും. 
കുറെ ഹാര്‍വാര്‍ഡ്‌ സാമ്പത്തിക ആശാന്മാര്‍ അണിനിരന്ന്‌ ഭരിക്കുന്ന സ്വതന്ത്രഭാരതത്തിന്റെ ജനാധിപത്യ സോഷ്യലിസം കാപ്പിറ്റലിസത്തിലേക്ക്‌ നീങ്ങുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ജനാധിപത്യ സങ്കല്‍പ്പത്തെതന്നെ അവതാളത്തിലാക്കുന്ന തരത്തിലാണ്‌ വ്യാപകമായ അഴിമതിയും വിലക്കയറ്റവും അവയുടെ നഗ്നവും ബാലിശവുമായ ന്യായീകരണവും ഭാരതത്തിലെ ജനിച്ചുവളരുന്ന തലമുറകള്‍ക്ക്‌ പൈതൃകസ്വത്തായി ദൈവം കനിഞ്ഞു നല്‍കിയ അമൂല്യങ്ങളായ പ്രകൃതിവിഭവങ്ങള്‍ ഭരണക്കാര്‍ കട്ടുതിന്നുന്നു. കല്‍ക്കരിക്കുശേഷം പതിന്മടങ്ങ്‌ വലിയ കുംഭകോണം പെട്രോളിയം സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ അവസരവാദികളുടെ നീണ്ടനിര-ഘടകകക്ഷികള്‍!!